എസ്ഥേർ 9:13-19
എസ്ഥേർ 9:13-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന് എസ്ഥേർ: രാജാവിനു തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാർ ഇന്നത്തെ തീർപ്പുപോലെ നാളെയും ചെയ്വാൻ അനുവദിക്കയും ഹാമാന്റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കയും ചെയ്യേണമേ എന്നു പറഞ്ഞു. അങ്ങനെ ചെയ്തുകൊൾവാൻ രാജാവു കല്പിച്ചു ശൂശനിൽ തീർപ്പു പരസ്യമാക്കി; ഹാമാന്റെ പത്തു പുത്രന്മാരെ അവർ തൂക്കിക്കളഞ്ഞു. ശൂശനിലെ യെഹൂദന്മാർ ആദാർമാസം പതിന്നാലാം തീയതിയും ഒന്നിച്ചുകൂടി ശൂശനിൽ മുന്നൂറ് പേരെ കൊന്നു; എങ്കിലും കവർച്ചയ്ക്ക് അവർ കൈ നീട്ടിയില്ല. രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാർ ആദാർമാസം പതിമൂന്നാം തീയതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷയ്ക്കായി പൊരുതി ശത്രുക്കളുടെ കൈയിൽനിന്ന് ഒഴിഞ്ഞു വിശ്രമം പ്രാപിച്ചു. അവർ തങ്ങളുടെ വൈരികളിൽ എഴുപത്തയ്യായിരം പേരെ കൊന്നുകളഞ്ഞു എങ്കിലും കവർച്ചയ്ക്കു കൈ നീട്ടിയില്ല. ആ മാസം പതിന്നാലാം തീയതിയോ അവർ വിശ്രമിച്ചു വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ട് അതിനെ ആചരിച്ചു. ശൂശനിലെ യെഹൂദന്മാർ ആ മാസം പതിമൂന്നാം തീയതിയും പതിന്നാലാം തീയതിയും ഒന്നിച്ചുകൂടി; പതിനഞ്ചാം തീയതി അവർ വിശ്രമിച്ച് അതിനെ വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ട് ആചരിച്ചു. അതുകൊണ്ടു മതിലില്ലാത്ത പട്ടണങ്ങളിൽ പാർക്കുന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാർ ആദാർമാസം പതിന്നാലാം തീയതിയെ സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ട് ആചരിക്കയും തമ്മിൽ തമ്മിൽ സമ്മാനങ്ങൾ കൊടുത്തയയ്ക്കുകയും ചെയ്യുന്നു.
എസ്ഥേർ 9:13-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ എസ്ഥേർ പറഞ്ഞു: “രാജാവിനു തിരുവുള്ളമെങ്കിൽ ഇന്നത്തെ വിളംബരമനുസരിച്ച് നാളെയും പ്രവർത്തിക്കാൻ ശൂശനിലുള്ള യെഹൂദരെ അനുവദിക്കണം. ഹാമാന്റെ പത്തു പുത്രന്മാരെ കഴുമരത്തിൽ തൂക്കുകയും വേണം.” അങ്ങനെ ചെയ്യാൻ രാജാവു കല്പന നല്‌കി; ശൂശനിൽ അതു വിളംബരം ചെയ്യുകയും ഹാമാന്റെ പത്തു പുത്രന്മാരെ കഴുമരത്തിൽ തൂക്കുകയും ചെയ്തു. ശൂശനിലെ യെഹൂദർ ആദാർ മാസം പതിന്നാലാം ദിവസവും ഒന്നിച്ചുകൂടി മുന്നൂറു പേരെ കൊന്നു; എങ്കിലും അവരുടെ മുതൽ കൊള്ളയടിച്ചില്ല. രാജാവിന്റെ സംസ്ഥാനങ്ങളിലെ മറ്റു യെഹൂദരും ജീവരക്ഷയ്‍ക്കുവേണ്ടി ഒന്നിച്ചുകൂടി ശത്രുക്കളിൽ നിന്നു മോചനം നേടി. അവരുടെ എതിരാളികളിൽ എഴുപത്തയ്യായിരം പേരെ അന്നു വധിച്ചു; എന്നാൽ അവരുടെ മുതൽ കൊള്ള ചെയ്തില്ല. ഇത് ആദാർമാസം പതിമൂന്നാം ദിവസം ആയിരുന്നു; പതിന്നാലാം ദിവസം അവർ വിശ്രമിച്ചു; അന്നു വിരുന്നിന്റെയും ആഹ്ലാദത്തിന്റെയും ദിനമായി ആചരിച്ചു. എന്നാൽ ശൂശനിലെ യെഹൂദർ പതിമൂന്നാം ദിവസവും പതിന്നാലാം ദിവസവും ഒന്നിച്ചുകൂടി; പതിനഞ്ചാം ദിവസം അവർ വിശ്രമിച്ചു; അന്ന് വിരുന്നിനും ആഹ്ലാദത്തിനുമുള്ള ദിനമായി അവർ ആചരിച്ചു. അതിനാൽ ഗ്രാമങ്ങളിൽ പാർക്കുന്ന യെഹൂദർ ആദാർ മാസം പതിന്നാലാം ദിവസം ആഹ്ലാദത്തിനും വിരുന്നിനും വിശ്രമത്തിനുമുള്ള ദിനമായി ആചരിക്കുന്നു. അന്നു സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നു.
എസ്ഥേർ 9:13-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന് എസ്ഥേർ: “രാജാവിന് തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാർ ഇന്നത്തെ കല്പനപോലെ നാളെയും ചെയ്യുവാൻ അനുവദിക്കുകയും ഹാമാന്‍റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കുകയും ചെയ്യേണമേ” എന്ന് പറഞ്ഞു. അങ്ങനെ ചെയ്തുകൊള്ളുവാൻ രാജാവ് കല്പിച്ച് ശൂശനിൽ കല്പന പരസ്യമാക്കി. ഹാമാന്റെ പത്തു പുത്രന്മാരെ അവർ തൂക്കിക്കളഞ്ഞു. ശൂശനിലെ യെഹൂദന്മാർ ആദാർമാസം പതിനാലാം തീയതിയും ഒന്നിച്ചുകൂടി ശൂശനിൽ മുന്നൂറുപേരെ കൊന്നു; എങ്കിലും കവർച്ച ചെയ്തില്ല. രാജാവിന്‍റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാർ ആദാർമാസം പതിമൂന്നാം തീയതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷയ്ക്കായി പൊരുതി, ശത്രുക്കളുടെ കയ്യിൽനിന്ന് ഒഴിഞ്ഞ് വിശ്രമം പ്രാപിച്ചു. അവർ തങ്ങളുടെ വൈരികളിൽ എഴുപത്തയ്യായിരം പേരെ (75,000) കൊന്നുകളഞ്ഞു എങ്കിലും കവർച്ച ചെയ്തില്ല. ആ മാസം പതിനാലാം തീയതിയോ അവർ വിശ്രമിച്ച് വിരുന്നും സന്തോഷവുമുള്ള ദിവസമായി അതിനെ ആചരിച്ചു. ശൂശനിലെ യെഹൂദന്മാർ ആ മാസം പതിമൂന്നാം തീയതിയും പതിനാലാം തീയതിയും ഒന്നിച്ചുകൂടി. പതിനഞ്ചാം തീയതി അവർ വിശ്രമിച്ച് അതിനെ വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു ആചരിച്ചു. അതുകൊണ്ട് മതിലില്ലാത്ത പട്ടണങ്ങളിൽ പാർക്കുന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാർ ആദാർമാസം പതിനാലാം തീയതി സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ട് ആചരിക്കുകയും തമ്മിൽതമ്മിൽ സമ്മാനങ്ങൾ കൊടുത്തയക്കുകയും ചെയ്യുന്നു.
