എസ്ഥേർ 5:1-8
എസ്ഥേർ 5:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മൂന്നാം ദിവസം എസ്ഥേർ രാജവസ്ത്രം ധരിച്ചുംകൊണ്ട് രാജധാനിയുടെ അകത്തെ പ്രാകാരത്തിൽ ചെന്ന് രാജഗൃഹത്തിന്റെ നേരേ നിന്നു; രാജാവ് രാജധാനിയിൽ രാജഗൃഹത്തിന്റെ വാതിലിനു നേരേ തന്റെ സിംഹാസനത്തിൽ ഇരിക്കയായിരുന്നു. എസ്ഥേർരാജ്ഞി പ്രാകാരത്തിൽ നില്ക്കുന്നത് രാജാവ് കണ്ടപ്പോൾ അവന് അവളോട് കൃപ തോന്നി തന്റെ കൈയിൽ ഇരുന്ന പൊൻചെങ്കോൽ രാജാവ് എസ്ഥേറിന്റെ നേരേ നീട്ടി; എസ്ഥേർ അടുത്തുചെന്ന് ചെങ്കോലിന്റെ അഗ്രം തൊട്ടു. രാജാവ് അവളോട്: എസ്ഥേർരാജ്ഞിയേ, എന്തു വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തിൽ പാതിയോളമായാലും നിനക്കു തരാം എന്നു പറഞ്ഞു. അതിന് എസ്ഥേർ: രാജാവിനു തിരുവുള്ളം ഉണ്ടായിട്ടു ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിനു രാജാവും ഹാമാനും ഇന്നു വരേണം എന്ന് അപേക്ഷിച്ചു. എസ്ഥേർ പറഞ്ഞതുപോലെ ചെയ്വാൻ ഹാമാനെ വേഗം വരുത്തുവിൻ എന്നു രാജാവ് കല്പിച്ചു; അങ്ങനെ രാജാവും ഹാമാനും എസ്ഥേർ ഒരുക്കിയ വിരുന്നിനു ചെന്നു. വീഞ്ഞുവിരുന്നിൽ രാജാവ് എസ്ഥേറിനോട്: നിന്റെ അപേക്ഷ എന്ത്? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹവും എന്ത്? രാജ്യത്തിൽ പാതിയോളമായാലും അതു നിവർത്തിച്ചുതരാം എന്നു പറഞ്ഞു. അതിന് എസ്ഥേർ: എന്റെ അപേക്ഷയും ആഗ്രഹവും ഇതാകുന്നു; രാജാവിന് എന്നോട് കൃപയുണ്ടെങ്കിൽ എന്റെ അപേക്ഷ നല്കുവാനും എന്റെ ആഗ്രഹം നിവർത്തിപ്പാനും രാജാവിനു തിരുവുള്ളം ഉണ്ടെങ്കിൽ രാജാവും ഹാമാനും ഞാൻ ഇനിയും ഒരുക്കുന്ന വിരുന്നിനു വരേണം; നാളെ ഞാൻ രാജാവ് കല്പിച്ചതുപോലെ ചെയ്തുകൊള്ളാം എന്നു പറഞ്ഞു.
എസ്ഥേർ 5:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മൂന്നാം ദിവസം എസ്ഥേർരാജ്ഞി രാജവസ്ത്രമണിഞ്ഞ് കൊട്ടാരത്തിന്റെ അകത്തളത്തിൽ രാജമന്ദിരത്തിനു മുമ്പിൽ ചെന്നുനിന്നു; രാജാവ് രാജമന്ദിരത്തിൽ മുൻവാതിലിനെതിരെ സിംഹാസനത്തിൽ ഇരിക്കുകയായിരുന്നു. എസ്ഥേർരാജ്ഞി അകത്തളത്തിൽ നില്‌ക്കുന്നതുകണ്ട് രാജാവ് അവരിൽ പ്രസാദിച്ചു. തന്റെ കൈയിൽ ഇരുന്ന സ്വർണച്ചെങ്കോൽ രാജാവ് അവരുടെ നേരെ നീട്ടി. എസ്ഥേർ അടുത്തു ചെന്നു ചെങ്കോലിന്റെ അഗ്രം തൊട്ടു. രാജാവു ചോദിച്ചു: “രാജ്ഞി, എന്തു വേണം? നിന്റെ അപേക്ഷ എന്താണ്? രാജ്യത്തിന്റെ പകുതി ആയാലും നിനക്കുതരാം.” എസ്ഥേർ പറഞ്ഞു: “തിരുവുള്ളമുണ്ടായി ഞാൻ അങ്ങേക്കായി ഒരുക്കിയിരിക്കുന്ന വിരുന്നിന് അങ്ങും ഹാമാനും ഇന്നു വരണം.” എസ്ഥേറിന്റെ ആഗ്രഹം നിറവേറ്റാൻ ഹാമാനെ ഉടൻ വരുത്തണമെന്ന് രാജാവ് കല്പിച്ചു. അങ്ങനെ രാജാവും ഹാമാനും എസ്ഥേർ ഒരുക്കിയ വിരുന്നിനു ചെന്നു. അവർ വീഞ്ഞു കുടിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവ് എസ്ഥേറിനോടു ചോദിച്ചു: “നിന്റെ അപേക്ഷ എന്തായാലും അതു സാധിച്ചു തരാം.” നിന്റെ ആഗ്രഹം എന്ത്? രാജ്യത്തിന്റെ പകുതി ആവശ്യപ്പെട്ടാലും തരാം. എസ്ഥേർ പറഞ്ഞു: “എന്റെ അപേക്ഷയും ആഗ്രഹവും ഇതാണ്. അങ്ങേക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ തിരുവുള്ളമുണ്ടായി, ഞാൻ നാളെ ഒരുക്കുന്ന വിരുന്നിനും അങ്ങും ഹാമാനും വരണം. എന്റെ അപേക്ഷ നാളെ അങ്ങയെ അറിയിക്കാം.”
എസ്ഥേർ 5:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മൂന്നാംദിവസം എസ്ഥേർ രാജവസ്ത്രം ധരിച്ചുകൊണ്ട് രാജധാനിയുടെ അകത്തെ പ്രാകാരത്തിൽ ചെന്നു രാജഗൃഹത്തിന്റെ നേരെ നിന്നു. രാജാവ് രാജധാനിയിൽ രാജഗൃഹത്തിന്റെ വാതിലിന് നേരെ തന്റെ സിംഹാസനത്തിൽ ഇരിക്കുകയായിരുന്നു. എസ്ഥേർരാജ്ഞി പ്രാകാരത്തിൽ നില്ക്കുന്നത് രാജാവ് കണ്ടപ്പോൾ അവന് അവളോട് കൃപ തോന്നി തന്‍റെ കയ്യിൽ ഇരുന്ന പൊൻചെങ്കോൽ രാജാവ് എസ്ഥേറിന്‍റെ നേരെ നീട്ടി. എസ്ഥേർ അടുത്തുചെന്ന് ചെങ്കോലിന്റെ അഗ്രം തൊട്ടു. രാജാവു അവളോട്: “എസ്ഥേർ രാജ്ഞിയേ, എന്ത് വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തിൽ പകുതി വേണമെങ്കിലും നിനക്ക് തരാം” എന്ന് പറഞ്ഞു. അതിന് എസ്ഥേർ: “രാജാവിന് തിരുവുള്ളം ഉണ്ടായിട്ട് ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിന് രാജാവും ഹാമാനും ഇന്നു വരേണം” എന്ന് അപേക്ഷിച്ചു. “എസ്ഥേർ പറഞ്ഞതുപോലെ ചെയ്യുവാൻ ഹാമാനെ വേഗം വരുത്തുവിൻ” എന്ന് രാജാവ് കല്പിച്ചു; അങ്ങനെ രാജാവും ഹാമാനും എസ്ഥേർ ഒരുക്കിയ വിരുന്നിന് ചെന്നു. വീഞ്ഞുവിരുന്നിൽ രാജാവ് എസ്ഥേറിനോട്: “നിന്റെ അപേക്ഷ എന്ത്? അത് നിനക്ക് ലഭിക്കും. നിന്റെ ആഗ്രഹവും എന്ത്? രാജ്യത്തിൽ പകുതി ആണെങ്കിലും അത് നിവർത്തിച്ചുതരാം” എന്ന് പറഞ്ഞു. അതിന് എസ്ഥേർ: “എന്റെ അപേക്ഷയും ആഗ്രഹവും ഇതാകുന്നു. രാജാവിന് എന്നോട് കൃപയുണ്ടെങ്കിൽ എന്റെ അപേക്ഷ നല്കുവാനും എന്റെ ആഗ്രഹം സാധിച്ചുതരുവാനും രാജാവിന് തിരുവുള്ളം ഉണ്ടെങ്കിൽ രാജാവും ഹാമാനും ഞാൻ നാളെ ഒരുക്കുന്ന വിരുന്നിന് വരേണം. ആ സമയത്ത് എന്‍റെ ആഗ്രഹം ഞാന്‍ അങ്ങയോടു അറിയിച്ചു കൊള്ളാം” എന്ന് പറഞ്ഞു.
എസ്ഥേർ 5:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മൂന്നാം ദിവസം എസ്ഥേർ രാജവസ്ത്രം ധരിച്ചുംകൊണ്ടു രാജധാനിയുടെ അകത്തെ പ്രാകാരത്തിൽ ചെന്നു രാജഗൃഹത്തിന്റെ നേരെ നിന്നു; രാജാവു രാജധാനിയിൽ രാജഗൃഹത്തിന്റെ വാതിലിന്നു നേരെ തന്റെ സിംഹാസനത്തിൽ ഇരിക്കയായിരുന്നു. എസ്ഥേർരാജ്ഞി പ്രാകാരത്തിൽ നില്ക്കുന്നതു രാജാവു കണ്ടപ്പോൾ അവന്നു അവളോടു കൃപതോന്നി തന്റെ കയ്യിൽ ഇരുന്ന പൊൻചെങ്കോൽ രാജാവു എസ്ഥേരിന്റെ നേരെ നീട്ടി; എസ്ഥേർ അടുത്തുചെന്നു ചെങ്കോലിന്റെ അഗ്രം തൊട്ടു. രാജാവു അവളോടു: എസ്ഥേർരാജ്ഞിയേ, എന്തു വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തിൽ പാതിയോളമായാലും നിനക്കു തരാം എന്നു പറഞ്ഞു. അതിന്നു എസ്ഥേർ: രാജാവിന്നു തിരുവുള്ളം ഉണ്ടായിട്ടു ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിന്നു രാജാവും ഹാമാനും ഇന്നു വരേണം എന്നു അപേക്ഷിച്ചു. എസ്ഥേർ പറഞ്ഞതുപോലെ ചെയ്വാൻ ഹാമാനെ വേഗം വരുത്തുവിൻ എന്നു രാജാവു കല്പിച്ചു; അങ്ങനെ രാജാവും ഹാമാനും എസ്ഥേർ ഒരുക്കിയ വിരുന്നിന്നു ചെന്നു. വീഞ്ഞുവിരുന്നിൽ രാജാവു എസ്ഥേരിനോടു: നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹവും എന്തു? രാജ്യത്തിൽ പാതിയോളമായാലും അതു നിവർത്തിച്ചുതരാം എന്നു പറഞ്ഞു. അതിന്നു എസ്ഥേർ: എന്റെ അപേക്ഷയും ആഗ്രഹവും ഇതാകുന്നു: രാജാവിന്നു എന്നോടു കൃപയുണ്ടെങ്കിൽ എന്റെ അപേക്ഷ നല്കുവാനും എന്റെ ആഗ്രഹം നിവർത്തിപ്പാനും രാജാവിന്നു തിരുവുള്ളം ഉണ്ടെങ്കിൽ രാജാവും ഹാമാനും ഞാൻ ഇനിയും ഒരുക്കുന്ന വിരുന്നിന്നു വരേണം; നാളെ ഞാൻ രാജാവു കല്പിച്ചതുപോലെ ചെയ്തുകൊള്ളാം എന്നു പറഞ്ഞു.
