എസ്ഥേർ 3:1-11
എസ്ഥേർ 3:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം അഹശ്വേരോശ്‍രാജാവ് ആഗാഗ്യനായ ഹമ്മെദാഥായുടെ മകൻ ഹാമാനു കയറ്റവും ഉന്നതപദവിയും കൊടുത്ത് അവന്റെ ഇരിപ്പിടം തന്നോടുകൂടെ ഇരിക്കുന്ന സകല പ്രഭുക്കന്മാരുടെയും ഇരിപ്പിടങ്ങൾക്കു മേലായി വച്ചു. രാജാവിന്റെ വാതിൽക്കലെ രാജഭൃത്യന്മാരൊക്കെയും ഹാമാനെ കുമ്പിട്ടു നമസ്കരിച്ചു; രാജാവ് അവനെ സംബന്ധിച്ച് അങ്ങനെ കല്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മൊർദ്ദെഖായി അവനെ കുമ്പിട്ടില്ല, നമസ്കരിച്ചതുമില്ല. അപ്പോൾ രാജാവിന്റെ വാതിൽക്കലെ രാജഭൃത്യന്മാർ മൊർദ്ദെഖായിയോട്: നീ രാജകല്പന ലംഘിക്കുന്നത് എന്ത് എന്നു ചോദിച്ചു. അവർ ഇങ്ങനെ ദിവസംപ്രതി അവനോട് പറഞ്ഞിട്ടും അവൻ അവരുടെ വാക്കു കേൾക്കാതിരുന്നതിനാൽ മൊർദ്ദെഖായിയുടെ പെരുമാറ്റം നിലനില്ക്കുമോ എന്നു കാണേണ്ടതിന് അവർ അതു ഹാമാനോട് അറിയിച്ചു; താൻ യെഹൂദൻ എന്ന് അവൻ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു. മൊർദ്ദെഖായി തന്നെ കുമ്പിട്ടു നമസ്കരിക്കുന്നില്ലെന്നു കണ്ടിട്ട് ഹാമാൻ കോപംകൊണ്ടു നിറഞ്ഞു. എന്നാൽ മൊർദ്ദെഖായിയെ മാത്രം കൈയേറ്റം ചെയ്യുന്നത് അവനു പുച്ഛകാര്യമായി തോന്നി; മൊർദ്ദെഖായിയുടെ ജാതി ഇന്നതെന്ന് അവന് അറിവു കിട്ടിയിട്ടുണ്ടായിരുന്നു; അതുകൊണ്ട് അഹശ്വേരോശിന്റെ രാജ്യത്തെല്ലാടവും ഉള്ള മൊർദ്ദെഖായിയുടെ ജാതിക്കാരായ യെഹൂദന്മാരെയൊക്കെയും നശിപ്പിക്കേണ്ടതിന് ഹാമാൻ തരം അന്വേഷിച്ചു. അഹശ്വേരോശ്രാജാവിന്റെ പന്ത്രണ്ടാം ആണ്ടിൽ നീസാൻമാസമായ ഒന്നാം മാസത്തിൽ അവർ ആദാർ എന്ന പന്ത്രണ്ടാം മാസംവരെയുള്ള ഓരോ ദിവസത്തെയും ഓരോ മാസത്തെയും കുറിച്ച് ഹാമാന്റെ മുമ്പിൽവച്ച് പൂര് എന്ന ചീട്ടിട്ടു നോക്കി. പിന്നെ ഹാമാൻ അഹശ്വേരോശ് രാജാവിനോട്: നിന്റെ രാജ്യത്തിലെ സകല സംസ്ഥാനങ്ങളിലുമുള്ള ജാതികളുടെ ഇടയിൽ ഒരു ജാതി ചിന്നിച്ചിതറിക്കിടക്കുന്നു; അവരുടെ ന്യായപ്രമാണങ്ങൾ മറ്റുള്ള സകല ജാതികളുടേതിനോടും വ്യത്യാസപ്പെട്ടിരിക്കുന്നു; അവർ രാജാവിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതുമില്ല; അതുകൊണ്ട് അവരെ അങ്ങനെ വിടുന്നതു രാജാവിന് യോഗ്യമല്ല. രാജാവിനു സമ്മതമുണ്ടെങ്കിൽ അവരെ നശിപ്പിക്കേണ്ടതിനു സന്ദേശം എഴുതി അയയ്ക്കേണം; എന്നാൽ ഞാൻ കാര്യവിചാരകന്മാരുടെ കൈയിൽ പതിനായിരം താലന്ത് വെള്ളി രാജാവിന്റെ ഭണ്ഡാരത്തിലേക്കു കൊടുത്തയയ്ക്കാം എന്നു പറഞ്ഞു. അപ്പോൾ രാജാവ് തന്റെ മോതിരം കൈയിൽനിന്നും ഊരി ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി യെഹൂദന്മാരുടെ ശത്രുവായ ഹാമാന് കൊടുത്തു. രാജാവ് ഹാമാനോട്: ഞാൻ ആ വെള്ളിയെയും ആ ജാതിയെയും നിനക്കു ദാനം ചെയ്യുന്നു; ഇഷ്ടംപോലെ ചെയ്തുകൊൾക എന്നു പറഞ്ഞു.
