സഭാപ്രസംഗി 6:1-6

സഭാപ്രസംഗി 6:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സൂര്യനു കീഴെ ഞാൻ കണ്ടിരിക്കുന്ന ഒരു തിന്മ ഉണ്ട്; അതു മനുഷ്യർക്കു ഭാരമുള്ളതാകുന്നു. ദൈവം ഒരു മനുഷ്യന് ധനവും ഐശ്വര്യവും മാനവും നല്കുന്നു; അവൻ ആഗ്രഹിക്കുന്നതിന് ഒന്നിനും അവനു കുറവില്ല; എങ്കിലും അത് അനുഭവിപ്പാൻ ദൈവം അവന് അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അത് അനുഭവിക്കുന്നത്; അതു മായയും വല്ലാത്ത വ്യാധിയും തന്നെ. ഒരു മനുഷ്യൻ നൂറുമക്കളെ ജനിപ്പിക്കയും ഏറിയ സംവത്സരം ജീവിച്ചു ദീർഘായുസ്സായിരിക്കയും ചെയ്തിട്ടും അവൻ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്കാരം പ്രാപിക്കാതെയും പോയാൽ ഗർഭം അലസിപ്പോയ പിണ്ഡം അവനെക്കാൾ നന്ന് എന്നു ഞാൻ പറയുന്നു. അതു മായയിൽ വരുന്നു; അന്ധകാരത്തിലേക്കു പോകുന്നു; അതിന്റെ പേർ അന്ധകാരത്തിൽ മറഞ്ഞിരിക്കുന്നു. സൂര്യനെ അതു കണ്ടിട്ടില്ല അറിഞ്ഞിട്ടുമില്ല; മറ്റേവനെക്കാൾ അധികം വിശ്രാമം അതിനുണ്ട്. അവൻ ഈരായിരത്താണ്ടു ജീവിച്ചിരുന്നിട്ടും നന്മ അനുഭവിച്ചില്ലെങ്കിൽ എല്ലാവരും ഒരു സ്ഥലത്തേക്കല്ലയോ പോകുന്നത്?

സഭാപ്രസംഗി 6:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സൂര്യനു കീഴെ മനുഷ്യനു ദുർവഹമായ ഒരു തിന്മ ഞാൻ കണ്ടു. ദൈവം ഒരുവനു ധനവും സമ്പത്തും പദവിയും നല്‌കുന്നു; അവന്റെ അഭിലാഷങ്ങളെല്ലാം കുറവില്ലാതെ നിറവേറ്റപ്പെടുന്നു. പക്ഷേ, അവ അനുഭവിക്കാനുള്ള അവകാശം അവനു നല്‌കുന്നില്ല; അന്യൻ അവ അനുഭവിക്കുന്നു. അതു മിഥ്യയാണ്; ദുസ്സഹമായ ദുഃഖവുമാണ്. ഒരുവൻ നൂറു മക്കളോടുകൂടി ദീർഘായുസ്സായി ജീവിച്ചിട്ടും അയാൾ ജീവിതസുഖങ്ങളൊന്നും അനുഭവിക്കാതെ ഒടുവിൽ ശവസംസ്കാരം കൂടി ലഭിക്കാതെ കടന്നുപോയെന്നു വരാം. ഇതിനേക്കാൾ നല്ലത് ചാപിള്ളയായി പിറക്കുന്നതാണെന്നു ഞാൻ പറയും. കാരണം അതിന്റെ ജനനംതന്നെ മിഥ്യയിലേക്കാണ്; പോകുന്നതോ അന്ധകാരത്തിലേക്കും. അന്ധകാരത്തിൽ അതു വിസ്മൃതമാകും. അതു സൂര്യപ്രകാശം കണ്ടിട്ടില്ല; ഒന്നും അനുഭവിച്ചിട്ടില്ല. എങ്കിലും അതിന് ആ മനുഷ്യനെക്കാൾ സ്വസ്ഥതയുണ്ട്. അയാൾ രണ്ടായിരം വർഷം ജീവിച്ചാലും ഒരു ഭാഗ്യവും അനുഭവിക്കുന്നില്ലെങ്കിലോ? ഇരുവരും ഒരേ സ്ഥലത്തു തന്നെയല്ലേ ചെന്നുചേരുക!

സഭാപ്രസംഗി 6:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

സൂര്യനുകീഴിൽ ഞാൻ കണ്ടിരിക്കുന്ന ഒരു തിന്മ ഉണ്ട്; അത് മനുഷ്യർക്ക് ഭാരമുള്ളതാകുന്നു. ദൈവം ഒരു മനുഷ്യന് ധനവും ഐശ്വര്യവും മാനവും നല്കുന്നു; അവൻ ആഗ്രഹിക്കുന്ന ഒന്നിനും അവന് കുറവില്ല; എങ്കിലും അത് അനുഭവിക്കുവാൻ ദൈവം അവന് അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അത് അനുഭവിക്കുന്നത്; അത് മായയും വല്ലാത്ത ദോഷവും തന്നെ. ഒരു മനുഷ്യൻ നൂറു മക്കളെ ജനിപ്പിക്കുകയും ഏറിയ വര്‍ഷം ജീവിച്ച് ദീർഘായുസ്സായിരിക്കുകയും ചെയ്തിട്ടും അവൻ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്കാരം പ്രാപിക്കാതെയും പോയാൽ ഗർഭം അലസിപ്പോയ പിണ്ഡം അവനെക്കാൾ നല്ലത് എന്നു ഞാൻ പറയുന്നു. അത് മായയിൽ വരുന്നു; അന്ധകാരത്തിലേക്കു പോകുന്നു; അവന്‍റെ പേര് അവിടെ ഉണ്ടാകുകയില്ല. സൂര്യനെ അത് കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ലെങ്കിലും; മറ്റേ മനുഷ്യനെക്കാൾ അധികം വിശ്രാമം അതിനുണ്ട്. അവൻ രണ്ടായിരം വർഷം ജീവിച്ചിരുന്നിട്ടും നന്മ അനുഭവിച്ചില്ലെങ്കിൽ എന്ത് പ്രയോജനം? എല്ലാവരും ഒരു സ്ഥലത്തേക്കല്ലയോ പോകുന്നത്?

