എസ്ഥേർ 2:1-9

എസ്ഥേർ 2:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതിന്റെശേഷം അഹശ്വേരോശ്‍രാജാവിന്റെ ക്രോധം ശമിച്ചപ്പോൾ അവൻ വസ്ഥിയെയും അവൾ ചെയ്തതിനെയും അവളെക്കുറിച്ചു കല്പിച്ച വിധിയെയും ഓർത്തു. അപ്പോൾ രാജാവിന്റെ സേവകന്മാരായ ഭൃത്യന്മാർ പറഞ്ഞത്: രാജാവിനുവേണ്ടി സൗന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ; രാജാവ് രാജ്യത്തിലെ സകല സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിക്കേണം; അവർ സൗന്ദര്യമുള്ള യുവതികളായ സകല കന്യകമാരെയും ശേഖരിച്ചു ശൂശൻരാജധാനിയിലെ അന്തഃപുരത്തിൽ രാജാവിന്റെ ഷണ്ഡനായി അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ ഏല്പിക്കയും അവർക്ക് ശുദ്ധീകരണത്തിനു വേണ്ടുന്ന വസ്തുക്കൾ കൊടുക്കയും ചെയ്യട്ടെ. രാജാവിനു ബോധിച്ച യുവതി വസ്ഥിക്കു പകരം രാജ്ഞിയായിരിക്കട്ടെ. ഈ കാര്യം രാജാവിനു ബോധിച്ചു; അവൻ അങ്ങനെതന്നെ ചെയ്തു. എന്നാൽ ശൂശൻരാജധാനിയിൽ ബെന്യാമീന്യനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകൻ മൊർദ്ദെഖായി എന്നു പേരുള്ള ഒരു യെഹൂദൻ ഉണ്ടായിരുന്നു. ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ചുകൊണ്ടുപോയ യെഹൂദാരാജാവായ യെഖൊന്യാവോടുകൂടെ കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തിൽ അവനെയും യെരൂശലേമിൽനിന്ന് കൊണ്ടുപോയിരുന്നു. അവൻ തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേർ എന്ന ഹദസ്സയ്ക്ക് അമ്മയപ്പന്മാർ ഇല്ലായ്കകൊണ്ട് അവളെ വളർത്തിയിരുന്നു. ഈ യുവതി രൂപവതിയും സുമുഖിയും ആയിരുന്നു; അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊർദ്ദെഖായി അവളെ തനിക്കു മകളായിട്ട് എടുത്തു. രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശേഖരിച്ച് ശൂശൻരാജധാനിയിൽ ഹേഗായിയുടെ വിചാരണയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേറിനെയും രാജധാനിയിലെ അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ കൊണ്ടുവന്നു. ആ യുവതിയെ അവനു ബോധിച്ചു; അവളോടു പക്ഷം തോന്നി; അവൻ അവളുടെ ശുദ്ധീകരണത്തിന് വേണ്ടുന്ന വസ്തുക്കളെയും ഉപജീവനവീതത്തെയും രാജധാനിയിൽനിന്നു കൊടുക്കേണ്ടുന്ന ഏഴ് ബാല്യക്കാരത്തികളെയും അവൾക്കു വേഗത്തിൽ കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്ത് ആക്കി.