എസ്ഥേർ 3:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇവയെല്ലാം കഴിഞ്ഞശേഷം അഹശ്വേരോശ്‍രാജാവ് ആഗാഗ്യനും ഹമ്മെദാഥായുടെ പുത്രനും ആയ ഹാമാന് സ്ഥാനക്കയറ്റവും ഉന്നതപദവിയും നല്‌കി; അങ്ങനെ സകല പ്രഭുക്കന്മാരെക്കാളും ഉയർന്ന സ്ഥാനം അയാൾക്കു ലഭിച്ചു. കൊട്ടാരത്തിലെ ഉദ്യോഗസ്ഥരെല്ലാം ഹാമാനെ കുമ്പിട്ടു വണങ്ങിവന്നു; അങ്ങനെ ചെയ്യണമെന്നു രാജകല്പന ഉണ്ടായിരുന്നു. എന്നാൽ മൊർദ്ദെഖായി അയാളെ കുമ്പിടുകയോ, വണങ്ങുകയോ ചെയ്തില്ല. “രാജകല്പന ലംഘിക്കുന്നതെന്ത്?” എന്നു കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാർ മൊർദ്ദെഖായിയോടു ചോദിച്ചു. ഇങ്ങനെ പല ദിവസം പറഞ്ഞിട്ടും അവരുടെ വാക്കു കേൾക്കായ്കയാൽ അവർ വിവരം ഹാമാനെ അറിയിച്ചു. മൊർദ്ദെഖായിയുടെ പെരുമാറ്റം ക്ഷമിക്കത്തക്കതാണോ എന്നറിയാനായിരുന്നു അവർ അങ്ങനെ ചെയ്തത്. കാരണം, താൻ ഒരു യെഹൂദനാണെന്നു അയാൾ അവരോടു പറഞ്ഞിരുന്നു. മൊർദ്ദെഖായി തന്നെ കുമ്പിട്ടു വണങ്ങുന്നില്ല എന്നറിഞ്ഞപ്പോൾ ഹാമാൻ കുപിതനായി. മൊർദ്ദെഖായി ഏതു വർഗത്തിൽപ്പെട്ടവനാണെന്ന് അവർ ഹാമാനോടു പറഞ്ഞിരുന്നു; മൊർദ്ദെഖായിയെ മാത്രം നശിപ്പിച്ചാൽ പോരെന്ന് അയാൾക്കു തോന്നി. അതിനാൽ അഹശ്വേരോശിന്റെ രാജ്യത്തെങ്ങുമുള്ള സകല യെഹൂദന്മാരെയും മൊർദ്ദെഖായിയോടൊപ്പം നശിപ്പിക്കാൻ ഹാമാൻ അവസരം പാർത്തു. അഹശ്വേരോശ്‍രാജാവിന്റെ വാഴ്ചയുടെ പന്ത്രണ്ടാം വർഷം ആദ്യമാസമായ നീസാം മാസം മുതൽ പന്ത്രണ്ടാം മാസമായ ആദാർവരെ എല്ലാ ദിവസവും ഹാമാന്റെ മുമ്പിൽവച്ച് പൂര് അതായത് ‘കുറി’ ഇട്ടുനോക്കി. പിന്നീട് ഹാമാൻ അഹശ്വേരോശ്‍രാജാവിനോട് പറഞ്ഞു: “അങ്ങയുടെ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലുമുള്ള ജനങ്ങളുടെ ഇടയിൽ ഒരു പ്രത്യേക ജനത ചിന്നിച്ചിതറി കിടക്കുന്നു; അവരുടെ നിയമങ്ങൾ മറ്റുള്ള ജനതകളുടേതിൽനിന്നും വ്യത്യസ്തമാണ്; അവർ രാജാവിന്റെ നിയമങ്ങൾ പാലിക്കുന്നില്ല. അവരെ അങ്ങനെ വിടുന്നതു രാജാവിന് നന്നല്ല. രാജാവിന് സമ്മതമെങ്കിൽ അവരെ നശിപ്പിക്കാൻ കല്പന പുറപ്പെടുവിച്ചാലും. ഈ കല്പന നിറവേറ്റാൻ ഞാൻ പതിനായിരം താലന്ത് വെള്ളി രാജഭണ്ഡാരത്തിൽ നിക്ഷേപിക്കാൻ കാര്യവിചാരകന്മാരെ ഏല്പിക്കാം.” അപ്പോൾ രാജാവ് തന്റെ മുദ്രമോതിരം ഊരി ആഗാഗ്യനായ ഹമ്മെദാഥായുടെ പുത്രനും യെഹൂദന്മാരുടെ ശത്രുവുമായ ഹാമാനെ ഏല്പിച്ചു. പിന്നീട് ഹാമാനോടു പറഞ്ഞു: “ആ വെള്ളി നിന്റെ കൈയിൽത്തന്നെ ഇരിക്കട്ടെ. നിന്റെ ഇഷ്ടംപോലെ ആ ജനതയോടു പ്രവർത്തിച്ചുകൊള്ളുക.”
എസ്ഥേർ 3:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിനുശേഷം അഹശ്വേരോശ് രാജാവ് ആഗാഗ്യനായ ഹമ്മെദാഥായുടെ മകൻ ഹാമാന് സ്ഥാനക്കയറ്റവും ഉന്നതപദവിയും കൊടുത്ത്, അവന് തന്നോടുകൂടെ ഇരിക്കുന്ന സകലപ്രഭുക്കന്മാരെക്കാളും ഉയർന്ന സ്ഥാനം ലഭിച്ചു. രാജാവിന്‍റെ വാതില്‍ക്കലെ രാജഭൃത്യന്മാരൊക്കെയും ഹാമാനെ കുമ്പിട്ട് നമസ്കരിച്ചു. രാജാവ് അവനെ സംബന്ധിച്ച് അങ്ങനെ കല്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മൊർദ്ദെഖായി അവനെ കുമ്പിട്ടില്ല, നമസ്കരിച്ചതുമില്ല. അപ്പോൾ രാജാവിന്റെ വാതില്ക്കലെ രാജഭൃത്യന്മാർ മൊർദ്ദെഖായിയോട് “നീ രാജകല്പന ലംഘിക്കുന്നത് എന്ത്?” എന്ന് ചോദിച്ചു. അവർ ഇങ്ങനെ ദിവസംപ്രതി മൊർദ്ദെഖായിയോട് പറഞ്ഞിട്ടും അവൻ അവരുടെ വാക്ക് കേൾക്കാതിരുന്നതിനാൽ മൊർദ്ദെഖായിയുടെ പെരുമാറ്റം ഇതുപോലെ തുടരുമോ എന്ന് അറിയേണ്ടതിന് അവർ അത് ഹാമാനോട് അറിയിച്ചു. താൻ യെഹൂദൻ എന്ന് മൊർദ്ദെഖായി അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു. മൊർദ്ദെഖായി തന്നെ കുമ്പിട്ട് നമസ്കരിക്കുന്നില്ലെന്ന് കണ്ടിട്ട് ഹാമാൻ കോപംകൊണ്ട് നിറഞ്ഞു. എന്നാൽ മൊർദ്ദെഖായിയെ മാത്രം കയ്യേറ്റം ചെയ്യുന്നത് അവന് പുച്ഛമായി തോന്നി. മൊർദ്ദെഖായിയുടെ ജാതി ഏതെന്ന് അവന് അറിവ് കിട്ടീട്ടുണ്ടായിരുന്നു. അതുകൊണ്ട് അഹശ്വേരോശിന്‍റെ രാജ്യത്തെല്ലാടവുമുള്ള, മൊർദ്ദെഖായിയുടെ ജാതിക്കാരായ യെഹൂദന്മാരെയൊക്കെയും നശിപ്പിക്കേണ്ടതിന് ഹാമാൻ അവസരം അന്വേഷിച്ചു. അഹശ്വേരോശ്‌രാജാവിന്‍റെ വാഴ്ചയുടെ പന്ത്രണ്ടാം വർഷത്തിൽ നീസാൻ മാസമായ ഒന്നാം മാസംമുതൽ ആദാർ എന്ന പന്ത്രണ്ടാം മാസംവരെയുള്ള ഓരോ ദിവസത്തെയും ഓരോ മാസത്തെയും കുറിച്ച് ഹാമാന്റെ മുമ്പിൽവച്ച് പൂര് എന്ന ചീട്ട് ഇട്ടുനോക്കി. പിന്നെ ഹാമാൻ അഹശ്വേരോശ്‌രാജാവിനോട്: “അങ്ങേയുടെ രാജ്യത്തിലെ സകല സംസ്ഥാനങ്ങളിലുമുള്ള ജനതകളുടെ ഇടയിൽ ഒരു ജനത ചിന്നിച്ചിതറിക്കിടക്കുന്നു. അവരുടെ ന്യായപ്രമാണങ്ങൾ മറ്റുള്ള ജനതകളുടേതിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. അവർ രാജാവിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതുമില്ല. അതുകൊണ്ട് അവരെ അങ്ങനെ വിടുന്നത് രാജാവിന് യോഗ്യമല്ല. രാജാവിന് സമ്മതമുണ്ടെങ്കിൽ അവരെ നശിപ്പിക്കേണ്ടതിന് സന്ദേശം എഴുതി അയക്കേണം. എന്നാൽ ഞാൻ കാര്യവിചാരകന്മാരുടെ കയ്യിൽ പതിനായിരം (10,000) താലന്തു വെള്ളി രാജാവിന്‍റെ ഭണ്ഡാരത്തിലേക്ക് കൊടുത്തയയ്ക്കാം” എന്ന് പറഞ്ഞു. അപ്പോൾ രാജാവ് തന്റെ മോതിരം കയ്യിൽനിന്ന് ഊരി ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി യെഹൂദന്മാരുടെ ശത്രുവായ ഹാമാന് കൊടുത്തു. രാജാവ് ഹാമാനോട്: “ഞാൻ ആ വെള്ളിയെയും ആ ജാതിയെയും നിനക്ക് ദാനം ചെയ്യുന്നു; ഇഷ്ടംപോലെ ചെയ്തുകൊൾക” എന്ന് പറഞ്ഞു.
എസ്ഥേർ 3:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം അഹശ്വേരോശ്‌രാജാവു ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാന്നു കയറ്റവും ഉന്നതപദവിയും കൊടുത്തു അവന്റെ ഇരിപ്പിടം തന്നോടുകൂടെ ഇരിക്കുന്ന സകലപ്രഭുക്കന്മാരുടെയും ഇരിപ്പിടങ്ങൾക്കു മേലായി വെച്ചു. രാജാവിന്റെ വാതില്ക്കലെ രാജഭൃത്യന്മാർ ഒക്കെയും ഹാമാനെ കുമ്പിട്ടു നമസ്കരിച്ചു; രാജാവു അവനെ സംബന്ധിച്ചു അങ്ങനെ കല്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മൊർദ്ദെഖായി അവനെ കുമ്പിട്ടില്ല, നമസ്കരിച്ചതുമില്ല. അപ്പോൾ രാജാവിന്റെ വാതില്ക്കലെ രാജഭൃത്യന്മാർ മൊർദ്ദെഖായിയോടു: നീ രാജകല്പന ലംഘിക്കുന്നതു എന്തു എന്നു