എസ്ഥേർ 7:1-4
എസ്ഥേർ 7:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ രാജാവും ഹാമാനും എസ്ഥേർ രാജ്ഞിയോടുകൂടെ വിരുന്നു കഴിപ്പാൻ ചെന്നു. രണ്ടാം ദിവസവും വീഞ്ഞുവിരുന്നിന്റെ സമയത്ത് രാജാവ് എസ്ഥേറിനോട്: എസ്ഥേർരാജ്ഞിയേ, നിന്റെ അപേക്ഷ എന്ത്? അത് നിനക്കു ലഭിക്കും; നിന്റെ ആഗ്രഹം എന്ത്? രാജ്യത്തിൽ പാതിയോളമായാലും അതു നിവർത്തിച്ചു തരാം എന്നു പറഞ്ഞു. അതിന് എസ്ഥേർരാജ്ഞി: രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിനു തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ട് എന്റെ ജീവനെയും എന്റെ ആഗ്രഹമോർത്ത് എന്റെ ജനത്തെയും എനിക്കു നല്കേണമേ. ഞങ്ങളെ നശിപ്പിച്ചു കൊന്നുമുടിക്കേണ്ടതിന് എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാൽ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു എങ്കിൽ വൈരിക്ക് രാജാവിന്റെ നഷ്ടത്തിനു തക്ക പ്രതിശാന്തി കൊടുപ്പാൻ കഴിവില്ലെന്നു വരികിലും ഞാൻ മിണ്ടാതെ ഇരിക്കുമായിരുന്നു എന്ന് ഉത്തരം പറഞ്ഞു.
എസ്ഥേർ 7:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാജാവും ഹാമാനും എസ്ഥേർരാജ്ഞി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാൻ ചെന്നു. രണ്ടാം ദിവസവും വീഞ്ഞു കുടിക്കുമ്പോൾ രാജാവ് എസ്ഥേറിനോടു വീണ്ടും ചോദിച്ചു: “എസ്ഥേർരാജ്ഞി, നിന്റെ അപേക്ഷ എന്ത്? അതു നിനക്കു സാധിച്ചുതരാം. നിന്റെ ആഗ്രഹം എന്ത്? രാജ്യത്തിൽ പകുതി ചോദിച്ചാലും ഞാൻ വാക്കു പാലിക്കും.” അപ്പോൾ എസ്ഥേർരാജ്ഞി പറഞ്ഞു: “രാജാവേ, എന്നിൽ പ്രീതി തോന്നുന്നെങ്കിൽ തിരുവുള്ളമുണ്ടായി എന്റെ അപേക്ഷ കേട്ട് എന്റെ ജീവനെ രക്ഷിക്കണം. എന്റെ ആഗ്രഹപ്രകാരം എന്റെ ജനങ്ങളെയും രക്ഷിക്കണം. എന്നെയും എന്റെ ജനങ്ങളെയും കൊന്നു മുടിച്ച് സമൂലം നശിപ്പിക്കാനായി ഞങ്ങളെ വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ. ഞങ്ങളുടെ സ്‍ത്രീകളെയും പുരുഷന്മാരെയും വെറും അടിമകളായി വിറ്റിരുന്നെങ്കിൽപോലും ഞാൻ മിണ്ടാതിരിക്കുമായിരുന്നു. കാരണം ഞങ്ങളുടെ നാശം രാജാവിന് നഷ്ടമായി തീരരുതല്ലോ. എന്നാൽ ഞങ്ങളെ ഉന്മൂലനാശം ചെയ്യാൻ പോകുകയാണല്ലോ.”
