സഭാപ്രസംഗി 7:1-29

സഭാപ്രസംഗി 7:1-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം. വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലത്; അതല്ലോ സകല മനുഷ്യരുടെയും അവസാനം; ജീവിച്ചിരിക്കുന്നവൻ അതു ഹൃദയത്തിൽ കരുതിക്കൊള്ളും. ചിരിയെക്കാൾ വ്യസനം നല്ലത്; മുഖം വാടിയിരിക്കുമ്പോൾ ഹൃദയം സുഖമായിരിക്കും. ജ്ഞാനികളുടെ ഹൃദയം വിലാപ ഭവനത്തിൽ ഇരിക്കുന്നു; മൂഢന്മാരുടെ ഹൃദയമോ സന്തോഷഭവനത്തിലത്രേ. മൂഢന്റെ ഗീതം കേൾക്കുന്നതിനെക്കാൾ ജ്ഞാനിയുടെ ശാസന കേൾക്കുന്നത് മനുഷ്യന് നല്ലത്. മൂഢന്റെ ചിരി കലത്തിന്റെ കീഴെ കത്തുന്ന മുള്ളിന്റെ പൊടുപൊടുപ്പുപോലെ ആകുന്നു; അതും മായയത്രേ. കോഴ ജ്ഞാനിയെ പൊട്ടനാക്കുന്നു; കൈക്കൂലി ഹൃദയത്തെ കെടുത്തുകളയുന്നു. ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലത്; ഗർവമാനസനെക്കാൾ ക്ഷമാമാനസൻ ശ്രേഷ്ഠൻ. നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുത്; മൂഢന്മാരുടെ മാർവിൽ അല്ലോ നീരസം വസിക്കുന്നത്. പണ്ടത്തെ കാലം ഇപ്പോഴത്തേതിനെക്കാൾ നന്നായിരുന്നതിന്റെ കാരണം എന്ത് എന്നു നീ ചോദിക്കരുത്; നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ. ജ്ഞാനം ഒരു അവകാശംപോലെ നല്ലത്; സകല ഭൂവാസികൾക്കും അതു ബഹുവിശേഷം. ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത. ദൈവത്തിന്റെ പ്രവൃത്തിയെ നോക്കുക; അവൻ വളച്ചതിനെ നേരെയാക്കുവാൻ ആർക്കു കഴിയും? സുഖകാലത്തു സുഖമായിരിക്ക; അനർഥകാലത്തോ ചിന്തിച്ചുകൊൾക; മനുഷ്യൻ തന്റെ ശേഷം വരുവാനുള്ളതൊന്നും ആരാഞ്ഞറിയാതെയിരിക്കേണ്ടതിന് ദൈവം രണ്ടിനെയും ഉണ്ടാക്കിയിരിക്കുന്നു. ഞാൻ എന്റെ മായാകാലത്ത് ഇതൊക്കെയും കണ്ടു: തന്റെ നീതിയിൽ നശിച്ചുപോകുന്ന നീതിമാൻ ഉണ്ട്; തന്റെ ദുഷ്ടതയിൽ ദീർഘായുസ്സായിരിക്കുന്ന ദുഷ്ടനും ഉണ്ട്. അതിനീതിമാനായിരിക്കരുത്; അതിജ്ഞാനിയായിരിക്കയും അരുത്; നിന്നെ നീ എന്തിനു നശിപ്പിക്കുന്നു? അതിദുഷ്ടനായിരിക്കരുത്; മൂഢനായിരിക്കയുമരുത്; കാലത്തിനു മുമ്പേ നീ എന്തിനു മരിക്കുന്നു? നീ ഇതു പിടിച്ചുകൊണ്ടാൽ കൊള്ളാം; അതിങ്കൽനിന്ന് നിന്റെ കൈ വലിച്ചുകളയരുത്; ദൈവഭക്തൻ ഇവ എല്ലാറ്റിൽനിന്നും ഒഴിഞ്ഞുപോരും. ഒരു പട്ടണത്തിൽ പത്തു ബലശാലികൾ ഉള്ളതിനെക്കാൾ ജ്ഞാനം ജ്ഞാനിക്ക് അധികം ബലം. പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല. പറഞ്ഞുകേൾക്കുന്ന സകല വാക്കിനും നീ ശ്രദ്ധകൊടുക്കരുത്; നിന്റെ ദാസൻ നിന്നെ ശപിക്കുന്നതു നീ കേൾക്കാതിരിക്കേണ്ടതിനു തന്നെ. നീയും പല പ്രാവശ്യം മറ്റുള്ളവരെ ശപിച്ച പ്രകാരം നിനക്കു മനോബോധമുണ്ടല്ലോ. ഇതൊക്കെയും ഞാൻ ജ്ഞാനംകൊണ്ടു പരീക്ഷിച്ചുനോക്കി; ഞാൻ ജ്ഞാനം സമ്പാദിക്കുമെന്നു ഞാൻ പറഞ്ഞു; എന്നാൽ അത് എനിക്കു ദൂരമായിരുന്നു. ഉള്ളതു ദൂരവും അത്യഗാധവും ആയിരിക്കുന്നു; അതു കണ്ടെത്തുവാൻ ആർക്കു കഴിയും? ഞാൻ തിരിഞ്ഞ്, അറിവാനും പരിശോധിപ്പാനും ജ്ഞാനവും യുക്തിയും അന്വേഷിപ്പാനും ദുഷ്ടത ഭോഷത്തമെന്നും മൂഢത ഭ്രാന്ത് എന്നും ഗ്രഹിപ്പാനും മനസ്സുവച്ചു. മരണത്തെക്കാൾ കയ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കെണികളും വലകളും കൈയിൽ പാശങ്ങളും ഉള്ള സ്ത്രീയെ തന്നെ; ദൈവത്തിനു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപെടും; പാപിയോ അവളാൽ പിടിപെടും. കാര്യം അറിയേണ്ടതിന് ഒന്നോടൊന്നു ചേർത്തു പരിശോധിച്ചു നോക്കീട്ട് ഞാൻ ഇതാകുന്നു കണ്ടത് എന്നു സഭാപ്രസംഗി പറയുന്നു: ഞാൻ താൽപര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും കണ്ടുകിട്ടാത്തത്: ആയിരംപേരിൽ ഒരു പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല എന്നതത്രേ. ഒരു കാര്യം മാത്രം ഞാൻ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്‍ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു.

സഭാപ്രസംഗി 7:1-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സൽപ്പേര് അമൂല്യമായ പരിമളതൈലത്തെക്കാളും മരണദിനം ജനനദിവസത്തെക്കാളും നല്ലത്. വിരുന്നുവീട്ടിലേക്കു പോകുന്നതിലും ഉത്തമം വിലാപഗൃഹത്തിലേക്കു പോകുന്നതാണ്. മരണമാണ് എല്ലാ മനുഷ്യരുടെയും അന്ത്യമെന്നു ജീവിച്ചിരിക്കുന്നവൻ ഗ്രഹിച്ചുകൊള്ളും. ചിരിക്കുന്നതിനെക്കാൾ നല്ലതു കരയുന്നതാണ്. മുഖം മ്ലാനമാക്കുമെങ്കിലും അതു ഹൃദയത്തിന് ആശ്വാസം നല്‌കും. ജ്ഞാനിയുടെ ഹൃദയം വിലാപഭവനത്തിലായിരിക്കും; മൂഢന്മാരുടെ ഹൃദയം ഉല്ലാസഭവനത്തിലും. മൂഢന്മാരുടെ ഗാനം കേൾക്കുന്നതിലും ഭേദം ജ്ഞാനിയുടെ ശാസന കേൾക്കുന്നതാണ്. അടുപ്പിൽ കത്തുന്ന ചുള്ളിവിറകിന്റെ കിരുകിരുപ്പു പോലെയാണു മൂഢന്റെ ചിരി. അതും മിഥ്യ തന്നെ. കോഴ ജ്ഞാനിയെ ഭോഷനാക്കും തീർച്ച; കൈക്കൂലി മനസ്സു ദുഷിപ്പിക്കുന്നു. ഒടുക്കമാണു തുടക്കത്തെക്കാൾ നല്ലത്; ഗർവിഷ്ഠനെക്കാൾ ശ്രേഷ്ഠനാണു ക്ഷമാശീലൻ. ക്ഷിപ്രകോപം അരുത്; മൂഢന്റെ മടിയിലാണല്ലോ കോപം വിശ്രമിക്കുന്നത്. “പഴയകാലം ഇന്നത്തേക്കാൾ മെച്ചമായിരുന്നത് എന്തുകൊണ്ട്” എന്നു ചോദിക്കരുത്; ജ്ഞാനത്തിൽ നിന്നല്ല ഈ ചോദ്യം വരുന്നത്. പിതൃസ്വത്തുപോലെ ജ്ഞാനവും ശ്രേഷ്ഠമാണ്; സൂര്യപ്രകാശം കണ്ടിട്ടുള്ളവർക്കെല്ലാം