എസ്ഥേർ 9:1-19
എസ്ഥേർ 9:1-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആദാർമാസമായ പന്ത്രണ്ടാം മാസം പതി മൂന്നാം തീയതി രാജാവിന്റെ കല്പനയും തീർപ്പും നടത്തുവാൻ അടുത്തപ്പോൾ യെഹൂദന്മാരുടെ ശത്രുക്കൾ അവരുടെ നേരേ പ്രാബല്യം പ്രാപിക്കും എന്ന് ആശിച്ചതും നേരേ മറിച്ച് യെഹൂദന്മാർക്കു തങ്ങളുടെ വൈരികളുടെ നേരേ പ്രാബല്യം പ്രാപിച്ചതുമായ ദിവസത്തിൽത്തന്നെ അഹശ്വേരോശ്‍രാജാവിന്റെ സകല സംസ്ഥാനങ്ങളിലും യെഹൂദന്മാർ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോട് ദോഷം ചെയ്വാൻ ഭാവിച്ചവരെ കൈയേറ്റം ചെയ്യേണ്ടതിന് ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകല ജാതികളുടെയും മേൽ വീണിരുന്നതുകൊണ്ട് ആർക്കും അവരോട് എതിർത്തുനില്പാൻ കഴിഞ്ഞില്ല. സകല സംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ കാര്യക്കാരൻമാരും മൊർദ്ദെഖായിയെയുള്ള പേടി അവരുടെ മേൽ വീണിരുന്നതുകൊണ്ടു യെഹൂദന്മാർക്കു സഹായം ചെയ്തു. മൊർദ്ദെഖായി രാജധാനിയിൽ മഹാൻ ആയിരുന്നു; മൊർദ്ദെഖായി എന്ന പുരുഷൻ മേല്ക്കുമേൽ മഹാനായിത്തീർന്നതുകൊണ്ട് അവന്റെ കീർത്തി സകല സംസ്ഥാനങ്ങളിലും പരന്നു. യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളെയൊക്കെയും വെട്ടിക്കൊന്നു മുടിച്ചുകളഞ്ഞു; തങ്ങളെ പകച്ചവരോടു തങ്ങൾക്കു ബോധിച്ചതുപോലെ പ്രവർത്തിച്ചു. ശൂശൻരാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറ് പേരെ കൊന്നുമുടിച്ചു. പർശൻദാഥാ, ദല്ഫോൻ, അസ്പാഥാ, പോറാഥാ, അദല്യാ, അരീദാഥാ, പർമസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായി യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്തു പുത്രന്മാരെയും അവർ കൊന്നുകളഞ്ഞു. എന്നാൽ കവർച്ചയ്ക്ക് അവർ കൈ നീട്ടിയില്ല. ശൂശൻരാജധാനിയിൽ അവർ കൊന്നവരുടെ സംഖ്യ അന്നുതന്നെ രാജസന്നിധിയിൽ കൊണ്ടുവന്നു. അപ്പോൾ രാജാവ് എസ്ഥേർരാജ്ഞിയോട്: യെഹൂദന്മാർ ശൂശൻരാജധാനിയിൽ അഞ്ഞൂറ് പേരെയും ഹാമാന്റെ പത്തു പുത്രന്മാരെയും കൊന്നുമുടിച്ചു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്ത്? അതു നിനക്കു ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്ത്? അതു നിവർത്തിച്ചു തരാം എന്നു പറഞ്ഞു. അതിന് എസ്ഥേർ: രാജാവിനു തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാർ ഇന്നത്തെ തീർപ്പുപോലെ നാളെയും ചെയ്വാൻ അനുവദിക്കയും ഹാമാന്റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കയും ചെയ്യേണമേ എന്നു പറഞ്ഞു. അങ്ങനെ ചെയ്തുകൊൾവാൻ രാജാവു കല്പിച്ചു ശൂശനിൽ തീർപ്പു പരസ്യമാക്കി; ഹാമാന്റെ പത്തു പുത്രന്മാരെ അവർ തൂക്കിക്കളഞ്ഞു. ശൂശനിലെ യെഹൂദന്മാർ ആദാർമാസം പതിന്നാലാം തീയതിയും ഒന്നിച്ചുകൂടി ശൂശനിൽ മുന്നൂറ് പേരെ കൊന്നു; എങ്കിലും കവർച്ചയ്ക്ക് അവർ കൈ നീട്ടിയില്ല. രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാർ ആദാർമാസം പതിമൂന്നാം തീയതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷയ്ക്കായി പൊരുതി ശത്രുക്കളുടെ കൈയിൽനിന്ന് ഒഴിഞ്ഞു വിശ്രമം പ്രാപിച്ചു. അവർ തങ്ങളുടെ വൈരികളിൽ എഴുപത്തയ്യായിരം പേരെ കൊന്നുകളഞ്ഞു എങ്കിലും കവർച്ചയ്ക്കു കൈ നീട്ടിയില്ല. ആ മാസം പതിന്നാലാം തീയതിയോ അവർ വിശ്രമിച്ചു വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ട് അതിനെ ആചരിച്ചു. ശൂശനിലെ യെഹൂദന്മാർ ആ മാസം പതിമൂന്നാം തീയതിയും പതിന്നാലാം തീയതിയും ഒന്നിച്ചുകൂടി; പതിനഞ്ചാം തീയതി അവർ വിശ്രമിച്ച് അതിനെ വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ട് ആചരിച്ചു. അതുകൊണ്ടു മതിലില്ലാത്ത പട്ടണങ്ങളിൽ പാർക്കുന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാർ ആദാർമാസം പതിന്നാലാം തീയതിയെ സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ട് ആചരിക്കയും തമ്മിൽ തമ്മിൽ സമ്മാനങ്ങൾ കൊടുത്തയയ്ക്കുകയും ചെയ്യുന്നു.
എസ്ഥേർ 9:1-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പന്ത്രണ്ടാം മാസമായ ആദാർമാസം പതിമൂന്നാം ദിവസമായിരുന്നു രാജകല്പനയും വിളംബരവും നടപ്പാക്കേണ്ടിയിരുന്നത്. യെഹൂദന്മാരുടെ ശത്രുക്കൾ അവരുടെമേൽ ആധിപത്യം ഉറപ്പിക്കാമെന്നു വിചാരിച്ചിരുന്നതും അന്നായിരുന്നു. എന്നാൽ അത് യെഹൂദന്മാർക്കു ശത്രുക്കളുടെമേൽ ആധിപത്യം ഉറപ്പിക്കാനുള്ള ദിവസമായി മാറി. അന്ന് അഹശ്വേരോശ്‍രാജാവിന്റെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള യെഹൂദന്മാർ, തങ്ങളെ നശിപ്പിക്കാൻ ഒരുങ്ങിയിരുന്നവരെ ആക്രമിക്കുന്നതിന് തങ്ങളുടെ പട്ടണങ്ങളിൽ ഒരുമിച്ചുകൂടി; അവരെ സംബന്ധിച്ചുള്ള ഭയം എല്ലാ ജനതകളെയും ബാധിച്ചിരുന്നതുകൊണ്ട് ആർക്കും അവരെ എതിർക്കാൻ കഴിഞ്ഞില്ല. സംസ്ഥാനങ്ങളിലെ എല്ലാ പ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ കാര്യവിചാരകന്മാരും മൊർദ്ദെഖായിയെ ഭയപ്പെട്ടിരുന്നതുകൊണ്ട് യെഹൂദന്മാരെ സഹായിച്ചു. മൊർദ്ദെഖായി രാജകൊട്ടാരത്തിൽ ഉന്നതനായിരുന്നു. അയാളുടെ കീർത്തി സകല സംസ്ഥാനങ്ങളിലും