ചോദിച്ചു. അവർ ഇങ്ങനെ ദിവസംപ്രതി അവനോടു പറഞ്ഞിട്ടും അവൻ അവരുടെ വാക്കു കേൾക്കാതിരുന്നതിനാൽ മൊർദ്ദെഖായിയുടെ പെരുമാറ്റം നിലനില്ക്കുമോ എന്നു കാണേണ്ടതിന്നു അവർ അതു ഹാമാനോടു അറിയിച്ചു; താൻ യെഹൂദൻ എന്നു അവൻ അവരോടു പറഞ്ഞിട്ടുണ്ടായിരുന്നു. മൊർദ്ദെഖായി തന്നേ കുമ്പിട്ടു നമസ്കരിക്കുന്നില്ലെന്നു കണ്ടിട്ടു ഹാമാൻ കോപംകൊണ്ടു നിറഞ്ഞു. എന്നാൽ മൊർദ്ദെഖായിയെ മാത്രം കയ്യേറ്റം ചെയ്യുന്നതു അവന്നു പുച്ഛകാര്യമായി തോന്നി; മൊർദ്ദെഖായിയുടെ ജാതി ഇന്നതെന്നു അവന്നു അറിവു കിട്ടീട്ടുണ്ടായിരുന്നു; അതുകൊണ്ടു അഹശ്വേരോശിന്റെ രാജ്യത്തെല്ലാടവും ഉള്ള മൊർദ്ദെഖായിയുടെ ജാതിക്കാരായ യെഹൂദന്മാരെയൊക്കെയും നശിപ്പിക്കേണ്ടതിന്നു ഹാമാൻ തരം അന്വേഷിച്ചു. അഹശ്വേരോശ്രാജാവിന്റെ പന്ത്രണ്ടാം ആണ്ടിൽ നീസാൻമാസമായ ഒന്നാം മാസത്തിൽ അവർ ആദാർ എന്ന പന്ത്രണ്ടാം മാസംവരെയുള്ള ഓരോ ദിവസത്തെയും ഓരോ മാസത്തെയും കുറിച്ചു ഹാമാന്റെ മുമ്പിൽവെച്ചു പൂര് എന്ന ചീട്ടിട്ടുനോക്കി. പിന്നെ ഹാമാൻ അഹശ്വേരോശ്‌രാജാവിനോടു: നിന്റെ രാജ്യത്തിലെ സകല സംസ്ഥാനങ്ങളിലുമുള്ള ജാതികളുടെ ഇടയിൽ ഒരു ജാതി ചിന്നിച്ചിതറിക്കിടക്കുന്നു; അവരുടെ ന്യായപ്രമാണങ്ങൾ മറ്റുള്ള സകലജാതികളുടേതിനോടും വ്യത്യാസപ്പെട്ടിരിക്കുന്നു; അവർ രാജാവിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതുമില്ല; അതുകൊണ്ടു അവരെ അങ്ങനെ വിടുന്നതു രാജാവിന്നു യോഗ്യമല്ല. രാജാവിന്നു സമ്മതമുണ്ടെങ്കിൽ അവരെ നശിപ്പിക്കേണ്ടതിന്നു സന്ദേശം എഴുതി അയക്കേണം; എന്നാൽ ഞാൻ കാര്യവിചാരകന്മാരുടെ കയ്യിൽ പതിനായിരം താലന്ത് വെള്ളി രാജാവിന്റെ ഭണ്ഡാരത്തിലേക്കു കൊടുത്തയക്കാം എന്നു പറഞ്ഞു. അപ്പോൾ രാജാവു തന്റെ മോതിരം കയ്യിൽനിന്നു ഊരി ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി യെഹൂദന്മാരുടെ ശത്രുവായ ഹാമാന്നു കൊടുത്തു. രാജാവു ഹാമാനോടു: ഞാൻ ആ വെള്ളിയെയും ആ ജാതിയെയും നിനക്കു ദാനം ചെയ്യുന്നു; ഇഷ്ടംപോലെ ചെയ്തുകൊൾക എന്നു പറഞ്ഞു.