അതു പ്രയോജനപ്രദമാണ്. ധനം നല്‌കുന്ന അഭയംപോലെയാണു ജ്ഞാനം നല്‌കുന്ന അഭയവും. ജ്ഞാനിയുടെ ജീവൻ സംരക്ഷിക്കുന്നു എന്നതാണു ജ്ഞാനത്തിന്റെ ഗുണം. ദൈവത്തിന്റെ പ്രവൃത്തികൾ ഓർത്തുനോക്കുക; അവിടുന്നു വക്രമായി നിർമ്മിച്ചതിനെ നേരെയാക്കാൻ ആർക്കു കഴിയും? ഐശ്വര്യകാലത്തു സന്തോഷിക്കുക; കഷ്ടകാലം വരുമ്പോൾ ചിന്തിക്കുക. ഇവ രണ്ടും ഒരുക്കിയിരിക്കുന്നതു ദൈവമാണ്. സംഭവിക്കാൻ പോകുന്നത് എന്തെന്നു മനുഷ്യൻ അറിയാത്തവിധമാണ് ഇവ രണ്ടും ദൈവം ഒരുക്കിയിരിക്കുന്നത്. എന്റെ വ്യർഥജീവിതത്തിൽ ഞാൻ എല്ലാം കണ്ടിരിക്കുന്നു; നീതിനിഷ്ഠനായിരിക്കെ ഒരുവൻ നശിച്ചുപോകുന്നു. അതേ സമയം ദുഷ്കർമി തന്റെ ദുഷ്ടതയിൽ ദീർഘകാലം ജീവിക്കുകയും ചെയ്യുന്നു. വേണ്ടതിലേറെ നീതിമാനോ ജ്ഞാനിയോ ആകേണ്ടതില്ല. എന്തിനാണു സ്വയം നശിപ്പിക്കുന്നത്? പരമനീചനോ മൂഢനോ ആകരുത്. കാലമെത്താതെ മരിക്കേണ്ടതുണ്ടോ? ഒന്നിൽ പിടിമുറുക്കുമ്പോൾ മറ്റേത് പിടിവിട്ടു പോകാതെ സൂക്ഷിക്കുക. ദൈവഭക്തൻ ഇവയെല്ലാം അതിജീവിക്കും. പത്തു ഭരണാധിപന്മാർക്കുള്ളതിനെക്കാൾ അധികം ശക്തി ജ്ഞാനം ജ്ഞാനിക്കു നല്‌കുന്നു. ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല; തീർച്ച. മനുഷ്യർ പറയുന്നതിനെല്ലാം ചെവികൊടുക്കരുത്; അങ്ങനെ ചെയ്താൽ ദാസന്റെ ശാപവാക്കു നിനക്കു കേൾക്കേണ്ടിവരും. നീതന്നെ എത്രവട്ടം മറ്റുള്ളവരെ ശപിച്ചിട്ടുള്ളതു നിനക്ക് അറിയാം. ഇവയെല്ലാം ജ്ഞാനംകൊണ്ടു ഞാൻ പരിശോധിച്ചുനോക്കി. ഞാൻ ജ്ഞാനിയായിരിക്കുമെന്നു സ്വയം പറഞ്ഞു. എന്നാൽ ജ്ഞാനം എന്നിൽനിന്ന് അകലെയായിരുന്നു. അതു വിദൂരസ്ഥം, അഗാധം, അത്യഗാധം; എല്ലാവർക്കും അപ്രാപ്യം. ജ്ഞാനത്തെ അറിയാനും തേടിപ്പിടിക്കാനും കാര്യങ്ങളുടെ പൊരുൾ ഗ്രഹിക്കാനും ഭോഷത്തത്തിലെ ദുഷ്ടതയും മൂഢത എന്ന ഭ്രാന്തും തിരിച്ചറിയാനും ഞാൻ പരിശ്രമിച്ചു. മരണത്തെക്കാൾ ഭയാനകയായ സ്‍ത്രീയെ ഞാൻ കണ്ടു; അവളുടെ ഹൃദയം കെണികളും വലകളും ഒരുക്കിവയ്‍ക്കുന്നു. അവളുടെ കൈകൾ ചങ്ങലയാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്നവൻ അവളിൽനിന്നു രക്ഷപെടും. പാപിയാകട്ടെ അവളുടെ പിടിയിൽ അമരും. പ്രബോധകൻ പറയുന്നു: “ഞാൻ കണ്ടെത്തിയത് ഇതാണ്-ഒന്നോടൊന്നുകൂട്ടി ആകെത്തുക കാണാൻ ഞാൻ പരിശ്രമിച്ചു. ഞാൻ വീണ്ടും വീണ്ടും പരിശ്രമിച്ചു-പക്ഷേ, ഒന്നും കണ്ടുകിട്ടിയില്ല. ആയിരം പേരിൽ ഒരുവനെ ഞാൻ പുരുഷനായി കണ്ടു; എന്നാൽ ഒരുവളെയും സ്‍ത്രീയായി കണ്ടില്ല. ഞാൻ കണ്ടെത്തിയത് ഇതുമാത്രം: ദൈവം മനുഷ്യനെ പരമാർഥഹൃദയത്തോടെ സൃഷ്‍ടിച്ചു. അവനാകട്ടെ ദുരുപായങ്ങൾ മെനയുന്നു.

