എഫെസ്യർ 1:3-15
എഫെസ്യർ 1:3-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്വർഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ. നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് അവൻ ലോകസ്ഥാപനത്തിനു മുമ്പേ നമ്മെ അവനിൽ തിരഞ്ഞെടുക്കയും തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന് അവൻ പ്രിയനായവനിൽ നമുക്കു സൗജന്യമായി നല്കിയ തന്റെ കൃപാമഹത്ത്വത്തിന്റെ പുകഴ്ചയ്ക്കായി സ്നേഹത്തിൽ നമ്മെ മുൻനിയമിക്കയും ചെയ്തുവല്ലോ. അവനിൽ നമുക്ക് അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്. അത് അവൻ നമുക്കു താൻ ധാരാളമായി കാണിച്ച കൃപാധനപ്രകാരം സകല ജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു. അവനിൽ താൻ മുൻനിർണയിച്ച തന്റെ പ്രസാദത്തിനു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമം അവൻ നമ്മോട് അറിയിച്ചു. അതു സ്വർഗത്തിലും ഭൂമിയിലുമുള്ളത് എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണതയിലെ വ്യവസ്ഥയ്ക്കായിക്കൊണ്ടു തന്നേ. അവനിൽ നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണയപ്രകാരം മുൻനിയമിക്കപ്പെട്ടത് മുമ്പിൽകൂട്ടി ക്രിസ്തുവിൽ ആശ വച്ചവരായ ഞങ്ങൾ അവന്റെ മഹത്ത്വത്തിന്റെ പുകഴ്ചയ്ക്കാകേണ്ടതിനുതന്നെ. അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ട്, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിനുവേണ്ടി തന്റെ മഹത്ത്വത്തിന്റെ പുകഴ്ചയ്ക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു. അതുനിമിത്തം ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ട്
എഫെസ്യർ 1:3-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ നമുക്കു സ്തുതിക്കാം. എന്തെന്നാൽ ക്രിസ്തുവിനോട് ഏകീഭവിച്ചുള്ള നമ്മുടെ ജീവിതത്തിൽ സ്വർഗത്തിലെ എല്ലാ ആത്മീയനൽവരങ്ങളും നല്‌കി അവിടുന്നു നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. തന്റെ മുമ്പാകെ നാം വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് ക്രിസ്തുവിനോടുള്ള ഏകീഭാവത്തിലൂടെ നാം അവിടുത്തെ സ്വന്തമായിരിക്കുന്നതിനുവേണ്ടി, പ്രപഞ്ചസൃഷ്‍ടിക്കു മുമ്പു തന്നെ ദൈവം നമ്മെ തിരഞ്ഞെടുത്തു. യേശുക്രിസ്തു മുഖേന നമ്മെ അവിടുത്തെ പുത്രന്മാരാക്കണമെന്നു സ്നേഹം നിമിത്തം ദൈവം മുൻകൂട്ടി തീരുമാനിച്ചു; ഇതായിരുന്നു അവിടുത്തെ ലക്ഷ്യവും പ്രീതിയും. അവിടുത്തെ മഹത്തായ കൃപയ്‍ക്കും അവിടുത്തെ പുത്രൻ എന്ന സൗജന്യമായ ദാനത്തിനുംവേണ്ടി നമുക്കു സ്തോത്രം ചെയ്യാം. ക്രിസ്തു രക്തം ചിന്തി മരിച്ചതുമൂലം നാം സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു. അതായത് നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ കൃപ എത്ര വലുത്! ഈ കൃപയാകട്ടെ, അവിടുന്നു സമൃദ്ധമായി നമുക്കു നല്‌കി. ദൈവം തന്റെ സകല വിവേകത്തിലും ഉൾക്കാഴ്ചയിലും താൻ ഉദ്ദേശിച്ചതു ചെയ്തു. ക്രിസ്തു മുഖേന പൂർത്തീകരിക്കുവാൻ നേരത്തെ നിശ്ചയിച്ചിരുന്ന കർമപദ്ധതിയുടെ മർമ്മം നമ്മെ അറിയിക്കുകയും ചെയ്തു. കാലത്തികവിൽ ദൈവം പൂർത്തിയാക്കുന്ന ഈ പദ്ധതി സ്വർഗത്തിലും ഭൂമിയിലുമുള്ള സകലതിനെയും ക്രിസ്തുവിൽ ഒരുമിച്ചു ചേർക്കുക എന്നതാകുന്നു. ദൈവത്തിന്റെ പദ്ധതിയും നിശ്ചയവും അനുസരിച്ചത്രേ എല്ലാ കാര്യങ്ങളും സംഭവിക്കുന്നത്. ആദിമുതലുള്ള അവിടുത്തെ നിശ്ചയപ്രകാരം, സ്വന്തം ഇച്ഛയനുസരിച്ചു ക്രിസ്തുവിനോട് ഏകീഭവിച്ച് അവിടുത്തെ സ്വന്തജനമായിരിക്കേണ്ടതിന് ദൈവം നമ്മെ തിരഞ്ഞെടുത്തു. അതിനാൽ എല്ലാവർക്കും മുമ്പെ ക്രിസ്തുവിൽ പ്രത്യാശ അർപ്പിച്ചവരായ നമുക്ക് ദൈവത്തിന്റെ മഹത്ത്വത്തെ പ്രകീർത്തിക്കാം. നിങ്ങൾക്കു രക്ഷ കൈവരുത്തുന്ന യഥാർഥ സന്ദേശമായ സുവിശേഷം ശ്രവിച്ച്, നിങ്ങളും ദൈവത്തിന്റെ ജനമായിത്തീർന്നു. നിങ്ങൾ ക്രിസ്തുവിൽ വിശ്വസിച്ചു; ദൈവം വാഗ്ദാനം ചെയ്തിരുന്ന പരിശുദ്ധാത്മാവിനെ നല്‌കിക്കൊണ്ട് നിങ്ങളുടെമേൽ അവിടുത്തേക്കുള്ള ഉടമസ്ഥാവകാശത്തിനു മുദ്രയിടുകയും ചെയ്തു. ദൈവം വാഗ്ദാനം ചെയ്തിട്ടുള്ളത് നമുക്ക് ലഭിക്കുമെന്നുള്ളതിന്റെ അച്ചാരമാണ് പരിശുദ്ധാത്മാവ്. തന്റെ ജനത്തിനു ദൈവം പൂർണമായ സ്വാതന്ത്ര്യം നല്‌കുമെന്ന് അത് ഉറപ്പുവരുത്തുന്നു. അവിടുത്തെ മഹത്ത്വത്തെ നമുക്കു പ്രകീർത്തിക്കാം. കർത്താവായ യേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തെയും എല്ലാ ദൈവജനത്തോടുമുള്ള നിങ്ങളുടെ സ്നേഹത്തെയും സംബന്ധിച്ചു കേട്ടപ്പോൾ മുതൽ നിങ്ങൾക്കുവേണ്ടി ഞാൻ ദൈവത്തെ അനുസ്യൂതം സ്തുതിക്കുകയും എന്റെ പ്രാർഥനകളിൽ നിങ്ങളെ അനുസ്മരിക്കുകയും ചെയ്യുന്നു.
എഫെസ്യർ 1:3-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സ്വർഗ്ഗത്തിലെ എല്ലാവിധ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ. അത്, നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകുന്നതിനുവേണ്ടി, അവൻ നമ്മെ ലോകസ്ഥാപനത്തിന് മുമ്പെ ക്രിസ്തുവിൽ തിരഞ്ഞെടുത്തപ്രകാരമത്രേ. തിരുഹിതത്തിൻ്റെ പ്രസാദപ്രകാരം, യേശുക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്, അവൻ പ്രിയനായവനിൽ നമുക്ക് സൗജന്യമായി നല്കിയ തന്‍റെ കൃപാമഹത്വത്തിൻ്റെ പുകഴ്ചയ്ക്കായി, സ്നേഹത്തിൽ നമ്മെ മുന്നിയമിക്കുകയും ചെയ്തുവല്ലോ; അവനിൽ നമുക്ക് തന്‍റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്. അത്, അവൻ നമ്മോട് ധാരാളമായി കാണിച്ച കൃപാധനപ്രകാരമത്രേ. അവനിൽ താൻ മുൻ നിർണ്ണയിച്ച തന്‍റെ പ്രസാദത്തിനു തക്കവണ്ണം തന്‍റെ ഹിതത്തിൻ്റെ മർമ്മം സകലജ്ഞാനത്തിലും വിവേകത്തിലും അവൻ നമ്മോട് അറിയിച്ചു. അത് സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകലവും ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക എന്ന കാലസമ്പൂർണ്ണതയിലെ വ്യവസ്ഥയ്ക്കുവേണ്ടി തന്നെ. അവനിൽ നാം അവകാശവും പ്രാപിച്ച്, തന്‍റെ ഹിതത്തിൻ്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവൻ്റെ നിർണ്ണയപ്രകാരം ക്രിസ്തുവിൽ നാം മുൻനിയമിക്കപ്പെടുകയും ചെയ്തു. അത്, ക്രിസ്തുവിൽ മുന്നമേ ആശവച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്‍റെ പുകഴ്ചയ്ക്കാകേണ്ടതിന് തന്നെ. അവനിൽ നിങ്ങളും, നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം കേട്ടു, വിശ്വസിക്കുകയും ചെയ്തിട്ട്, തന്‍റെ മഹത്വത്തിന്‍റെ പുകഴ്ചയ്ക്കായി, തന്‍റെ സ്വന്ത ജനത്തിന്‍റെ വീണ്ടെടുപ്പിനായുള്ള നമ്മുടെ അവകാശത്തിന്‍റെ ഉറപ്പായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ടിരിക്കുന്നു. അതുനിമിത്തം നിങ്ങൾക്ക് കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും, സകലവിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ച് ഞാൻ കേട്ടിട്ടു
