പുറപ്പാട് 1:13-22

പുറപ്പാട് 1:13-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മിസ്രയീമ്യർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. കളിമണ്ണും ഇഷ്ടകയും വയലിലെ സകലവിധ വേലയും സംബന്ധിച്ചുള്ള കഠിനപ്രവൃത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകല പ്രയത്നത്താലും അവർ അവരുടെ ജീവനെ കയ്പ്പാക്കി. എന്നാൽ മിസ്രയീംരാജാവ് ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികർമിണികളോട്: എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമത്തിനു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു. സൂതികർമിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീംരാജാവ് തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു. അപ്പോൾ മിസ്രയീംരാജാവ് സൂതികർമിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നത് എന്ത് എന്നു ചോദിച്ചു. സൂതികർമിണികൾ ഫറവോനോട്: എബ്രായസ്ത്രീകൾ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവർ നല്ല തിറമുള്ളവർ; സൂതികർമിണികൾ അവരുടെ അടുക്കൽ എത്തും മുമ്പേ അവർ പ്രസവിച്ചുകഴിയും എന്നു പറഞ്ഞു. അതുകൊണ്ടു ദൈവം സൂതികർമിണികൾക്കു നന്മ ചെയ്തു; ജനം വർധിച്ച് ഏറ്റവും ബലപ്പെട്ടു. സൂതികർമിണികൾ ദൈവത്തെ ഭയപ്പെടുകകൊണ്ട് അവൻ അവർക്കു കുടുംബ വർധന നല്കി. പിന്നെ ഫറവോൻ തന്റെ സകല ജനത്തോടും: ജനിക്കുന്ന ഏത് ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണമെന്നും ഏതു പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു.

പുറപ്പാട് 1:13-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവർ ഇസ്രായേൽജനങ്ങളെക്കൊണ്ട് കഠിനവേല ചെയ്യിച്ച് അവരുടെ ജീവിതം ക്ലേശപൂർണമാക്കി. ഇഷ്‍ടികയും കുമ്മായവും കൊണ്ടുള്ള പണികളും വയലിലെ പണികളും അവർ അവരെക്കൊണ്ടു ചെയ്യിച്ചു. അവർ ചെയ്ത എല്ലാ ജോലികളും കാഠിന്യമുള്ളതായിരുന്നു. ഈജിപ്തിലെ രാജാവ് ശിപ്രാ, പൂവാ എന്നീ രണ്ട് എബ്രായസൂതികർമിണികളോടു കല്പിച്ചു: “നിങ്ങൾ പ്രസവശുശ്രൂഷ ചെയ്യുന്ന എബ്രായസ്‍ത്രീകൾക്കു ജനിക്കുന്ന ശിശുക്കൾ ആൺകുട്ടികളെങ്കിൽ അവരെ കൊന്നുകളയുക; പെൺകുട്ടികളെങ്കിൽ ജീവിച്ചുകൊള്ളട്ടെ. “എന്നാൽ ആ സൂതികർമിണികൾ ദൈവഭയം ഉള്ളവർ ആയിരുന്നതിനാൽ രാജകല്പന പാലിക്കാതെ ആ കുട്ടികളെ ജീവിക്കാൻ അനുവദിച്ചു. രാജാവ് സൂതികർമിണികളെ വരുത്തി ചോദ്യം ചെയ്തു. “നിങ്ങൾ എന്താണീ ചെയ്യുന്നത്? ആ കുട്ടികളെ ജീവിക്കാൻ അനുവദിക്കുന്നോ?” സൂതികർമിണികൾ ഫറവോയോടു പറഞ്ഞു: “എബ്രായസ്‍ത്രീകൾ ഈജിപ്തുകാരികളെപ്പോലെയല്ല; ഓജസ്സുള്ള അവർ സൂതികർമിണികൾ എത്തുംമുമ്പേ പ്രസവിച്ചുകഴിയും.” ദൈവം സൂതികർമിണികളോടു നന്മ ചെയ്തു; അവർ ദൈവഭയമുള്ളവരായിരുന്നതുകൊണ്ട് അവിടുന്ന് അവർക്ക് സന്താനസമൃദ്ധി നല്‌കി അനുഗ്രഹിച്ചു. ഇസ്രായേല്യർ വർധിച്ചു പ്രബലരായി. ഫറവോ തന്റെ പ്രജകളോടു കല്പിച്ചു: “എബ്രായർക്കു ജനിക്കുന്ന എല്ലാ ആൺകുട്ടികളെയും നൈൽനദിയിൽ എറിഞ്ഞുകളയുക, പെൺകുട്ടികൾ ജീവിച്ചുകൊള്ളട്ടെ.”

