സഭാപ്രസംഗി 8:1-7
സഭാപ്രസംഗി 8:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജ്ഞാനിക്ക് തുല്യനായിട്ട് ആരുള്ളൂ? കാര്യത്തിന്റെ പൊരുൾ അറിയുന്നവൻ ആർ? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖത്തെ പ്രകാശിപ്പിക്കുന്നു; അവന്റെ മുഖത്തെ കാഠിന്യം മാറിപ്പോകുന്നു. ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്തിട്ട് രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്ന് ഞാൻ പ്രബോധിപ്പിക്കുന്നു. നീ അവന്റെ സന്നിധി വിട്ടുപോകുവാൻ ബദ്ധപ്പെടരുത്; ഒരു ദുഷ്കാര്യത്തിലും ഇടപെടരുത്; അവൻ തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ. രാജകല്പന ബലമുള്ളത്; നീ എന്തു ചെയ്യുന്നു എന്ന് അവനോട് ആർ ചോദിക്കും? കല്പന പ്രമാണിക്കുന്നവന് ഒരു ദോഷവും സംഭവിക്കയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു. സകല കാര്യത്തിനും കാലവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്റെ അരിഷ്ടത അവനു ഭാരമായിരിക്കുന്നു. സംഭവിപ്പാനിരിക്കുന്നത് അവൻ അറിയുന്നില്ലല്ലോ; അത് എങ്ങനെ സംഭവിക്കും എന്ന് അവനോട് ആർ അറിയിക്കും?
സഭാപ്രസംഗി 8:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനിക്കു സമനായി ആരുണ്ട്? കാര്യങ്ങളുടെ പൊരുൾ ഗ്രഹിച്ചവൻ ആർ? ജ്ഞാനം മുഖം ശോഭിപ്പിക്കുന്നു; പാരുഷ്യം അകറ്റുന്നു. ദൈവസന്നിധിയിൽ ചെയ്ത പ്രതിജ്ഞ ഓർത്തു രാജകല്പന പാലിക്കുക. ഇഷ്ടമില്ലാത്തതെങ്കിലും ഉടനെ പോയി അതു ചെയ്യുക. രാജാവിനു തനിക്കു തോന്നിയതെന്തും ചെയ്യാമല്ലോ. രാജകല്പനയ്‍ക്കുമേൽ ഒന്നുമില്ല. തിരുവായ്‍ക്ക് എതിർവായില്ലല്ലോ; കല്പന അനുസരിക്കുന്നവന് ഉപദ്രവം ഒന്നും ഉണ്ടാകയില്ല; ജ്ഞാനിയുടെ ഹൃദയം തക്കസമയവും വഴിയും അറിയുന്നു. കഷ്ടത മനുഷ്യനു ദുർവഹമെങ്കിലും ഓരോന്നിനും അതതിന്റെ സമയവും വഴിയും ഉണ്ടല്ലോ. ഭാവി എന്തെന്ന് അവൻ അറിയുന്നില്ല; അത് എങ്ങനെയിരിക്കുമെന്ന് അവനോടു പറയാൻ ആരുണ്ട്?
സഭാപ്രസംഗി 8:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജ്ഞാനിക്കു തുല്യനായി ആരുണ്ട്? കാര്യത്തിന്‍റെ പൊരുൾ അറിയുന്നവൻ ആര്‍? മനുഷ്യന്‍റെ ജ്ഞാനം അവന്‍റെ മുഖം പ്രകാശിപ്പിക്കുന്നു; അവന്‍റെ മുഖത്തിന്‍റെ കാഠിന്യം മാറിപ്പോകുന്നു. ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്തു രാജാവിന്‍റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു. നീ അവന്റെ സന്നിധി വിട്ടുപോകുവാൻ ബദ്ധപ്പെടരുത്; ഒരു ദുഷ്കാര്യത്തിലും ഇടപെടരുത്; രാജാവ് തനിക്കു ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ. രാജാവിന്‍റെ കല്പന ബലമുള്ളത്; “നീ എന്ത് ചെയ്യുന്നു?” എന്നു അവനോട് ആര്‍ ചോദിക്കും? രാജകല്പന പ്രമാണിക്കുന്നവന് ഒരു ദോഷവും സംഭവിക്കുകയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു. സകല കാര്യത്തിനും ഒരു സമയവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്റെ അരിഷ്ടത അവന് ഭാരമായിരിക്കുന്നു. സംഭവിക്കാനിരിക്കുന്നത് അവൻ അറിയുന്നില്ലല്ലോ; അത് എങ്ങനെ സംഭവിക്കും എന്നു അവനോട് ആര്‍ അറിയിക്കും?
സഭാപ്രസംഗി 8:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജ്ഞാനിക്കു തുല്യനായിട്ടു ആരുള്ളു? കാര്യത്തിന്റെ പൊരുൾ അറിയുന്നവൻ ആർ? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖത്തെ പ്രകാശിപ്പിക്കുന്നു; അവന്റെ മുഖത്തെ കാഠിന്യം മാറിപ്പോകുന്നു. ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്തിട്ടു രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു. നീ അവന്റെ സന്നിധി വിട്ടുപോകുവാൻ ബദ്ധപ്പെടരുതു; ഒരു ദുഷ്കാര്യത്തിലും ഇടപെടരുതു; അവൻ തനിക്കു ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ. രാജകല്പന ബലമുള്ളതു; നീ എന്തു ചെയ്യുന്നു എന്നു അവനോടു ആർ ചോദിക്കും? കല്പന പ്രമാണിക്കുന്നവന്നു ഒരു ദോഷവും സംഭവിക്കയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു. സകല കാര്യത്തിന്നും കാലവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്റെ അരിഷ്ടത അവന്നു ഭാരമായിരിക്കുന്നു. സംഭവിപ്പാനിരിക്കുന്നതു അവൻ അറിയുന്നില്ലല്ലോ; അതു എങ്ങനെ സംഭവിക്കും എന്നു അവനോടു ആർ അറിയിക്കും?
സഭാപ്രസംഗി 8:1-7 സമകാലിക മലയാളവിവർത്തനം (MCV)
ജ്ഞാനിയെപ്പോലെ ആരാണുള്ളത്? വസ്തുതകളെ അവലോകനം ചെയ്യാൻ ആർക്കാണു കഴിയുക? ജ്ഞാനം മനുഷ്യന്റെ മുഖത്തെ ദീപ്തമാക്കുകയും അതിന്റെ കാഠിന്യത്തെ മാറ്റുകയും ചെയ്യുന്നു. നീ ദൈവമുമ്പാകെ ഒരു ശപഥം ചെയ്തിട്ടുള്ളതുകൊണ്ട് രാജാവിന്റെ കൽപ്പന അനുസരിക്കാൻ ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു. രാജസന്നിധിയിൽനിന്ന് പോകാൻ തിടുക്കം കാട്ടരുത്. അദ്ദേഹം തനിക്കിഷ്ടമുള്ളത് ചെയ്യുമെന്നതുകൊണ്ട് ഒരു നീചകാര്യത്തിനുംവേണ്ടി നിലകൊള്ളരുത്. രാജശാസന അന്തിമം ആയിരിക്കുന്നിടത്തോളം, “അങ്ങ് എന്താണു ചെയ്യുന്നത്?” എന്ന് അദ്ദേഹത്തോട് ചോദിക്കാൻ ആർക്കു കഴിയും? രാജകൽപ്പന അനുസരിക്കുന്നവർക്ക് യാതൊരുദോഷവും ഭവിക്കുകയില്ല, ജ്ഞാനഹൃദയം യുക്തസമയവും നടപടിക്രമങ്ങളും അറിയുന്നു. മനുഷ്യന്റെ ദുരിതങ്ങൾ അസഹനീയമാണെങ്കിലും, എല്ലാറ്റിനും യുക്തസമയവും നടപടിക്രമങ്ങളും ഉണ്ടല്ലോ. ഭാവിയെക്കുറിച്ച് ആർക്കും ഒന്നും അറിയാത്തതുകൊണ്ട് എന്തു സംഭവിക്കുമെന്ന് ആർക്കാണ് മറ്റൊരാളോടു പറയാൻ കഴിയുക?