സഭാപ്രസംഗി 4:9-16

സഭാപ്രസംഗി 4:9-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു. വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാൻ ആരുമില്ലായ്കകൊണ്ട് അവന് അയ്യോ കഷ്ടം! രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും; ഒരുത്തൻ തന്നെ ആയാലോ എങ്ങനെ കുളിർ മാറും? ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്ക് അവനോട് എതിർത്തുനില്ക്കാം; മുപ്പിരിച്ചരട് വേഗത്തിൽ അറ്റുപോകയില്ല. പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാൾ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലൻ കൊള്ളാം. അവൻ മറ്റേവന്റെ രാജ്യത്തിൽ ദരിദ്രനായി ജനിച്ചിട്ടും രാജാവായി വാഴേണ്ടതിന് കാരാഗൃഹത്തിൽനിന്നു വരുന്നു. മറ്റേവനു പകരം എഴുന്നേറ്റ ബാലന്റെ പക്ഷം സൂര്യനു കീഴെ സഞ്ചരിക്കുന്ന ജീവനുള്ളവരൊക്കെയും ചേർന്നിരിക്കുന്നതു ഞാൻ കണ്ടു. അവൻ അസംഖ്യജനത്തിനൊക്കെയും തലവനായിരുന്നു; എങ്കിലും പിന്നെയുള്ളവർ അവനിൽ സന്തോഷിക്കയില്ല. അതും മായയും വൃഥാപ്രയത്നവും അത്രേ.

സഭാപ്രസംഗി 4:9-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഒറ്റയ്‍ക്കാകുന്നതിനെക്കാൾ രണ്ടുപേർ ഒരുമിച്ചായിരിക്കുന്നതാണു നല്ലത്. അവരുടെ പ്രതിഫലം മെച്ചപ്പെട്ടതായിരിക്കും. ഒരുവൻ വീണാൽ അപരൻ പിടിച്ചെഴുന്നേല്പിക്കും; ഒറ്റയ്‍ക്കു കഴിയുന്നവനു ദുരിതം തന്നെ. അവൻ വീണാൽ പിടിച്ചെഴുന്നേല്പിക്കാൻ ആരുമില്ലല്ലോ. രണ്ടുപേർ ഒരുമിച്ചു കിടന്നാൽ അവർക്കു തണുക്കുകയില്ല; തനിച്ചു കിടക്കുന്നവന് എങ്ങനെ കുളിർ മാറും? ഏകനെ കീഴടക്കാൻ എളുപ്പമാണ്; രണ്ടു പേരുണ്ടെങ്കിൽ അവർ ചെറുത്തുനില്‌ക്കും. മുപ്പിരിച്ചരട് പൊട്ടിക്കാൻ എളുപ്പമല്ല. ഉപദേശത്തിനു വഴങ്ങാത്ത വൃദ്ധനും മൂഢനുമായ രാജാവിനെക്കാൾ ശ്രേഷ്ഠൻ, ദരിദ്രനെങ്കിലും ജ്ഞാനിയായ യുവാവാണ്. ഒരുവന് കാരാഗൃഹത്തിൽനിന്നു സിംഹാസനത്തിൽ എത്താൻ കഴിയും; അവൻ സ്വദേശത്തും ദരിദ്രനായി ജനിച്ചവനായിരിക്കാം. സൂര്യനു കീഴെ ചരിക്കുന്ന എല്ലാവരെയും ഞാൻ കണ്ടു; വൃദ്ധരാജാവിനു പകരം വരേണ്ട യുവാവിനെയും കണ്ടു. ജനം അസംഖ്യമാണ്; അവനാണ് എല്ലാവരുടെയും അധിപൻ. എന്നാൽ പിൽക്കാലത്തു വരുന്നവർക്ക് അവനിൽ പ്രീതിയില്ല. ഇതും മിഥ്യയും വ്യർഥവുമാണ്, തീർച്ച.

സഭാപ്രസംഗി 4:9-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്; അവർക്ക് തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു. വീണാൽ ഒരുവൻ മറ്റവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിക്കുവാൻ ആരുമില്ലായ്കകൊണ്ട് അവന് അയ്യോ കഷ്ടം! രണ്ടുപേർ ഒന്നിച്ച് കിടന്നാൽ അവർക്ക് കുളിർ മാറും; ഒരാൾ തന്നെ ആയാലോ എങ്ങനെ കുളിർ മാറും? ഒരുവനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോട് എതിർത്തുനില്ക്കാം; മുപ്പിരിച്ചരട് വേഗത്തിൽ അറ്റുപോകുകയില്ല. പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാൾ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലനാണ് ഉത്തമൻ. അവൻ മറ്റൊരു രാജ്യത്തിൽ ദരിദ്രനായി ജനിച്ചിട്ടും രാജാവായി വാഴേണ്ടതിന് കാരാഗൃഹത്തിൽനിന്നു വരുന്നു. സൂര്യനുകീഴിൽ സഞ്ചരിക്കുന്ന ജീവനുള്ളവർ എല്ലാം രാജാവിനു പകരം എഴുന്നേറ്റ ബാലന്‍റെ പക്ഷം ചേർന്നിരിക്കുന്നത് ഞാൻ കണ്ടു. അവൻ അസംഖ്യജനത്തിന് തലവനായിരുന്നു; എങ്കിലും പിന്നീട് വരുന്നവർ അവനിൽ സന്തോഷിക്കുകയില്ല. അതും മായയും വൃഥാപ്രയത്നവും തന്നെ.