പുറപ്പാട് 1:13-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

മിസ്രയീമ്യർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. കളിമണ്ണുകൊണ്ടുള്ള ഇഷ്ടിക നിർമ്മാണത്തിലും, വയലിലെ എല്ലാവിധ കഠിനപ്രവർത്തിയിലും അവർ അവരുടെ ജീവനെ കയ്പാക്കി. അവർ ചെയ്ത എല്ലാ ജോലിയും കാഠിന്യം ഉള്ളതായിരുന്നു. എന്നാൽ മിസ്രയീമിലെ രാജാവ് ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായ സൂതികർമ്മിണികളോട്: “എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന് ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ” എന്നു കല്പിച്ചു. എന്നാൽ സൂതികർമ്മിണികൾ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീം രാജാവ് തങ്ങളോട് കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു. അപ്പോൾ മിസ്രയീമിലെ രാജാവ് സൂതികർമ്മിണികളെ വരുത്തി; “ഇങ്ങനെയുള്ള പ്രവൃത്തിചെയ്ത് നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. സൂതികർമ്മിണികൾ ഫറവോനോട്: “എബ്രായസ്ത്രീകൾ മിസ്രയീമിലെ സ്ത്രീകളെപ്പോലെ അല്ല; അവർ നല്ല ശക്തിയുള്ളവർ; സൂതികർമ്മിണികൾ അവരുടെ അടുക്കൽ എത്തുന്നതിന് മുമ്പെ അവർ പ്രസവിച്ചുകഴിയും” എന്നു പറഞ്ഞു. അതുകൊണ്ട് ദൈവം സൂതികർമ്മിണികൾക്കു നന്മചെയ്തു; ജനം വർദ്ധിച്ച് ഏറ്റവും ബലപ്പെട്ടു. സൂതികർമ്മിണികൾ ദൈവത്തെ ഭയപ്പെടുന്നത് കൊണ്ടു അവൻ അവർക്ക് കുടുംബവർദ്ധന നല്കി. പിന്നെ ഫറവോൻ തന്‍റെ സകലജനത്തോടും: “ജനിക്കുന്ന ഏത് ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണമെന്നും ഏത് പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കേണം” എന്നും കല്പിച്ചു.

പുറപ്പാട് 1:13-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മിസ്രയീമ്യർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിനപ്രവർത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവർ അവരുടെ ജീവനെ കൈപ്പാക്കി. എന്നാൽ മിസ്രയീംരാജാവു ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികർമ്മിണികളോടു: എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന്നു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു. സൂതികർമ്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീം രാജാവു തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു. അപ്പോൾ മിസ്രയീം രാജാവു സൂതികർമ്മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു. സൂതികർമ്മിണികൾ ഫറവോനോടു: എബ്രായസ്ത്രീകൾ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവർ നല്ല തിറമുള്ളവർ; സൂതികർമ്മിണികൾ അവരുടെ അടുക്കൽ എത്തുമ്മുമ്പെ അവർ പ്രസവിച്ചുകഴിയും എന്നു പറഞ്ഞു. അതുകൊണ്ടു ദൈവം സൂതികർമ്മിണികൾക്കു നന്മചെയ്തു; ജനം വർദ്ധിച്ചു ഏറ്റവും ബലപ്പെട്ടു. സൂതി കർമ്മിണികൾ ദൈവത്തെ ഭയപ്പെടുകകൊണ്ടു അവൻ അവർക്കു കുടുംബവർദ്ധന നല്കി. പിന്നെ ഫറവോൻ തന്റെ സകലജനത്തോടും: ജനിക്കുന്ന ഏതു ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണമെന്നും ഏതു പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു.