സഭാപ്രസംഗി 7:1-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നല്ല പേര് സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം. വിരുന്നുവീട്ടിൽ പോകുന്നതിനേക്കാൾ വിലാപഭവനത്തിൽ പോകുന്നത് നല്ലത്; മരണം സകലമനുഷ്യരുടെയും അവസാനമല്ലയോ; ജീവിച്ചിരിക്കുന്നവൻ അത് ഹൃദയത്തിൽ കരുതിക്കൊള്ളും. ചിരിയെക്കാൾ വ്യസനം നല്ലത്; മുഖം വാടിയിരിക്കുമ്പോൾ ഹൃദയം സുഖമായിരിക്കും. ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തിൽ ഇരിക്കുന്നു; എന്നാൽ മൂഢന്മാരുടെ ഹൃദയം സന്തോഷഭവനത്തിലത്രേ. മൂഢന്‍റെ ഗീതം കേൾക്കുന്നതിനെക്കാൾ ജ്ഞാനിയുടെ ശാസന കേൾക്കുന്നത് മനുഷ്യന് നല്ലത്. മൂഢൻ ചിരിക്കുമ്പോൾ കലത്തിന്‍റെ കീഴിൽ മുള്ളുകൾ കത്തുമ്പോൾ ഉണ്ടാകുന്ന ശബ്ദംപോലെ തോന്നും. അതും മായ അത്രേ. കോഴ ജ്ഞാനിയെ ബുദ്ധിഹീനനാക്കുന്നു; കൈക്കൂലി ഹൃദയത്തെ തരംതാഴ്ത്തുന്നു. ഒരു കാര്യത്തിന്‍റെ ആരംഭത്തെക്കാൾ അതിന്‍റെ അവസാനം നല്ലത്; ഗർവ്വമാനസനെക്കാൾ ക്ഷമാമാനസൻ ശ്രേഷ്ഠൻ. നിന്‍റെ മനസ്സിൽ അത്ര വേഗത്തിൽ നീരസം ഉണ്ടാകരുത്; മൂഢന്മാരുടെ മാർവ്വിൽ അല്ലയോ നീരസം വസിക്കുന്നത്. പഴയകാലം ഇന്നത്തെക്കാൾ നന്നായിരുന്നതിന്‍റെ കാരണം എന്തെന്ന് നീ ചോദിക്കരുത്; നീ അങ്ങനെ ചോദിക്കുന്നത് ജ്ഞാനലക്ഷണമല്ല. ജ്ഞാനം ഒരു അവകാശംപോലെ നല്ലത്; സകലഭൂവാസികൾക്കും അത് ബഹുവിശേഷം. ജ്ഞാനം ഒരു ശരണം; ദ്രവ്യവും ഒരു ശരണം. ജ്ഞാനം ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതാകുന്നു പരിജ്ഞാനത്തിന്‍റെ വിശേഷത. ദൈവത്തിന്‍റെ പ്രവൃത്തികൾ നോക്കുക; അവൻ വളച്ചതിനെ നേരെയാക്കുവാൻ ആർക്ക് കഴിയും? സുഖകാലത്ത് സന്തോഷമായിരിക്കുക; അനർത്ഥകാലത്ത് ചിന്തിച്ചുകൊള്ളുക; മനുഷ്യൻ തന്‍റെശേഷം വരുവാനുള്ളതൊന്നും അറിയാതിരിക്കേണ്ടതിന് ദൈവം ഇവ രണ്ടും ഉണ്ടാക്കിയിരിക്കുന്നു. ഞാൻ മായയായ എന്‍റെ ജീവിതകാലത്ത് ഇതൊക്കെയും കണ്ടു: തന്‍റെ നീതിയിൽ നശിച്ചുപോകുന്ന നീതിമാൻ ഉണ്ട്; തന്‍റെ ദുഷ്ടതയിൽ ദീർഘായുസ്സായിരിക്കുന്ന ദുഷ്ടനും ഉണ്ട്. അതിനീതിമാനായിരിക്കരുത്; അതിജ്ഞാനിയും ആയിരിക്കരുത്; നിന്നെ നീ എന്തിന് നശിപ്പിക്കുന്നു? അതിദുഷ്ടനായിരിക്കരുത്; മൂഢനായിരിക്കുകയുമരുത്; നിന്‍റെ സമയത്തിനു മുമ്പ് നീ എന്തിന് മരിക്കുന്നു? നീ ഇതു ഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു; അതിൽനിന്ന് നിന്‍റെ കൈ വലിച്ചുകളയരുത്; ദൈവഭക്തൻ ഇവ എല്ലാറ്റിൽ നിന്നും രക്ഷപെടും. പട്ടണത്തിലെ പത്തു ബലശാലികളേക്കാൾ ജ്ഞാനം ജ്ഞാനിയെ അധികം ബലവാനാക്കും. പാപം ചെയ്യാതെ നന്മമാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല. പറഞ്ഞുകേൾക്കുന്ന