എഫെസ്യർ 1:3-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന് മഹത്വം, അവൻ ക്രിസ്തുവിൽ നമ്മെ സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും അനുഗ്രഹിച്ചിരിക്കുന്നുവല്ലോ. നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു അവൻ പ്രിയനായവനിൽ നമുക്കു സൗജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ. അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു. അതു അവൻ നമുക്കു താൻ ധാരാളമായി കാണിച്ച കൃപാധനപ്രകാരം സകലജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു. അവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു. അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ. അവനിൽ നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു മുമ്പിൽകൂട്ടി ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ. അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു. അതുനിമിത്തം ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകലവിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു
എഫെസ്യർ 1:3-15 സമകാലിക മലയാളവിവർത്തനം (MCV)
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെടട്ടെ. അവിടന്ന് സ്വർഗത്തിലെ സർവ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. തിരുസന്നിധിയിൽ നാം വിശുദ്ധരും നിഷ്കളങ്കരും ആയിത്തീരാൻവേണ്ടി സ്നേഹത്താൽ ദൈവം നമ്മെ ലോകസ്ഥാപനത്തിനുമുമ്പേ ക്രിസ്തുവിൽ തെരഞ്ഞെടുത്തു. ദൈവം, തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുവിലൂടെ നമുക്കു പുത്രത്വം നൽകി നമ്മെ അവിടത്തേക്കുവേണ്ടി മുൻനിയമിച്ചിരിക്കുന്നു. ഇത് അവിടന്ന് സ്നേഹസ്വരൂപനിലൂടെ നമുക്കു നിർലോപമായി നൽകിയ മഹനീയകൃപയുടെ പുകഴ്ചയ്ക്കുവേണ്ടിയായിരുന്നു. ദൈവത്തിന്റെ കൃപാസമൃദ്ധിക്ക് അനുസൃതമായി ക്രിസ്തുവിൽ നമുക്ക്, അവിടത്തെ രക്തത്താൽ പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു. ദൈവം ആ കൃപ നമ്മിൽ സമൃദ്ധമായാണ് വർഷിച്ചത്. സകലവിവേകത്തോടും ജ്ഞാനത്തോടുംകൂടെ ദൈവം ക്രിസ്തുവിൽ സ്ഥാപിതമാക്കിയ തിരുഹിതത്തിന്റെ രഹസ്യം അവിടത്തെ സദുദ്ദേശ്യമനുസരിച്ച് നമുക്കു വെളിപ്പെടുത്തി. ആ രഹസ്യമോ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലതും, കാലസമ്പൂർണതയിൽ ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക എന്നതാണ്. സ്വഹിതമനുസരിച്ച് എല്ലാറ്റിനെയും പ്രവർത്തനനിരതമാക്കുന്ന ദൈവം, അവിടന്ന് മുൻനിയമിച്ചിരുന്ന പദ്ധതിയനുസരിച്ച്, ആദ്യം ക്രിസ്തുവിൽ പ്രത്യാശവെച്ചവരായ ഞങ്ങൾ അവിടത്തെ മഹത്ത്വത്തിന്റെ പുകഴ്ചയായിത്തീരേണ്ടതിന് നമ്മെ അവകാശമായി തെരഞ്ഞെടുത്തു. അങ്ങനെ നിങ്ങളും ക്രിസ്തുവിൽ—സത്യവചനം, അതായത്, നിങ്ങളെ രക്ഷിക്കുന്ന സുവിശേഷം, കേൾക്കുകയും ക്രിസ്തുവിൽ വിശ്വസിക്കുകയുംചെയ്ത നിങ്ങൾ—വാഗ്ദാനത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ടിരിക്കുന്നു. അവിടത്തെ മഹത്ത്വത്തിന്റെ പുകഴ്ചയ്കായിട്ട്, ദൈവത്തിന്റെ വകയായ നാം അവകാശമാക്കുന്ന വീണ്ടെടുപ്പിന്റെ ആദ്യഗഡുവാണ് ഈ ആത്മാവ്. ഈ കാരണത്താൽ, കർത്താവായ യേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടുമുള്ള സ്നേഹത്തെയുംകുറിച്ചു കേട്ടതുമുതൽ