പുറപ്പാട് 10:21-29
പുറപ്പാട് 10:21-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ യഹോവ മോശെയോടു: മിസ്രയീംദേശത്തു സ്പർശിക്കത്തക്ക ഇരുൾ ഉണ്ടാകേണ്ടതിനു നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു. മോശെ തന്റെ കൈ ആകാശത്തേക്കു നീട്ടി, മിസ്രയീംദേശത്തൊക്കെയും മൂന്നു ദിവസത്തേക്കു കൂരിരുട്ടുണ്ടായി. മൂന്നു ദിവസത്തേക്ക് ഒരുത്തനെ ഒരുത്തൻ കണ്ടില്ല; ഒരുത്തനും തന്റെ സ്ഥലം വിട്ട് എഴുന്നേറ്റതുമില്ല. എന്നാൽ യിസ്രായേൽമക്കൾക്ക് എല്ലാവർക്കും തങ്ങളുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു. അപ്പോൾ ഫറവോൻ മോശെയെ വിളിപ്പിച്ചു. നിങ്ങൾ പോയി യഹോവയെ ആരാധിപ്പിൻ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇങ്ങു നില്ക്കട്ടെ; നിങ്ങളുടെ കുഞ്ഞുകുട്ടികളും നിങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. അതിനു മോശെ പറഞ്ഞത്: ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് അർപ്പിക്കേണ്ടതിനു യാഗങ്ങൾക്കും സർവാംഗഹോമങ്ങൾക്കുംവേണ്ടി മൃഗങ്ങളെയും നീ ഞങ്ങൾക്കു തരേണം. ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരേണം; ഒരു കുളമ്പുപോലും പിമ്പിൽ ശേഷിച്ചുകൂടാ; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന് അതിൽനിന്നല്ലോ ഞങ്ങൾ എടുക്കേണ്ടത്; ഏതിനെ അർപ്പിച്ച് യഹോവയെ ആരാധിക്കേണമെന്ന് അവിടെ എത്തുവോളം ഞങ്ങൾ അറിയുന്നില്ല. എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയപ്പാൻ അവനു മനസ്സായില്ല. ഫറവോൻ അവനോട്: എന്റെ അടുക്കൽനിന്നു പോക. ഇനി എന്റെ മുഖം കാണാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും എന്നു പറഞ്ഞതിനു മോശെ: നീ പറഞ്ഞതുപോലെ ആകട്ടെ; ഞാൻ ഇനി നിന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞു.
പുറപ്പാട് 10:21-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ ആകാശത്തേക്ക് കൈ ഉയർത്തുക; ഈജിപ്തിൽ ഇരുട്ടു പരക്കട്ടെ.” മോശ ആകാശത്തേക്കു കൈ ഉയർത്തി; അപ്പോൾ ഈജിപ്തിലെല്ലാം കൂരിരുട്ടു പരന്നു. അതു മൂന്നു ദിവസം നീണ്ടുനിന്നു. പരസ്പരം കാണാൻപോലും വയ്യാത്തതിനാൽ മൂന്നു ദിവസത്തേക്ക് ആരും സ്വസ്ഥാനത്തുനിന്ന് എഴുന്നേറ്റതുപോലുമില്ല. എന്നാൽ ഇസ്രായേൽജനം വസിച്ചിരുന്ന സ്ഥലത്ത് പ്രകാശം ഉണ്ടായിരുന്നു. ഫറവോ മോശയെ വരുത്തി പറഞ്ഞു: “സർവേശ്വരനെ ആരാധിക്കാൻ പൊയ്‍ക്കൊള്ളുക; കുട്ടികളും കൂടെ വന്നുകൊള്ളട്ടെ. എന്നാൽ നിങ്ങളുടെ കന്നുകാലികളും ആട്ടിൻപറ്റങ്ങളും ഇവിടെത്തന്നെ നില്‌ക്കട്ടെ.” മോശ പറഞ്ഞു: “ഞങ്ങളുടെ ദൈവമായ സർവേശ്വരന് യാഗങ്ങളും ഹോമങ്ങളും അർപ്പിക്കണം. അതിനാൽ ഞങ്ങളുടെ കന്നുകാലികൾ മുഴുവനെയും കൂടെ കൊണ്ടുപോകാൻ അനുവദിക്കണം. അവയിൽ ഒന്നിനെപ്പോലും ഇവിടെ വിട്ടിട്ടു പോകാൻ സാധ്യമല്ല; ഞങ്ങളുടെ ദൈവമായ സർവേശ്വരന് യാഗം അർപ്പിക്കേണ്ടത് അവയിൽനിന്നാണ്. അവിടെ ചെല്ലുന്നതുവരെ, ഏതിനെയാണ് അർപ്പിക്കേണ്ടതെന്നു ഞങ്ങൾക്കു നിശ്ചയമില്ല.” സർവേശ്വരൻ ഫറവോയെ കഠിനഹൃദയനാക്കിയതിനാൽ അയാൾ അവരെ വിട്ടയച്ചില്ല. ഫറവോ മോശയോടു പറഞ്ഞു: “കടന്നുപോകൂ. ഇനിമേൽ എന്റെ മുമ്പിൽ വരരുത്; വന്നാൽ അന്നു നീ മരിക്കും.” മോശ മറുപടി പറഞ്ഞു: “അങ്ങു പറഞ്ഞതുപോലെയാകട്ടെ. ഇനിമേൽ ഞാൻ അങ്ങയുടെ മുഖം കാണുകയില്ല.”
