എഫെസ്യർ 5:25-33
എഫെസ്യർ 5:25-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും കറ, ചുളുക്കം മുതലായത് ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നെ തേജസ്സോടെ മുൻനിറുത്തേണ്ടതിനും തന്നെത്താൻ അവൾക്കുവേണ്ടി ഏല്പിച്ചുകൊടുത്തു. അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നത്. നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ. അതുനിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും. ഈ മർമം വലിയത്; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നത്. എന്നാൽ നിങ്ങളും അങ്ങനെതന്നെ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു.
എഫെസ്യർ 5:25-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭർത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും സഭയ്‍ക്കുവേണ്ടി സ്വജീവൻ അർപ്പിക്കുകയും ചെയ്തതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക. സഭയെ ജലസ്നാനം ചെയ്ത്, വചനത്താൽ ശുദ്ധീകരിച്ച്, മാലിന്യമോ, ഊനമോ, മറ്റേതെങ്കിലും കുറവോ ഇല്ലാതെ അണിഞ്ഞൊരുങ്ങിയവളും പരിശുദ്ധയും നിഷ്കളങ്കയുമായി തന്റെ മുമ്പിൽ നിറുത്തുന്നതിനുവേണ്ടിയാണ് ക്രിസ്തു അപ്രകാരം ചെയ്തത്. പുരുഷന്മാർ സ്വന്തം ശരീരത്തെ എന്നവണ്ണം തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കേണ്ടതാണ്. ഭാര്യയെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ തന്നെത്തന്നെയാണു സ്നേഹിക്കുന്നത്. സ്വന്തം ശരീരത്തെ ആരും വെറുക്കുന്നില്ല. പകരം ക്രിസ്തു സഭയെ എന്നവണ്ണം അവൻ ഭക്ഷണം നല്‌കി ശരീരത്തെ പോഷിപ്പിക്കുകയാണല്ലോ ചെയ്യുന്നത്. നാം ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളാണ്. ഇതുകൊണ്ടാണ്, മനുഷ്യൻ മാതാപിതാക്കളെ വിട്ടു തന്റെ ഭാര്യയോട് ഏകീഭവിക്കുമെന്നും അവർ ഇരുവരും ഒന്നായിത്തീരുമെന്നും വേദപുസ്തകത്തിൽ പറയുന്നത്. ഇതിൽ അന്തർഭവിച്ചിട്ടുള്ള മർമ്മം വളരെ വലുതാണ്; ഞാൻ പറയുന്നത് ക്രിസ്തുവിനെയും സഭയെയും സംബന്ധിച്ചാണ്. അതു നിങ്ങളെ സംബന്ധിച്ചും വാസ്തവമത്രേ. ഭർത്താവ് തന്നെപ്പോലെ തന്നെ തന്റെ ഭാര്യയെ സ്നേഹിക്കുകയും ഭാര്യ തന്റെ ഭർത്താവിനെ ബഹുമാനിക്കുകയും വേണം.
എഫെസ്യർ 5:25-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുവിൻ. അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും കറ, ചുളുക്കം മുതലായത് ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നെ തേജസ്സോടെ മുന്നിറുത്തേണ്ടതിനും തന്നെത്താൻ അവൾക്ക് വേണ്ടി ഏല്പിച്ചുകൊടുത്തു. അപ്രകാരം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. തന്‍റെ ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്‍റെ ശരീരത്തെ ഒരുനാളും വെറുത്തിട്ടില്ലല്ലോ; മറിച്ച് അവൻ അതിനെ സ്നേഹിച്ച് പോറ്റി പുലർത്തുകയത്രേ ചെയ്യുന്നത്; ഇതുപോലെയാണ് ക്രിസ്തുവും സഭയെ കരുതുന്നത്. നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ. അതുനിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും. ഈ മർമ്മം വലിയത്; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നത്. എന്നാൽ നിങ്ങളും അങ്ങനെ തന്നെ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നെ സ്നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ബഹുമാനിക്കേണ്ടതാകുന്നു.
എഫെസ്യർ 5:25-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു. അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നതു. നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ. അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും. ഈ മർമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു. എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു.
എഫെസ്യർ 5:25-33 സമകാലിക മലയാളവിവർത്തനം (MCV)
ഭർത്താക്കന്മാരേ, ക്രിസ്തു സ്വന്തം ജീവൻ നൽകി സഭയെ സ്നേഹിച്ചതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം. ക്രിസ്തു അവിടത്തെ സഭയെ വചനമാകുന്ന ജലത്താൽ കഴുകി നിർമലീകരിച്ച് വിശുദ്ധീകരിക്കേണ്ടതിനും കറ, ചുളുക്കം, മാലിന്യം എന്നിവ അശേഷം ഇല്ലാതെ വിശുദ്ധയും നിഷ്കളങ്കയുമായി തേജസ്സോടെ തനിക്കായി നിർത്തേണ്ടതിനുമാണ് അപ്രകാരം ചെയ്തത്. ഇതുപോലെതന്നെ ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തം ശരീരങ്ങളെ സ്നേഹിക്കുന്നതുപോലെതന്നെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ യഥാർഥത്തിൽ തന്നെത്തന്നെയാണ് സ്നേഹിക്കുന്നത്. ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ല, സഭയെ ക്രിസ്തു പരിപോഷിപ്പിക്കുന്നതുപോലെ അതിനെ പരിപോഷിപ്പിക്കുകയാണു ചെയ്യുന്നത്. നാം എല്ലാവരും ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങൾ ആണല്ലോ. തിരുവെഴുത്തിൽ ഇങ്ങനെയാണല്ലോ വായിക്കുന്നത്, “ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും, അവരിരുവരും ഒരു ശരീരമായിത്തീരും.” ഇത് മഹത്തായ ഒരു രഹസ്യം. ഞാൻ ക്രിസ്തുവിനെയും സഭയെയുംകുറിച്ചാണ് സംസാരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, നിങ്ങളിൽ ഓരോരുത്തരും സ്വന്തം ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം; ഭാര്യ ഭർത്താവിനെ ബഹുമാനിക്കേണ്ടതുമാണ്.