പുറപ്പാട് 10:1-29
പുറപ്പാട് 10:1-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ പിന്നെയും മോശെയോട്: നീ ഫറവോന്റെ അടുക്കൽ ചെല്ലുക. ഞാൻ അവന്റെ മുമ്പിൽ എന്റെ അടയാളങ്ങളെ ചെയ്യേണ്ടതിനും, ഞാൻ മിസ്രയീമിൽ പ്രവർത്തിച്ച കാര്യങ്ങളും അവരുടെ മധ്യേ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും പൗത്രന്മാരോടും വിവരിക്കേണ്ടതിനും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിനും ഞാൻ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു എന്നു കല്പിച്ചു. അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന് അവനോടു പറഞ്ഞതെന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, എന്റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുവാൻ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്ക. എന്റെ ജനത്തെ വിട്ടയപ്പാൻ നിനക്കു മനസ്സില്ലെങ്കിൽ ഞാൻ നാളെ നിന്റെ രാജ്യത്തു വെട്ടുക്കിളിയെ വരുത്തും. നിലം കാൺമാൻ വയ്യാതെവണ്ണം അവ ഭൂതലത്തെ മൂടുകയും കന്മഴയിൽ നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പിൽ തളിർത്തു വളരുന്ന സകല വൃക്ഷവും തിന്നുകളകയും ചെയ്യും. നിന്റെ ഗൃഹങ്ങളും നിന്റെ സകല ഭൃത്യന്മാരുടെയും സകല മിസ്രയീമ്യരുടെയും വീടുകളും അതുകൊണ്ടു നിറയും; നിന്റെ പിതാക്കന്മാരെങ്കിലും പിതൃപിതാക്കന്മാരെങ്കിലും ഭൂമിയിൽ ഇരുന്ന കാലംമുതൽ ഇന്നുവരെയും അങ്ങനെയുള്ളതു കണ്ടിട്ടില്ല. പിന്നെ അവൻ തിരിഞ്ഞു ഫറവോന്റെ അടുക്കൽനിന്നു പോയി. അപ്പോൾ ഭൃത്യന്മാർ ഫറവോനോട്: എത്രത്തോളം ഇവൻ നമുക്കു കെണിയായിരിക്കും? ആ മനുഷ്യരെ തങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിനു വിട്ടയക്കേണം; മിസ്രയീം നശിച്ചുപോകുന്നു എന്ന് ഇപ്പോഴും നീ അറിയുന്നില്ലയോ എന്നു പറഞ്ഞു. അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോട്: നിങ്ങൾ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിപ്പിൻ. എന്നാൽ പോകേണ്ടുന്നവർ ആരെല്ലാം? എന്നു ചോദിച്ചതിന് മോശെ ഞങ്ങൾക്ക് യഹോവയുടെ ഉത്സവമുണ്ടാകകൊണ്ട് ഞങ്ങൾ ഞങ്ങളുടെ ബാലന്മാരും വൃദ്ധന്മാരും പുത്രന്മാരും പുത്രിമാരുമായി പോകും; ഞങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോകും എന്നു പറഞ്ഞു. അവൻ അവരോട്: ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും വിട്ടയച്ചാൽ യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ; നോക്കുവിൻ; ദോഷമാകുന്നു നിങ്ങളുടെ ആന്തരം. അങ്ങനെയല്ല, നിങ്ങൾ പുരുഷന്മാർ പോയി യഹോവയെ ആരാധിച്ചുകൊൾവിൻ; ഇതല്ലോ നിങ്ങൾ അപേക്ഷിച്ചത് എന്നു പറഞ്ഞ് അവരെ ഫറവോന്റെ സന്നിധിയിൽനിന്ന് ആട്ടിക്കളഞ്ഞു. അപ്പോൾ യഹോവ മോശെയോട്: നിലത്തിലെ സകല സസ്യാദികളും കന്മഴയിൽ ശേഷിച്ചതൊക്കെയും തിന്നുകളയേണ്ടതിനു വെട്ടുക്കിളി മിസ്രയീംദേശത്തു വരുവാൻ നിന്റെ കൈ ദേശത്തിന്മേൽ നീട്ടുക എന്നു പറഞ്ഞു. അങ്ങനെ മോശെ തന്റെ വടി മിസ്രയീംദേശത്തിന്മേൽ നീട്ടി; യഹോവ അന്നു പകൽ മുഴുവനും രാത്രി മുഴുവനും ദേശത്തിന്മേൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; പ്രഭാതം ആയപ്പോൾ കിഴക്കൻകാറ്റ് വെട്ടുക്കിളിയെ കൊണ്ടുവന്നു. വെട്ടുക്കിളി മിസ്രയീംദേശത്തൊക്കെയും വന്നു മിസ്രയീമിന്റെ അതിർക്കകത്തൊക്കെയും അനവധിയായി വീണു; അതുപോലെ വെട്ടുക്കിളി ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാകയുമില്ല. അതു ഭൂതലത്തെയൊക്കെയും മൂടി ദേശം അതിനാൽ ഇരുണ്ടുപോയി; കന്മഴയിൽ ശേഷിച്ചതായി നിലത്തിലെ സകല സസ്യവും വൃക്ഷങ്ങളുടെ സകല ഫലവും അതു തിന്നുകളഞ്ഞു; മിസ്രയീംദേശത്തെങ്ങും വൃക്ഷങ്ങളിലാകട്ടെ നിലത്തിലെ സസ്യത്തിലാകട്ടെ പച്ചയായതൊന്നും ശേഷിച്ചില്ല. ഫറവോൻ മോശെയെയും അഹരോനെയും വേഗത്തിൽ വിളിപ്പിച്ചു: നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാൻ പാപം ചെയ്തിരിക്കുന്നു. അതുകൊണ്ട് ഈ പ്രാവശ്യം മാത്രം നീ എന്റെ പാപം ക്ഷമിച്ച് ഈ ഒരു മരണം എന്നെ വിട്ടു നീങ്ങുവാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർഥിപ്പിൻ എന്നു പറഞ്ഞു. അവൻ ഫറവോന്റെ അടുക്കൽനിന്നു പുറപ്പെട്ടു യഹോവയോടു പ്രാർഥിച്ചു. യഹോവ മഹാശക്തിയുള്ളൊരു പടിഞ്ഞാറൻകാറ്റ് അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലിൽ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല. എന്നാൽ യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല. അപ്പോൾ യഹോവ മോശെയോടു: മിസ്രയീംദേശത്തു സ്പർശിക്കത്തക്ക ഇരുൾ ഉണ്ടാകേണ്ടതിനു നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു. മോശെ തന്റെ കൈ ആകാശത്തേക്കു നീട്ടി, മിസ്രയീംദേശത്തൊക്കെയും മൂന്നു ദിവസത്തേക്കു കൂരിരുട്ടുണ്ടായി. മൂന്നു ദിവസത്തേക്ക് ഒരുത്തനെ ഒരുത്തൻ കണ്ടില്ല; ഒരുത്തനും തന്റെ സ്ഥലം വിട്ട് എഴുന്നേറ്റതുമില്ല. എന്നാൽ യിസ്രായേൽമക്കൾക്ക് എല്ലാവർക്കും തങ്ങളുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു. അപ്പോൾ ഫറവോൻ മോശെയെ വിളിപ്പിച്ചു. നിങ്ങൾ പോയി യഹോവയെ ആരാധിപ്പിൻ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇങ്ങു നില്ക്കട്ടെ; നിങ്ങളുടെ കുഞ്ഞുകുട്ടികളും നിങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. അതിനു മോശെ പറഞ്ഞത്: ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് അർപ്പിക്കേണ്ടതിനു യാഗങ്ങൾക്കും സർവാംഗഹോമങ്ങൾക്കുംവേണ്ടി മൃഗങ്ങളെയും നീ ഞങ്ങൾക്കു തരേണം. ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരേണം; ഒരു കുളമ്പുപോലും പിമ്പിൽ ശേഷിച്ചുകൂടാ; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന് അതിൽനിന്നല്ലോ ഞങ്ങൾ എടുക്കേണ്ടത്; ഏതിനെ അർപ്പിച്ച് യഹോവയെ ആരാധിക്കേണമെന്ന് അവിടെ എത്തുവോളം ഞങ്ങൾ അറിയുന്നില്ല. എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയപ്പാൻ അവനു മനസ്സായില്ല. ഫറവോൻ അവനോട്: എന്റെ അടുക്കൽനിന്നു പോക. ഇനി എന്റെ മുഖം കാണാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും എന്നു പറഞ്ഞതിനു മോശെ: നീ പറഞ്ഞതുപോലെ ആകട്ടെ; ഞാൻ ഇനി നിന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞു.
പുറപ്പാട് 10:1-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഫറവോയുടെ അടുക്കലേക്കു ചെല്ലുക. അവരുടെ ഇടയിൽ എന്റെ അടയാളങ്ങൾ കാട്ടാൻ ഞാൻ ഫറവോയുടെയും അവന്റെ ജനങ്ങളുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു. ഈജിപ്തിൽ എന്തെല്ലാം അടയാളങ്ങൾ ഞാൻ കാട്ടിയെന്നും ഈജിപ്തുകാരെ ഞാൻ എങ്ങനെ പരിഹാസവിഷയമാക്കിയെന്നും നിങ്ങളുടെ പുത്രന്മാരോടും പൗത്രന്മാരോടും നിങ്ങൾ പറയണം. അങ്ങനെ ഞാൻ സർവേശ്വരനാകുന്നു എന്നു നിങ്ങൾ അറിയും.” മോശയും അഹരോനും ഫറവോയുടെ അടുക്കൽ ചെന്നു പറഞ്ഞു: “എബ്രായരുടെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: എത്രകാലം നീ എന്റെ മുമ്പിൽ ധിക്കാരം കാട്ടും? എന്നെ ആരാധിക്കുന്നതിന് എന്റെ ജനത്തെ വിട്ടയയ്ക്കുക. എന്റെ ജനത്തെ വിട്ടയച്ചില്ലെങ്കിൽ നാളെ നിന്റെ രാജ്യത്തേക്ക് ഞാൻ വെട്ടുക്കിളികളെ അയയ്ക്കും. നിലം കാണാനാവാത്തവിധം അതു ദേശം മൂടും; കന്മഴയ്‍ക്കുശേഷം എന്തെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം വെട്ടുക്കിളി തിന്നുതീർക്കും; നിങ്ങളുടെ വയലിൽ തളിർത്തുവരുന്ന എല്ലാ മരങ്ങളും അവ തിന്നൊടുക്കും. നിന്റെയും നിന്റെ ഭൃത്യന്മാരുടെയും നിന്റെ ജനങ്ങളുടെയും വീടുകളിൽ അവ നിറയും; നിന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ജനിച്ചതുമുതൽ ഇന്നോളം കണ്ടിട്ടില്ലാത്ത അനുഭവമായിരിക്കും അത്. ഇതു പറഞ്ഞിട്ട് മോശ ഫറവോയുടെ അടുത്തുനിന്നു