എസ്ഥേർ 3:1-6
എസ്ഥേർ 3:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം അഹശ്വേരോശ്‍രാജാവ് ആഗാഗ്യനായ ഹമ്മെദാഥായുടെ മകൻ ഹാമാനു കയറ്റവും ഉന്നതപദവിയും കൊടുത്ത് അവന്റെ ഇരിപ്പിടം തന്നോടുകൂടെ ഇരിക്കുന്ന സകല പ്രഭുക്കന്മാരുടെയും ഇരിപ്പിടങ്ങൾക്കു മേലായി വച്ചു. രാജാവിന്റെ വാതിൽക്കലെ രാജഭൃത്യന്മാരൊക്കെയും ഹാമാനെ കുമ്പിട്ടു നമസ്കരിച്ചു; രാജാവ് അവനെ സംബന്ധിച്ച് അങ്ങനെ കല്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മൊർദ്ദെഖായി അവനെ കുമ്പിട്ടില്ല, നമസ്കരിച്ചതുമില്ല. അപ്പോൾ രാജാവിന്റെ വാതിൽക്കലെ രാജഭൃത്യന്മാർ മൊർദ്ദെഖായിയോട്: നീ രാജകല്പന ലംഘിക്കുന്നത് എന്ത് എന്നു ചോദിച്ചു. അവർ ഇങ്ങനെ ദിവസംപ്രതി അവനോട് പറഞ്ഞിട്ടും അവൻ അവരുടെ വാക്കു കേൾക്കാതിരുന്നതിനാൽ മൊർദ്ദെഖായിയുടെ പെരുമാറ്റം നിലനില്ക്കുമോ എന്നു കാണേണ്ടതിന് അവർ അതു ഹാമാനോട് അറിയിച്ചു; താൻ യെഹൂദൻ എന്ന് അവൻ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു. മൊർദ്ദെഖായി തന്നെ കുമ്പിട്ടു നമസ്കരിക്കുന്നില്ലെന്നു കണ്ടിട്ട് ഹാമാൻ കോപംകൊണ്ടു നിറഞ്ഞു. എന്നാൽ മൊർദ്ദെഖായിയെ മാത്രം കൈയേറ്റം ചെയ്യുന്നത് അവനു പുച്ഛകാര്യമായി തോന്നി; മൊർദ്ദെഖായിയുടെ ജാതി ഇന്നതെന്ന് അവന് അറിവു കിട്ടിയിട്ടുണ്ടായിരുന്നു; അതുകൊണ്ട് അഹശ്വേരോശിന്റെ രാജ്യത്തെല്ലാടവും ഉള്ള മൊർദ്ദെഖായിയുടെ ജാതിക്കാരായ യെഹൂദന്മാരെയൊക്കെയും നശിപ്പിക്കേണ്ടതിന് ഹാമാൻ തരം അന്വേഷിച്ചു.
എസ്ഥേർ 3:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇവയെല്ലാം കഴിഞ്ഞശേഷം അഹശ്വേരോശ്‍രാജാവ് ആഗാഗ്യനും ഹമ്മെദാഥായുടെ പുത്രനും ആയ ഹാമാന് സ്ഥാനക്കയറ്റവും ഉന്നതപദവിയും നല്‌കി; അങ്ങനെ സകല പ്രഭുക്കന്മാരെക്കാളും ഉയർന്ന സ്ഥാനം അയാൾക്കു ലഭിച്ചു. കൊട്ടാരത്തിലെ ഉദ്യോഗസ്ഥരെല്ലാം ഹാമാനെ കുമ്പിട്ടു വണങ്ങിവന്നു; അങ്ങനെ ചെയ്യണമെന്നു രാജകല്പന ഉണ്ടായിരുന്നു. എന്നാൽ മൊർദ്ദെഖായി അയാളെ കുമ്പിടുകയോ, വണങ്ങുകയോ ചെയ്തില്ല. “രാജകല്പന ലംഘിക്കുന്നതെന്ത്?” എന്നു കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാർ മൊർദ്ദെഖായിയോടു ചോദിച്ചു. ഇങ്ങനെ പല ദിവസം പറഞ്ഞിട്ടും അവരുടെ വാക്കു കേൾക്കായ്കയാൽ അവർ വിവരം ഹാമാനെ അറിയിച്ചു. മൊർദ്ദെഖായിയുടെ പെരുമാറ്റം ക്ഷമിക്കത്തക്കതാണോ എന്നറിയാനായിരുന്നു അവർ അങ്ങനെ ചെയ്തത്. കാരണം, താൻ ഒരു യെഹൂദനാണെന്നു അയാൾ അവരോടു പറഞ്ഞിരുന്നു. മൊർദ്ദെഖായി തന്നെ കുമ്പിട്ടു വണങ്ങുന്നില്ല എന്നറിഞ്ഞപ്പോൾ ഹാമാൻ കുപിതനായി. മൊർദ്ദെഖായി ഏതു വർഗത്തിൽപ്പെട്ടവനാണെന്ന് അവർ ഹാമാനോടു പറഞ്ഞിരുന്നു; മൊർദ്ദെഖായിയെ മാത്രം നശിപ്പിച്ചാൽ പോരെന്ന് അയാൾക്കു തോന്നി. അതിനാൽ അഹശ്വേരോശിന്റെ രാജ്യത്തെങ്ങുമുള്ള സകല യെഹൂദന്മാരെയും മൊർദ്ദെഖായിയോടൊപ്പം നശിപ്പിക്കാൻ ഹാമാൻ അവസരം പാർത്തു.
