എസ്ഥേർ 6:1-13

എസ്ഥേർ 6:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അന്നു രാത്രി രാജാവിന് ഉറക്കം വരായ്കയാൽ അവൻ ദിനവൃത്താന്തങ്ങൾ കുറിച്ചുവച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാൻ കല്പിച്ചു; അതു രാജാവിനെ വായിച്ചു കേൾപ്പിച്ചു; ഉമ്മരപ്പടിക്കാവല്ക്കാരായി രാജാവിന്റെ ഷ ണ്ഡന്മാരിൽ ബിഗ്ദ്ധാനാ, തേരെശ് എന്നീ രണ്ടു പേർ അഹശ്വേരോശ്‍രാജാവിനെ കൈയേറ്റം ചെയ്‍വാൻ ശ്രമിച്ചിരുന്ന സംഗതി മൊർദ്ദെഖായി അറിവു തന്നപ്രകാരം അതിൽ എഴുതിയിരിക്കുന്നത് കണ്ടു. ഇതിനുവേണ്ടി മൊർദ്ദെഖായിക്ക് എന്ത് ബഹുമാനവും പദവിയും കൊടുത്തു എന്ന് രാജാവ് ചോദിച്ചു. ഒന്നും കൊടുത്തിട്ടില്ല എന്നു രാജാവിനെ സേവിച്ചു നിന്ന ഭൃത്യന്മാർ പറഞ്ഞു. പ്രാകാരത്തിൽ ആരുള്ളൂ എന്ന് രാജാവ് ചോദിച്ചു. എന്നാൽ ഹാമാൻ മൊർദ്ദെഖായിക്കുവേണ്ടി താൻ തീർപ്പിച്ച കഴുവിന്മേൽ അവനെ തൂക്കിക്കളയേണ്ടതിനു രാജാവിനോട് അപേക്ഷിപ്പാൻ രാജധാനിയുടെ പുറത്ത് പ്രാകാരത്തിൽ വന്നു നില്ക്കയായിരുന്നു. രാജാവിന്റെ ഭൃത്യന്മാർ അവനോട്: ഹാമാൻ പ്രാകാരത്തിൽ നില്ക്കുന്നു എന്നു പറഞ്ഞു. അവൻ അകത്തുവരട്ടെ എന്നു രാജാവു കല്പിച്ചു. ഹാമാൻ അകത്തു വന്നപ്പോൾ രാജാവ് അവനോട്: രാജാവ് ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന് എന്തെല്ലാമാകുന്നു ചെയ്തുകൊടുക്കേണ്ടത് എന്ന് ചോദിച്ചു. എന്നെയല്ലാതെ ആരെ രാജാവ് അത്രയധികം ബഹുമാനിപ്പാൻ ഇച്ഛിക്കും എന്നു ഹാമാൻ ഉള്ളുകൊണ്ടു വിചാരിച്ചു. ഹാമാൻ രാജാവിനോട്: രാജാവ് ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷനുവേണ്ടി രാജാവ് ധരിച്ചുവരുന്ന രാജവസ്ത്രവും രാജാവ് കയറുന്ന കുതിരയും അവന്റെ തലയിൽ വയ്ക്കുന്ന രാജകിരീടവും കൊണ്ടുവരട്ടെ. വസ്ത്രവും കുതിരയും രാജാവിന്റെ അതിശ്രേഷ്ഠപ്രഭുക്കന്മാരിൽ ഒരുത്തന്റെ കൈയിൽ ഏല്പിക്കേണം; രാജാവ് ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷനെ ആ വസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്തുകയറ്റി പട്ടണവീഥിയിൽകൂടെ കൊണ്ടുനടന്ന്: രാജാവ് ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന് ഇങ്ങനെ ചെയ്യും എന്ന് അവന്റെ മുമ്പിൽ വിളിച്ചു പറയേണം എന്നു പറഞ്ഞു. രാജാവ് ഹാമാനോട്: നീ വേഗം ചെന്ന് വസ്ത്രവും കുതിരയും നീ പറഞ്ഞതുപോലെ കൊണ്ടുവന്നു രാജാവിന്റെ വാതിൽക്കൽ ഇരിക്കുന്ന യെഹൂദനായ മൊർദ്ദെഖായിക്ക് അങ്ങനെയൊക്കെയും ചെയ്ക; നീ പറഞ്ഞതിൽ ഒന്നും കുറച്ചുകളയരുത് എന്നു കല്പിച്ചു. അപ്പോൾ ഹാമാൻ വസ്ത്രവും കുതിരയും കൊണ്ടുവന്ന് മൊർദ്ദെഖായിയെ വസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയിൽ കൂടെ കൊണ്ടുനടന്നു: രാജാവ് ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന് ഇങ്ങനെ ചെയ്യും എന്ന് അവന്റെ മുമ്പിൽ വിളിച്ചു പറഞ്ഞു. മൊർദ്ദെഖായി രാജാവിന്റെ വാതിൽക്കൽ മടങ്ങിവന്നു. ഹാമാനോ ദുഃഖിതനായി തല മൂടിയുംകൊണ്ട് വേഗത്തിൽ വീട്ടിലേക്കു പോയി. തനിക്കു സംഭവിച്ചതൊക്കെയും ഹാമാൻ ഭാര്യയായ സേരെശിനോടും തന്റെ സകല സ്നേഹിതന്മാരോടും വിവരിച്ചു പറഞ്ഞു. അവന്റെ വിദ്വാന്മാരും അവന്റെ ഭാര്യ സേരെശും അവനോട്: മൊർദ്ദെഖായിയുടെ മുമ്പിൽ നീ വീഴുവാൻ തുടങ്ങി; അവൻ യെഹൂദാവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകയേയുള്ളൂ എന്നു പറഞ്ഞു.

പങ്ക് വെക്കു
എസ്ഥേർ 6 വായിക്കുക

എസ്ഥേർ 6:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അന്നു രാത്രി രാജാവിന് ഉറക്കം വന്നില്ല. അതുകൊണ്ട് ദിനവൃത്താന്തങ്ങൾ രേഖപ്പെടുത്തിയിരുന്ന പുസ്‍തകം കൊണ്ടുവരാൻ കല്പിച്ചു; അതു രാജാവിനെ വായിച്ചു കേൾപ്പിച്ചു. കൊട്ടാരത്തിലെ സേവകരും രാജാവിന്റെ ഷണ്ഡന്മാരുമായ ബിഗ്ധാനാ, തേരെശ് എന്നിവർ അഹശ്വേരോശ്‍രാജാവിനെ വധിക്കാൻ ശ്രമിച്ചതും അതിനെപ്പറ്റി മൊർദ്ദെഖായി അറിവു നല്‌കിയതും അതിൽ രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു. “ഇതിന് എന്തു ബഹുമതിയും പദവിയും മൊർദ്ദെഖായിക്കു നല്‌കി” എന്നു രാജാവ് ചോദിച്ചപ്പോൾ “ഒന്നും നല്‌കിയിട്ടില്ല” എന്നു രാജഭൃത്യന്മാർ മറുപടി നല്‌കി. “അങ്കണത്തിൽ ആരുണ്ട്” എന്ന് രാജാവ് ചോദിച്ചു. മൊർദ്ദെഖായിക്കുവേണ്ടി താൻ തയ്യാറാക്കിയ കഴുവിന്മേൽ അയാളെ തൂക്കിക്കൊല്ലുന്നതിനു രാജാവിനോട് അനുവാദം വാങ്ങിക്കാൻ ഹാമാൻ അവിടെ അപ്പോൾ എത്തിയിരുന്നതേയുള്ളൂ. ഭൃത്യന്മാർ രാജാവിനോട്: “ഹാമാൻ അങ്കണത്തിൽ നില്‌ക്കുന്നു” എന്നു പറഞ്ഞു. “അവൻ അകത്തു വരട്ടെ” എന്നു രാജാവു കല്പിച്ചു. അകത്തു പ്രവേശിച്ച ഹാമാനോട് രാജാവു ചോദിച്ചു: “രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന ഒരാളിന് എന്താണു ചെയ്തുകൊടുക്കേണ്ടത്?” ഹാമാൻ ചിന്തിച്ചു: “എന്നെയല്ലാതെ ആരെയാണു രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുക.” ഹാമാൻ രാജാവിനോടു പറഞ്ഞു: രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്നവനുവേണ്ടി രാജാവ് അണിയുന്ന വസ്ത്രം കൊണ്ടുവരണം. രാജാവു സഞ്ചരിക്കുന്നതും തലയിൽ രാജകീയമകുടം ചൂടിയതുമായ കുതിരയും വേണം. വസ്ത്രങ്ങൾ, കുതിര എന്നിവയെ രാജാവിന്റെ ശ്രേഷ്ഠന്മാരിൽ പ്രമുഖനായ ഒരാളെ ഏല്പിക്കണം; അയാൾ രാജാവിന്റെ ബഹുമാനപാത്രമായ ആളിനെ ആ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണത്തിലൂടെ കൊണ്ടു പോകണം; “താൻ ബഹുമാനിക്കാൻ ഇച്ഛിക്കുന്ന ആളിനെ രാജാവ് ഇങ്ങനെ ആദരിക്കും എന്നു വിളിച്ചുപറയുകയും വേണം.” രാജാവ് ഹാമാനോടു പറഞ്ഞു: “നീ വേഗം പോയി പറഞ്ഞതുപോലെ വസ്ത്രവും കുതിരയും കൊണ്ടുവന്ന്, രാജസേവകനും യെഹൂദനുമായ മൊർദ്ദെഖായിയെ ബഹുമാനിക്കുക: നീ പറഞ്ഞതിൽ ഒന്നും കുറവു വരുത്തരുത്. “ഹാമാൻ വസ്ത്രം കൊണ്ടുവന്നു മൊർദ്ദെഖായിയെ അണിയിച്ചു; കുതിരയെ കൊണ്ടുവന്ന് അയാളെ അതിന്മേൽ കയറ്റി പട്ടണവീഥിയിലൂടെ കൊണ്ടുനടന്നു; “രാജാവ് ബഹുമാനിക്കാൻ ഇച്ഛിക്കുന്നവനെ ഇങ്ങനെ ആദരിക്കും” എന്ന് വിളിച്ചുപറയുകയും ചെയ്തു. മൊർദ്ദെഖായി കൊട്ടാരവാതില്‌ക്കൽ മടങ്ങിവന്നു; ഹാമാനാകട്ടെ തല മൂടി ദുഃഖിതനായി വേഗം വീട്ടിലേക്കു മടങ്ങി. തനിക്കു സംഭവിച്ചതെല്ലാം ഹാമാൻ ഭാര്യയായ സേരെശിനോടും സ്നേഹിതന്മാരോടും വിവരിച്ചു. അപ്പോൾ അയാളുടെ ഭാര്യയും ഉപദേഷ്ടാക്കളും അയാളോടു പറഞ്ഞു: “നിങ്ങൾ മൊർദ്ദെഖായിയുടെ മുമ്പിൽ പരാജയപ്പെട്ടു തുടങ്ങി; അയാൾ യെഹൂദാവംശജനാണെങ്കിൽ നിങ്ങൾക്ക് അയാളെ പരാജയപ്പെടുത്താൻ കഴിയുകയില്ല; നിശ്ചയമായും അയാളോടു നിങ്ങൾ തോറ്റുപോകും.”