തിരിഞ്ഞുനടന്നു. ഭൃത്യന്മാർ ഫറവോയോടു പറഞ്ഞു: “എത്രനാൾ ഇയാൾ നമ്മെ ശല്യപ്പെടുത്തും. തങ്ങളുടെ ദൈവമായ സർവേശ്വരനെ ആരാധിക്കാൻ അവരെ വിട്ടയച്ചാലും; ഈജിപ്തു നശിച്ചുകഴിഞ്ഞത് അങ്ങു കാണുന്നില്ലേ?” ഉടനെ ഫറവോ മോശയെയും അഹരോനെയും തിരിച്ചുവിളിച്ചു പറഞ്ഞു: “നിങ്ങൾ പോയി സർവേശ്വരനെ ആരാധിച്ചുകൊള്ളുക; എന്നാൽ നിങ്ങൾ ആരൊക്കെയാണു പോകുന്നത്?” മോശ പറഞ്ഞു: “കുഞ്ഞുങ്ങളും വൃദ്ധജനങ്ങളും ഉൾപ്പെടെ ഞങ്ങളെല്ലാവരും പോകും. ഞങ്ങളുടെ പുത്രീപുത്രന്മാരും ഞങ്ങളുടെ ആട്ടിൻപറ്റങ്ങളും കന്നുകാലികളും ഞങ്ങളുടെ കൂടെ പോരും; കാരണം ഞങ്ങൾ സർവേശ്വരന് ഒരു ഉത്സവം ആചരിക്കുകയാണ്.” രാജാവു പറഞ്ഞു: “കൊള്ളാം സർവേശ്വരൻ നിങ്ങളെ കാക്കട്ടെ. നിങ്ങളോടൊപ്പം കുട്ടികളെയും ഞാൻ പോകാൻ അനുവദിക്കുമെന്നോ? നിങ്ങളുടെ ഉള്ളിൽ എന്തോ ദുരുദ്ദേശ്യമുണ്ട്. പുരുഷന്മാർ മാത്രം പോയി സർവേശ്വരനെ ആരാധിച്ചുകൊള്ളുക. അത്രയുമല്ലേ നിങ്ങൾക്കു വേണ്ടൂ.” ഇതു പറഞ്ഞിട്ട് ഫറവോ തന്റെ മുമ്പിൽനിന്ന് അവരെ ഓടിച്ചു. പിന്നീട് സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഈജിപ്തിന്റെമേൽ കൈ നീട്ടുക. വെട്ടുക്കിളികൾ വരട്ടെ. കന്മഴയിൽനിന്ന് രക്ഷപ്പെട്ട സസ്യങ്ങളെയെല്ലാം അവ വന്ന് തിന്നൊടുക്കട്ടെ.” സർവേശ്വരൻ കല്പിച്ചതുപോലെ മോശ ഈജിപ്തിന്റെമേൽ തന്റെ വടി നീട്ടി; സർവേശ്വരൻ അന്നു രാപ്പകൽ ആ ദേശത്ത് കിഴക്കൻകാറ്റ് വീശിപ്പിച്ചു. പ്രഭാതമായപ്പോൾ കിഴക്കൻകാറ്റിനോടൊപ്പം വെട്ടുക്കിളികൾ വന്നു. ഈജിപ്തിൽ എല്ലായിടത്തും അവ നിറഞ്ഞു; അത്രയും വലിയ വെട്ടുക്കിളിക്കൂട്ടം അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. ഭൂമി മുഴുവൻ ഇരുൾ പരക്കുംവിധം ദേശം മുഴുവനും വെട്ടുക്കിളികളെക്കൊണ്ടു മൂടി. കന്മഴയെ അതിജീവിച്ച സസ്യങ്ങളും വൃക്ഷഫലങ്ങളും അവ തിന്നുതീർത്തു; ഈജിപ്തിലൊരിടത്തും വൃക്ഷങ്ങളിലോ, ചെടികളിലോ പച്ച നിറമുള്ള യാതൊന്നും ശേഷിച്ചില്ല. ഫറവോ മോശയെയും അഹരോനെയും ഉടൻതന്നെ വിളിച്ചുവരുത്തി പറഞ്ഞു: “നിങ്ങൾക്കും നിങ്ങളുടെ സർവേശ്വരനായ ദൈവത്തിനെതിരായി ഞാൻ പാപം ചെയ്തു. ഈ പ്രാവശ്യം കൂടി എന്റെ പാപം ക്ഷമിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു. ഈ മാരകമായ ബാധയിൽനിന്ന് എന്നെ വിടുവിക്കാൻ ഒരിക്കൽകൂടി നിങ്ങളുടെ ദൈവമായ സർവേശ്വരനോട് അപേക്ഷിക്കുക.” മോശ രാജസന്നിധിയിൽനിന്നു പുറത്തുചെന്ന് ഫറവോയ്‍ക്ക് വേണ്ടി പ്രാർഥിച്ചു. സർവേശ്വരൻ അതിശക്തമായ ഒരു പടിഞ്ഞാറൻ കാറ്റടിപ്പിച്ചു; അതു വെട്ടുക്കിളികളെ മുഴുവൻ ചെങ്കടലിലേക്ക് തള്ളി വിട്ടു; ഈജിപ്തിൽ ഒരിടത്തും ഒരു വെട്ടുക്കിളിയും ശേഷിച്ചില്ല. എന്നാൽ സർവേശ്വരൻ ഫറവോയെ കഠിനചിത്തനാക്കി. അയാൾ ഇസ്രായേൽജനങ്ങളെ വിട്ടയച്ചുമില്ല. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ ആകാശത്തേക്ക് കൈ ഉയർത്തുക; ഈജിപ്തിൽ ഇരുട്ടു പരക്കട്ടെ.” മോശ ആകാശത്തേക്കു കൈ ഉയർത്തി; അപ്പോൾ ഈജിപ്തിലെല്ലാം കൂരിരുട്ടു പരന്നു. അതു മൂന്നു ദിവസം നീണ്ടുനിന്നു. പരസ്പരം കാണാൻപോലും വയ്യാത്തതിനാൽ മൂന്നു ദിവസത്തേക്ക് ആരും സ്വസ്ഥാനത്തുനിന്ന് എഴുന്നേറ്റതുപോലുമില്ല. എന്നാൽ ഇസ്രായേൽജനം വസിച്ചിരുന്ന സ്ഥലത്ത് പ്രകാശം ഉണ്ടായിരുന്നു. ഫറവോ മോശയെ വരുത്തി പറഞ്ഞു: “സർവേശ്വരനെ ആരാധിക്കാൻ പൊയ്‍ക്കൊള്ളുക; കുട്ടികളും കൂടെ വന്നുകൊള്ളട്ടെ. എന്നാൽ നിങ്ങളുടെ കന്നുകാലികളും ആട്ടിൻപറ്റങ്ങളും ഇവിടെത്തന്നെ നില്‌ക്കട്ടെ.” മോശ പറഞ്ഞു: “ഞങ്ങളുടെ ദൈവമായ സർവേശ്വരന് യാഗങ്ങളും ഹോമങ്ങളും അർപ്പിക്കണം. അതിനാൽ ഞങ്ങളുടെ കന്നുകാലികൾ മുഴുവനെയും കൂടെ കൊണ്ടുപോകാൻ അനുവദിക്കണം. അവയിൽ ഒന്നിനെപ്പോലും ഇവിടെ വിട്ടിട്ടു പോകാൻ സാധ്യമല്ല; ഞങ്ങളുടെ ദൈവമായ സർവേശ്വരന് യാഗം അർപ്പിക്കേണ്ടത് അവയിൽനിന്നാണ്. അവിടെ ചെല്ലുന്നതുവരെ, ഏതിനെയാണ് അർപ്പിക്കേണ്ടതെന്നു ഞങ്ങൾക്കു നിശ്ചയമില്ല.” സർവേശ്വരൻ ഫറവോയെ കഠിനഹൃദയനാക്കിയതിനാൽ അയാൾ അവരെ വിട്ടയച്ചില്ല. ഫറവോ മോശയോടു പറഞ്ഞു: “കടന്നുപോകൂ. ഇനിമേൽ എന്റെ മുമ്പിൽ വരരുത്; വന്നാൽ അന്നു നീ മരിക്കും.” മോശ മറുപടി പറഞ്ഞു: “അങ്ങു പറഞ്ഞതുപോലെയാകട്ടെ. ഇനിമേൽ ഞാൻ അങ്ങയുടെ മുഖം കാണുകയില്ല.”