പുറപ്പാട് 1:13-22 സമകാലിക മലയാളവിവർത്തനം (MCV)

ഈജിപ്റ്റുകാർ ക്രൂരമായി അവരെക്കൊണ്ടു പണിയെടുപ്പിച്ചു. ഇഷ്ടികയും കളിമണ്ണുംകൊണ്ടുള്ള വേലയും വയലിലെ എല്ലാത്തരം ജോലികളും കഠിനാധ്വാനവുംകൊണ്ട് ഈജിപ്റ്റുകാർ അവരുടെ ജീവിതം കയ്‌പുള്ളതാക്കി. അവരുടെ കഠിനജോലികളിലെല്ലാം ഈജിപ്റ്റുകാർ അവരോടു ക്രൂരമായി പെരുമാറി. ഈജിപ്റ്റുരാജാവ് എബ്രായസൂതികർമിണികളായ ശിപ്രാ, പൂവാ എന്നിവരോട്, “നിങ്ങൾ എബ്രായസ്ത്രീകളെ പ്രസവവേളയിൽ പരിചരിക്കയും അവരെ പ്രസവക്കിടക്കയിൽ നിരീക്ഷിക്കുകയും ചെയ്യുമ്പോൾ കുട്ടി ആണാണെങ്കിൽ അതിനെ കൊന്നുകളയുകയും പെണ്ണാണെങ്കിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്യണം” എന്നു കൽപ്പിച്ചു. ആ സൂതികർമിണികൾ ദൈവത്തെ ഭയപ്പെട്ടിരുന്നതുകൊണ്ട്, ഈജിപ്റ്റുരാജാവ് തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെ പ്രവർത്തിച്ചില്ല; ആൺകുട്ടികളെ അവർ ജീവനോടെ രക്ഷിച്ചു. ഇതറിഞ്ഞ ഈജിപ്റ്റുരാജാവ് അവരെ ആളയച്ചുവരുത്തി അവരോട്, “നിങ്ങൾ ഇങ്ങനെ ചെയ്തതെന്ത്? ആൺകുട്ടികളുടെ ജീവൻ രക്ഷിക്കുന്നത് എന്തിന്?” എന്ന് ആരാഞ്ഞു. സൂതികർമിണികൾ ഫറവോനോട്, “എബ്രായസ്ത്രീകൾ ഈജിപ്റ്റിലെ സ്ത്രീകളെപ്പോലെയല്ല; അവർ ചുറുചുറുക്കുള്ളവരാണ്; സൂതികർമിണികൾ എത്തുന്നതിനുമുമ്പുതന്നെ അവർ പ്രസവിച്ചുകഴിഞ്ഞിരിക്കും” എന്ന് ഉത്തരം പറഞ്ഞു. അതുകൊണ്ടു ദൈവം ആ സൂതികർമിണികളോടു കരുണ കാണിച്ചു; ഇസ്രായേൽജനം പെരുകുകയും എണ്ണത്തിൽ പ്രബലരായിത്തീരുകയും ചെയ്തു. സൂതികർമിണികൾ ദൈവത്തെ ഭയപ്പെട്ടതുകൊണ്ട് അവിടന്ന് അവർക്കും കുടുംബവർധന നൽകി. പിന്നെ ഫറവോൻ തന്റെ സകലജനങ്ങളോടും, “എബ്രായർക്കു ജനിക്കുന്ന എല്ലാ ആൺകുട്ടികളെയും നിങ്ങൾ നൈൽനദിയിൽ എറിഞ്ഞുകളയണം; പെൺകുട്ടികളെ ജീവിക്കാൻ അനുവദിക്കുക” എന്നു കൽപ്പിച്ചു.