പങ്ക് വെക്കു
എസ്ഥേർ 6 വായിക്കുക

എസ്ഥേർ 6:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അന്ന് രാത്രി രാജാവിന് ഉറക്കം വരാഞ്ഞതിനാൽ അവൻ ദിനവൃത്താന്തങ്ങൾ കുറിച്ചുവെച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാൻ കല്പിച്ചു. അത് രാജാവിനെ വായിച്ചു കേൾപ്പിച്ചു; വാതിൽക്കാവല്ക്കാരായ രാജാവിന്‍റെ ഷണ്ഡന്മാരിൽ ബിഗ്ദ്ധാനാ, തേരെശ് എന്നീ രണ്ടുപേർ അഹശ്വേരോശ്‌രാജാവിനെ കയ്യേറ്റം ചെയ്യുവാൻ ശ്രമിച്ചിരുന്ന സംഗതി മൊർദ്ദെഖായി അറിയിച്ചപ്രകാരം അതിൽ എഴുതിയിരിക്കുന്നത് കണ്ടു. “ഇതിന് വേണ്ടി മൊർദ്ദെഖായിക്ക് എന്ത് ബഹുമാനവും പദവിയും കൊടുത്തു?” എന്ന് രാജാവ് ചോദിച്ചു. “ഒന്നും കൊടുത്തിട്ടില്ല” എന്ന് രാജാവിനെ സേവിച്ചുനിന്ന ഭൃത്യന്മാർ പറഞ്ഞു. “പ്രാകാരത്തിൽ ആരുണ്ട്?” എന്ന് രാജാവ് ചോദിച്ചു. എന്നാൽ ഹാമാൻ മൊർദ്ദെഖായിക്ക് വേണ്ടി താൻ തയ്യാറാക്കിയ കഴുവിന്മേൽ അവനെ തൂക്കിക്കൊല്ലുവാൻ രാജാവിനോട് അപേക്ഷിക്കുവാൻ രാജധാനിയുടെ പുറത്ത് പ്രാകാരത്തിൽ വന്ന് നിൽക്കുകയായിരുന്നു. രാജാവിന്‍റെ ഭൃത്യന്മാർ അവനോട്: “ഹാമാൻ പ്രാകാരത്തിൽ നില്ക്കുന്നു” എന്ന് പറഞ്ഞു. “അവൻ അകത്ത് വരട്ടെ” എന്ന് രാജാവു കല്പിച്ചു. ഹാമാൻ അകത്ത് വന്നപ്പോൾ രാജാവ് അവനോട്: “രാജാവു ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷന് എന്തെല്ലാമാണ് ചെയ്തു കൊടുക്കേണ്ടത്?” എന്ന് ചോദിച്ചു. എന്നെയല്ലാതെ ആരെ രാജാവ് അത്ര അധികം ബഹുമാനിക്കുവാൻ ആഗ്രഹിക്കും എന്ന് ഹാമാൻ ഉള്ളുകൊണ്ട് വിചാരിച്ചു. ഹാമാൻ രാജാവിനോട്: “രാജാവ് ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷന് വേണ്ടി രാജാവ് ധരിക്കുന്ന രാജവസ്ത്രവും രാജാവ് കയറുന്ന കുതിരയും അവന്‍റെ തലയിൽ വയ്ക്കുന്ന രാജകിരീടവും കൊണ്ടുവരട്ടെ. വസ്ത്രവും കുതിരയും രാജാവിന്‍റെ അതിശ്രേഷ്ഠപ്രഭുക്കന്മാരിൽ ഒരുവന്‍റെ കയ്യിൽ ഏല്പിക്കേണം. രാജാവ് ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷനെ ആ വസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്ത് കയറ്റി പട്ടണവീഥിയിൽ കൂടെ കൊണ്ടുനടന്നു, “രാജാവ് ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷനെ ഇങ്ങനെ ചെയ്യും” എന്ന് അവന്‍റെ മുമ്പിൽ വിളിച്ചുപറയേണം” എന്ന് പറഞ്ഞു. രാജാവ് ഹാമാനോട്: “നീ വേഗം ചെന്നു വസ്ത്രവും കുതിരയും നീ പറഞ്ഞതുപോലെ കൊണ്ടുവന്ന് രാജാവിന്‍റെ വാതില്ക്കൽ ഇരിക്കുന്ന യെഹൂദനായ മൊർദ്ദെഖായിക്ക് അങ്ങനെയൊക്കെയും ചെയ്ക. നീ പറഞ്ഞതിൽ നിന്നും ഒന്നും കുറച്ചുകളയരുത്” എന്ന് കല്പിച്ചു. അപ്പോൾ ഹാമാൻ വസ്ത്രവും കുതിരയും കൊണ്ടുവന്ന് മൊർദ്ദെഖായിയെ വസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്ത് കയറ്റി പട്ടണവീഥിയിൽ കൂടെ കൊണ്ടുനടന്നു: “രാജാവ് ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷനെ ഇങ്ങനെ ചെയ്യും” എന്ന് അവന്‍റെ മുമ്പിൽ വിളിച്ചുപറഞ്ഞു. മൊർദ്ദെഖായി രാജാവിന്‍റെ വാതില്‍ക്കൽ മടങ്ങിവന്നു. ഹാമാനോ തലമൂടി ദുഃഖിതനായി വേഗത്തിൽ വീട്ടിലേക്ക് പോയി. തനിക്കു സംഭവിച്ചതെല്ലാം ഹാമാൻ ഭാര്യയായ സേരെശിനോടും തന്‍റെ സകല സ്നേഹിതന്മാരോടും വിവരിച്ചു പറഞ്ഞു. അവന്‍റെ ഉപദേഷ്ടാക്കന്മാരും അവന്‍റെ ഭാര്യ സേരെശും അവനോട്: “മൊർദ്ദെഖായിയുടെ മുമ്പിൽ നീ വീഴുവാൻ തുടങ്ങി. അവൻ യെഹൂദാവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല. അവനോട് തീർച്ചയായും തോറ്റുപോകും” എന്ന് പറഞ്ഞു.