പുറപ്പാട് 10:1-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ പിന്നെയും മോശെയോട്: “നീ ഫറവോന്റെ അടുക്കൽ ചെല്ലുക. ഞാൻ അവന്റെ മുമ്പിൽ എന്‍റെ അടയാളങ്ങൾ ചെയ്യേണ്ടതിനും, ഞാൻ മിസ്രയീമിൽ പ്രവർത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യത്തിൽ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും പൗത്രന്മാരോടും വിവരിക്കേണ്ടതിനും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിനും ഞാൻ അവൻ്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു” എന്നു കല്പിച്ചു. അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു അവനോട് പറഞ്ഞതെന്തെന്നാൽ: “എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ സന്നിധിയിൽ തന്നെത്താൻ താഴ്ത്തുവാൻ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിക്കുവാൻ എന്‍റെ ജനത്തെ വിട്ടയയ്ക്കുക. എന്റെ ജനത്തെ വിട്ടയയ്ക്കുവാൻ നിനക്കു മനസ്സില്ലെങ്കിൽ ഞാൻ നാളെ നിന്‍റെ രാജ്യത്ത് വെട്ടുക്കിളിയെ വരുത്തും. നിലം കാണുവാൻ കഴിയാത്തവിധം അവ ഭൂതലത്തെ മൂടും. കല്മഴയിൽ നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പിൽ തളിർത്ത് വളരുന്നതുമായ എല്ലാ വൃക്ഷവും തിന്നുകളയുകയും ചെയ്യും. നിന്റെ ഗൃഹങ്ങളും നിന്റെ സകലഭൃത്യന്മാരുടെയും സകല മിസ്രയീമ്യരുടെയും വീടുകളും അവയെക്കൊണ്ട് നിറയും; നിന്‍റെ പിതാക്കന്മാരുടെയോ പിതാമഹന്മാരുടെയോ കാലം മുതൽ ഇന്നുവരെ അങ്ങനെയുള്ള കാര്യം കണ്ടിട്ടില്ല” പിന്നെ അവൻ ഫറവോന്‍റെ അടുക്കൽനിന്ന് മടങ്ങിപ്പോയി. അപ്പോൾ ഭൃത്യന്മാർ ഫറവോനോട്: “എത്ര നാൾ ഇവൻ നമുക്ക് ഉപദ്രവകാരിയായിരിക്കും? ആ മനുഷ്യരെ അവരുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന് വിട്ടയയ്ക്കേണം; മിസ്രയീം നശിച്ചു എന്നു ഇപ്പോഴും നീ അറിയുന്നില്ലയോ?” എന്നു പറഞ്ഞു. അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോട്: “നിങ്ങൾ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുവിൻ. എന്നാൽ നിങ്ങൾ ആരെല്ലമാണ് പോകുന്നത്?” എന്നു ചോദിച്ചു. അതിന് മോശെ “ഞങ്ങൾക്ക് യഹോവയുടെ ഉത്സവമുള്ളതുകൊണ്ട് ഞങ്ങളുടെ ബാലന്മാരും വൃദ്ധന്മാരും പുത്രന്മാരും പുത്രിമാരുമായി ഞങ്ങൾ പോകും; ഞങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോകും” എന്നു പറഞ്ഞു. അവൻ അവരോട്: “ഞാൻ നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും വിട്ടയച്ചാൽ യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ; നോക്കുവിൻ; ദോഷമാകുന്നു നിങ്ങളുടെ അന്തരം. അങ്ങനെയല്ല, നിങ്ങൾ പുരുഷന്മാർ പോയി യഹോവയെ ആരാധിച്ചുകൊൾവിൻ; ഇതാണല്ലോ നിങ്ങൾ അപേക്ഷിച്ചത്” എന്നു പറഞ്ഞ് അവരെ ഫറവോന്റെ സന്നിധിയിൽനിന്ന് ഓടിച്ചുകളഞ്ഞു. അപ്പോൾ യഹോവ മോശെയോട്: “നിലത്തിലെ സകലസസ്യങ്ങളും കല്മഴയിൽ ശേഷിച്ചത് ഒക്കെയും തിന്നുകളയേണ്ടതിന് വെട്ടുക്കിളി മിസ്രയീമിൽ വരുവാൻ നിന്റെ കൈ ദേശത്തിന്മേൽ നീട്ടുക” എന്നു പറഞ്ഞു. അങ്ങനെ മോശെ തന്റെ വടി മിസ്രയീമിന്മേൽ നീട്ടി; യഹോവ അന്നു പകലും രാത്രിയും മുഴുവൻ ദേശത്തിന്മേൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; പ്രഭാതം ആയപ്പോൾ കിഴക്കൻകാറ്റ് വെട്ടുക്കിളിയെ കൊണ്ടുവന്നു. വെട്ടുക്കിളി മിസ്രയീമിന്‍റെ അതിരിനകത്ത് മുഴുവനും വ്യാപിച്ചു; അത്രയും വെട്ടുക്കിളി ഇതുവരെ ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാവുകയുമില്ല. അത് ഭൂതലത്തെ മുഴുവനും മൂടി. ദേശം അതിനാൽ ഇരുണ്ടുപോയി; കല്മഴയിൽ ശേഷിച്ച നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അത് തിന്നു തീർത്തു; മിസ്രയീമിൽ എങ്ങും വൃക്ഷങ്ങളിലോ നിലത്തിലെ സസ്യങ്ങളിലോ പച്ചയായ യാതൊന്നും ശേഷിച്ചില്ല. ഫറവോൻ മോശെയെയും അഹരോനെയും വേഗത്തിൽ വിളിപ്പിച്ചു: “നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാൻ പാപം ചെയ്തിരിക്കുന്നു. അതുകൊണ്ട് ഈ പ്രാവശ്യം മാത്രം നീ എന്റെ പാപം ക്ഷമിച്ച് ഈ മരണം എന്നെവിട്ടു നീങ്ങുവാൻ നിങ്ങളുടെ ദൈവമായ യഹോവയോട് പ്രാർത്ഥിക്കുവിൻ” എന്നു പറഞ്ഞു. മോശെ ഫറവോന്‍റെ അടുക്കൽനിന്ന് പോയി യഹോവയോട് പ്രാർത്ഥിച്ചു. യഹോവ മഹാശക്തിയുള്ള ഒരു പടിഞ്ഞാറൻ കാറ്റ് അടിപ്പിച്ചു; അത് വെട്ടുക്കിളിയെ എടുത്ത് ചെങ്കടലിൽ ഇട്ടുകളഞ്ഞു. മിസ്രയീമിൽ എങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല. എന്നാൽ യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽ മക്കളെ വിട്ടയച്ചതുമില്ല. അപ്പോൾ യഹോവ മോശെയോട്: “മിസ്രയീമിനെ സ്പർശിക്കുന്ന വിധം ഇരുൾ ഉണ്ടാകേണ്ടതിന് നിന്‍റെ കൈ ആകാശത്തേക്ക് നീട്ടുക” എന്നു കല്പിച്ചു. മോശെ തന്റെ കൈ ആകാശത്തേക്ക് നീട്ടി, മിസ്രയീമിൽ എല്ലാം മൂന്നു ദിവസത്തേക്ക് കൂരിരുട്ടുണ്ടായി. മൂന്നു ദിവസത്തേക്ക് ആരും അന്യോന്യം കണ്ടില്ല; ആരും തന്‍റെ സ്ഥലം വിട്ട് എഴുന്നേറ്റതുമില്ല. എന്നാൽ യിസ്രായേൽ മക്കൾക്ക് എല്ലാവർക്കും അവരുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു. അപ്പോൾ ഫറവോൻ മോശെയെ വിളിപ്പിച്ചു. “നിങ്ങൾ പോയി യഹോവയെ ആരാധിക്കുവിൻ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇവിടെ നില്‍ക്കട്ടെ; നിങ്ങളുടെ കുഞ്ഞുകുട്ടികളും നിങ്ങളോടുകൂടി പോരട്ടെ” എന്നു പറഞ്ഞു. അതിന് മോശെ പറഞ്ഞത്: “ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് അർപ്പിക്കേണ്ടതിന് യാഗങ്ങൾക്കും സർവ്വാംഗഹോമങ്ങൾക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങൾക്ക് തരേണം. ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരേണം; ഒരു കുളമ്പുപോലും ഇവിടെ ശേഷിക്കരുത്; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കണ്ടതിന് അവയിൽനിന്നല്ലോ ഞങ്ങൾ എടുക്കേണ്ടത്; ഏതിനെ അർപ്പിച്ച് യഹോവയെ ആരാധിക്കേണമെന്ന് അവിടെ എത്തുന്നതുവരെ ഞങ്ങൾ അറിയുന്നില്ല.“ എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയയ്ക്കുവാൻ അവനു മനസ്സായില്ല. ഫറവോൻ അവനോട്: “എന്‍റെ അടുക്കൽനിന്ന് പോകുക. ഇനി എന്റെ മുഖം കാണാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. എന്‍റെ മുഖം കാണുന്ന നാളിൽ നീ മരിക്കും” എന്നു പറഞ്ഞു. അതിന് മോശെ: “നീ പറഞ്ഞതുപോലെ ആകട്ടെ; ഞാൻ ഇനി നിന്റെ മുഖം കാണുകയില്ല” എന്നു പറഞ്ഞു.
പുറപ്പാട് 10:1-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ പിന്നെയും മോശെയോടു: നീ ഫറവോന്റെ അടുക്കൽ ചെല്ലുക. ഞാൻ അവന്റെ മുമ്പിൽ എന്റെ അടയാളങ്ങളെ ചെയ്യേണ്ടതിന്നും, ഞാൻ മിസ്രയീമിൽ പ്രവർത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യേ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും പൗത്രന്മാരോടും വിവരിക്കേണ്ടതിന്നും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിന്നും ഞാൻ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു എന്നു കല്പിച്ചു. അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതെന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ മുമ്പാകെ നിന്നെ തന്നേ താഴ്ത്തുവാൻ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക. എന്റെ ജനത്തെ വിട്ടയപ്പാൻ നിനക്കു മനസ്സില്ലെങ്കിൽ ഞാൻ നാളെ നിന്റെ രാജ്യത്തു വെട്ടുക്കിളിയെ വരുത്തും. നിലം കാണ്മാൻ വഹിയാതവണ്ണം അവ ഭൂതലത്തെ മൂടുകയും കല്മഴയിൽ നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പിൽ തളിർത്തു വളരുന്ന സകലവൃക്ഷവും തിന്നുകളകയും ചെയ്യും. നിന്റെ ഗൃഹങ്ങളും നിന്റെ സകലഭൃത്യന്മാരുടെയും സകലമിസ്രയീമ്യരുടെയും വീടുകളും അതുകൊണ്ടു നിറയും; നിന്റെ പിതാക്കന്മാരെങ്കിലും പിതൃപിതാക്കന്മാരെങ്കിലും ഭൂമിയിൽ ഇരുന്ന കാലം മുതൽ ഇന്നുവരെയും അങ്ങനെയുള്ളതു കണ്ടിട്ടില്ല. പിന്നെ അവൻ തിരിഞ്ഞു ഫറവോന്റെ അടുക്കൽനിന്നു പോയി. അപ്പോൾ ഭൃത്യന്മാർ ഫറവോനോടു: എത്രത്തോളം ഇവൻ നമുക്കു കണിയായിരിക്കും? ആ മനുഷ്യരെ തങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു വിട്ടയക്കേണം; മിസ്രയീം നശിച്ചുപോകുന്നു എന്നു ഇപ്പോഴും നീ അറിയുന്നില്ലയോ എന്നു പറഞ്ഞു. അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോടു: നിങ്ങൾ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിപ്പിൻ. എന്നാൽ പോകേണ്ടുന്നവർ ആരെല്ലാം? എന്നു ചോദിച്ചതിന്നു മോശെ ഞങ്ങൾക്കു യഹോവയുടെ ഉത്സവമുണ്ടാകകൊണ്ടു ഞങ്ങൾ ഞങ്ങളുടെ ബാലന്മാരും വൃദ്ധന്മാരും പുത്രന്മാരും പുത്രിമാരുമായി പോകും; ഞങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോകും എന്നു പറഞ്ഞു. അവൻ അവരോടു: ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും വിട്ടയച്ചാൽ യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ; നോക്കുവിൻ; ദോഷമാകുന്നു നിങ്ങളുടെ അന്തരം. അങ്ങനെയല്ല, നിങ്ങൾ പുരുഷന്മാർ പോയി യഹോവയെ ആരാധിച്ചുകൊൾവിൻ; ഇതല്ലോ നിങ്ങൾ അപേക്ഷിച്ചതു എന്നു പറഞ്ഞു അവരെ ഫറവോന്റെ സന്നിധിയിൽനിന്നു ആട്ടിക്കളഞ്ഞു. അപ്പോൾ യഹോവ മോശെയോടു: നിലത്തിലെ സകലസസ്യാദികളും കല്മഴയിൽ ശേഷിച്ചതു ഒക്കെയും തിന്നുകളയേണ്ടതിന്നു വെട്ടുക്കിളി മിസ്രയീംദേശത്തു വരുവാൻ നിന്റെ കൈ ദേശത്തിന്മേൽ നീട്ടുക എന്നു പറഞ്ഞു. അങ്ങനെ മോശെ തന്റെ വടി മിസ്രയീംദേശത്തിന്മേൽ നീട്ടി; യഹോവ അന്നു പകൽ മുഴുവനും രാത്രി മുഴുവനും ദേശത്തിന്മേൽ കിഴക്കൻകാറ്റു അടിപ്പിച്ചു; പ്രഭാതം ആയപ്പോൾ കിഴക്കൻകാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു. വെട്ടുക്കിളി മിസ്രയീംദേശത്തൊക്കെയും വന്നു മിസ്രയീമിന്റെ അതിർക്കകത്തു ഒക്കെയും അനവധിയായി വീണു; അതുപോലെ വെട്ടുക്കിളി ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാകയുമില്ല. അതു ഭൂതലത്തെ ഒക്കെയും മൂടി ദേശം അതിനാൽ ഇരുണ്ടുപോയി; കല്മഴയിൽ ശേഷിച്ചതായി നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അതു തിന്നുകളഞ്ഞു; മിസ്രയീംദേശത്തു എങ്ങും വൃക്ഷങ്ങളിലാകട്ടെ നിലത്തിലെ സസ്യത്തിലാകട്ടെ പച്ചയായതൊന്നും ശേഷിച്ചില്ല. ഫറവോൻ മോശെയെയും അഹരോനെയും വേഗത്തിൽ വിളിപ്പിച്ചു: നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാൻ പാപം ചെയ്തിരിക്കുന്നു. അതുകൊണ്ടു ഈ പ്രാവശ്യം മാത്രം നീ എന്റെ പാപം ക്ഷമിച്ചു ഈ ഒരു മരണം എന്നെ വിട്ടു നീങ്ങുവാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞു. അവൻ ഫറവോന്റെ അടുക്കൽ നിന്നു പറപ്പെടു യഹോവയോടു പ്രാർത്ഥിച്ചു. യഹോവ മഹാശക്തിയുള്ളോരു പടിഞ്ഞാറൻ കാറ്റു അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലിൽ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല. എന്നാൽ യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല. അപ്പോൾ യഹോവ മോശെയോടു: മിസ്രയീംദേശത്തു സ്പർശിക്കത്തക്ക ഇരുൾ ഉണ്ടാകേണ്ടതിന്നു നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു. മോശെ തന്റെ കൈ ആകാശത്തേക്കു നീട്ടി, മിസ്രയീംദേശത്തൊക്കെയും മൂന്നു ദിവസത്തേക്കു കൂരിരുട്ടുണ്ടായി. മൂന്നു ദിവസത്തേക്കു ഒരുത്തനെ ഒരുത്തൻ കണ്ടില്ല; ഒരുത്തനും തന്റെ സ്ഥലം വിട്ടു എഴുന്നേറ്റതുമില്ല. എന്നാൽ യിസ്രായേൽമക്കൾക്കു എല്ലാവർക്കും തങ്ങളുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു. അപ്പോൾ ഫറവോൻ മോശെയെ വിളിപ്പിച്ചു. നിങ്ങൾ പോയി യഹോവയെ ആരാധിപ്പിൻ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇങ്ങു നിൽക്കട്ടെ; നിങ്ങളുടെ കുഞ്ഞു കുട്ടികളും നിങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. അതിന്നു മോശെ പറഞ്ഞതു: ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവെക്കു അർപ്പിക്കേണ്ടതിന്നു യാഗങ്ങൾക്കും സർവ്വാംഗഹോമങ്ങൾക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങൾക്കു തരേണം. ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരേണം; ഒരു കുളമ്പുപോലും പിമ്പിൽ ശേഷിച്ചുകൂടാ; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു അതിൽനിന്നല്ലോ ഞങ്ങൾ എടുക്കേണ്ടതു; ഏതിനെ അർപ്പിച്ചു യഹോവയെ ആരാധിക്കേണമെന്നു അവിടെ എത്തുവോളം ഞങ്ങൾ അറിയുന്നില്ല. എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയപ്പാൻ അവന്നു മനസ്സായില്ല. ഫറവോൻ അവനോടു: എന്റെ അടുക്കൽനിന്നു പോക. ഇനി എന്റെ മുഖം കാണാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും എന്നു പറഞ്ഞതിന്നു മോശെ: നീ പറഞ്ഞതുപോലെ ആകട്ടെ; ഞാൻ ഇനി നിന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞു.
പുറപ്പാട് 10:1-29 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ മോശയോട് അരുളിച്ചെയ്തു: “നീ ഫറവോന്റെ അടുക്കൽ ചെല്ലുക. ഞാൻ അവന്റെയും അവന്റെ ഉദ്യോഗസ്ഥരുടെയും മുന്നിൽ എന്റെ അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കേണ്ടതിന് അവരുടെ ഹൃദയം കഠിനമാക്കിയിരിക്കുന്നു. ഞാൻ ഈജിപ്റ്റുകാരോട് എത്ര കർശനമായി പെരുമാറിയെന്നും അവരുടെ ഇടയിൽ എന്റെ അത്ഭുതചിഹ്നങ്ങൾ എങ്ങനെ പ്രവർത്തിച്ചെന്നും നിനക്കു നിന്റെ മക്കളോടും മക്കളുടെ മക്കളോടും വിവരിക്കാൻ കഴിയേണ്ടതിനും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിനുമാണ് ഇങ്ങനെ ചെയ്യുന്നത്.” മോശയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന് അദ്ദേഹത്തോടു പറഞ്ഞു, “എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘നീ എത്രകാലം എന്റെമുമ്പിൽ നിന്നെത്തന്നെ വിനയപ്പെടുത്താതിരിക്കും? എന്റെ ജനം എന്നെ ആരാധിക്കേണ്ടതിന് അവരെ വിട്ടയയ്ക്കുക. നീ അവരെ പോകാൻ അനുവദിക്കുന്നില്ലെങ്കിൽ ഞാൻ നാളെ നിന്റെ ദേശത്തു വെട്ടുക്കിളികളെ അയയ്ക്കും. നിലം കാണാൻ കഴിയാത്തവിധം അവ ഭൂതലത്തെ മൂടും. നിന്റെ വയലുകളിലും നിലത്തും തളിർത്തുവളരുന്ന സകലവൃക്ഷങ്ങളും ഉൾപ്പെടെ, കന്മഴയിൽ നശിക്കാതെ ശേഷിച്ചിട്ടുള്ളതെല്ലാം അവ തിന്നുകളയും. അവ നിന്റെയും നിന്റെ ഉദ്യോഗസ്ഥരുടെയും ഈജിപ്റ്റുകാരായ എല്ലാവരുടെയും ഭവനങ്ങളിൽ നിറയും. ആ കാഴ്ച നിന്റെ പിതാക്കന്മാരോ പൂർവികരോ ഈ ദേശത്തു താമസം ഉറപ്പിച്ച നാൾമുതൽ ഇതുവരെയും ഒരിക്കലും കണ്ടിട്ടില്ലാത്തതായിരിക്കും.’ ” പിന്നെ മോശ പിന്തിരിഞ്ഞ് ഫറവോനെ വിട്ടുപോയി. ഫറവോന്റെ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തോട്, “ഈ മനുഷ്യൻ എത്രകാലം നമുക്ക് ഒരു കെണിയായി തുടരും? ആ ജനം ചെന്ന് അവരുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന് അവരെ വിട്ടയയ്ക്കണം. ഈജിപ്റ്റു നശിച്ചുകൊണ്ടിരിക്കുകയാണെന്ന് അങ്ങ് ഇപ്പോഴും മനസ്സിലാക്കുന്നില്ലയോ?” എന്നു ചോദിച്ചു. അപ്പോൾ മോശയെയും അഹരോനെയും ഫറവോന്റെ അടുക്കൽ തിരികെക്കൊണ്ടുവന്നു. “പൊയ്ക്കൊൾക, നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുക,” അദ്ദേഹം പറഞ്ഞു. “എന്നാൽ ആരൊക്കെയാണു പോകുന്നത്?” അദ്ദേഹം ചോദിച്ചു. അതിന് മോശ മറുപടി പറഞ്ഞു, “ഞങ്ങൾ യഹോവയ്ക്ക് ഒരു ഉത്സവം ആചരിക്കേണ്ടതാകുന്നു; അതുകൊണ്ട്, ഞങ്ങൾ ഞങ്ങളുടെ ചെറുപ്പക്കാരെയും വൃദ്ധജനങ്ങളെയും ആൺമക്കളെയും പെൺമക്കളെയും ആട്ടിൻപറ്റങ്ങളെയും കന്നുകാലിക്കൂട്ടങ്ങളെയും കൂട്ടിയാണു പോകുന്നത്.” അപ്പോൾ ഫറവോൻ പറഞ്ഞു, “ഞാൻ നിങ്ങളെ നിങ്ങളുടെ കുഞ്ഞുങ്ങളോടുംകൂടെ പോകാൻ അനുവദിച്ചാൽ, യഹോവ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ! നിങ്ങൾ ദോഷത്തിനു തുനിഞ്ഞിരിക്കുന്നു. വേണ്ടാ, പുരുഷന്മാർമാത്രം പോയി യഹോവയെ ആരാധിക്കുക; അതാണല്ലോ നിങ്ങൾ ഇതുവരെ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്?” പിന്നെ മോശയെയും അഹരോനെയും ഫറവോന്റെ മുന്നിൽനിന്ന് ആട്ടിയോടിച്ചു. യഹോവ മോശയോട് അരുളിച്ചെയ്തു, “വെട്ടുക്കിളികൾ വന്നു ദേശത്തെ മൂടി, വയലിൽ വളരുന്നതെല്ലാം, കന്മഴ കഴിഞ്ഞു ശേഷിക്കുന്ന സകലതും തിന്നുകളയേണ്ടതിന് നിന്റെ കൈ ഈജിപ്റ്റിന്മേൽ നീട്ടുക.” മോശ ഈജിപ്റ്റിനുമീതേ തന്റെ വടിനീട്ടി. യഹോവ അന്നു പകലും രാത്രിയും ദേശത്തുകൂടി ഒരു കിഴക്കൻകാറ്റ് അടിപ്പിച്ചു. നേരം പുലർന്നപ്പോൾ കിഴക്കൻകാറ്റു വെട്ടുക്കിളികളെ വരുത്തിയിരുന്നു. അവ ഈജിപ്റ്റിനെ മുഴുവൻ ആക്രമിച്ച്, ദേശത്ത് അത്യധികമായി വ്യാപിച്ചു. അതുപോലുള്ള വെട്ടുക്കിളിശല്യം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല, ഇനിയൊരിക്കലും ഉണ്ടാകുകയുമില്ല. അവ ദേശംമുഴുവൻ മൂടിയതുകൊണ്ട് എല്ലായിടവും ഇരുണ്ടുപോയി. കന്മഴ ശേഷിപ്പിച്ചിരുന്നതെല്ലാം—വയലിലെ സസ്യങ്ങളും വൃക്ഷങ്ങളിലെ കായ്കളും എല്ലാം—അവ തിന്നുതീർത്തു. ഈജിപ്റ്റുദേശത്ത് ഒരിടത്തും, വൃക്ഷങ്ങളിലോ സസ്യങ്ങളിലോ പച്ചയായതൊന്നും ശേഷിച്ചില്ല. ഫറവോൻ മോശയെയും അഹരോനെയും പെട്ടെന്നു വരുത്തി അവരോടു പറഞ്ഞു: “ഞാൻ നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും പാപംചെയ്തിരിക്കുന്നു. എന്റെ പാപം ഈ ഒരു പ്രാവശ്യംകൂടി ക്ഷമിക്കുക; മാരകമായ ഈ ബാധ എന്നിൽനിന്ന് അകറ്റിക്കളയാൻ നിങ്ങളുടെ ദൈവമായ യഹോവയോട് അപേക്ഷിക്കണം.” മോശ ഫറവോന്റെ അടുക്കൽനിന്നുപോയി യഹോവയോടു പ്രാർഥിച്ചു. യഹോവ അതിശക്തമായ ഒരു പടിഞ്ഞാറൻ കാറ്റു വരുത്തി; അതു വെട്ടുക്കിളികളെ കൊണ്ടുപോയി ചെങ്കടലിൽ എറിഞ്ഞു. ഈജിപ്റ്റിൽ ഒരിടത്തും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല. എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി, അദ്ദേഹം ഇസ്രായേൽമക്കളെ വിട്ടയച്ചില്ല. അപ്പോൾ യഹോവ മോശയോട്, “സ്പർശിക്കത്തക്ക കൂരിരുൾ ഈജിപ്റ്റുദേശത്തു മൂടേണ്ടതിനു നീ ആകാശത്തേക്കു കൈനീട്ടുക” എന്ന് അരുളിച്ചെയ്തു. അതനുസരിച്ചു മോശ ആകാശത്തേക്കു കൈനീട്ടി, കനത്ത ഇരുട്ട് ഈജിപ്റ്റിനെ മൂന്നുദിവസത്തേക്കു നിശ്ശേഷം മറച്ചു. ആർക്കും ആരെയും കാണാനോ സ്വസ്ഥാനം വിട്ടുപോകാനോ കഴിയാതായി. എങ്കിലും ഇസ്രായേൽമക്കളുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു. അപ്പോൾ ഫറവോൻ മോശയെ വരുത്തി, “പോയി യഹോവയെ ആരാധിക്കുക. നിങ്ങളുടെ ഭാര്യമാരും കുട്ടികളും നിങ്ങളുടെകൂടെ പോരട്ടെ; നിങ്ങളുടെ ആട്ടിൻപറ്റങ്ങളും കന്നുകാലികളുംമാത്രം ഇവിടെ നിൽക്കട്ടെ” എന്നു പറഞ്ഞു. അതിന് മോശ ഉത്തരം പറഞ്ഞു: “ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗങ്ങളും ഹോമയാഗങ്ങളും അർപ്പിക്കാൻ അങ്ങു ഞങ്ങളെ അനുവദിക്കണം. ഞങ്ങളുടെ സകലമൃഗങ്ങളെയുംകൂടെ കൊണ്ടുപോകണം; ഒരു കുളമ്പുപോലും പിന്നിൽ ശേഷിച്ചുകൂടാ. ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുന്നതിന് അവയിൽ ചിലതിനെ ഉപയോഗിക്കേണ്ടതുണ്ട്. തന്നെയുമല്ല, യഹോവയെ ആരാധിക്കാൻ എന്താണ് ഉപയോഗിക്കേണ്ടതെന്ന് അവിടെ എത്തുന്നതുവരെ ഞങ്ങൾ അറിയുന്നുമില്ല.” എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി, അവരെ വിട്ടയയ്ക്കാൻ അയാൾക്കു സമ്മതമായിരുന്നില്ല. ഫറവോൻ മോശയോട്, “കടന്നുപോകൂ എന്റെ മുന്നിൽനിന്ന്! ഇനി എന്റെമുമ്പിൽ വരികയേ അരുത്. എന്റെ മുഖം കാണുന്ന ദിവസം നീ മരിക്കും” എന്നു പറഞ്ഞു. അതിന് മോശ, “താങ്കൾ പറയുന്നതുപോലെതന്നെ ആകട്ടെ. ഇനി ഒരിക്കലും ഞാൻ അങ്ങയുടെ മുഖം കാണുകയില്ല” എന്ന് ഉത്തരം പറഞ്ഞു.