പങ്ക് വെക്കു
എസ്ഥേർ 2 വായിക്കുക

എസ്ഥേർ 2:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അഹശ്വേരോശ്‍രാജാവിന്റെ കോപം ശമിച്ചപ്പോൾ അദ്ദേഹം വസ്ഥിയെയും അവരുടെ പ്രവൃത്തിയെയും അവർക്കെതിരെ പുറപ്പെടുവിച്ച കല്പനയെയും ഓർത്തു. അപ്പോൾ രാജാവിനെ ശുശ്രൂഷിച്ചിരുന്ന ഭൃത്യന്മാർ പറഞ്ഞു: “സൗന്ദര്യമുള്ള യുവകന്യകമാരെ അവിടുത്തേക്കുവേണ്ടി അന്വേഷിക്കണം. അതിനായി രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിച്ചാലും; അവർ സൗന്ദര്യമുള്ള യുവകന്യകമാരെ ശൂശൻരാജധാനിയിൽ ഒരുമിച്ചുകൂട്ടട്ടെ; രാജധാനിയിലെ അന്തഃപുരത്തിൽ സ്‍ത്രീകളുടെ ചുമതല വഹിക്കുന്ന ഹേഗായി എന്ന ഷണ്ഡന്റെ ചുമതലയിൽ അവരെ ഏല്പിക്കണം. അവർക്കു വേണ്ട സൗന്ദര്യ സംവർധകദ്രവ്യങ്ങളും നല്‌കണം. രാജാവിന് ഇഷ്ടപ്പെട്ട യുവതി വസ്ഥിക്കു പകരം രാജ്ഞിയായിത്തീരട്ടെ.” ഈ അഭിപ്രായം രാജാവിന് ഇഷ്ടപ്പെട്ടു. അതനുസരിച്ചു പ്രവർത്തിച്ചു. ശൂശൻ രാജധാനിയിൽ ബെന്യാമീൻഗോത്രക്കാരനായ മൊർദ്ദെഖായി എന്നൊരു യെഹൂദനുണ്ടായിരുന്നു. അയാൾ യായീരിന്റെ പുത്രനും യായീർ ശിമെയിയുടെ പുത്രനും ശിമെയി കീശിന്റെ പുത്രനുമായിരുന്നു. ബാബിലോൺരാജാവായ നെബുഖദ്നേസർ, യെഹൂദാരാജാവായ യെഖൊന്യായൊടൊപ്പം യെരൂശലേമിൽ നിന്നു പിടിച്ചുകൊണ്ടുപോയ പ്രവാസികളിൽ ഒരാളായിരുന്നു മൊർദ്ദെഖായി. അയാൾ തന്റെ പിതൃസഹോദരീപുത്രി ഹദസ്സാ എന്ന എസ്ഥേറിനെ എടുത്തുവളർത്തി. അവൾക്കു മാതാപിതാക്കൾ ഇല്ലായിരുന്നു. അവൾ സുന്ദരിയും സുമുഖിയും ആയിരുന്നു. മാതാപിതാക്കൾ മരിച്ചപ്പോൾ മൊർദ്ദെഖായി അവളെ സ്വന്തപുത്രിയായി സ്വീകരിച്ചു. രാജവിളംബരം അനുസരിച്ചു ശൂശൻരാജധാനിയിൽ കൊണ്ടുവന്ന് അന്തഃപുരപാലകനായ ഹേഗായിയുടെ ചുമതലയിൽ പാർപ്പിച്ച അനേകം യുവതികളുടെ കൂട്ടത്തിൽ എസ്ഥേറും ഉണ്ടായിരുന്നു. അവൾ ഹേഗായിയുടെ പ്രീതി സമ്പാദിച്ചു; അയാൾ അവളെ ഇഷ്ടപ്പെട്ടു; അയാൾ ഉടൻതന്നെ അവൾക്കു വേണ്ട സൗന്ദര്യസംവർധകദ്രവ്യങ്ങളും ഭക്ഷണവും കൂടാതെ കൊട്ടാരത്തിൽനിന്നു തിരഞ്ഞെടുത്ത ഏഴുതോഴിമാരെയും അവൾക്കു നല്‌കി. അവളെയും തോഴിമാരെയും അന്തഃപുരത്തിലെ ഏറ്റവും നല്ല സ്ഥാനത്ത് പാർപ്പിച്ചു.