സഭാപ്രസംഗി 4:9-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു. വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാൻ ആരുമില്ലായ്കകൊണ്ടു അവന്നു അയ്യോ കഷ്ടം! രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും; ഒരുത്തൻ തന്നേ ആയാലോ എങ്ങനെ കുളിർ മാറും? ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനില്ക്കാം; മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല. പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാൾ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലൻ കൊള്ളാം. അവൻ മറ്റേവന്റെ രാജ്യത്തിൽ ദരിദ്രനായി ജനിച്ചിട്ടും രാജാവായി വാഴേണ്ടതിന്നു കാരാഗൃഹത്തിൽനിന്നു വരുന്നു. മറ്റേവന്നു പകരം എഴുന്നേറ്റ ബാലന്റെ പക്ഷം സൂര്യന്നുകീഴെ സഞ്ചരിക്കുന്ന ജീവനുള്ളവർ ഒക്കെയും ചേർന്നിരിക്കുന്നതു ഞാൻ കണ്ടു. അവൻ അസംഖ്യജനത്തിന്നു ഒക്കെയും തലവനായിരുന്നു; എങ്കിലും പിന്നെയുള്ളവർ അവനിൽ സന്തോഷിക്കയില്ല. അതും മായയും വൃഥാപ്രയത്നവും അത്രേ.

സഭാപ്രസംഗി 4:9-16 സമകാലിക മലയാളവിവർത്തനം (MCV)

ഒരാളെക്കാൾ ഇരുവർ നല്ലത്, കാരണം, അവർക്ക് അവരുടെ അധ്വാനത്തിന് നല്ല പ്രതിഫലം ലഭിക്കും: അവരിലൊരാൾ വീണുപോയാൽ, ഒരാൾക്ക് മറ്റേയാളെ സഹായിക്കാൻ കഴിയും. ഒരാൾ വീഴുമ്പോൾ എഴുന്നേൽപ്പിക്കാൻ ആരുമില്ലാത്ത മനുഷ്യന്റെ അവസ്ഥ കഷ്ടംതന്നെ. അതുപോലെ, രണ്ടുപേർ ഒരുമിച്ചു കിടന്നാൽ അവർക്ക് കുളിർ മാറും. എന്നാൽ ഏകാകിയുടെ കുളിർമാറുന്നത് എങ്ങനെ? ഒരാൾ ആക്രമിക്കപ്പെട്ടാൽ ഇരുവർക്കും ഒരുമിച്ചു പ്രതിരോധിക്കാം. മുപ്പിരിച്ചരട് വേഗത്തിൽ പൊട്ടുകയില്ല. മുന്നറിയിപ്പ് എങ്ങനെ സ്വീകരിക്കണം എന്നറിയാത്ത വൃദ്ധനും ഭോഷനും ആയ രാജാവിനെക്കാൾ, ദരിദ്രനും ബുദ്ധിമാനുമായ യുവാവ് ഏറെ ശ്രേഷ്ഠൻ. ദരിദ്രഭവനത്തിൽ ജനിച്ചവനെങ്കിലും, അഥവാ, കാരാഗൃഹത്തിൽ ആയിരുന്നവനാണെങ്കിലും ഒടുവിൽ രാജസിംഹാസനത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു ഈ യുവാവ്. സൂര്യനുകീഴേ ജീവിച്ചവരും സഞ്ചരിച്ചവരും രാജാവിന്റെ അനന്തരഗാമിയായ ഈ യുവാവിനെ പിൻതുടരുന്നതു ഞാൻ കണ്ടു. അവനെ അനുഗമിക്കുന്നവരുടെ നിര അനന്തമായി നീളുന്നു. എന്നാൽ അടുത്ത തലമുറയിലുള്ളവർ അനന്തരഗാമിയായ അദ്ദേഹത്തിൽ സംതൃപ്തരായിരുന്നില്ല. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംതന്നെ.

സഭാപ്രസംഗി 4:9-16

സഭാപ്രസംഗി 4:9-16 MALOVBSI