എസ്ഥേർ 7:7-10

എസ്ഥേർ 7:7-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

രാജാവ് ക്രോധത്തോടെ വീഞ്ഞുവിരുന്നു വിട്ട് എഴുന്നേറ്റ് ഉദ്യാനത്തിലേക്കു പോയി; എന്നാൽ രാജാവ് തനിക്ക് അനർഥം നിശ്ചയിച്ചു എന്നു കണ്ടിട്ടു ഹാമാൻ തന്റെ ജീവരക്ഷയ്ക്കായി എസ്ഥേർരാജ്ഞിയോട് അപേക്ഷിപ്പാൻ നിന്നു. രാജാവ് ഉദ്യാനത്തിൽനിന്നു വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്കു വന്നപ്പോൾ എസ്ഥേർ ഇരിക്കുന്ന മെത്തമേൽ ഹാമാൻ വീണുകിടന്നിരുന്നു; അന്നേരം രാജാവ്: ഇവൻ എന്റെ മുമ്പാകെ അരമനയിൽവച്ചു രാജ്ഞിയെ ബലാൽക്കാരം ചെയ്യുമോ എന്നു പറഞ്ഞു. ഈ വാക്ക് രാജാവിന്റെ വായിൽനിന്നു വീണ ഉടനെ അവർ ഹാമാന്റെ മുഖം മൂടി. അപ്പോൾ രാജാവിന്റെ ഷണ്ഡന്മാരിൽ ഒരുത്തനായ ഹർബ്ബോനാ: ഇതാ, രാജാവിന്റെ നന്മയ്ക്കായി സംസാരിച്ച മൊർദ്ദെഖായിക്ക് ഹാമാൻ ഉണ്ടാക്കിയതായി അമ്പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടിൽ നില്ക്കുന്നു എന്നു രാജസന്നിധിയിൽ ബോധിപ്പിച്ചു; അതിന്മേൽ തന്നെ അവനെ തൂക്കിക്കളവിൻ എന്ന് രാജാവ് കല്പിച്ചു. അവർ ഹാമാനെ അവൻ മൊർദ്ദെഖായിക്കുവേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽതന്നെ തൂക്കിക്കളഞ്ഞു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.

പങ്ക് വെക്കു
എസ്ഥേർ 7 വായിക്കുക

എസ്ഥേർ 7:7-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

രാജാവ് വിരുന്നു മതിയാക്കി ഉഗ്രകോപത്തോടെ എഴുന്നേറ്റ് ഉദ്യാനത്തിലേക്കു പോയി. തന്നെ നശിപ്പിക്കാൻ രാജാവ് തീരുമാനിച്ചിരിക്കുന്നതറിഞ്ഞു ഹാമാൻ തന്റെ ജീവൻ രക്ഷിക്കണമെന്ന് എസ്ഥേർരാജ്ഞിയോടു അപേക്ഷിക്കാൻ അവിടെ നിന്നു. രാജാവ് ഉദ്യാനത്തിൽ നിന്നു വിരുന്നുശാലയിലേക്കു മടങ്ങിവരുമ്പോൾ എസ്ഥേർ ഇരുന്ന മഞ്ചത്തിലേക്കു ഹാമാൻ വീഴുന്നതു കണ്ടു. രാജാവു പറഞ്ഞു: “ഇവൻ എന്റെ മുമ്പാകെ അരമനയിൽ വച്ചു രാജ്ഞിയെ ബലാൽക്കാരം ചെയ്യുമോ? ഈ വാക്കുകൾ രാജാവ് ഉച്ചരിച്ച ഉടൻതന്നെ അവർ ഹാമാന്റെ മുഖം മൂടി. രാജാവിനെ പരിചരിച്ചുകൊണ്ടിരുന്ന ഷണ്ഡനായ ഹർബോനാ പറഞ്ഞു: “ഒരിക്കൽ തന്റെ വാക്കുകൾകൊണ്ട് രാജാവിന്റെ ജീവൻ രക്ഷിച്ച, മൊർദ്ദെഖായിക്കുവേണ്ടി ഹാമാൻ ഒരുക്കിയ അൻപതു മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടിലുണ്ട്. “അതിന്മേൽത്തന്നെ അവനെ തൂക്കിലിടുക” എന്നു രാജാവു കല്പിച്ചു. മൊർദ്ദെഖായിക്കുവേണ്ടി നാട്ടിയിരുന്ന കഴുമരത്തിൽത്തന്നെ അവർ ഹാമാനെ തൂക്കിക്കൊന്നു. അങ്ങനെ രാജാവിന്റെ കോപം ശമിച്ചു.

പങ്ക് വെക്കു
എസ്ഥേർ 7 വായിക്കുക

എസ്ഥേർ 7:7-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

രാജാവ് കോപത്തോടെ വീഞ്ഞുവിരുന്ന് വിട്ട് എഴുന്നേറ്റ് ഉദ്യാനത്തിലേക്ക് പോയി. എന്നാൽ രാജാവ് തനിക്കു ദോഷം നിശ്ചയിച്ചു എന്ന് കണ്ടിട്ട് ഹാമാൻ തന്‍റെ ജീവരക്ഷയ്ക്കായി എസ്ഥേർ രാജ്ഞിയോട് അപേക്ഷിക്കുവാൻ നിന്നു. രാജാവ് ഉദ്യാനത്തിൽനിന്ന് വീണ്ടും വീഞ്ഞു വിരുന്നുശാലയിലേക്ക് വന്നപ്പോൾ എസ്ഥേർ ഇരിക്കുന്ന മെത്തയുടെ മേൽ ഹാമാൻ വീണുകിടന്നിരുന്നു. അപ്പോൾ രാജാവ്: “ഇവൻ എന്‍റെ മുമ്പാകെ അരമനയിൽവച്ച് രാജ്ഞിയെ കയ്യേറ്റം ചെയ്യുമോ?” എന്ന് പറഞ്ഞു. ഈ വാക്ക് രാജാവ് പറഞ്ഞ ഉടനെ അവർ ഹാമാന്‍റെ മുഖം മൂടി. അപ്പോൾ രാജാവിന്‍റെ ഷണ്ഡന്മാരിൽ ഒരുവനായ ഹർബ്ബോനാ: “ഇതാ, രാജാവിന്‍റെ നന്മയ്ക്കായി സംസാരിച്ച മൊർദ്ദെഖായിക്ക് ഹാമാൻ ഉണ്ടാക്കിയതായ അമ്പത് മുഴം ഉയരമുള്ള കഴുമരം ഹാമാന്‍റെ വീട്ടിൽ നില്ക്കുന്നു” എന്ന് രാജസന്നിധിയിൽ ബോധിപ്പിച്ചു. “അതിന്മേൽ തന്നെ അവനെ തൂക്കിക്കൊല്ലുവിൻ” എന്ന് രാജാവ് കല്പിച്ചു. അവർ ഹാമാനെ അവൻ മൊർദ്ദെഖായിക്ക് വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽ തന്നെ തൂക്കിക്കൊന്നു. അങ്ങനെ രാജാവിന്‍റെ ക്രോധം ശമിച്ചു.