സഭാപ്രസംഗി 6:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സൂര്യന്നു കീഴെ ഞാൻ കണ്ടിരിക്കുന്ന ഒരു തിന്മ ഉണ്ടു; അതു മനുഷ്യർക്കു ഭാരമുള്ളതാകുന്നു. ദൈവം ഒരു മനുഷ്യന്നു ധനവും ഐശ്വര്യവും മാനവും നല്കുന്നു; അവൻ ആഗ്രഹിക്കുന്നതിന്നു ഒന്നിന്നും അവന്നു കുറവില്ല; എങ്കിലും അതു അനുഭവിപ്പാൻ ദൈവം അവന്നു അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അതു അനുഭവിക്കുന്നതു; അതു മായയും വല്ലാത്ത വ്യാധിയും തന്നേ. ഒരു മനുഷ്യൻ നൂറുമക്കളെ ജനിപ്പിക്കയും ഏറിയ സംവത്സരം ജീവിച്ചു ദീർഘായുസ്സായിരിക്കയും ചെയ്തിട്ടും അവൻ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്കാരം പ്രാപിക്കാതെയും പോയാൽ ഗർഭം അലസിപ്പോയ പിണ്ഡം അവനെക്കാൾ നന്നു എന്നു ഞാൻ പറയുന്നു. അതു മായയിൽ വരുന്നു; അന്ധകാരത്തിലേക്കു പോകുന്നു; അതിന്റെ പേർ അന്ധകാരത്തിൽ മറഞ്ഞിരിക്കുന്നു. സൂര്യനെ അതു കണ്ടിട്ടില്ല അറിഞ്ഞിട്ടുമില്ല; മറ്റേവനെക്കാൾ അധികം വിശ്രാമം അതിന്നുണ്ടു. അവൻ ഈരായിരത്താണ്ടു ജീവിച്ചിരുന്നിട്ടും നന്മ അനുഭവിച്ചില്ലെങ്കിൽ എല്ലാവരും ഒരു സ്ഥലത്തേക്കല്ലയോ പോകുന്നതു?

സഭാപ്രസംഗി 6:1-6 സമകാലിക മലയാളവിവർത്തനം (MCV)

സൂര്യനുകീഴേ ഞാൻ മറ്റൊരു തിന്മ കണ്ടു, അതു മനുഷ്യർക്ക് അസഹനീയമായിരുന്നു: ദൈവം ചിലർക്ക് ധനവും സമ്പാദ്യങ്ങളും ബഹുമാനവും നൽകുന്നു; അവർ ആഗ്രഹിക്കുന്നത് അവർക്കു ലഭിക്കാതിരിക്കുന്നതുമില്ല. എന്നാൽ അവ ആസ്വദിക്കുന്നതിനു ദൈവം അവരെ അനുവദിക്കുന്നതുമില്ല, അവർക്കുപകരം അപരിചിതർ അത് ആസ്വദിക്കും. ഇത് അർഥശൂന്യം, കഠിനതിന്മയും ആകുന്നു. ഒരു മനുഷ്യന് നൂറു മക്കളും ദീർഘായുസ്സും ഉണ്ടാകാം; അയാൾ എത്രകാലം ജീവിക്കുന്നു എന്നതല്ല, അയാൾക്കു തന്റെ ഐശ്വര്യം ആസ്വദിക്കാനാവുകയും ഉചിതമായ ശവസംസ്കാരം ലഭിക്കുകയും ചെയ്യുന്നില്ലെങ്കിൽ ഒരു ചാപിള്ള അയാളെക്കാളും വളരെയേറെ ഭാഗ്യമുള്ളത് എന്നു ഞാൻ പറയുന്നു. അർഥമില്ലാതെ അതു വരുന്നു, ഇരുട്ടിൽ അത് മറയുന്നു, ഇരുട്ടിൽത്തന്നെ അതിന്റെ പേരും മറയ്ക്കപ്പെടുന്നു. അത് ഒരിക്കലും സൂര്യനെ കണ്ടിട്ടില്ലെങ്കിലും ഒന്നും അറിഞ്ഞിട്ടില്ലെങ്കിലും, ആ മനുഷ്യനുള്ളതിനെക്കാൾ വിശ്രമം അതിനുണ്ട്. അയാൾ രണ്ടായിരം വർഷം ജീവിച്ചിരുന്നിട്ടും തന്റെ സമൃദ്ധി ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ എല്ലാവരും ഒരേ സ്ഥലത്തേക്കല്ലേ പോകുന്നത്?