പങ്ക് വെക്കു
എസ്ഥേർ 6 വായിക്കുക

എസ്ഥേർ 6:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അന്നു രാത്രി രാജാവിന്നു ഉറക്കം വരായ്കയാൽ അവൻ ദിനവൃത്താന്തങ്ങൾ കുറിച്ചുവെച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാൻ കല്പിച്ചു; അതു രാജാവിനെ വായിച്ചു കേൾപ്പിച്ചു; ഉമ്മരിപ്പടി കാവല്ക്കാരായി രാജാവിന്റെ ഷണ്ഡന്മാരിൽ ബിഗ്ദ്ധാനാ, തേരെശ് എന്നീ രണ്ടുപേർ അഹശ്വേരോശ്‌രാജാവിനെ കയ്യേറ്റം ചെയ്‌വാൻ ശ്രമിച്ചിരുന്ന സംഗതി മൊർദ്ദെഖായി അറിവു തന്നപ്രകാരം അതിൽ എഴുതിയിരിക്കുന്നതു കണ്ടു. ഇതിന്നു വേണ്ടി മൊർദ്ദെഖായിക്കു എന്തു ബഹുമാനവും പദവിയും കൊടുത്തു എന്നു രാജാവു ചോദിച്ചു. ഒന്നും കൊടുത്തിട്ടില്ല എന്നു രാജാവിനെ സേവിച്ചുനിന്ന ഭൃത്യന്മാർ പറഞ്ഞു. പ്രാകാരത്തിൽ ആരുള്ളു എന്നു രാജാവു ചോദിച്ചു. എന്നാൽ ഹാമാൻ മൊർദ്ദെഖായിക്കു വേണ്ടി താൻ തീർപ്പിച്ച കഴുവിന്മേൽ അവനെ തൂക്കിക്കളയേണ്ടതിന്നു രാജാവിനോടു അപേക്ഷിപ്പാൻ രാജധാനിയുടെ പുറത്തു പ്രാകാരത്തിൽ വന്നു നില്ക്കയായിരുന്നു. രാജാവിന്റെ ഭൃത്യന്മാർ അവനോടു: ഹാമാൻ പ്രാകാരത്തിൽ നില്ക്കുന്നു എന്നു പറഞ്ഞു. അവൻ അകത്തു വരട്ടെ എന്നു രാജാവു കല്പിച്ചു. ഹാമാൻ അകത്തു വന്നപ്പോൾ രാജാവു അവനോടു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു എന്തെല്ലാമാകുന്നു ചെയ്തുകൊടുക്കേണ്ടതു എന്നു ചോദിച്ചു. എന്നെയല്ലാതെ ആരെ രാജാവു അത്ര അധികം ബഹുമാനിപ്പാൻ ഇച്ഛിക്കും എന്നു ഹാമാൻ ഉള്ളുകൊണ്ടു വിചാരിച്ചു. ഹാമാൻ രാജാവിനോടു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു വേണ്ടി രാജാവു ധരിച്ചുവരുന്ന രാജവസ്ത്രവും രാജാവു കയറുന്ന കുതിരയും അവന്റെ തലയിൽ വെക്കുന്ന രാജകിരീടവും കൊണ്ടുവരട്ടെ. വസ്ത്രവും കുതിരയും രാജാവിന്റെ അതിശ്രേഷ്ഠപ്രഭുക്കന്മാരിൽ ഒരുത്തന്റെ കയ്യിൽ ഏല്പിക്കേണം; രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷനെ ആ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയിൽ കൂടെ കൊണ്ടുനടന്നു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു ഇങ്ങനെ ചെയ്യും എന്നു അവന്റെ മുമ്പിൽ വിളിച്ചുപറയേണം എന്നു