പരന്നു. അയാൾ മേല്‌ക്കുമേൽ പ്രബലനായിത്തീർന്നു. യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളെയെല്ലാം വാളിന് ഇരയാക്കി, തങ്ങളെ വെറുത്തിരുന്നവരോടു തങ്ങൾക്കിഷ്ടമുള്ളതു പ്രവർത്തിച്ചു. തലസ്ഥാനമായ ശൂശനിൽ മാത്രം യെഹൂദർ അഞ്ഞൂറു പേരെ കൊന്നൊടുക്കി. ഹമ്മേദാഥായുടെ മകനും യെഹൂദന്മാരുടെ ശത്രുവുമായ ഹാമാന്റെ പുത്രന്മാരായ പർശൻദാഥ, ദൽഫോൻ, അസ്പാഥ, പോറാഥാ, അദല്യ, അരീദാഥ, പർമസ്ഥ, അരീസായി, അരീദായി, വയെസാഥ, എന്നീ പത്തു പേരെയും അവർ വധിച്ചു. എന്നാൽ അവരുടെ മുതൽ കൊള്ളയടിച്ചില്ല. തലസ്ഥാനമായ ശൂശനിൽ അവർ വധിച്ചവരുടെ സംഖ്യ അന്നുതന്നെ രാജാവിനെ അറിയിച്ചു. അപ്പോൾ രാജാവ് എസ്ഥേർ രാജ്ഞിയോടു പറഞ്ഞു: “യെഹൂദന്മാർ ശൂശൻരാജധാനിയിൽ അഞ്ഞൂറു പേരെയും ഹാമാന്റെ പത്തു പുത്രന്മാരെയും വധിച്ചു; അങ്ങനെയെങ്കിൽ രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തായിരിക്കും ചെയ്തിരിക്കുക! ഇനി നിന്റെ അപേക്ഷ എന്ത്? അതു നിനക്കു സാധിച്ചുതരും; ഇനി നീ എന്ത് ആഗ്രഹിക്കുന്നു? അതും സാധിച്ചുതരും.” അപ്പോൾ എസ്ഥേർ പറഞ്ഞു: “രാജാവിനു തിരുവുള്ളമെങ്കിൽ ഇന്നത്തെ വിളംബരമനുസരിച്ച് നാളെയും പ്രവർത്തിക്കാൻ ശൂശനിലുള്ള യെഹൂദരെ അനുവദിക്കണം. ഹാമാന്റെ പത്തു പുത്രന്മാരെ കഴുമരത്തിൽ തൂക്കുകയും വേണം.” അങ്ങനെ ചെയ്യാൻ രാജാവു കല്പന നല്‌കി; ശൂശനിൽ അതു വിളംബരം ചെയ്യുകയും ഹാമാന്റെ പത്തു പുത്രന്മാരെ കഴുമരത്തിൽ തൂക്കുകയും ചെയ്തു. ശൂശനിലെ യെഹൂദർ ആദാർ മാസം പതിന്നാലാം ദിവസവും ഒന്നിച്ചുകൂടി മുന്നൂറു പേരെ കൊന്നു; എങ്കിലും അവരുടെ മുതൽ കൊള്ളയടിച്ചില്ല. രാജാവിന്റെ സംസ്ഥാനങ്ങളിലെ മറ്റു യെഹൂദരും ജീവരക്ഷയ്‍ക്കുവേണ്ടി ഒന്നിച്ചുകൂടി ശത്രുക്കളിൽ നിന്നു മോചനം നേടി. അവരുടെ എതിരാളികളിൽ എഴുപത്തയ്യായിരം പേരെ അന്നു വധിച്ചു; എന്നാൽ അവരുടെ മുതൽ കൊള്ള ചെയ്തില്ല. ഇത് ആദാർമാസം പതിമൂന്നാം ദിവസം ആയിരുന്നു; പതിന്നാലാം ദിവസം അവർ വിശ്രമിച്ചു; അന്നു വിരുന്നിന്റെയും ആഹ്ലാദത്തിന്റെയും ദിനമായി ആചരിച്ചു. എന്നാൽ ശൂശനിലെ യെഹൂദർ പതിമൂന്നാം ദിവസവും പതിന്നാലാം ദിവസവും ഒന്നിച്ചുകൂടി; പതിനഞ്ചാം ദിവസം അവർ വിശ്രമിച്ചു; അന്ന് വിരുന്നിനും ആഹ്ലാദത്തിനുമുള്ള ദിനമായി അവർ ആചരിച്ചു. അതിനാൽ ഗ്രാമങ്ങളിൽ പാർക്കുന്ന യെഹൂദർ ആദാർ മാസം പതിന്നാലാം ദിവസം ആഹ്ലാദത്തിനും വിരുന്നിനും വിശ്രമത്തിനുമുള്ള ദിനമായി ആചരിക്കുന്നു. അന്നു സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നു.