എസ്ഥേർ 3:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിനുശേഷം അഹശ്വേരോശ് രാജാവ് ആഗാഗ്യനായ ഹമ്മെദാഥായുടെ മകൻ ഹാമാന് സ്ഥാനക്കയറ്റവും ഉന്നതപദവിയും കൊടുത്ത്, അവന് തന്നോടുകൂടെ ഇരിക്കുന്ന സകലപ്രഭുക്കന്മാരെക്കാളും ഉയർന്ന സ്ഥാനം ലഭിച്ചു. രാജാവിന്‍റെ വാതില്‍ക്കലെ രാജഭൃത്യന്മാരൊക്കെയും ഹാമാനെ കുമ്പിട്ട് നമസ്കരിച്ചു. രാജാവ് അവനെ സംബന്ധിച്ച് അങ്ങനെ കല്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മൊർദ്ദെഖായി അവനെ കുമ്പിട്ടില്ല, നമസ്കരിച്ചതുമില്ല. അപ്പോൾ രാജാവിന്റെ വാതില്ക്കലെ രാജഭൃത്യന്മാർ മൊർദ്ദെഖായിയോട് “നീ രാജകല്പന ലംഘിക്കുന്നത് എന്ത്?” എന്ന് ചോദിച്ചു. അവർ ഇങ്ങനെ ദിവസംപ്രതി മൊർദ്ദെഖായിയോട് പറഞ്ഞിട്ടും അവൻ അവരുടെ വാക്ക് കേൾക്കാതിരുന്നതിനാൽ മൊർദ്ദെഖായിയുടെ പെരുമാറ്റം ഇതുപോലെ തുടരുമോ എന്ന് അറിയേണ്ടതിന് അവർ അത് ഹാമാനോട് അറിയിച്ചു. താൻ യെഹൂദൻ എന്ന് മൊർദ്ദെഖായി അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു. മൊർദ്ദെഖായി തന്നെ കുമ്പിട്ട് നമസ്കരിക്കുന്നില്ലെന്ന് കണ്ടിട്ട് ഹാമാൻ കോപംകൊണ്ട് നിറഞ്ഞു. എന്നാൽ മൊർദ്ദെഖായിയെ മാത്രം കയ്യേറ്റം ചെയ്യുന്നത് അവന് പുച്ഛമായി തോന്നി. മൊർദ്ദെഖായിയുടെ ജാതി ഏതെന്ന് അവന് അറിവ് കിട്ടീട്ടുണ്ടായിരുന്നു. അതുകൊണ്ട് അഹശ്വേരോശിന്‍റെ രാജ്യത്തെല്ലാടവുമുള്ള, മൊർദ്ദെഖായിയുടെ ജാതിക്കാരായ യെഹൂദന്മാരെയൊക്കെയും നശിപ്പിക്കേണ്ടതിന് ഹാമാൻ അവസരം അന്വേഷിച്ചു.