പങ്ക് വെക്കു
എസ്ഥേർ 2 വായിക്കുക

എസ്ഥേർ 2:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതിന്‍റെശേഷം അഹശ്വേരോശ്‌രാജാവിന്‍റെ കോപം ശമിച്ചപ്പോൾ അവൻ വസ്ഥിയെയും അവൾ ചെയ്തതിനെയും അവളെക്കുറിച്ച് കല്പിച്ച വിധിയെയും ഓർത്തു. അപ്പോൾ രാജാവിന്‍റെ സേവകന്മാരായ ഭൃത്യന്മാർ പറഞ്ഞത്: “രാജാവിനുവേണ്ടി സൗന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ; അതിനായി രാജാവേ, രാജ്യത്തിലെ സകലസംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിച്ചാലും. അവർ സൗന്ദര്യമുള്ള യുവതികളായ എല്ലാ കന്യകമാരെയും ഒരുമിച്ചുകൂട്ടി ശൂശൻരാജധാനിയിലെ അന്തഃപുരത്തിൽ രാജാവിന്‍റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായിയുടെ വിചാരണയിൽ ഏല്പിക്കുകയും അവർക്ക് ശുദ്ധീകരണത്തിന് വേണ്ടുന്ന വസ്തുക്കൾ കൊടുക്കുകയും ചെയ്യട്ടെ. രാജാവിന് ഇഷ്ടപ്പെട്ട യുവതി വസ്ഥിക്ക് പകരം രാജ്ഞിയായിരിക്കട്ടെ.” ഈ കാര്യം രാജാവിന് ഇഷ്ടമായി. അവൻ അങ്ങനെതന്നെ ചെയ്തു. എന്നാൽ ശൂശൻ രാജധാനിയിൽ യായീരിന്‍റെ മകൻ മൊർദ്ദെഖായി എന്ന് പേരുള്ള യെഹൂദൻ ഉണ്ടായിരുന്നു. യായീർ ബെന്യാമീന്യനായ കീശിന്‍റെ മകനായ ശിമെയിയുടെ മകനായിരുന്നു. ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാ രാജാവായ യെഖൊന്യാവോടുകൂടെ പിടിച്ചു കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തിൽ മൊർദ്ദെഖായിയെയും യെരൂശലേമിൽനിന്ന് കൊണ്ടുപോയിരുന്നു. അവൻ തന്‍റെ ചിറ്റപ്പന്‍റെ മകളായ എസ്ഥേർ എന്ന ഹദസ്സയ്ക്ക് അമ്മയപ്പന്മാർ ഇല്ലാതിരുന്നതിനാൽ അവളെ വളർത്തിയിരുന്നു. ഈ യുവതി രൂപവതിയും സുന്ദരിയും ആയിരുന്നു. അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊർദ്ദെഖായി അവളെ തന്‍റെ മകളായി സ്വീകരിച്ചു. രാജാവിന്‍റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശേഖരിച്ച് ശൂശൻ രാജധാനിയിൽ ഹേഗായിയുടെ ചുമതലയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേറിനെയും കൊണ്ടുവന്നു. ആ യുവതിയെ ഹേഗായിക്ക് ഇഷ്ടപ്പെട്ടു. അവളോടു താൽപര്യം തോന്നി, അവൻ അവളുടെ ശുദ്ധീകരണത്തിന് ആവശ്യമുള്ള വസ്തുക്കളെയും ഭക്ഷണത്തെയും രാജധാനിയിൽനിന്നു തിരഞ്ഞെടുത്ത ഏഴു ബാല്യക്കാരത്തികളെയും അവൾക്ക് വേഗത്തിൽ കൊടുത്തു. അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്ത് പാർപ്പിച്ചു.

പങ്ക് വെക്കു
എസ്ഥേർ 2 വായിക്കുക

എസ്ഥേർ 2:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതിന്റെശേഷം അഹശ്വേരോശ്‌രാജാവിന്റെ ക്രോധം ശമിച്ചപ്പോൾ അവൻ വസ്ഥിയെയും അവൾ ചെയ്തതിനെയും അവളെക്കുറിച്ചു കല്പിച്ച വിധിയെയും ഓർത്തു. അപ്പോൾ രാജാവിന്റെ സേവകന്മാരായ ഭൃത്യന്മാർ പറഞ്ഞതു: രാജാവിന്നു വേണ്ടി സൗന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ; രാജാവു രാജ്യത്തിലെ സകലസംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിക്കേണം; അവർ സൗന്ദര്യമുള്ള യുവതികളായ സകലകന്യകമാരെയും ശേഖരിച്ചു ശൂശൻരാജധാനിയിലെ അന്തഃപുരത്തിൽ രാജാവിന്റെ ഷണ്ഡനായി അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ ഏല്പിക്കയും അവർക്കു ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കൾ കൊടുക്കയും ചെയ്യട്ടെ. രാജാവിന്നു ബോധിച്ച യുവതി വസ്ഥിക്കു പകരം രാജ്ഞിയായിരിക്കട്ടെ. ഈ കാര്യം രാജാവിന്നു ബോധിച്ചു; അവൻ അങ്ങനെ തന്നേ ചെയ്തു. എന്നാൽ ശൂശൻ രാജധാനിയിൽ ബെന്യാമീന്യനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകൻ മൊർദ്ദെഖായി എന്നു പേരുള്ള യെഹൂദൻ ഉണ്ടായിരുന്നു. ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ചു കൊണ്ടുപോയ യെഹൂദാരാജാവായ യെഖൊന്യാവോടുകൂടെ കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തിൽ അവനെയും യെരൂശലേമിൽനിന്നു കൊണ്ടുപോയിരുന്നു. അവൻ തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേർ എന്ന ഹദസ്സെക്കു അമ്മയപ്പന്മാർ ഇല്ലായ്കകൊണ്ടു അവളെ വളർത്തിയിരുന്നു. ഈ യുവതി രൂപവതിയും സുമുഖിയും ആയിരുന്നു; അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊർദ്ദെഖായി അവളെ തനിക്കു മകളായിട്ടു എടുത്തു. രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശേഖരിച്ചു ശൂശൻ രാജധാനിയിൽ ഹേഗായിയുടെ വിചാരണയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേരിനെയും രാജധാനിയിലെ അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ കൊണ്ടുവന്നു. ആ യുവതിയെ അവന്നു ബോധിച്ചു; അവളോടു പക്ഷം തോന്നി; അവൻ അവളുടെ ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കളെയും ഉപജീവനവീതത്തെയും രാജധാനിയിൽനിന്നു കൊടുക്കേണ്ടുന്ന ഏഴു ബാല്യക്കാരത്തികളെയും അവൾക്കു വേഗത്തിൽ കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്തു ആക്കി.

