എസ്ഥേർ 9:1-4
എസ്ഥേർ 9:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആദാർമാസമായ പന്ത്രണ്ടാം മാസം പതി മൂന്നാം തീയതി രാജാവിന്റെ കല്പനയും തീർപ്പും നടത്തുവാൻ അടുത്തപ്പോൾ യെഹൂദന്മാരുടെ ശത്രുക്കൾ അവരുടെ നേരേ പ്രാബല്യം പ്രാപിക്കും എന്ന് ആശിച്ചതും നേരേ മറിച്ച് യെഹൂദന്മാർക്കു തങ്ങളുടെ വൈരികളുടെ നേരേ പ്രാബല്യം പ്രാപിച്ചതുമായ ദിവസത്തിൽത്തന്നെ അഹശ്വേരോശ്‍രാജാവിന്റെ സകല സംസ്ഥാനങ്ങളിലും യെഹൂദന്മാർ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോട് ദോഷം ചെയ്വാൻ ഭാവിച്ചവരെ കൈയേറ്റം ചെയ്യേണ്ടതിന് ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകല ജാതികളുടെയും മേൽ വീണിരുന്നതുകൊണ്ട് ആർക്കും അവരോട് എതിർത്തുനില്പാൻ കഴിഞ്ഞില്ല. സകല സംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ കാര്യക്കാരൻമാരും മൊർദ്ദെഖായിയെയുള്ള പേടി അവരുടെ മേൽ വീണിരുന്നതുകൊണ്ടു യെഹൂദന്മാർക്കു സഹായം ചെയ്തു. മൊർദ്ദെഖായി രാജധാനിയിൽ മഹാൻ ആയിരുന്നു; മൊർദ്ദെഖായി എന്ന പുരുഷൻ മേല്ക്കുമേൽ മഹാനായിത്തീർന്നതുകൊണ്ട് അവന്റെ കീർത്തി സകല സംസ്ഥാനങ്ങളിലും പരന്നു.
എസ്ഥേർ 9:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പന്ത്രണ്ടാം മാസമായ ആദാർമാസം പതിമൂന്നാം ദിവസമായിരുന്നു രാജകല്പനയും വിളംബരവും നടപ്പാക്കേണ്ടിയിരുന്നത്. യെഹൂദന്മാരുടെ ശത്രുക്കൾ അവരുടെമേൽ ആധിപത്യം ഉറപ്പിക്കാമെന്നു വിചാരിച്ചിരുന്നതും അന്നായിരുന്നു. എന്നാൽ അത് യെഹൂദന്മാർക്കു ശത്രുക്കളുടെമേൽ ആധിപത്യം ഉറപ്പിക്കാനുള്ള ദിവസമായി മാറി. അന്ന് അഹശ്വേരോശ്‍രാജാവിന്റെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള യെഹൂദന്മാർ, തങ്ങളെ നശിപ്പിക്കാൻ ഒരുങ്ങിയിരുന്നവരെ ആക്രമിക്കുന്നതിന് തങ്ങളുടെ പട്ടണങ്ങളിൽ ഒരുമിച്ചുകൂടി; അവരെ സംബന്ധിച്ചുള്ള ഭയം എല്ലാ ജനതകളെയും ബാധിച്ചിരുന്നതുകൊണ്ട് ആർക്കും അവരെ എതിർക്കാൻ കഴിഞ്ഞില്ല. സംസ്ഥാനങ്ങളിലെ എല്ലാ പ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ കാര്യവിചാരകന്മാരും മൊർദ്ദെഖായിയെ ഭയപ്പെട്ടിരുന്നതുകൊണ്ട് യെഹൂദന്മാരെ സഹായിച്ചു. മൊർദ്ദെഖായി രാജകൊട്ടാരത്തിൽ ഉന്നതനായിരുന്നു. അയാളുടെ കീർത്തി സകല സംസ്ഥാനങ്ങളിലും പരന്നു. അയാൾ മേല്‌ക്കുമേൽ പ്രബലനായിത്തീർന്നു.