എസ്ഥേർ 7:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങനെ രാജാവും ഹാമാനും എസ്ഥേർരാജ്ഞിയോടുകൂടെ വിരുന്ന് കഴിക്കുവാൻ ചെന്നു. രണ്ടാം ദിവസവും വീഞ്ഞുവിരുന്നിന്റെ സമയത്ത് രാജാവ് എസ്ഥേറിനോട്: “എസ്ഥേർ രാജ്ഞിയേ, നിന്റെ അപേക്ഷ എന്ത്? അത് നിനക്ക് ലഭിക്കും. നിന്റെ ആഗ്രഹം എന്ത്? രാജ്യത്തിൽ പകുതി ആയാലും അത് സാധിച്ചുതരാം” എന്ന് പറഞ്ഞു. അതിന് എസ്ഥേർരാജ്ഞി: “രാജാവേ, എന്നോട് കൃപയുണ്ടെങ്കിൽ രാജാവിന് തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ട് എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്തു എന്റെ ജനത്തെയും എനിക്ക് നല്കേണമേ. ഞങ്ങളെ നശിപ്പിച്ച് കൊന്നുമുടിക്കേണ്ടതിന് എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ, എന്നാൽ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നെങ്കിൽപോലും ഞാൻ മിണ്ടാതിരിക്കുമായിരുന്നു. കാരണം ഞങ്ങളുടെ നാശം രാജാവിന് നഷ്ടമായി തീരരുതല്ലോ. എന്നാൽ ഞങ്ങളെ ഉന്മൂലനാശം ചെയ്യാൻ പോകുകയാണല്ലോ” എന്ന് ഉത്തരം പറഞ്ഞു.
എസ്ഥേർ 7:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ രാജാവും ഹാമാനും എസ്ഥേർരാജ്ഞിയോടുകൂടെ വിരുന്നു കഴിവാൻ ചെന്നു. രണ്ടാം ദിവസവും വീഞ്ഞുവിരുന്നിന്റെ സമയത്തു രാജാവു എസ്ഥേരിനോടു: എസ്ഥേർ രാജ്ഞിയേ, നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹം എന്തു? രാജ്യത്തിൽ പാതിയോളമായാലും അതു നിവർത്തിച്ചു തരാം എന്നു പറഞ്ഞു. അതിന്നു എസ്ഥേർരാജ്ഞി: രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിന്നു തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ. ഞങ്ങളെ നശിപ്പിച്ചു കൊന്നുമുടിക്കേണ്ടതിന്നു എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാൽ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു എങ്കിൽ വൈരിക്കു രാജാവിന്റെ നഷ്ടത്തിന്നു തക്ക പ്രതിശാന്തി കൊടുപ്പാൻ കഴിവില്ലെന്നു വരികിലും ഞാൻ മിണ്ടാതെ ഇരിക്കുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
എസ്ഥേർ 7:1-4 സമകാലിക മലയാളവിവർത്തനം (MCV)
രാജാവും ഹാമാനും എസ്ഥേർരാജ്ഞി ഒരുക്കിയ വിരുന്നിനു ചെന്നു. രണ്ടാംദിവസം അവർ വീഞ്ഞുകുടിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവ് എസ്ഥേരിനോട് വീണ്ടും ചോദിച്ചു, “എസ്ഥേർരാജ്ഞീ, എന്താണ് നിന്റെ അപേക്ഷ? അതു നിനക്കു നൽകാം. എന്താണ് നിന്റെ യാചന? രാജ്യത്തിന്റെ പകുതിയോളമായാൽപോലും അതു നിനക്കു ലഭിക്കും.” അപ്പോൾ എസ്ഥേർരാജ്ഞി ഉത്തരം പറഞ്ഞു: “രാജാവേ, അങ്ങേക്ക് എന്നോട് പ്രീതിയുണ്ടെങ്കിൽ, രാജാവിന് തിരുവുള്ളമുണ്ടെങ്കിൽ, എന്റെ അപേക്ഷയാൽ എന്റെ ജീവനെയും എന്റെ യാചനയാൽ എന്റെ ജനത്തെയും എനിക്കു നൽകണമേ. കാരണം നശിപ്പിച്ച്, കൊല്ലപ്പെട്ട്, ഉന്മൂലനംചെയ്യപ്പെടാനായി എന്നെയും എന്റെ ജനത്തെയും ഇതാ വിറ്റിരിക്കുന്നു. ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നെങ്കിൽപോലും ഞാൻ മിണ്ടാതെ ഇരിക്കുമായിരുന്നു. കാരണം അതുപോലും മഹാരാജാവിനെ ശല്യപ്പെടുത്താൻ മതിയായ കാരണം ആകുമായിരുന്നില്ല.”