പങ്ക് വെക്കു
എസ്ഥേർ 2 വായിക്കുക

എസ്ഥേർ 2:1-9 സമകാലിക മലയാളവിവർത്തനം (MCV)

പിന്നീട്, അഹശ്വേരോശ് രാജാവിന്റെ കോപം ശമിച്ചപ്പോൾ വസ്ഥിയെയും അവളുടെ പ്രവൃത്തിയെയും തന്റെ ഉത്തരവുകളെയുംപറ്റി അദ്ദേഹം ഓർത്തു. അപ്പോൾ രാജാവിന്റെ സ്വകാര്യസേവകർ, “രാജാവിനുവേണ്ടി സൗന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ” എന്ന് നിർദേശിച്ചു. അദ്ദേഹം തുടർന്നു, “ശൂശൻ രാജധാനിയിലെ അന്തഃപുരത്തിലേക്കു സുന്ദരികളായ കന്യകമാരെ കൊണ്ടുവരാൻ രാജാവ് തന്റെ എല്ലാ പ്രവിശ്യകളിലും അധികാരികളെ നിയമിക്കട്ടെ. അവർ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായിയുടെ സംരക്ഷണയിൽ കഴിയട്ടെ; അവിടെ അവർക്കു സൗന്ദര്യവർധിതശുശ്രൂഷയും നൽകട്ടെ. അതിനുശേഷം രാജാവിനെ പ്രസാദിപ്പിക്കുന്ന യുവതി, വസ്ഥിക്കു പകരം രാജ്ഞിയാകട്ടെ.” ഈ ഉപദേശം രാജാവിനു ബോധിച്ചു; അദ്ദേഹം അങ്ങനെ ചെയ്തു. ആ സമയത്തു ശൂശൻ രാജധാനിയിൽ മൊർദെഖായി എന്ന ഒരു യെഹൂദനുണ്ടായിരുന്നു. ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകനായിരുന്നു അദ്ദേഹം. ബാബേൽരാജാവായ നെബൂഖദ്നേസർ ജെറുശലേമിൽനിന്ന് യെഖൊന്യാവ് എന്ന യെഹൂദാരാജാവിനോടൊപ്പം പ്രവാസികളാക്കിക്കൊണ്ടുവന്നവരുടെ കൂട്ടത്തിൽ ഇദ്ദേഹവും ഉണ്ടായിരുന്നു. മൊർദെഖായിക്ക് ഹദസ്സാ എന്നപേരിൽ ഒരു പിതൃസഹോദരപുത്രി ഉണ്ടായിരുന്നു. അവൾക്ക് മാതാപിതാക്കൾ ഇല്ലാതിരുന്നതിനാൽ ഇദ്ദേഹമായിരുന്നു അവളെ വളർത്തിയത്. എസ്ഥേർ എന്നും പേരുള്ള അവൾ സുന്ദരിയും സുമുഖിയുമായിരുന്നു. മാതാപിതാക്കളുടെ മരണശേഷം മൊർദെഖായി അവളെ സ്വന്തം മകളായി സ്വീകരിച്ചിരുന്നു. രാജകൽപ്പന പുറപ്പെടുവിച്ചതിനുശേഷം അനേകം യുവതികളെ ശൂശൻ രാജധാനിയിൽ കൊണ്ടുവരികയും ഹേഗായിയുടെ ചുമതലയിൽ പാർപ്പിക്കുകയും ചെയ്തു. എസ്ഥേരിനെയും രാജകൊട്ടാരത്തിലേക്കു കൊണ്ടുവന്ന് അന്തഃപുരത്തിന്റെ ചുമതലയുള്ള ഹേഗായിയുടെ ചുമതലയിൽ ആക്കി. അവളെ ഹേഗായിക്ക് ഇഷ്ടപ്പെട്ടു; ഇവളോ, അയാളുടെ പ്രീതി പിടിച്ചുപറ്റി. ഉടൻതന്നെ അയാൾ അവൾക്ക് സൗന്ദര്യവർധിതശുശ്രൂഷയ്ക്കു വേണ്ടുന്ന പ്രത്യേക ഭക്ഷണവിഹിതവും രാജകൊട്ടാരത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏഴു ദാസിമാരെയും നൽകി. അവർക്കു താമസിക്കുന്നതിന് അന്തഃപുരത്തിലെ ഏറ്റവും നല്ല ഇടവും നൽകി.

പങ്ക് വെക്കു
എസ്ഥേർ 2 വായിക്കുക