സഭാപ്രസംഗി 7:13-18

സഭാപ്രസംഗി 7:13-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദൈവത്തിന്റെ പ്രവൃത്തിയെ നോക്കുക; അവൻ വളച്ചതിനെ നേരെയാക്കുവാൻ ആർക്കു കഴിയും? സുഖകാലത്തു സുഖമായിരിക്ക; അനർഥകാലത്തോ ചിന്തിച്ചുകൊൾക; മനുഷ്യൻ തന്റെ ശേഷം വരുവാനുള്ളതൊന്നും ആരാഞ്ഞറിയാതെയിരിക്കേണ്ടതിന് ദൈവം രണ്ടിനെയും ഉണ്ടാക്കിയിരിക്കുന്നു. ഞാൻ എന്റെ മായാകാലത്ത് ഇതൊക്കെയും കണ്ടു: തന്റെ നീതിയിൽ നശിച്ചുപോകുന്ന നീതിമാൻ ഉണ്ട്; തന്റെ ദുഷ്ടതയിൽ ദീർഘായുസ്സായിരിക്കുന്ന ദുഷ്ടനും ഉണ്ട്. അതിനീതിമാനായിരിക്കരുത്; അതിജ്ഞാനിയായിരിക്കയും അരുത്; നിന്നെ നീ എന്തിനു നശിപ്പിക്കുന്നു? അതിദുഷ്ടനായിരിക്കരുത്; മൂഢനായിരിക്കയുമരുത്; കാലത്തിനു മുമ്പേ നീ എന്തിനു മരിക്കുന്നു? നീ ഇതു പിടിച്ചുകൊണ്ടാൽ കൊള്ളാം; അതിങ്കൽനിന്ന് നിന്റെ കൈ വലിച്ചുകളയരുത്; ദൈവഭക്തൻ ഇവ എല്ലാറ്റിൽനിന്നും ഒഴിഞ്ഞുപോരും.

സഭാപ്രസംഗി 7:13-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവത്തിന്റെ പ്രവൃത്തികൾ ഓർത്തുനോക്കുക; അവിടുന്നു വക്രമായി നിർമ്മിച്ചതിനെ നേരെയാക്കാൻ ആർക്കു കഴിയും? ഐശ്വര്യകാലത്തു സന്തോഷിക്കുക; കഷ്ടകാലം വരുമ്പോൾ ചിന്തിക്കുക. ഇവ രണ്ടും ഒരുക്കിയിരിക്കുന്നതു ദൈവമാണ്. സംഭവിക്കാൻ പോകുന്നത് എന്തെന്നു മനുഷ്യൻ അറിയാത്തവിധമാണ് ഇവ രണ്ടും ദൈവം ഒരുക്കിയിരിക്കുന്നത്. എന്റെ വ്യർഥജീവിതത്തിൽ ഞാൻ എല്ലാം കണ്ടിരിക്കുന്നു; നീതിനിഷ്ഠനായിരിക്കെ ഒരുവൻ നശിച്ചുപോകുന്നു. അതേ സമയം ദുഷ്കർമി തന്റെ ദുഷ്ടതയിൽ ദീർഘകാലം ജീവിക്കുകയും ചെയ്യുന്നു. വേണ്ടതിലേറെ നീതിമാനോ ജ്ഞാനിയോ ആകേണ്ടതില്ല. എന്തിനാണു സ്വയം നശിപ്പിക്കുന്നത്? പരമനീചനോ മൂഢനോ ആകരുത്. കാലമെത്താതെ മരിക്കേണ്ടതുണ്ടോ? ഒന്നിൽ പിടിമുറുക്കുമ്പോൾ മറ്റേത് പിടിവിട്ടു പോകാതെ സൂക്ഷിക്കുക. ദൈവഭക്തൻ ഇവയെല്ലാം അതിജീവിക്കും.

സഭാപ്രസംഗി 7:13-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദൈവത്തിന്‍റെ പ്രവൃത്തികൾ നോക്കുക; അവൻ വളച്ചതിനെ നേരെയാക്കുവാൻ ആർക്ക് കഴിയും? സുഖകാലത്ത് സന്തോഷമായിരിക്കുക; അനർത്ഥകാലത്ത് ചിന്തിച്ചുകൊള്ളുക; മനുഷ്യൻ തന്‍റെശേഷം വരുവാനുള്ളതൊന്നും അറിയാതിരിക്കേണ്ടതിന് ദൈവം ഇവ രണ്ടും ഉണ്ടാക്കിയിരിക്കുന്നു. ഞാൻ മായയായ എന്‍റെ ജീവിതകാലത്ത് ഇതൊക്കെയും കണ്ടു: തന്‍റെ നീതിയിൽ നശിച്ചുപോകുന്ന നീതിമാൻ ഉണ്ട്; തന്‍റെ ദുഷ്ടതയിൽ ദീർഘായുസ്സായിരിക്കുന്ന ദുഷ്ടനും ഉണ്ട്. അതിനീതിമാനായിരിക്കരുത്; അതിജ്ഞാനിയും ആയിരിക്കരുത്; നിന്നെ നീ എന്തിന് നശിപ്പിക്കുന്നു? അതിദുഷ്ടനായിരിക്കരുത്; മൂഢനായിരിക്കുകയുമരുത്; നിന്‍റെ സമയത്തിനു മുമ്പ് നീ എന്തിന് മരിക്കുന്നു? നീ ഇതു ഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു; അതിൽനിന്ന് നിന്‍റെ കൈ വലിച്ചുകളയരുത്; ദൈവഭക്തൻ ഇവ എല്ലാറ്റിൽ നിന്നും രക്ഷപെടും.