സകലവാക്കിനും നീ ശ്രദ്ധകൊടുക്കരുത്; നിന്‍റെ ദാസൻ നിന്നെ ശപിക്കുന്നതു നീ കേൾക്കാതിരിക്കേണ്ടതിനു തന്നെ. നീയും പല പ്രാവശ്യം മറ്റുള്ളവരെ ശപിച്ച കാര്യത്തെപ്പറ്റി നിനക്കു മനോബോധമുണ്ടല്ലോ. ഇതൊക്കെയും ഞാൻ ജ്ഞാനംകൊണ്ട് പരീക്ഷിച്ചു; “ഞാൻ ജ്ഞാനം സമ്പാദിക്കും” എന്നു ഞാൻ പറഞ്ഞു; എന്നാൽ അത് എനിക്ക് അതിദൂരമായിരുന്നു. ഈ കാര്യം വിദൂരവും അത്യഗാധവും ആയിരിക്കുന്നു; അത് കണ്ടെത്തുവാൻ ആർക്ക് കഴിയും? ഞാൻ എല്ലാം അറിയുവാനും പരിശോധിക്കുവാനും തുനിഞ്ഞു. ജ്ഞാനവും യുക്തിയും അന്വേഷിക്കുവാനും ദുഷ്ടത ഭോഷത്തമെന്നും മൂഢത ഭ്രാന്തെന്നും ഗ്രഹിക്കുവാനും മനസ്സുവച്ചു. മരണത്തെക്കാൾ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കെണികളും വലകളും കയ്യിൽ പാശങ്ങളും ഉള്ള സ്ത്രീ തന്നെ; ദൈവത്തിനു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; എന്നാൽ പാപി അവളാൽ പിടിക്കപ്പെടും. “കാര്യം അറിയേണ്ടതിന് ഒന്നോടൊന്നു ചേർത്തു പരിശോധിച്ചു നോക്കി ഞാൻ ഇതാകുന്നു കണ്ടത്” എന്നു സഭാപ്രസംഗി പറയുന്നു: “ഞാൻ താത്പര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും കണ്ടുകിട്ടാത്തത്: ആയിരംപേരിൽ ഒരു പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല എന്നത് തന്നെ. ഒരു കാര്യം മാത്രം സത്യമായി ഞാൻ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങൾ അന്വേഷിച്ചു വരുന്നു.“

സഭാപ്രസംഗി 7:1-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം. വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലതു; അതല്ലോ സകലമനുഷ്യരുടെയും അവസാനം; ജീവച്ചിരിക്കുന്നവൻ അതു ഹൃദയത്തിൽ കരുതിക്കൊള്ളും. ചിരിയെക്കാൾ വ്യസനം നല്ലതു; മുഖം വാടിയിരിക്കുമ്പോൾ ഹൃദയം സുഖമായിരിക്കും. ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തിൽ ഇരിക്കുന്നു; മൂഢന്മാരുടെ ഹൃദയമോ സന്തോഷഭവനത്തിലത്രേ. മൂഢന്റെ ഗീതം കേൾക്കുന്നതിനെക്കാൾ ജ്ഞാനിയുടെ ശാസന കേൾക്കുന്നതു മനുഷ്യന്നു നല്ലതു. മൂഢന്റെ ചിരി കലത്തിന്റെ കീഴെ കത്തുന്ന മുള്ളിന്റെ പൊടുപൊടുപ്പുപോലെ ആകുന്നു; അതും മായ അത്രേ. കോഴ ജ്ഞാനിയെ പൊട്ടനാക്കുന്നു; കൈക്കൂലി ഹൃദയത്തെ കെടുത്തുകളയുന്നു. ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലതു; ഗർവ്വമാനസനെക്കാൾ ക്ഷമാമാനസൻ ശ്രേഷ്ഠൻ. നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാർവ്വിൽ അല്ലോ നീരസം വസിക്കുന്നതു. പണ്ടത്തേകാലം ഇപ്പോഴത്തേതിനെക്കാൾ നന്നായിരുന്നതിന്റെ കാരണം എന്തു എന്നു നീ ചോദിക്കരുതു; നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ. ജ്ഞാനം ഒരു അവകാശംപോലെ നല്ലതു; സകലഭൂവാസികൾക്കും അതു ബഹുവിശേഷം. ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത. ദൈവത്തിന്റെ പ്രവൃത്തിയെ നോക്കുക; അവൻ വളെച്ചതിനെ നേരെയാക്കുവാൻ ആർക്കു കഴിയും? സുഖകാലത്തു സുഖമായിരിക്ക; അനർത്ഥകാലത്തോ ചിന്തിച്ചുകൊൾക; മനുഷ്യൻ തന്റെ ശേഷം വരുവാനുള്ളതൊന്നും ആരാഞ്ഞറിയാതെയിരിക്കേണ്ടതിന്നു ദൈവം രണ്ടിനെയും ഉണ്ടാക്കിയിരിക്കുന്നു. ഞാൻ എന്റെ മായാകാലത്തു ഇതൊക്കെയും കണ്ടു: തന്റെ നീതിയിൽ നശിച്ചുപോകുന്ന നീതിമാൻ ഉണ്ടു; തന്റെ ദുഷ്ടതയിൽ ദിർഘായുസ്സായിരിക്കുന്ന ദുഷ്ടനും ഉണ്ടു. അതിനീതിമാനായിരിക്കരുതു; അതിജ്ഞാനിയായിരിക്കയും അരുതു; നിന്നെ നീ എന്തിന്നു നശിപ്പിക്കുന്നു? അതിദുഷ്ടനായിരിക്കരുതു; മൂഢനായിരിക്കയുമരുതു; കാലത്തിന്നു മുമ്പെ നീ എന്തിന്നു മരിക്കുന്നു? നീ ഇതു പിടിച്ചുകൊണ്ടാൽ കൊള്ളാം; അതിങ്കൽനിന്നു നിന്റെ കൈ വലിച്ചുകളയരുതു; ദൈവഭക്തൻ ഇവ എല്ലാറ്റിൽനിന്നും ഒഴിഞ്ഞുപോരും. ഒരു പട്ടണത്തിൽ പത്തു ബലശാലികൾ ഉള്ളതിനെക്കാൾ ജ്ഞാനം ജ്ഞാനിക്കു അധികം ബലം. പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല. പറഞ്ഞുകേൾക്കുന്ന സകലവാക്കിന്നും നീ ശ്രദ്ധകൊടുക്കരുതു; നിന്റെ ദാസൻ നിന്നെ ശപിക്കുന്നതു നീ കേൾക്കാതിരിക്കേണ്ടതിന്നു തന്നേ. നീയും പല പ്രാവശ്യം മറ്റുള്ളവരെ ശപിച്ചപ്രകാരം നിനക്കു മനോബോധമുണ്ടല്ലോ. ഇതൊക്കെയും ഞാൻ ജ്ഞാനംകൊണ്ടു പരീക്ഷിച്ചുനോക്കി; ഞാൻ ജ്ഞാനം സമ്പാദിക്കുമെന്നു ഞാൻ പറഞ്ഞു; എന്നാൽ അതു എനിക്കു ദൂരമായിരുന്നു. ഉള്ളതു ദൂരവും അത്യഗാധവും ആയിരിക്കുന്നു; അതു കണ്ടെത്തുവാൻ ആർക്കു കഴിയും? ഞാൻ തിരിഞ്ഞു, അറിവാനും പരിശോധിപ്പാനും ജ്ഞാനവും യുക്തിയും അന്വേഷിപ്പാനും ദുഷ്ടത ഭോഷത്വമെന്നും മൂഢത ഭ്രാന്തു എന്നും ഗ്രഹിപ്പാനും മനസ്സുവെച്ചു. മരണത്തെക്കാൾ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കണികളും വലകളും കയ്യിൽ പാശങ്ങളും ഉള്ള സ്ത്രീയെ തന്നേ; ദൈവത്തിന്നു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; പാപിയോ അവളാൽ പിടിപെടും. കാര്യം അറിയേണ്ടതിന്നു ഒന്നോടൊന്നു ചേർത്തു പരിശോധിച്ചുനോക്കീട്ടു ഞാൻ ഇതാകുന്നു കണ്ടതു എന്നു സഭാപ്രസംഗി പറയുന്നു: ഞാൻ താല്പര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും കണ്ടുകിട്ടാത്തതു: ആയിരംപേരിൽ ഒരു പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല എന്നതത്രേ. ഒരു കാര്യം മാത്രം ഞാൻ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചു വരുന്നു.

