എസ്ഥേർ 4:5-8
എസ്ഥേർ 4:5-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ എസ്ഥേർ തന്റെ ശുശ്രൂഷയ്ക്ക് രാജാവ് ആക്കിയിരുന്ന ഷണ്ഡന്മാരിൽ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അത് എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയേണ്ടതിന് മൊർദ്ദെഖായിയുടെ അടുക്കൽ പോയിവരുവാൻ അവനു കല്പന കൊടുത്തു. അങ്ങനെ ഹഥാക്ക് രാജാവിന്റെ പടിവാതിലിനു മുമ്പിൽ പട്ടണത്തിന്റെ വിശാലസ്ഥലത്തു മൊർദ്ദെഖായിയുടെ അടുക്കൽ ചെന്നു. മൊർദ്ദെഖായി തനിക്കു സംഭവിച്ചതൊക്കെയും യെഹൂദന്മാരെ നശിപ്പിക്കത്തക്കവണ്ണം ഹാമാൻ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനംചെയ്ത ദ്രവ്യസംഖ്യയും അവനോട് അറിയിച്ചു. അവരെ നശിപ്പിക്കേണ്ടതിനു ശൂശനിൽ പരസ്യമാക്കിയിരുന്ന തീർപ്പിന്റെ പകർപ്പ് അവൻ അവന്റെ കൈയിൽ കൊടുത്ത് ഇത് എസ്ഥേറിനെ കാണിച്ചു വിവരം അറിയിപ്പാനും അവൾ രാജസന്നിധിയിൽ ചെന്ന് തന്റെ ജനത്തിനുവേണ്ടി അപേക്ഷയും യാചനയും കഴിക്കേണ്ടതിന് അവളോട് ആജ്ഞാപിപ്പാനും പറഞ്ഞു.
എസ്ഥേർ 4:5-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തന്നെ ശുശ്രൂഷിക്കാൻ രാജാവ് നിയോഗിച്ചിരുന്ന ഷണ്ഡന്മാരിൽ ഒരാളായ ഹഥാക്കിനെ എസ്ഥേർ വിളിച്ച് ഇതെല്ലാം എന്തിനെന്നും ഇതിനു കാരണം എന്തെന്നും മൊർദ്ദെഖായിയുടെ അടുക്കൽ അന്വേഷിച്ചു വരാൻ കല്പിച്ചു. അയാൾ കൊട്ടാരവാതിലിനു മുമ്പിൽ തുറസ്സായ സ്ഥലത്ത് ഇരുന്നിരുന്ന മൊർദ്ദെഖായിയുടെ അടുക്കൽ ചെന്നു. തനിക്കു സംഭവിച്ചതും യെഹൂദന്മാരെ നശിപ്പിക്കാൻ ഹാമാൻ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത പണം എത്രയെന്നതും മൊർദ്ദെഖായി അയാളോടു പറഞ്ഞു. അവരെ നശിപ്പിക്കുന്നതിനു ശൂശനിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിളംബരത്തിന്റെ പകർപ്പ് മൊർദ്ദെഖായി അയാളെ ഏല്പിച്ച്, അതു എസ്ഥേറിനെ കാണിച്ചു വിശദീകരിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. രാജസന്നിധിയിൽ ചെന്ന് തന്റെ ജനത്തിനുവേണ്ടി അപേക്ഷിക്കാൻ എസ്ഥേറിനെ പ്രേരിപ്പിക്കണമെന്നും നിർദ്ദേശിച്ചു.
എസ്ഥേർ 4:5-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ എസ്ഥേർ തന്റെ ശുശ്രൂഷയ്ക്ക് രാജാവ് നിയമിച്ചിരുന്ന ഷണ്ഡന്മാരിൽ ഒരുവനായ ഹഥാക്കിനെ വിളിച്ചു, ഈ സംഭവിച്ചതെല്ലാം എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയേണ്ടതിന് മൊർദ്ദെഖായിയിയുടെ അടുക്കൽ പോയിവരുവാൻ അവന് കല്പന കൊടുത്തു. അങ്ങനെ ഹഥാക്ക് രാജാവിന്‍റെ പടിവാതിലിന് മുമ്പിൽ പട്ടണത്തിന്‍റെ വിശാലസ്ഥലത്ത് മൊർദ്ദെഖായിയുടെ അടുക്കൽ ചെന്നു. മൊർദ്ദെഖായി തനിക്കു സംഭവിച്ചതും യെഹൂദന്മാരെ നശിപ്പിക്കുവാൻ ഹാമാൻ രാജഭണ്ഡാരത്തിലേക്ക് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത പണം എത്ര എന്നും അവനോട് അറിയിച്ചു. അവരെ നശിപ്പിക്കേണ്ടതിന് ശൂശനിൽ പരസ്യമാക്കിയിരുന്ന കല്പനയുടെ പകർപ്പ് മൊർദെഖായി അവന്‍റെ കയ്യിൽ കൊടുത്തു. ഇത് എസ്ഥേറിനെ കാണിച്ച് വിവരം അറിയിക്കുവാനും അവൾ രാജസന്നിധിയിൽ ചെന്നു തന്‍റെ ജനത്തിന് വേണ്ടി അപേക്ഷയും യാചനയും അർപ്പിക്കേണ്ടതിന് അവളോട് ആജ്ഞാപിക്കുവാനും പറഞ്ഞു.
എസ്ഥേർ 4:5-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ എസ്ഥേർ തന്റെ ശുശ്രൂഷെക്കു രാജാവു ആക്കിയിരുന്ന ഷണ്ഡന്മാരിൽ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അതു എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയേണ്ടതിന്നു മൊർദ്ദെഖായിയുടെ അടുക്കൽ പോയിവരുവാൻ അവന്നു കല്പന കൊടുത്തു. അങ്ങനെ ഹഥാക്ക് രാജാവിന്റെ പടിവാതിലിന്നു മുമ്പിൽ പട്ടണത്തിന്റെ വിശാലസ്ഥലത്തു മൊർദ്ദെഖായിയുടെ അടുക്കൽ ചെന്നു. മൊർദ്ദെഖായി തനിക്കു സംഭവിച്ചതൊക്കെയും യെഹൂദന്മാരെ നശിപ്പിക്കത്തക്കവണ്ണം ഹാമാൻ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത ദ്രവ്യസംഖ്യയും അവനോടു അറിയിച്ചു. അവരെ നശിപ്പിക്കേണ്ടതിന്നു ശൂശനിൽ പരസ്യമാക്കിയിരുന്ന തീർപ്പിന്റെ പകർപ്പ് അവൻ അവന്റെ കയ്യിൽ കൊടുത്തു ഇതു എസ്ഥേരിനെ കാണിച്ചു വിവരം അറിയിപ്പാനും അവൾ രാജസന്നിധിയിൽ ചെന്നു തന്റെ ജനത്തിന്നു വേണ്ടി അപേക്ഷയും യാചനയും കഴിക്കേണ്ടതിന്നു അവളോടു ആജ്ഞാപിപ്പാനും പറഞ്ഞു.
എസ്ഥേർ 4:5-8 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ എസ്ഥേർ, രാജാവിന്റെ ഷണ്ഡനും തന്നെ ശുശ്രൂഷിക്കാൻ നിയോഗിക്കപ്പെട്ടവനുമായ ഹഥാക്കിനെ വിളിപ്പിച്ച് മൊർദെഖായിയെ അലട്ടുന്ന സംഗതി എന്തെന്നും അദ്ദേഹം വിലപിക്കുന്നത് എന്തിനെന്നും കണ്ടുപിടിക്കാൻ കൽപ്പനകൊടുത്തു. ഹഥാക്ക് രാജകവാടത്തിൽ പട്ടണത്തിലെ വിശാലസ്ഥലത്ത് മൊർദെഖായിയുടെ അടുത്തെത്തി. മൊർദെഖായി തനിക്കു സംഭവിച്ച സകലതും യെഹൂദരെ നശിപ്പിക്കാൻ ഹാമാൻ രാജഭണ്ഡാരത്തിലേക്കു വാഗ്ദാനംചെയ്ത തുകയുടെ കാര്യവും അദ്ദേഹത്തെ അറിയിച്ചു. മൊർദെഖായി, യഹൂദരെ നശിപ്പിക്കുന്നതിനായി ശൂശനിൽ പ്രസിദ്ധപ്പെടുത്തിയ കൽപ്പനയുടെ പകർപ്പും ഹഥാക്കിന് കൊടുത്തു. തുടർന്നു മൊർദെഖായി എസ്ഥേരിനെ ഈ പകർപ്പു കാണിച്ച് കാര്യങ്ങൾ അവൾക്കു വിവരിച്ചു കൊടുക്കുകയും അവൾ രാജസന്നിധിയിൽ ചെന്ന് അവളുടെ ജനത്തിനുവേണ്ടി യാചിച്ച് അപേക്ഷിക്കുകയും ചെയ്യണമെന്നു പറഞ്ഞു.