പുറപ്പാട് 1:8-14

പുറപ്പാട് 1:8-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവ് മിസ്രയീമിൽ ഉണ്ടായി. അവൻ തന്റെ ജനത്തോട്: യിസ്രായേൽജനം നമ്മെക്കാൾ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു. അവർ പെരുകീട്ട് ഒരു യുദ്ധം ഉണ്ടാകുന്നപക്ഷം നമ്മുടെ ശത്രുക്കളോടു ചേർന്നു നമ്മോടു പൊരുത് ഈ രാജ്യം വിട്ടു പൊയ്ക്കളവാൻ സംഗതി വരാതിരിക്കേണ്ടതിന് നാം അവരോടു ബുദ്ധിയായി പെരുമാറുക. അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന് അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോനു പണിതു. എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം പെരുകി വർധിച്ചു; അതുകൊണ്ട് അവർ യിസ്രായേൽമക്കൾ നിമിത്തം പേടിച്ചു. മിസ്രയീമ്യർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. കളിമണ്ണും ഇഷ്ടകയും വയലിലെ സകലവിധ വേലയും സംബന്ധിച്ചുള്ള കഠിനപ്രവൃത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകല പ്രയത്നത്താലും അവർ അവരുടെ ജീവനെ കയ്പ്പാക്കി.

പുറപ്പാട് 1:8-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അക്കാലത്തു യോസേഫിനെ അറിയാത്ത ഒരു പുതിയ രാജാവ് ഈജിപ്തിൽ ഭരണമേറ്റു. അദ്ദേഹം ജനങ്ങളോടു പറഞ്ഞു: “ഇസ്രായേൽജനം എണ്ണത്തിൽ പെരുകിയിരിക്കുന്നു. അവർ നമ്മെക്കാൾ ശക്തരുമാണ്; അവർ ഇനിയും വർധിക്കാതിരിക്കാൻ നാം തന്ത്രപൂർവം പ്രവർത്തിക്കണം. ഒരു യുദ്ധമുണ്ടായാൽ ശത്രുപക്ഷം ചേർന്ന് അവർ നമ്മോടു പൊരുതുമെന്നു മാത്രമല്ല രാജ്യം വിട്ടുപോയെന്നും വരാം.” അങ്ങനെ ഇസ്രായേല്യരെ കഠിനജോലി ചെയ്യിച്ച് പീഡിപ്പിക്കാൻ മേൽനോട്ടക്കാരെ നിയമിച്ചു. അവർ ഫറവോയ്‍ക്കുവേണ്ടി പീഥോം, റയംസേസ് എന്നീ ധാന്യസംഭരണനഗരങ്ങൾ പണിതു. എന്നാൽ പീഡിപ്പിക്കുന്തോറും അവർ വർധിച്ച് ദേശമെങ്ങും വ്യാപിച്ചു. അതിനാൽ ഈജിപ്തുകാർ ഇസ്രായേൽജനത്തെ ഭയപ്പെട്ടു. അവർ ഇസ്രായേൽജനങ്ങളെക്കൊണ്ട് കഠിനവേല ചെയ്യിച്ച് അവരുടെ ജീവിതം ക്ലേശപൂർണമാക്കി. ഇഷ്‍ടികയും കുമ്മായവും കൊണ്ടുള്ള പണികളും വയലിലെ പണികളും അവർ അവരെക്കൊണ്ടു ചെയ്യിച്ചു. അവർ ചെയ്ത എല്ലാ ജോലികളും കാഠിന്യമുള്ളതായിരുന്നു.