പുറപ്പാട് 10:21-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ യഹോവ മോശെയോട്: “മിസ്രയീമിനെ സ്പർശിക്കുന്ന വിധം ഇരുൾ ഉണ്ടാകേണ്ടതിന് നിന്‍റെ കൈ ആകാശത്തേക്ക് നീട്ടുക” എന്നു കല്പിച്ചു. മോശെ തന്റെ കൈ ആകാശത്തേക്ക് നീട്ടി, മിസ്രയീമിൽ എല്ലാം മൂന്നു ദിവസത്തേക്ക് കൂരിരുട്ടുണ്ടായി. മൂന്നു ദിവസത്തേക്ക് ആരും അന്യോന്യം കണ്ടില്ല; ആരും തന്‍റെ സ്ഥലം വിട്ട് എഴുന്നേറ്റതുമില്ല. എന്നാൽ യിസ്രായേൽ മക്കൾക്ക് എല്ലാവർക്കും അവരുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു. അപ്പോൾ ഫറവോൻ മോശെയെ വിളിപ്പിച്ചു. “നിങ്ങൾ പോയി യഹോവയെ ആരാധിക്കുവിൻ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇവിടെ നില്‍ക്കട്ടെ; നിങ്ങളുടെ കുഞ്ഞുകുട്ടികളും നിങ്ങളോടുകൂടി പോരട്ടെ” എന്നു പറഞ്ഞു. അതിന് മോശെ പറഞ്ഞത്: “ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് അർപ്പിക്കേണ്ടതിന് യാഗങ്ങൾക്കും സർവ്വാംഗഹോമങ്ങൾക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങൾക്ക് തരേണം. ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരേണം; ഒരു കുളമ്പുപോലും ഇവിടെ ശേഷിക്കരുത്; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കണ്ടതിന് അവയിൽനിന്നല്ലോ ഞങ്ങൾ എടുക്കേണ്ടത്; ഏതിനെ അർപ്പിച്ച് യഹോവയെ ആരാധിക്കേണമെന്ന് അവിടെ എത്തുന്നതുവരെ ഞങ്ങൾ അറിയുന്നില്ല.“ എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയയ്ക്കുവാൻ അവനു മനസ്സായില്ല. ഫറവോൻ അവനോട്: “എന്‍റെ അടുക്കൽനിന്ന് പോകുക. ഇനി എന്റെ മുഖം കാണാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. എന്‍റെ മുഖം കാണുന്ന നാളിൽ നീ മരിക്കും” എന്നു പറഞ്ഞു. അതിന് മോശെ: “നീ പറഞ്ഞതുപോലെ ആകട്ടെ; ഞാൻ ഇനി നിന്റെ മുഖം കാണുകയില്ല” എന്നു പറഞ്ഞു.