എസ്ഥേർ 9:1-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആദാർ മാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി രാജാവിന്റെ കല്പനയും വിളംബരവും നിർവ്വഹിക്കേണ്ട സമയം അടുത്തു. അപ്പോൾ യെഹൂദന്മാരുടെ ശത്രുക്കൾ അവരുടെ നേരെ പ്രാബല്യം പ്രാപിക്കും എന്ന് വിചാരിച്ചു. എന്നാൽ നേരെ മറിച്ച് യെഹൂദന്മാർ തങ്ങളുടെ വൈരികളുടെ നേരെ പ്രാബല്യം പ്രാപിച്ചു. ആ ദിവസത്തിൽ അഹശ്വേരോശ്‌രാജാവിന്‍റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാർ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോട് ദോഷം ചെയ്യുവാൻ ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന് ഒന്നിച്ചുകൂടി. സകലജാതികൾക്കും അവരെ ഭയം ആയതിനാൽ ആർക്കും അവരോട് എതിർത്തുനിൽക്കുവാൻ കഴിഞ്ഞില്ല. സകലസംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്‍റെ ഭരണാധികളും മൊർദ്ദെഖായിയെ ഭയം ആയിരുന്നതുകൊണ്ട് യെഹൂദന്മാർക്ക് സഹായം ചെയ്തു. മൊർദ്ദെഖായി രാജധാനിയിൽ മഹാൻ ആയിരുന്നു. മൊർദ്ദെഖായി എന്ന പുരുഷൻ മേല്ക്കുമേൽ മഹാനായിത്തീർന്നതുകൊണ്ട് അവന്റെ കീർത്തി സകലസംസ്ഥാനങ്ങളിലും പരന്നു. യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളെ ഒക്കെയും വെട്ടിക്കൊന്ന് മുടിച്ചുകളഞ്ഞു, തങ്ങളെ വെറുത്തവരോട് തങ്ങൾക്ക് ബോധിച്ചതുപോലെ പ്രവർത്തിച്ചു. ശൂശൻ രാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറുപേരെ (500) കൊന്നു. പർശൻദാഥാ, ദൽഫോൻ, അസ്പാഥാ, പോറാഥാ, അദല്യാ, അരീദാഥാ, പർമസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായ യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്തു പുത്രന്മാരെയും അവർ കൊന്നുകളഞ്ഞു. എന്നാൽ അവർ കൊള്ളയടിച്ചില്ല. ശൂശൻ രാജധാനിയിൽ അവർ കൊന്നവരുടെ സംഖ്യ അന്ന് തന്നെ രാജസന്നിധിയിൽ അറിയിച്ചു. അപ്പോൾ രാജാവ് എസ്ഥേർ രാജ്ഞിയോട്: “യെഹൂദന്മാർ ശൂശൻ രാജധാനിയിൽ അഞ്ഞൂറുപേരെയും (500) ഹാമാന്റെ പത്തു പുത്രന്മാരെയും കൊന്നു. രാജാവിന്‍റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തായിരിക്കും ചെയ്തിരിക്കുക? ഇനിയും നിന്റെ അപേക്ഷ എന്താണ്? അത് നിനക്ക് ലഭിക്കും. ഇനിയും നിന്റെ ആഗ്രഹം എന്ത്? അത് നിവർത്തിച്ചുതരാം” എന്ന് പറഞ്ഞു. അതിന് എസ്ഥേർ: “രാജാവിന് തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാർ ഇന്നത്തെ കല്പനപോലെ നാളെയും ചെയ്യുവാൻ അനുവദിക്കുകയും ഹാമാന്‍റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കുകയും ചെയ്യേണമേ” എന്ന് പറഞ്ഞു. അങ്ങനെ ചെയ്തുകൊള്ളുവാൻ രാജാവ് കല്പിച്ച് ശൂശനിൽ കല്പന പരസ്യമാക്കി. ഹാമാന്റെ പത്തു പുത്രന്മാരെ അവർ തൂക്കിക്കളഞ്ഞു. ശൂശനിലെ യെഹൂദന്മാർ ആദാർമാസം പതിനാലാം തീയതിയും ഒന്നിച്ചുകൂടി ശൂശനിൽ മുന്നൂറുപേരെ കൊന്നു; എങ്കിലും കവർച്ച ചെയ്തില്ല. രാജാവിന്‍റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാർ ആദാർമാസം പതിമൂന്നാം തീയതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷയ്ക്കായി പൊരുതി, ശത്രുക്കളുടെ കയ്യിൽനിന്ന് ഒഴിഞ്ഞ് വിശ്രമം പ്രാപിച്ചു. അവർ തങ്ങളുടെ വൈരികളിൽ എഴുപത്തയ്യായിരം പേരെ (75,000) കൊന്നുകളഞ്ഞു എങ്കിലും കവർച്ച ചെയ്തില്ല. ആ മാസം പതിനാലാം തീയതിയോ അവർ വിശ്രമിച്ച് വിരുന്നും സന്തോഷവുമുള്ള ദിവസമായി അതിനെ ആചരിച്ചു. ശൂശനിലെ യെഹൂദന്മാർ ആ മാസം പതിമൂന്നാം തീയതിയും പതിനാലാം തീയതിയും ഒന്നിച്ചുകൂടി. പതിനഞ്ചാം തീയതി അവർ വിശ്രമിച്ച് അതിനെ വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു ആചരിച്ചു. അതുകൊണ്ട് മതിലില്ലാത്ത പട്ടണങ്ങളിൽ പാർക്കുന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാർ ആദാർമാസം പതിനാലാം തീയതി സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ട് ആചരിക്കുകയും തമ്മിൽതമ്മിൽ സമ്മാനങ്ങൾ കൊടുത്തയക്കുകയും ചെയ്യുന്നു.