പുറപ്പാട് 1:8-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതിനുശേഷം യോസേഫിനെ അറിയാത്ത ഒരു പുതിയ രാജാവ് മിസ്രയീമിൽ ഉണ്ടായി. അവൻ തന്‍റെ ജനത്തോട്: “യിസ്രായേൽജനം നമ്മെക്കാൾ ശക്തരും എണ്ണത്തിൽ അധികവും ആകുന്നു. ഈ നിലയിൽ വർദ്ധിച്ചിട്ട് ഒരു യുദ്ധം ഉണ്ടായാൽ, നമ്മുടെ ശത്രുക്കളോട് ചേർന്ന് നമ്മോടു യുദ്ധം ചെയ്യുകയും ഈ രാജ്യം വിട്ടു പോകുകയും ചെയ്യും. അങ്ങനെ വരാതിരിക്കേണ്ടതിന് നാം അവരോടു ബുദ്ധിപൂർവം പെരുമാറുക.” അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന് അവരുടെ മേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, രമെസേസ് എന്ന ധാന്യസംഭരണനഗരങ്ങൾ ഫറവോന് പണിതു. എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം വർദ്ധിച്ച് ദേശമെല്ലായിടവും വ്യാപിച്ചു; അതുകൊണ്ട് മിസ്രയീമ്യർ യിസ്രായേൽ മക്കൾ നിമിത്തം പേടിച്ചു. മിസ്രയീമ്യർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. കളിമണ്ണുകൊണ്ടുള്ള ഇഷ്ടിക നിർമ്മാണത്തിലും, വയലിലെ എല്ലാവിധ കഠിനപ്രവർത്തിയിലും അവർ അവരുടെ ജീവനെ കയ്പാക്കി. അവർ ചെയ്ത എല്ലാ ജോലിയും കാഠിന്യം ഉള്ളതായിരുന്നു.

പുറപ്പാട് 1:8-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായി. അവൻ തന്റെ ജനത്തോടു: യിസ്രായേൽജനം നമ്മെക്കാൾ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു. അവർ പെരുകീട്ടു ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോടു ചേർന്നു നമ്മോടു പൊരുതു ഈ രാജ്യം വിട്ടു പൊയ്ക്കളവാൻ സംഗതി വരാതിരിക്കേണ്ടതിന്നു നാം അവരോടു ബുദ്ധിയായി പെരുമാറുക. അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോന്നു പണിതു. എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം പെരുകി വർദ്ധിച്ചു; അതുകൊണ്ടു അവർ യിസ്രായേൽമക്കൾ നിമിത്തം പേടിച്ചു. മിസ്രയീമ്യർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിനപ്രവർത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവർ അവരുടെ ജീവനെ കൈപ്പാക്കി.

പുറപ്പാട് 1:8-14 സമകാലിക മലയാളവിവർത്തനം (MCV)

കാലങ്ങൾ കടന്നുപോയി, യോസേഫിനെ അറിയാത്ത മറ്റൊരു രാജാവ് ഈജിപ്റ്റിന്റെ ഭരണാധിപനായിത്തീർന്നു. അദ്ദേഹം തന്റെ ജനങ്ങളോട്, “ഇതാ, ഇസ്രായേല്യർ നമ്മെക്കാൾ എണ്ണത്തിൽ പെരുകി പ്രബലരായിരിക്കുന്നു. നാം അവരോടു തന്ത്രപൂർവം പെരുമാറണം; അല്ലാത്തപക്ഷം അവർ ഇതിലും പെരുകുകയും ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ ശത്രുക്കളോടു ചേർന്നു നമുക്കെതിരേ യുദ്ധംചെയ്യുകയും രാജ്യം വിട്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു. അതനുസരിച്ച്, ഇസ്രായേല്യരെക്കൊണ്ടു കഠിനമായി പണിയെടുപ്പിക്കാനും അവരെ പീഡിപ്പിക്കാനുമായി ഈജിപ്റ്റുകാർ അവരുടെമേൽ മേൽനോട്ടക്കാരെ നിയമിച്ചു; അവർ ഫറവോനുവേണ്ടി പീഥോം, രമെസേസ് എന്നീ സംഭരണനഗരങ്ങൾ ഇസ്രായേല്യരെക്കൊണ്ട് പണിയിപ്പിച്ചു. എന്നാൽ പീഡനം വർധിക്കുന്നതനുസരിച്ച് അവരുടെ എണ്ണം വർധിക്കുകയും അവർ എല്ലായിടത്തും പരക്കുകയും ചെയ്തു. അതുകൊണ്ട് ഈജിപ്റ്റുകാർ ഇസ്രായേല്യരെ ഭയപ്പെട്ടു. ഈജിപ്റ്റുകാർ ക്രൂരമായി അവരെക്കൊണ്ടു പണിയെടുപ്പിച്ചു. ഇഷ്ടികയും കളിമണ്ണുംകൊണ്ടുള്ള വേലയും വയലിലെ എല്ലാത്തരം ജോലികളും കഠിനാധ്വാനവുംകൊണ്ട് ഈജിപ്റ്റുകാർ അവരുടെ ജീവിതം കയ്‌പുള്ളതാക്കി. അവരുടെ കഠിനജോലികളിലെല്ലാം ഈജിപ്റ്റുകാർ അവരോടു ക്രൂരമായി പെരുമാറി.