എസ്ഥേർ 3:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം അഹശ്വേരോശ്‌രാജാവു ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാന്നു കയറ്റവും ഉന്നതപദവിയും കൊടുത്തു അവന്റെ ഇരിപ്പിടം തന്നോടുകൂടെ ഇരിക്കുന്ന സകലപ്രഭുക്കന്മാരുടെയും ഇരിപ്പിടങ്ങൾക്കു മേലായി വെച്ചു. രാജാവിന്റെ വാതില്ക്കലെ രാജഭൃത്യന്മാർ ഒക്കെയും ഹാമാനെ കുമ്പിട്ടു നമസ്കരിച്ചു; രാജാവു അവനെ സംബന്ധിച്ചു അങ്ങനെ കല്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മൊർദ്ദെഖായി അവനെ കുമ്പിട്ടില്ല, നമസ്കരിച്ചതുമില്ല. അപ്പോൾ രാജാവിന്റെ വാതില്ക്കലെ രാജഭൃത്യന്മാർ മൊർദ്ദെഖായിയോടു: നീ രാജകല്പന ലംഘിക്കുന്നതു എന്തു എന്നു ചോദിച്ചു. അവർ ഇങ്ങനെ ദിവസംപ്രതി അവനോടു പറഞ്ഞിട്ടും അവൻ അവരുടെ വാക്കു കേൾക്കാതിരുന്നതിനാൽ മൊർദ്ദെഖായിയുടെ പെരുമാറ്റം നിലനില്ക്കുമോ എന്നു കാണേണ്ടതിന്നു അവർ അതു ഹാമാനോടു അറിയിച്ചു; താൻ യെഹൂദൻ എന്നു അവൻ അവരോടു പറഞ്ഞിട്ടുണ്ടായിരുന്നു. മൊർദ്ദെഖായി തന്നേ കുമ്പിട്ടു നമസ്കരിക്കുന്നില്ലെന്നു കണ്ടിട്ടു ഹാമാൻ കോപംകൊണ്ടു നിറഞ്ഞു. എന്നാൽ മൊർദ്ദെഖായിയെ മാത്രം കയ്യേറ്റം ചെയ്യുന്നതു അവന്നു പുച്ഛകാര്യമായി തോന്നി; മൊർദ്ദെഖായിയുടെ ജാതി ഇന്നതെന്നു അവന്നു അറിവു കിട്ടീട്ടുണ്ടായിരുന്നു; അതുകൊണ്ടു അഹശ്വേരോശിന്റെ രാജ്യത്തെല്ലാടവും ഉള്ള മൊർദ്ദെഖായിയുടെ ജാതിക്കാരായ യെഹൂദന്മാരെയൊക്കെയും നശിപ്പിക്കേണ്ടതിന്നു ഹാമാൻ തരം അന്വേഷിച്ചു.
എസ്ഥേർ 3:1-6 സമകാലിക മലയാളവിവർത്തനം (MCV)
ഈ സംഭവങ്ങൾക്കുശേഷം അഹശ്വേരോശ് രാജാവ് ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാനെ മറ്റ് എല്ലാ പ്രഭുക്കന്മാരിൽനിന്നും ഉയർന്ന സ്ഥാനം നൽകി ആദരിച്ചു. രാജകവാടത്തിലുള്ള രാജാവിന്റെ എല്ലാ ഉദ്യോഗസ്ഥരും രാജകൽപ്പനപ്രകാരം ഹാമാനെ വണങ്ങി നമസ്കരിച്ചുവന്നു. എന്നാൽ മൊർദെഖായി അദ്ദേഹത്തെ വണങ്ങുകയോ നമസ്കരിക്കുകയോ ചെയ്തില്ല. അപ്പോൾ രാജകവാടത്തിലുള്ള രാജാവിന്റെ ഉദ്യോഗസ്ഥന്മാർ മൊർദെഖായിയോട്, “നീ രാജകൽപ്പന അനുസരിക്കാത്തതെന്ത്?” എന്നു ചോദിച്ചു. ദിനംപ്രതി അവർ ഇതേപ്പറ്റി സംസാരിച്ചെങ്കിലും അദ്ദേഹം അപ്രകാരം ചെയ്യുന്നതിനു വിസമ്മതിച്ചു. അതിനാൽ മൊർദെഖായിയുടെ പ്രവൃത്തി അനുവദനീയമോ എന്ന് അവർ ഹാമാനോടു ചോദിച്ചു. കാരണം, താൻ ഒരു യെഹൂദനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മൊർദെഖായി തന്നെ വണങ്ങുകയോ ആദരിക്കുകയോ ചെയ്യുന്നില്ലെന്നു കണ്ടിട്ട് ഹാമാൻ കോപാകുലനായി. എങ്കിലും മൊർദെഖായിയുടെ ജനം ഏതെന്ന് മനസ്സിലാക്കിയപ്പോൾ, മൊർദെഖായിയെമാത്രം കൊല്ലുന്നതിനെ അദ്ദേഹം പുച്ഛിച്ചു. പകരം, അഹശ്വേരോശ് രാജാവിന്റെ രാജ്യത്താകമാനമുള്ളവരും മൊർദെഖായിയുടെ ജനവുമായ എല്ലാ യെഹൂദരെയും വധിക്കുന്നതിനുള്ള മാർഗം ഹാമാൻ അന്വേഷിച്ചു.