എസ്ഥേർ 3:1-11 സമകാലിക മലയാളവിവർത്തനം (MCV)
ഈ സംഭവങ്ങൾക്കുശേഷം അഹശ്വേരോശ് രാജാവ് ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാനെ മറ്റ് എല്ലാ പ്രഭുക്കന്മാരിൽനിന്നും ഉയർന്ന സ്ഥാനം നൽകി ആദരിച്ചു. രാജകവാടത്തിലുള്ള രാജാവിന്റെ എല്ലാ ഉദ്യോഗസ്ഥരും രാജകൽപ്പനപ്രകാരം ഹാമാനെ വണങ്ങി നമസ്കരിച്ചുവന്നു. എന്നാൽ മൊർദെഖായി അദ്ദേഹത്തെ വണങ്ങുകയോ നമസ്കരിക്കുകയോ ചെയ്തില്ല. അപ്പോൾ രാജകവാടത്തിലുള്ള രാജാവിന്റെ ഉദ്യോഗസ്ഥന്മാർ മൊർദെഖായിയോട്, “നീ രാജകൽപ്പന അനുസരിക്കാത്തതെന്ത്?” എന്നു ചോദിച്ചു. ദിനംപ്രതി അവർ ഇതേപ്പറ്റി സംസാരിച്ചെങ്കിലും അദ്ദേഹം അപ്രകാരം ചെയ്യുന്നതിനു വിസമ്മതിച്ചു. അതിനാൽ മൊർദെഖായിയുടെ പ്രവൃത്തി അനുവദനീയമോ എന്ന് അവർ ഹാമാനോടു ചോദിച്ചു. കാരണം, താൻ ഒരു യെഹൂദനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മൊർദെഖായി തന്നെ വണങ്ങുകയോ ആദരിക്കുകയോ ചെയ്യുന്നില്ലെന്നു കണ്ടിട്ട് ഹാമാൻ കോപാകുലനായി. എങ്കിലും മൊർദെഖായിയുടെ ജനം ഏതെന്ന് മനസ്സിലാക്കിയപ്പോൾ, മൊർദെഖായിയെമാത്രം കൊല്ലുന്നതിനെ അദ്ദേഹം പുച്ഛിച്ചു. പകരം, അഹശ്വേരോശ് രാജാവിന്റെ രാജ്യത്താകമാനമുള്ളവരും മൊർദെഖായിയുടെ ജനവുമായ എല്ലാ യെഹൂദരെയും വധിക്കുന്നതിനുള്ള മാർഗം ഹാമാൻ അന്വേഷിച്ചു. അഹശ്വേരോശ് രാജാവിന്റെ പന്ത്രണ്ടാംവർഷത്തിൽ ആദ്യമാസമായ നീസാൻമാസം ഒരു പ്രത്യേക മാസവും അതിലെ ഒരു ദിവസവും തെരഞ്ഞെടുക്കാൻ ഹാമാന്റെ സാന്നിധ്യത്തിൽ നറുക്കിട്ടു—പേർഷ്യൻ ഭാഷയിൽ ഇതിന് പൂര്, എന്നു വിളിക്കുന്നു—പന്ത്രണ്ടാംമാസമായ ആദാർമാസത്തിനു നറുക്കുവീണു. അപ്പോൾ ഹാമാൻ അഹശ്വേരോശ് രാജാവിനോട്, “അങ്ങയുടെ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ജനങ്ങളുടെ ഇടയിൽ ചിതറിപ്പാർക്കുന്ന ഒരു ജനതയുണ്ട്, അവർ മറ്റുള്ള എല്ലാവരിൽനിന്നും തങ്ങളെത്തന്നെ അകറ്റിനിർത്തുന്നവരാണ്. അവരുടെ നിയമങ്ങൾ മറ്റുള്ള എല്ലാ ജനങ്ങളുടേതിൽനിന്നു വിഭിന്നമാണ്. അവർ രാജകൽപ്പനകൾ പ്രമാണിക്കുന്നതുമില്ല; അവർക്ക് അഭയം കൊടുക്കുന്നത് രാജതാത്പര്യങ്ങൾക്കു നല്ലതുമല്ല. രാജാവിനു പ്രസാദമെങ്കിൽ അവരെ നശിപ്പിക്കാൻ ഒരു കൽപ്പന പുറപ്പെടുവിച്ചാലും. ഈ വ്യവഹാരം നടപ്പാക്കുന്ന മനുഷ്യർക്കുവേണ്ടി ഞാൻ പതിനായിരം താലന്ത് രാജഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതിനു ഭരണാധിപന്മാരെ ഏൽപ്പിക്കാം” എന്നു പറഞ്ഞു. അപ്പോൾ രാജാവ് തന്റെ മുദ്രമോതിരം വിരലിൽനിന്നൂരി യെഹൂദരുടെ ശത്രുവായ ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാനു കൊടുത്തു. രാജാവ് ഹാമാനോട്, “ആ ജനത്തോട് നിനക്ക് ഇഷ്ടമുള്ളതു ചെയ്യുക; ആ തുകയും നിന്റെ കൈയിലിരിക്കട്ടെ” എന്നു പറഞ്ഞു.