പറഞ്ഞു. രാജാവു ഹാമാനോടു: നീ വേഗം ചെന്നുവസ്ത്രവും കുതിരയും നീ പറഞ്ഞതുപോലെ കൊണ്ടുവന്നു രാജാവിന്റെ വാതില്ക്കൽ ഇരിക്കുന്ന യെഹൂദനായ മൊർദ്ദെഖായിക്കു അങ്ങനെയൊക്കെയും ചെയ്ക; നീ പറഞ്ഞതിൽ ഒന്നും കുറെച്ചുകളയരുതു എന്നു കല്പിച്ചു. അപ്പോൾ ഹാമാൻ വസ്ത്രവും കുതിരയും കൊണ്ടുവന്നു മൊർദ്ദെഖായിയെ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയിൽകൂടെ കൊണ്ടുനടന്നു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു ഇങ്ങനെ ചെയ്യും എന്നു അവന്റെ മുമ്പിൽ വിളിച്ചുപറഞ്ഞു. മൊർദ്ദെഖായി രാജാവിന്റെ വാതില്ക്കൽ മടങ്ങിവന്നു. ഹാമാനോ ദുഃഖിതനായി തലമൂടിയുംകൊണ്ടു വേഗത്തിൽ വീട്ടിലേക്കു പോയി. തനിക്കു സംഭവിച്ചതൊക്കെയും ഹാമാൻ ഭാര്യയായ സേരെശിനോടും തന്റെ സകല സ്നേഹിതന്മാരോടും വിവരിച്ചുപറഞ്ഞു. അവന്റെ വിദ്വാന്മാരും അവന്റെ ഭാര്യ സേരെശും അവനോടു: മൊർദ്ദെഖായിയുടെ മുമ്പിൽ നീ വീഴുവാൻ തുടങ്ങി; അവൻ യെഹൂദ്യവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകെയുള്ള എന്നു പറഞ്ഞു.

പങ്ക് വെക്കു
എസ്ഥേർ 6 വായിക്കുക

എസ്ഥേർ 6:1-13 സമകാലിക മലയാളവിവർത്തനം (MCV)

അന്നുരാത്രി രാജാവിന് ഉറങ്ങാൻ കഴിഞ്ഞില്ല, അതുകൊണ്ടു തനിക്കു വായിച്ചുകേൾക്കേണ്ടതിനു തന്റെ വാഴ്ചക്കാലത്തെ സംഭവങ്ങൾ രേഖപ്പെടുത്തിയ ദിനവൃത്താന്തപുസ്തകം കൊണ്ടുവരാൻ കൽപ്പനകൊടുത്തു. അതിൽ രാജാവിന്റെ രണ്ടു സേവകരും വാതിൽകാവൽക്കാരുമായ ബിഗ്ദ്ധാനയും തേരേശും അഹശ്വേരോശ് രാജാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതും മൊർദെഖായി അതു വെളിവാക്കിയതും രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു. അപ്പോൾ രാജാവു ചോദിച്ചു: “ഇതിന് എന്തു ബഹുമതിയും അംഗീകാരവുമാണ് നാം മൊർദെഖായിക്ക് നൽകിയത്?” “ഒന്നും നൽകിയിട്ടില്ല,” എന്നു ഭൃത്യന്മാർ മറുപടി പറഞ്ഞു. “പുറത്തെ അങ്കണത്തിൽ ആരുണ്ട്?” രാജാവു ചോദിച്ചു. അപ്പോൾ മൊർദെഖായിക്കായി ഒരുക്കിയ തൂക്കുമരത്തിൽ അദ്ദേഹത്തെ തൂക്കണമെന്ന് അപേക്ഷിക്കാൻ ഹാമാൻ അങ്കണത്തിനു പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. “ഹാമാൻ അങ്കണത്തിൽ നിൽക്കുന്നു,” രാജഭൃത്യന്മാർ അറിയിച്ചു. “അവനെ അകത്തേക്കു കൊണ്ടുവരിക,” രാജാവ് കൽപ്പിച്ചു. ഹാമാൻ അകത്തു പ്രവേശിച്ചപ്പോൾ രാജാവ് അവനോട്, “രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യന് എന്താണ് ചെയ്തുകൊടുക്കേണ്ടത്?” എന്നു ചോദിച്ചു. “എന്നെയല്ലാതെ മറ്റാരെയാണ് രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്നത്?” എന്ന് ഹാമാൻ ഉള്ളിൽ കരുതി. അതിനാൽ അവൻ ഉത്തരം പറഞ്ഞു: “രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനുവേണ്ടി, രാജാവ് ധരിക്കുന്ന രാജവസ്ത്രവും രാജാവ് സഞ്ചരിക്കുന്ന കുതിരയും രാജശിരസ്സിൽ വെക്കുന്ന കിരീടവും കൊണ്ടുവരട്ടെ. വസ്ത്രവും കുതിരയും രാജാവിന്റെ ശ്രേഷ്ഠന്മാരായ പ്രഭുക്കന്മാരിൽ ഒരുവനെ ഏൽപ്പിക്കണം. രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനെ രാജവസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്തു കയറ്റി, ‘രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനോട് ഇങ്ങനെ ചെയ്യുന്നു!’ എന്നു വിളിച്ചുപറഞ്ഞുകൊണ്ട് പട്ടണവീഥികളിലൂടെ ആനയിക്കണം.” രാജാവ് ഹാമാനോടു കൽപ്പിച്ചു: “വേഗം നീ പോയി, പറഞ്ഞതുപോലെ രാജവസ്ത്രവും കുതിരയും കൊണ്ടുവന്ന് രാജകവാടത്തിൽ ഇരിക്കുന്ന മൊർദെഖായി എന്ന യെഹൂദന് ഇതെല്ലാം ചെയ്യുക. നീ പറഞ്ഞതിൽ ഒരു കുറവും വരുത്തരുത്.” അങ്ങനെ ഹാമാൻ രാജവസ്ത്രവും കുതിരയും കൊണ്ടുവന്ന്, മൊർദെഖായിയെ വസ്ത്രം അണിയിച്ച് കുതിരപ്പുറത്തു കയറ്റി പട്ടണവീഥികളിലൂടെ ആനയിച്ച് ഇങ്ങനെ വിളിച്ചുപറഞ്ഞു: “രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനോട് ഇങ്ങനെ ചെയ്യുന്നു!” പിന്നീട് മൊർദെഖായി രാജകവാടത്തിലേക്കു മടങ്ങി. ഹാമാനാകട്ടെ വിലപിച്ച്, തലമൂടി വീട്ടിലേക്ക് ഓടിപ്പോയി. തനിക്കു സംഭവിച്ചതൊക്കെയും ഭാര്യയായ സേരെശിനെയും സകലസ്നേഹിതരെയും അറിയിച്ചു. അവന്റെ ഉപദേഷ്ടാക്കളും ഭാര്യയായ സേരെശും അവനോട്: “മൊർദെഖായിയുടെമുമ്പിൽ നിന്റെ പതനം ആരംഭിച്ചിരിക്കുന്നു. അദ്ദേഹം യെഹൂദാവംശത്തിൽപ്പെട്ടവനാകുകയാൽ നിനക്ക് അദ്ദേഹത്തിനെതിരേ നിൽക്കാൻ കഴിയുകയില്ല. അദ്ദേഹത്തിന്റെമുമ്പിൽ നീ വീണുപോകും” എന്നു പറഞ്ഞു.

പങ്ക് വെക്കു
എസ്ഥേർ 6 വായിക്കുക