എസ്ഥേർ 9:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആദാർ മാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി രാജാവിന്റെ കല്പനയും വിളംബരവും നിർവ്വഹിക്കേണ്ട സമയം അടുത്തു. അപ്പോൾ യെഹൂദന്മാരുടെ ശത്രുക്കൾ അവരുടെ നേരെ പ്രാബല്യം പ്രാപിക്കും എന്ന് വിചാരിച്ചു. എന്നാൽ നേരെ മറിച്ച് യെഹൂദന്മാർ തങ്ങളുടെ വൈരികളുടെ നേരെ പ്രാബല്യം പ്രാപിച്ചു. ആ ദിവസത്തിൽ അഹശ്വേരോശ്‌രാജാവിന്‍റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാർ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോട് ദോഷം ചെയ്യുവാൻ ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന് ഒന്നിച്ചുകൂടി. സകലജാതികൾക്കും അവരെ ഭയം ആയതിനാൽ ആർക്കും അവരോട് എതിർത്തുനിൽക്കുവാൻ കഴിഞ്ഞില്ല. സകലസംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്‍റെ ഭരണാധികളും മൊർദ്ദെഖായിയെ ഭയം ആയിരുന്നതുകൊണ്ട് യെഹൂദന്മാർക്ക് സഹായം ചെയ്തു. മൊർദ്ദെഖായി രാജധാനിയിൽ മഹാൻ ആയിരുന്നു. മൊർദ്ദെഖായി എന്ന പുരുഷൻ മേല്ക്കുമേൽ മഹാനായിത്തീർന്നതുകൊണ്ട് അവന്റെ കീർത്തി സകലസംസ്ഥാനങ്ങളിലും പരന്നു.
എസ്ഥേർ 9:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആദാർമാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി രാജാവിന്റെ കല്പനയും തീർപ്പും നടത്തുവാൻ അടുത്തപ്പോൾ യെഹൂദന്മാരുടെ ശത്രുക്കൾ അവരുടെ നേരെ പ്രാബല്യം പ്രാപിക്കും എന്നു ആശിച്ചതും നേരെ മറിച്ചു യെഹൂദന്മാർക്കു തങ്ങളുടെ വൈരികളുടെ നേരെ പ്രാബല്യം പ്രാപിച്ചതുമായ ദിവസത്തിൽ തന്നേ അഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാർ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോടു ദോഷം ചെയ്വാൻ ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന്നു ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകലജാതികളുടെയുംമേൽ വീണിരുന്നതുകൊണ്ടു ആർക്കും അവരോടു എതിർത്തുനില്പാൻ കഴിഞ്ഞില്ല. സകലസംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ കാര്യക്കാരന്മാരും മൊർദ്ദെഖായിയെയുള്ള പേടി അവരുടെമേൽ വീണിരുന്നതുകൊണ്ടു യെഹൂദന്മാർക്കു സഹായം ചെയ്തു. മൊർദ്ദെഖായി രാജധാനിയിൽ മഹാൻ ആയിരുന്നു; മൊർദ്ദെഖായി എന്ന പുരുഷൻ മേല്ക്കുമേൽ മഹാനായിത്തീർന്നതുകൊണ്ടു അവന്റെ കീർത്തി സകലസംസ്ഥാനങ്ങളിലും പരന്നു.
എസ്ഥേർ 9:1-4 സമകാലിക മലയാളവിവർത്തനം (MCV)
പന്ത്രണ്ടാംമാസമായ ആദാർമാസം പതിമ്മൂന്നാംതീയതി രാജാവിന്റെ കൽപ്പന നടപ്പാക്കേണ്ടിയിരുന്നു. ഈ ദിവസം യെഹൂദരെ കീഴടക്കാൻ അവരുടെ ശത്രുക്കൾ ആഗ്രഹിച്ചിരുന്നെങ്കിലും സ്ഥിതിഗതികൾ മാറിമറിഞ്ഞു. യെഹൂദർക്കു തങ്ങളുടെ ശത്രുക്കളുടെമേൽ ആധിപത്യം ലഭിച്ചു. അഹശ്വേരോശ് രാജാവിന്റെ പ്രവിശ്യകളിലെ എല്ലാ യെഹൂദരും അവരുടെ പട്ടണങ്ങളിൽ ഒത്തുകൂടി അവരുടെ പതനം ആഗ്രഹിച്ചവരെ ആക്രമിക്കാൻ തയ്യാറെടുത്തു. സകലജനവിഭാഗങ്ങളും അവരെ ഭയപ്പെട്ടിരുന്നതിനാൽ ആർക്കും അവർക്കുനേരേ നിൽക്കാൻ കഴിഞ്ഞില്ല. മൊർദെഖായിയോടുള്ള ഭയംനിമിത്തം പ്രവിശ്യകളിലെ എല്ലാ പ്രഭുക്കന്മാരും, രാജപ്രതിനിധികളും ദേശാധിപതികളും ഭരണാധിപന്മാരും യെഹൂദരെ സഹായിച്ചു. മൊർദെഖായി കൊട്ടാരത്തിൽ പ്രമുഖനായിരുന്നു; അദ്ദേഹത്തിന്റെ കീർത്തി എല്ലാ പ്രവിശ്യകളിലും വ്യാപിക്കുകയും അദ്ദേഹം കൂടുതൽ കൂടുതൽ അധികാരമുള്ളവനായിത്തീരുകയും ചെയ്തു.