എസ്ഥേർ 9:1-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആദാർമാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി രാജാവിന്റെ കല്പനയും തീർപ്പും നടത്തുവാൻ അടുത്തപ്പോൾ യെഹൂദന്മാരുടെ ശത്രുക്കൾ അവരുടെ നേരെ പ്രാബല്യം പ്രാപിക്കും എന്നു ആശിച്ചതും നേരെ മറിച്ചു യെഹൂദന്മാർക്കു തങ്ങളുടെ വൈരികളുടെ നേരെ പ്രാബല്യം പ്രാപിച്ചതുമായ ദിവസത്തിൽ തന്നേ അഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാർ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോടു ദോഷം ചെയ്വാൻ ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന്നു ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകലജാതികളുടെയുംമേൽ വീണിരുന്നതുകൊണ്ടു ആർക്കും അവരോടു എതിർത്തുനില്പാൻ കഴിഞ്ഞില്ല. സകലസംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ കാര്യക്കാരന്മാരും മൊർദ്ദെഖായിയെയുള്ള പേടി അവരുടെമേൽ വീണിരുന്നതുകൊണ്ടു യെഹൂദന്മാർക്കു സഹായം ചെയ്തു. മൊർദ്ദെഖായി രാജധാനിയിൽ മഹാൻ ആയിരുന്നു; മൊർദ്ദെഖായി എന്ന പുരുഷൻ മേല്ക്കുമേൽ മഹാനായിത്തീർന്നതുകൊണ്ടു അവന്റെ കീർത്തി സകലസംസ്ഥാനങ്ങളിലും പരന്നു. യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളെ ഒക്കെയും വെട്ടിക്കൊന്നു മുടിച്ചുകളഞ്ഞു, തങ്ങളെ പകെച്ചവരോടു തങ്ങൾക്കു ബോധിച്ചതുപോലെ പ്രവർത്തിച്ചു. ശൂശൻരാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറുപേരെ കൊന്നുമുടിച്ചു. പർശൻദാഥാ, ദൽഫോൻ, അസ്പാഥാ, പോറാഥാ, അദല്യാ, അരീദാഥാ, പർമ്മസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായ യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്തു പുത്രന്മാരെയും അവർ കൊന്നുകളഞ്ഞു. എന്നാൽ കവർച്ചെക്കു അവർ കൈ നീട്ടിയില്ല. ശൂശൻരാജധാനിയിൽ അവർ കൊന്നവരുടെ സംഖ്യ അന്നു തന്നേ രാജസന്നിധിയിൽ കൊണ്ടുവന്നു. അപ്പോൾ രാജാവു എസ്ഥേർരാജ്ഞിയോടു: യെഹൂദന്മാർ ശൂശൻ രാജധാനിയിൽ അഞ്ഞൂറുപേരെയും ഹാമാന്റെ പത്തു പുത്രന്മാരെയും കൊന്നുമുടിച്ചു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്തു? അതു നിവർത്തിച്ചുതരാം എന്നു പറഞ്ഞു. അതിന്നു എസ്ഥേർ: രാജാവിന്നു തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാർ ഇന്നത്തെ തീർപ്പുപോലെ നാളെയും ചെയ്വാൻ അനുവദിക്കയും ഹാമാന്റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കയും