എസ്ഥേർ 9:13-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നു എസ്ഥേർ: രാജാവിന്നു തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാർ ഇന്നത്തെ തീർപ്പുപോലെ നാളെയും ചെയ്വാൻ അനുവദിക്കയും ഹാമാന്റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കയും ചെയ്യേണമേ എന്നു പറഞ്ഞു. അങ്ങനെ ചെയ്തുകൊൾവാൻ രാജാവു കല്പിച്ചു ശൂശനിൽ തീർപ്പു പരസ്യമാക്കി; ഹാമാന്റെ പത്തു പുത്രന്മാരെ അവർ തൂക്കിക്കളഞ്ഞു. ശൂശനിലെ യെഹൂദന്മാർ ആദാർമാസം പതിനാലാം തിയ്യതിയും ഒന്നിച്ചുകൂടി ശൂശനിൽ മുന്നൂറുപേരെ കൊന്നു; എങ്കിലും കവർച്ചെക്കു അവർ കൈ നീട്ടിയില്ല. രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാർ ആദാർമാസം പതിമ്മൂന്നാം തിയ്യതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കായി പൊരുതു ശത്രുക്കളുടെ കയ്യിൽനിന്നു ഒഴിഞ്ഞു വിശ്രമം പ്രാപിച്ചു. അവർ തങ്ങളുടെ വൈരികളിൽ എഴുപത്തയ്യായിരം പേരെ കൊന്നുകളഞ്ഞു എങ്കിലും കവർച്ചെക്കു കൈ നീട്ടിയില്ല. ആ മാസം പതിന്നാലാം തിയ്യതിയോ അവർ വിശ്രമിച്ചു വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു അതിനെ ആചരിച്ചു. ശൂശനിലെ യെഹൂദന്മാർ ആ മാസം പതിമ്മൂന്നാം തിയ്യതിയും പതിന്നാലാം തിയ്യതിയും ഒന്നിച്ചുകൂടി; പതിനഞ്ചാം തിയ്യതി അവർ വിശ്രമിച്ചു അതിനെ വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു ആചരിച്ചു. അതുകൊണ്ടു മതിലില്ലാത്ത പട്ടണങ്ങളിൽ പാർക്കുന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാർ ആദാർമാസം പതിന്നാലാം തിയ്യതിയെ സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ടു ആചരിക്കയും തമ്മിൽ തമ്മിൽ സമ്മാനങ്ങൾ കൊടുത്തയക്കുകയും ചെയ്യുന്നു.
എസ്ഥേർ 9:13-19 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ എസ്ഥേർ മറുപടി പറഞ്ഞു: “രാജാവിനു തിരുവുള്ളമുണ്ടെങ്കിൽ ശൂശനിലുള്ള യെഹൂദന്മാർക്ക് ഇന്നത്തെ കൽപ്പന അനുസരിച്ച് നാളെയും പ്രവർത്തിക്കാൻ അനുവാദം കൊടുക്കണേ. ഹാമാന്റെ പത്തുമക്കളെയും തൂക്കിലേറ്റുകയും ചെയ്യണമേ.” ഇങ്ങനെ ചെയ്യണമെന്ന് രാജാവ് കൽപ്പിച്ചു. ശൂശനിൽ നൽകിയ കൽപ്പനപ്രകാരം ഹാമാന്റെ പുത്രന്മാരെയും തൂക്കിലേറ്റി. ആദാർമാസം പതിന്നാലാംതീയതി ശൂശനിലുള്ള യെഹൂദന്മാർ ഒത്തുകൂടി ശൂശനിലുള്ള മുന്നൂറു പുരുഷന്മാരെ തൂക്കിലേറ്റി. എന്നാൽ അവർ കൊള്ളമുതലിൽ കൈവെച്ചില്ല. ഇതേസമയം രാജാവിന്റെ പ്രവിശ്യകളിലുള്ള ബാക്കി യെഹൂദരും സ്വയരക്ഷയ്ക്കും ശത്രുവിൽനിന്നുള്ള വിടുതലിനുമായി ഒരുമിച്ചുകൂടി. അവർ എഴുപത്തയ്യായിരംപേരെ കൊന്നുകളഞ്ഞു. എന്നാൽ അവർ കൊള്ളമുതലിൽ കൈ തൊട്ടില്ല. ഇത് ആദാർമാസം പതിമ്മൂന്നാംതീയതി സംഭവിച്ചു. പതിന്നാലാംതീയതി അവർ വിശ്രമിച്ചു; അവർ ആനന്ദത്തോടെ വിരുന്നാഘോഷിച്ചു. ശൂശനിലുള്ള യെഹൂദർ പതിമ്മൂന്നാംതീയതിയും പതിന്നാലാംതീയതിയും ഒരുമിച്ചുകൂടിയ ശേഷം പതിനഞ്ചാംതീയതി വിശ്രമിച്ചു. ആ ദിവസം അവർ ആനന്ദത്തോടെ വിരുന്നാഘോഷിച്ചു. അതുകൊണ്ടാണ് ഗ്രാമീണരായ യെഹൂദർ ആദാർമാസം പതിന്നാലാംതീയതി ആനന്ദത്തിന്റെയും വിരുന്നിന്റെയും ദിനമായി ആഘോഷിക്കുകയും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നത്.