എസ്ഥേർ 5:1-8 സമകാലിക മലയാളവിവർത്തനം (MCV)
മൂന്നാംദിവസം എസ്ഥേർ രാജവസ്ത്രങ്ങൾ അണിഞ്ഞ് കൊട്ടാരത്തിന്റെ അകത്തെ അങ്കണത്തിൽ രാജഗൃഹത്തിന്റെ വാതിൽക്കൽ നിന്നു. രാജാവ് രാജധാനിയിൽ രാജഗൃഹത്തിന്റെ വാതിലിന് അഭിമുഖമായി സിംഹാസനത്തിൽ ഇരിക്കുകയായിരുന്നു. എസ്ഥേർരാജ്ഞി അങ്കണത്തിൽ നിൽക്കുന്നതു കണ്ടിട്ട് അവളോട് കൃപതോന്നി തന്റെ തങ്കച്ചെങ്കോൽ അവളുടെനേരേ നീട്ടി. എസ്ഥേർ അടുത്തുചെന്ന് ചെങ്കോലിന്റെ അഗ്രം തൊട്ടു. രാജാവ് അവളോടു ചോദിച്ചു: “എസ്ഥേർരാജ്ഞീ, എന്താണു കാര്യം? എന്താണു നിന്റെ യാചന? രാജ്യത്തിന്റെ പകുതിയാണെങ്കിൽപോലും ഞാൻ നിനക്കു നൽകാം.” എസ്ഥേർ മറുപടി പറഞ്ഞു: “തിരുഹിതമെങ്കിൽ, രാജാവിനുവേണ്ടി ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിന് ഇന്ന് അങ്ങു ഹാമാനോടൊപ്പം വരണം.” അപ്പോൾ രാജാവ്, “എസ്ഥേർ പറഞ്ഞതുപോലെ ചെയ്യുന്നതിനായി ഹാമാനെ ഉടൻതന്നെ വരുത്താൻ” കൽപ്പിച്ചു. അങ്ങനെ രാജാവും ഹാമാനും എസ്ഥേർ ഒരുക്കിയ വിരുന്നിൽ പങ്കെടുത്തു. അവർ വീഞ്ഞുകുടിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവ് വീണ്ടും എസ്ഥേരിനോട്: “എന്താണു നിന്റെ അപേക്ഷ? അത് നിനക്കു നൽകും. എന്താണു നിന്റെ യാചന? രാജ്യത്തിന്റെ പകുതിയോളമായാൽപോലും നിനക്കു ലഭിക്കും” എന്നു പറഞ്ഞു. എസ്ഥേർ മറുപടി പറഞ്ഞു: “എന്റെ അപേക്ഷയും യാചനയും ഇതാണ്: രാജാവിന് എന്നോട് പ്രീതിയുണ്ടെങ്കിൽ, എന്റെ അപേക്ഷയും അഭ്യർഥനയും സാധിച്ചുതരാൻ തിരുവുള്ളം ഉണ്ടെങ്കിൽ, രാജാവും ഹാമാനും ഞാൻ ഒരുക്കുന്ന വിരുന്നിനു നാളെയുംവരണം. അപ്പോൾ ഞാൻ രാജാവ് കൽപ്പിച്ചതിനു മറുപടി നൽകാം” എന്നു പറഞ്ഞു.