പുറപ്പാട് 10:21-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ യഹോവ മോശെയോടു: മിസ്രയീംദേശത്തു സ്പർശിക്കത്തക്ക ഇരുൾ ഉണ്ടാകേണ്ടതിന്നു നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു. മോശെ തന്റെ കൈ ആകാശത്തേക്കു നീട്ടി, മിസ്രയീംദേശത്തൊക്കെയും മൂന്നു ദിവസത്തേക്കു കൂരിരുട്ടുണ്ടായി. മൂന്നു ദിവസത്തേക്കു ഒരുത്തനെ ഒരുത്തൻ കണ്ടില്ല; ഒരുത്തനും തന്റെ സ്ഥലം വിട്ടു എഴുന്നേറ്റതുമില്ല. എന്നാൽ യിസ്രായേൽമക്കൾക്കു എല്ലാവർക്കും തങ്ങളുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു. അപ്പോൾ ഫറവോൻ മോശെയെ വിളിപ്പിച്ചു. നിങ്ങൾ പോയി യഹോവയെ ആരാധിപ്പിൻ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇങ്ങു നിൽക്കട്ടെ; നിങ്ങളുടെ കുഞ്ഞു കുട്ടികളും നിങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. അതിന്നു മോശെ പറഞ്ഞതു: ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവെക്കു അർപ്പിക്കേണ്ടതിന്നു യാഗങ്ങൾക്കും സർവ്വാംഗഹോമങ്ങൾക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങൾക്കു തരേണം. ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരേണം; ഒരു കുളമ്പുപോലും പിമ്പിൽ ശേഷിച്ചുകൂടാ; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു അതിൽനിന്നല്ലോ ഞങ്ങൾ എടുക്കേണ്ടതു; ഏതിനെ അർപ്പിച്ചു യഹോവയെ ആരാധിക്കേണമെന്നു അവിടെ എത്തുവോളം ഞങ്ങൾ അറിയുന്നില്ല. എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയപ്പാൻ അവന്നു മനസ്സായില്ല. ഫറവോൻ അവനോടു: എന്റെ അടുക്കൽനിന്നു പോക. ഇനി എന്റെ മുഖം കാണാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും എന്നു പറഞ്ഞതിന്നു മോശെ: നീ പറഞ്ഞതുപോലെ ആകട്ടെ; ഞാൻ ഇനി നിന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞു.
പുറപ്പാട് 10:21-29 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ യഹോവ മോശയോട്, “സ്പർശിക്കത്തക്ക കൂരിരുൾ ഈജിപ്റ്റുദേശത്തു മൂടേണ്ടതിനു നീ ആകാശത്തേക്കു കൈനീട്ടുക” എന്ന് അരുളിച്ചെയ്തു. അതനുസരിച്ചു മോശ ആകാശത്തേക്കു കൈനീട്ടി, കനത്ത ഇരുട്ട് ഈജിപ്റ്റിനെ മൂന്നുദിവസത്തേക്കു നിശ്ശേഷം മറച്ചു. ആർക്കും ആരെയും കാണാനോ സ്വസ്ഥാനം വിട്ടുപോകാനോ കഴിയാതായി. എങ്കിലും ഇസ്രായേൽമക്കളുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു. അപ്പോൾ ഫറവോൻ മോശയെ വരുത്തി, “പോയി യഹോവയെ ആരാധിക്കുക. നിങ്ങളുടെ ഭാര്യമാരും കുട്ടികളും നിങ്ങളുടെകൂടെ പോരട്ടെ; നിങ്ങളുടെ ആട്ടിൻപറ്റങ്ങളും കന്നുകാലികളുംമാത്രം ഇവിടെ നിൽക്കട്ടെ” എന്നു പറഞ്ഞു. അതിന് മോശ ഉത്തരം പറഞ്ഞു: “ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗങ്ങളും ഹോമയാഗങ്ങളും അർപ്പിക്കാൻ അങ്ങു ഞങ്ങളെ അനുവദിക്കണം. ഞങ്ങളുടെ സകലമൃഗങ്ങളെയുംകൂടെ കൊണ്ടുപോകണം; ഒരു കുളമ്പുപോലും പിന്നിൽ ശേഷിച്ചുകൂടാ. ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുന്നതിന് അവയിൽ ചിലതിനെ ഉപയോഗിക്കേണ്ടതുണ്ട്. തന്നെയുമല്ല, യഹോവയെ ആരാധിക്കാൻ എന്താണ് ഉപയോഗിക്കേണ്ടതെന്ന് അവിടെ എത്തുന്നതുവരെ ഞങ്ങൾ അറിയുന്നുമില്ല.” എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി, അവരെ വിട്ടയയ്ക്കാൻ അയാൾക്കു സമ്മതമായിരുന്നില്ല. ഫറവോൻ മോശയോട്, “കടന്നുപോകൂ എന്റെ മുന്നിൽനിന്ന്! ഇനി എന്റെമുമ്പിൽ വരികയേ അരുത്. എന്റെ മുഖം കാണുന്ന ദിവസം നീ മരിക്കും” എന്നു പറഞ്ഞു. അതിന് മോശ, “താങ്കൾ പറയുന്നതുപോലെതന്നെ ആകട്ടെ. ഇനി ഒരിക്കലും ഞാൻ അങ്ങയുടെ മുഖം കാണുകയില്ല” എന്ന് ഉത്തരം പറഞ്ഞു.