പങ്ക് വെക്കു
എസ്ഥേർ 7 വായിക്കുക

എസ്ഥേർ 7:7-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

രാജാവു ക്രോധത്തോടെ വീഞ്ഞുവിരുന്നു വിട്ടു എഴുന്നേറ്റു ഉദ്യാനത്തിലേക്കു പോയി; എന്നാൽ രാജാവു തനിക്കു അനർത്ഥം നിശ്ചയിച്ചു എന്നു കണ്ടിട്ടു ഹാമാൻ തന്റെ ജീവരക്ഷെക്കായി എസ്ഥേർരാജ്ഞിയോടു അപേക്ഷിപ്പാൻ നിന്നു. രാജാവു ഉദ്യാനത്തിൽനിന്നു വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്കു വന്നപ്പോൾ എസ്ഥേർ ഇരിക്കുന്ന മെത്തമേൽ ഹാമാൻ വീണുകിടന്നിരുന്നു; അന്നേരം രാജാവു: ഇവൻ എന്റെ മുമ്പാകെ അരമനയിൽവെച്ചു രാജ്ഞിയെ ബലാല്ക്കാരം ചെയ്യുമോ എന്നു പറഞ്ഞു. ഈ വാക്കു രാജാവിന്റെ വായിൽനിന്നു വീണ ഉടനെ അവർ ഹാമാന്റെ മുഖം മൂടി. അപ്പോൾ രാജാവിന്റെ ഷണ്ഡന്മാരിൽ ഒരുത്തനായ ഹർബ്ബോനാ: ഇതാ, രാജാവിന്റെ നന്മെക്കായി സംസാരിച്ച മൊർദ്ദെഖായിക്കു ഹാമാൻ ഉണ്ടാക്കിയതായി അമ്പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടിൽ നില്ക്കുന്നു എന്നു രാജസന്നിധിയിൽ ബോധിപ്പിച്ചു; അതിന്മേൽ തന്നേ അവനെ തൂക്കിക്കളവിൻ എന്നു രാജാവു കല്പിച്ചു. അവർ ഹാമാനെ അവൻ മൊർദ്ദെഖായിക്കു വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽ തന്നേ തൂക്കിക്കളഞ്ഞു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.

പങ്ക് വെക്കു
എസ്ഥേർ 7 വായിക്കുക

എസ്ഥേർ 7:7-10 സമകാലിക മലയാളവിവർത്തനം (MCV)

രാജാവ് ക്രോധത്തോടെ വീഞ്ഞുവിരുന്നു നിർത്തി കൊട്ടാരത്തിന്റെ ഉദ്യാനത്തിലേക്കു പോയി. എന്നാൽ രാജാവ്, തനിക്ക് അനർഥം നിശ്ചയിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിയിട്ട് ഹാമാൻ എസ്ഥേർരാജ്ഞിയോടു തന്റെ ജീവൻ ഇരന്നുവാങ്ങാൻ അവിടെ നിന്നു. രാജാവ് ഉദ്യാനത്തിൽനിന്ന് വിരുന്നുശാലയിൽ മടങ്ങിയെത്തിയപ്പോൾ ഹാമാൻ എസ്ഥേർ ഇരുന്ന മഞ്ചത്തിലേക്കു വീണുകിടക്കുകയായിരുന്നു. അപ്പോൾ രാജാവ്, “എന്റെ കൊട്ടാരത്തിൽവെച്ച് എന്റെ സാമീപ്യത്തിൽ രാജ്ഞിയെ ബലാൽക്കാരം ചെയ്യാൻ ഇവൻ മുതിരുന്നോ” എന്നു ചോദിച്ചു. രാജാവ് ഈ വാക്ക് സംസാരിച്ച ഉടൻ അവർ ഹാമാന്റെ മുഖം മൂടി. രാജാവിന്റെ ഷണ്ഡന്മാരിലൊരാളായ ഹർബോനാ, “ഹാമാന്റെ വീട്ടിൽ അൻപതുമുഴം ഉയരമുള്ള ഒരു തൂക്കുമരം ഉണ്ട്. രാജാവിന്റെ നന്മയ്ക്കായി സംസാരിച്ച മൊർദെഖായിക്കുവേണ്ടി ഹാമാൻ നിർമിച്ചതാണ് അത്” എന്നു ബോധിപ്പിച്ചു. “അവനെ അതിൽത്തന്നെ തൂക്കുക,” രാജാവു കൽപ്പിച്ചു. അങ്ങനെ മൊർദെഖായിക്കുവേണ്ടി താൻ നിർമിച്ച തൂക്കുമരത്തിൽത്തന്നെ അവർ ഹാമാനെ തൂക്കി; രാജാവിന്റെ കോപവും ശമിച്ചു.

പങ്ക് വെക്കു
എസ്ഥേർ 7 വായിക്കുക