ചെയ്യേണമേ എന്നു പറഞ്ഞു. അങ്ങനെ ചെയ്തുകൊൾവാൻ രാജാവു കല്പിച്ചു ശൂശനിൽ തീർപ്പു പരസ്യമാക്കി; ഹാമാന്റെ പത്തു പുത്രന്മാരെ അവർ തൂക്കിക്കളഞ്ഞു. ശൂശനിലെ യെഹൂദന്മാർ ആദാർമാസം പതിനാലാം തിയ്യതിയും ഒന്നിച്ചുകൂടി ശൂശനിൽ മുന്നൂറുപേരെ കൊന്നു; എങ്കിലും കവർച്ചെക്കു അവർ കൈ നീട്ടിയില്ല. രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാർ ആദാർമാസം പതിമ്മൂന്നാം തിയ്യതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കായി പൊരുതു ശത്രുക്കളുടെ കയ്യിൽനിന്നു ഒഴിഞ്ഞു വിശ്രമം പ്രാപിച്ചു. അവർ തങ്ങളുടെ വൈരികളിൽ എഴുപത്തയ്യായിരം പേരെ കൊന്നുകളഞ്ഞു എങ്കിലും കവർച്ചെക്കു കൈ നീട്ടിയില്ല. ആ മാസം പതിന്നാലാം തിയ്യതിയോ അവർ വിശ്രമിച്ചു വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു അതിനെ ആചരിച്ചു. ശൂശനിലെ യെഹൂദന്മാർ ആ മാസം പതിമ്മൂന്നാം തിയ്യതിയും പതിന്നാലാം തിയ്യതിയും ഒന്നിച്ചുകൂടി; പതിനഞ്ചാം തിയ്യതി അവർ വിശ്രമിച്ചു അതിനെ വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു ആചരിച്ചു. അതുകൊണ്ടു മതിലില്ലാത്ത പട്ടണങ്ങളിൽ പാർക്കുന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാർ ആദാർമാസം പതിന്നാലാം തിയ്യതിയെ സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ടു ആചരിക്കയും തമ്മിൽ തമ്മിൽ സമ്മാനങ്ങൾ കൊടുത്തയക്കുകയും ചെയ്യുന്നു.
എസ്ഥേർ 9:1-19 സമകാലിക മലയാളവിവർത്തനം (MCV)
പന്ത്രണ്ടാംമാസമായ ആദാർമാസം പതിമ്മൂന്നാംതീയതി രാജാവിന്റെ കൽപ്പന നടപ്പാക്കേണ്ടിയിരുന്നു. ഈ ദിവസം യെഹൂദരെ കീഴടക്കാൻ അവരുടെ ശത്രുക്കൾ ആഗ്രഹിച്ചിരുന്നെങ്കിലും സ്ഥിതിഗതികൾ മാറിമറിഞ്ഞു. യെഹൂദർക്കു തങ്ങളുടെ ശത്രുക്കളുടെമേൽ ആധിപത്യം ലഭിച്ചു. അഹശ്വേരോശ് രാജാവിന്റെ പ്രവിശ്യകളിലെ എല്ലാ യെഹൂദരും അവരുടെ പട്ടണങ്ങളിൽ ഒത്തുകൂടി അവരുടെ പതനം ആഗ്രഹിച്ചവരെ ആക്രമിക്കാൻ തയ്യാറെടുത്തു. സകലജനവിഭാഗങ്ങളും അവരെ ഭയപ്പെട്ടിരുന്നതിനാൽ ആർക്കും അവർക്കുനേരേ നിൽക്കാൻ കഴിഞ്ഞില്ല. മൊർദെഖായിയോടുള്ള ഭയംനിമിത്തം പ്രവിശ്യകളിലെ എല്ലാ പ്രഭുക്കന്മാരും, രാജപ്രതിനിധികളും ദേശാധിപതികളും ഭരണാധിപന്മാരും യെഹൂദരെ സഹായിച്ചു. മൊർദെഖായി കൊട്ടാരത്തിൽ പ്രമുഖനായിരുന്നു; അദ്ദേഹത്തിന്റെ കീർത്തി എല്ലാ പ്രവിശ്യകളിലും വ്യാപിക്കുകയും അദ്ദേഹം കൂടുതൽ കൂടുതൽ അധികാരമുള്ളവനായിത്തീരുകയും