സഭാപ്രസംഗി 7:1-29 സമകാലിക മലയാളവിവർത്തനം (MCV)

സൽപ്പേർ സുഗന്ധതൈലത്തെക്കാൾ ഉത്തമം, മരണദിനത്തെക്കാൾ ജന്മദിനവും. വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലത്, ഓരോ മനുഷ്യന്റെയും അവസാനം മരണമാണല്ലോ; ജീവിച്ചിരിക്കുന്നവരെല്ലാം ഇതു ഹൃദയത്തിൽ കരുതിക്കൊള്ളണം. ചിരിയെക്കാൾ വ്യസനം നല്ലത്, കാരണം വാടിയമുഖം ഹൃദയത്തിനു നല്ലതാണ്. ജ്ഞാനിയുടെ ഹൃദയം വിലാപവീട്ടിലും, ഭോഷരുടെ ഹൃദയം ഉല്ലാസവീട്ടിലും ആകുന്നു. ഭോഷരുടെ പാട്ടു കേൾക്കുന്നതിനെക്കാൾ ജ്ഞാനിയുടെ ശകാരം ശ്രദ്ധിക്കുന്നത് നല്ലത്. കലത്തിനു ചുവട്ടിലെ തീയിൽ മുള്ളുകൾ എരിഞ്ഞുപൊട്ടുന്നതെങ്ങനെയോ, അങ്ങനെയാകുന്നു ഭോഷരുടെ ചിരി. ഇതും അർഥശൂന്യം. കവർച്ച ജ്ഞാനിയെ ഭോഷനാക്കുന്നു, കൈക്കൂലി ഹൃദയത്തെ മലിനമാക്കുന്നു. ആരംഭത്തെക്കാൾ അവസാനം നല്ലത്, നിഗളത്തെക്കാൾ സഹനം നല്ലത്. തിടുക്കത്തിൽ ദേഷ്യപ്പെടരുത്; ഭോഷരുടെ മടിയിലാണ് കോപം വസിക്കുന്നത്. “പഴയകാലം ഇന്നത്തെക്കാൾ നല്ലതായിരുന്നതെന്തുകൊണ്ട്?” എന്നു പറയരുത്. അത്തരം ചോദ്യങ്ങൾ ബുദ്ധിപൂർവമല്ല. ജ്ഞാനം ഒരു പൈതൃകസ്വത്തുപോലെതന്നെ നല്ലത്. ജീവിച്ചിരിക്കുന്നവർക്കെല്ലാം അതു ഗുണകരംതന്നെ. ജ്ഞാനം ഒരു അഭയം; പണം ഒരു അഭയമായിരിക്കുന്നതുപോലെതന്നെ, എന്നാൽ ജ്ഞാനം അതിന്റെ ഉടമയെ സംരക്ഷിക്കുന്നു ഇതാണ് ജ്ഞാനത്തിന്റെ സവിശേഷത. ദൈവത്തിന്റെ പ്രവൃത്തിയെ ഓർക്കുക: അവിടന്ന് വളച്ചതിനെ നേരേയാക്കാൻ ആർക്കു കഴിയും? ശുഭകാലത്ത് ആനന്ദിക്കുക; അശുഭകാലം വരുമ്പോൾ ചിന്തിക്കുക: ഒന്നിനെ സൃഷ്ടിച്ചതുപോലെ ദൈവം മറ്റൊന്നിനെയും സൃഷ്ടിച്ചു. അതുകൊണ്ട് ഒരു മനുഷ്യനും തന്റെ ഭാവിയെക്കുറിച്ച് ഒന്നുംതന്നെ കണ്ടെത്താനാകുകയില്ല. എന്റെ ഈ അർഥശൂന്യജീവിതത്തിൽ ഞാൻ ഇവ രണ്ടും കണ്ടു: നീതിനിഷ്ഠർ തങ്ങളുടെ നീതിയിൽ നശിക്കുന്നു, ദുഷ്ടർ തങ്ങളുടെ ദുഷ്ടതയിൽ ദീർഘകാലം വസിക്കുന്നു. അതിനീതിനിഷ്ഠരാകരുത്, അധികജ്ഞാനമുള്ളവരും ആകരുത്— എന്തിന് സ്വയം നശിക്കണം? അതിദുഷ്ടരാകരുത്, ഭോഷരുമാകരുത്— നിന്റെ സമയമെത്തുന്നതിനുമുമ്പേ മരിക്കുന്നതെന്തിന്? ഒന്നിനെ പിടിക്കുക, മറ്റൊന്നിനെ വിട്ടുകളയരുത്. ദൈവത്തെ ഭയപ്പെടുന്ന മനുഷ്യൻ എല്ലാ തീവ്രഭാവങ്ങളും ഒഴിവാക്കുന്നു. ഒരു നഗരത്തിലെ പത്തു ഭരണകർത്താക്കളെക്കാൾ ജ്ഞാനം ജ്ഞാനിയെ അധികം ശക്തനാക്കുന്നു. ശരിമാത്രം ചെയ്യുകയും ഒരിക്കലും പാപം ചെയ്യാതിരിക്കുകയും ചെയ്യുന്ന നീതിനിഷ്ഠരായ ആരുംതന്നെ ഭൂമിയിലില്ല. മനുഷ്യർ പറയുന്ന സകലവാക്കുകൾക്കും ചെവികൊടുക്കരുത്, അല്ലെങ്കിൽ നിന്റെ സേവകർ നിന്നെ ശപിക്കുന്നതു നീ കേൾക്കും. നീ തന്നെ അനേകപ്രാവശ്യം മറ്റുള്ളവരെ ശപിച്ചിട്ടുള്ളത് നിന്റെ ഹൃദയത്തിൽ അറിയുന്നല്ലോ. ഇവയെല്ലാം ജ്ഞാനത്താൽ പരീക്ഷിച്ചിട്ടുള്ള ഞാൻ പറഞ്ഞു, “ജ്ഞാനിയായിരിക്കാൻ ഞാൻ ഉറച്ചു”— എന്നാൽ ഇതെനിക്ക് അതീതമായിരുന്നു; അതിവിദൂരവും അത്യഗാധവും ആയിരുന്നു— അതു കണ്ടെത്താൻ ആർക്കു കഴിയും? അതുകൊണ്ട് ഞാൻ എന്റെ മനസ്സിനെ ജ്ഞാനം അറിയുന്നതിനും പരിശോധിക്കുന്നതിനും അന്വേഷിക്കുന്നതിനും അതോടൊപ്പം ദുഷ്ടതയുടെ ഭോഷത്തവും മൂഢതയുടെ മതിഭ്രമവും മനസ്സിലാക്കുന്നതിനും തിരിച്ചുവിട്ടു. മരണത്തെക്കാൾ കയ്‌പായി ഞാൻ കണ്ട ഒന്നുണ്ട്; കെണിയായിരിക്കുന്ന ഒരു സ്ത്രീയെത്തന്നെ, അവളുടെ ഹൃദയം ഒരു കുരുക്കാണ്; കൈകൾ ചങ്ങലയുമാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്ന പുരുഷൻ അവളിൽനിന്ന് രക്ഷപ്പെടുന്നു, എന്നാൽ പാപിയെ അവൾ കെണിയിൽ വീഴ്ത്തും. “നോക്കൂ, ഇവയൊക്കെയാണ് എന്റെ കണ്ടെത്തലുകൾ,” സഭാപ്രസംഗി പറയുന്നു: ഞാൻ കണ്ടെത്തിയ വസ്തുതകൾ ഒന്നിനൊന്നോട് തുലനംചെയ്ത് വിലയിരുത്തി— “എന്റെ നിരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു, എന്നാൽ ഞാൻ അന്വേഷിച്ചത് എനിക്ക് കണ്ടെത്താൻ കഴിഞ്ഞതേയില്ല— ആയിരംപേരിൽ നീതിനിഷ്ഠനായ ഒരേയൊരു പുരുഷനെയാണ് ഞാൻ കണ്ടെത്തിയത്, എന്നാൽ അത്രയുംപേരിൽ അങ്ങനെ ഒരു സ്ത്രീപോലും ഇല്ലായിരുന്നു. ഈ ഒരു കാര്യംമാത്രം ഞാൻ കണ്ടെത്തി: ദൈവം മനുഷ്യരെ നീതിബോധമുള്ളവരായി സൃഷ്ടിച്ചു, എന്നാൽ മനുഷ്യർ അനേകം അധാർമികതന്ത്രങ്ങൾ തേടിപ്പോയി.”