സഭാപ്രസംഗി 7:13-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവത്തിന്റെ പ്രവൃത്തിയെ നോക്കുക; അവൻ വളെച്ചതിനെ നേരെയാക്കുവാൻ ആർക്കു കഴിയും? സുഖകാലത്തു സുഖമായിരിക്ക; അനർത്ഥകാലത്തോ ചിന്തിച്ചുകൊൾക; മനുഷ്യൻ തന്റെ ശേഷം വരുവാനുള്ളതൊന്നും ആരാഞ്ഞറിയാതെയിരിക്കേണ്ടതിന്നു ദൈവം രണ്ടിനെയും ഉണ്ടാക്കിയിരിക്കുന്നു. ഞാൻ എന്റെ മായാകാലത്തു ഇതൊക്കെയും കണ്ടു: തന്റെ നീതിയിൽ നശിച്ചുപോകുന്ന നീതിമാൻ ഉണ്ടു; തന്റെ ദുഷ്ടതയിൽ ദിർഘായുസ്സായിരിക്കുന്ന ദുഷ്ടനും ഉണ്ടു. അതിനീതിമാനായിരിക്കരുതു; അതിജ്ഞാനിയായിരിക്കയും അരുതു; നിന്നെ നീ എന്തിന്നു നശിപ്പിക്കുന്നു? അതിദുഷ്ടനായിരിക്കരുതു; മൂഢനായിരിക്കയുമരുതു; കാലത്തിന്നു മുമ്പെ നീ എന്തിന്നു മരിക്കുന്നു? നീ ഇതു പിടിച്ചുകൊണ്ടാൽ കൊള്ളാം; അതിങ്കൽനിന്നു നിന്റെ കൈ വലിച്ചുകളയരുതു; ദൈവഭക്തൻ ഇവ എല്ലാറ്റിൽനിന്നും ഒഴിഞ്ഞുപോരും.

സഭാപ്രസംഗി 7:13-18 സമകാലിക മലയാളവിവർത്തനം (MCV)

ദൈവത്തിന്റെ പ്രവൃത്തിയെ ഓർക്കുക: അവിടന്ന് വളച്ചതിനെ നേരേയാക്കാൻ ആർക്കു കഴിയും? ശുഭകാലത്ത് ആനന്ദിക്കുക; അശുഭകാലം വരുമ്പോൾ ചിന്തിക്കുക: ഒന്നിനെ സൃഷ്ടിച്ചതുപോലെ ദൈവം മറ്റൊന്നിനെയും സൃഷ്ടിച്ചു. അതുകൊണ്ട് ഒരു മനുഷ്യനും തന്റെ ഭാവിയെക്കുറിച്ച് ഒന്നുംതന്നെ കണ്ടെത്താനാകുകയില്ല. എന്റെ ഈ അർഥശൂന്യജീവിതത്തിൽ ഞാൻ ഇവ രണ്ടും കണ്ടു: നീതിനിഷ്ഠർ തങ്ങളുടെ നീതിയിൽ നശിക്കുന്നു, ദുഷ്ടർ തങ്ങളുടെ ദുഷ്ടതയിൽ ദീർഘകാലം വസിക്കുന്നു. അതിനീതിനിഷ്ഠരാകരുത്, അധികജ്ഞാനമുള്ളവരും ആകരുത്— എന്തിന് സ്വയം നശിക്കണം? അതിദുഷ്ടരാകരുത്, ഭോഷരുമാകരുത്— നിന്റെ സമയമെത്തുന്നതിനുമുമ്പേ മരിക്കുന്നതെന്തിന്? ഒന്നിനെ പിടിക്കുക, മറ്റൊന്നിനെ വിട്ടുകളയരുത്. ദൈവത്തെ ഭയപ്പെടുന്ന മനുഷ്യൻ എല്ലാ തീവ്രഭാവങ്ങളും ഒഴിവാക്കുന്നു.