ചെയ്തു. യെഹൂദർ തങ്ങളുടെ ശത്രുക്കളെയെല്ലാം വാളാൽ കൊന്നു. അവർ തങ്ങളെ വെറുത്തവരോടെല്ലാം തങ്ങൾക്ക് ഇഷ്ടമുള്ളതുപോലെയൊക്കെയും പ്രവർത്തിച്ചു. ശൂശൻ രാജധാനിയിൽ യെഹൂദർ അഞ്ഞൂറു പുരുഷന്മാരെ കൊല്ലുകയും നശിപ്പിക്കുകയും ചെയ്തു. പർശൻദാഥാ, ദല്ഫോൻ, അസ്പാഥാ പോറാഥാ, അദല്യാ, അരീദാഥാ, പർമസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ യെഹൂദരുടെ ശത്രുവും ഹമ്മെദാഥയുടെ മകനുമായ ഹാമാന്റെ പത്തുമക്കളെയും അവർ കൊന്നു. എന്നാൽ അവർ കൊള്ളമുതലിൽ തൊട്ടതേയില്ല. ശൂശൻ രാജധാനിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അന്നുതന്നെ രാജാവിനെ അറിയിച്ചു. രാജാവ് എസ്ഥേർരാജ്ഞിയോട്: “യെഹൂദർ ശൂശൻ രാജധാനിയിൽ അഞ്ഞൂറുപേരെയും ഹാമാന്റെ പത്തുപുത്രന്മാരെയും കൊന്നൊടുക്കി അവരെ നശിപ്പിച്ചു. രാജാവിന്റെ മറ്റുള്ള പ്രവിശ്യകളിൽ അവർ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്താണ്? അത് നിനക്കു ലഭിക്കും. എന്താണ് ഇനിയും നിന്റെ ആഗ്രഹം? അതും നിനക്ക് നൽകാം” എന്നു പറഞ്ഞു. അപ്പോൾ എസ്ഥേർ മറുപടി പറഞ്ഞു: “രാജാവിനു തിരുവുള്ളമുണ്ടെങ്കിൽ ശൂശനിലുള്ള യെഹൂദന്മാർക്ക് ഇന്നത്തെ കൽപ്പന അനുസരിച്ച് നാളെയും പ്രവർത്തിക്കാൻ അനുവാദം കൊടുക്കണേ. ഹാമാന്റെ പത്തുമക്കളെയും തൂക്കിലേറ്റുകയും ചെയ്യണമേ.” ഇങ്ങനെ ചെയ്യണമെന്ന് രാജാവ് കൽപ്പിച്ചു. ശൂശനിൽ നൽകിയ കൽപ്പനപ്രകാരം ഹാമാന്റെ പുത്രന്മാരെയും തൂക്കിലേറ്റി. ആദാർമാസം പതിന്നാലാംതീയതി ശൂശനിലുള്ള യെഹൂദന്മാർ ഒത്തുകൂടി ശൂശനിലുള്ള മുന്നൂറു പുരുഷന്മാരെ തൂക്കിലേറ്റി. എന്നാൽ അവർ കൊള്ളമുതലിൽ കൈവെച്ചില്ല. ഇതേസമയം രാജാവിന്റെ പ്രവിശ്യകളിലുള്ള ബാക്കി യെഹൂദരും സ്വയരക്ഷയ്ക്കും ശത്രുവിൽനിന്നുള്ള വിടുതലിനുമായി ഒരുമിച്ചുകൂടി. അവർ എഴുപത്തയ്യായിരംപേരെ കൊന്നുകളഞ്ഞു. എന്നാൽ അവർ കൊള്ളമുതലിൽ കൈ തൊട്ടില്ല. ഇത് ആദാർമാസം പതിമ്മൂന്നാംതീയതി സംഭവിച്ചു. പതിന്നാലാംതീയതി അവർ വിശ്രമിച്ചു; അവർ ആനന്ദത്തോടെ വിരുന്നാഘോഷിച്ചു. ശൂശനിലുള്ള യെഹൂദർ പതിമ്മൂന്നാംതീയതിയും പതിന്നാലാംതീയതിയും ഒരുമിച്ചുകൂടിയ ശേഷം പതിനഞ്ചാംതീയതി വിശ്രമിച്ചു. ആ ദിവസം അവർ ആനന്ദത്തോടെ വിരുന്നാഘോഷിച്ചു. അതുകൊണ്ടാണ് ഗ്രാമീണരായ യെഹൂദർ ആദാർമാസം പതിന്നാലാംതീയതി ആനന്ദത്തിന്റെയും വിരുന്നിന്റെയും ദിനമായി ആഘോഷിക്കുകയും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നത്.