സഭാപ്രസംഗി 4:1-12
സഭാപ്രസംഗി 4:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെയും ഞാൻ സൂര്യനു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്ക് ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കൈയാൽ അവർ ബലാൽക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദൻ അവർക്കില്ല. ആകയാൽ ഇപ്പോൾ ജീവനോടിരിക്കുന്ന ജീവനുള്ളവരെക്കാൾ മുമ്പേ തന്നെ മരിച്ചുപോയിരിക്കുന്ന മൃതന്മാരെ ഞാൻ പ്രശംസിച്ചു. ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യനു കീഴെ നടക്കുന്ന ദുഷ്പ്രവൃത്തിയെ കാണാത്തവനുമായ മനുഷ്യൻ ഭാഗ്യവാൻ. സകല പ്രയത്നവും സാമർഥ്യമുള്ള പ്രവൃത്തിയൊക്കെയും ഒരുവന് മറ്റവനോടുള്ള അസൂയയിൽനിന്ന് ഉളവാകുന്നു എന്നു ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ. മൂഢൻ കൈയും കെട്ടിയിരുന്നു സ്വന്തമാംസം തിന്നുന്നു. രണ്ടു കൈയും നിറയെ അധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാൾ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്. ഞാൻ പിന്നെയും സൂര്യനു കീഴെ മായ കണ്ടു. ഏകാകിയായ ഒരുത്തനുണ്ട്; അവന് ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന് ഒന്നിനും അവസാനമില്ല; അവന്റെ കണ്ണിന് സമ്പത്തു കണ്ടു തൃപ്തിവരുന്നതുമില്ല; എന്നാൽ താൻ ആർക്കുവേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു? ഇതും മായയും വല്ലാത്ത കഷ്ടപ്പാടുമത്രേ. ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു. വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാൻ ആരുമില്ലായ്കകൊണ്ട് അവന് അയ്യോ കഷ്ടം! രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും; ഒരുത്തൻ തന്നെ ആയാലോ എങ്ങനെ കുളിർ മാറും? ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്ക് അവനോട് എതിർത്തുനില്ക്കാം; മുപ്പിരിച്ചരട് വേഗത്തിൽ അറ്റുപോകയില്ല.
സഭാപ്രസംഗി 4:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നെ ഞാൻ കണ്ടതു സൂര്യനു കീഴെ നടക്കുന്ന പീഡനങ്ങളാണ്. മർദിതർ കണ്ണീരൊഴുക്കുന്നു; ആരുമില്ല അവരെ ആശ്വസിപ്പിക്കാൻ. മർദകരുടെ ഭാഗത്തായിരുന്നു ശക്തി. അതുകൊണ്ട് ആരും മർദിതരെ ആശ്വസിപ്പിച്ചില്ല. മരിച്ചവർ ജീവിതം തുടങ്ങുന്നവരെക്കാൾ ഭാഗ്യവാന്മാരാണെന്നു ഞാൻ വിചാരിച്ചു. സൂര്യനു കീഴിൽ നടക്കുന്ന ദുഷ്കർമങ്ങൾ കാണാനിടയാകാതെ ജനിക്കാതെ പോയവർ ഇവരെക്കാളെല്ലാം ഭാഗ്യവാന്മാരാണ്. മനുഷ്യന്റെ എല്ലാ പ്രയത്നങ്ങൾക്കും കർമകുശലതയ്‍ക്കും പ്രേരണ ലഭിക്കുന്നത് അപരനോടുള്ള അസൂയയിൽനിന്നാണ് എന്നു ഞാൻ അറിഞ്ഞു. അതും മിഥ്യയും വ്യർഥവുമാകുന്നു. മൂഢൻ കൈയും കെട്ടിയിരുന്നു സ്വയം ക്ഷയിക്കുന്നു. ഇരുകൈകളും നിറയെ കഠിനാധ്വാനവും വ്യഥാപ്രയത്നവും ലഭിക്കുന്നതിനെക്കാൾ ഒരു പിടി സ്വസ്ഥത ലഭിക്കുന്നത് ഉത്തമം. സൂര്യനു കീഴെ വീണ്ടും ഞാൻ മിഥ്യ കണ്ടു; ഉറ്റവർ ആരുമില്ലാത്ത ഒരുവൻ; പുത്രനോ സഹോദരനോ അയാൾക്കില്ല; എങ്കിലും അയാളുടെ കഠിനാധ്വാനത്തിന് അന്തമില്ല. എത്ര സമ്പത്തു കണ്ടിട്ടും അയാളുടെ കണ്ണുകൾക്കു തൃപ്തി വരുന്നില്ല. “എല്ലാ സുഖങ്ങളും സ്വയം നിഷേധിച്ചു ഞാൻ പാടുപെടുന്നത് ആർക്കുവേണ്ടിയാണ്” എന്ന് അയാൾ ഒരിക്കലും ചിന്തിക്കുന്നില്ല. ഇതും മിഥ്യയും നിർഭാഗ്യകരമായ അവസ്ഥയുമാകുന്നു. ഒറ്റയ്‍ക്കാകുന്നതിനെക്കാൾ രണ്ടുപേർ ഒരുമിച്ചായിരിക്കുന്നതാണു നല്ലത്. അവരുടെ പ്രതിഫലം മെച്ചപ്പെട്ടതായിരിക്കും. ഒരുവൻ വീണാൽ അപരൻ പിടിച്ചെഴുന്നേല്പിക്കും; ഒറ്റയ്‍ക്കു കഴിയുന്നവനു ദുരിതം തന്നെ. അവൻ വീണാൽ പിടിച്ചെഴുന്നേല്പിക്കാൻ ആരുമില്ലല്ലോ. രണ്ടുപേർ ഒരുമിച്ചു കിടന്നാൽ അവർക്കു തണുക്കുകയില്ല; തനിച്ചു കിടക്കുന്നവന് എങ്ങനെ കുളിർ മാറും? ഏകനെ കീഴടക്കാൻ എളുപ്പമാണ്; രണ്ടു പേരുണ്ടെങ്കിൽ അവർ ചെറുത്തുനില്‌ക്കും. മുപ്പിരിച്ചരട് പൊട്ടിക്കാൻ എളുപ്പമല്ല.
സഭാപ്രസംഗി 4:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ ഞാൻ സൂര്യനുകീഴിൽ നടക്കുന്ന പീഡനങ്ങളെല്ലാം കണ്ടു; പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്ക് ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാൽ അവർ ബലാല്ക്കാരം അനുഭവിക്കുന്നു; എന്നിട്ടും അവരെ ആശ്വസിപ്പിക്കാൻ ആരും അവർക്കില്ല. ആകയാൽ ഇപ്പോൾ ജീവനോടിരിക്കുന്നവരെക്കാൾ മുമ്പെ തന്നെ മരിച്ചുപോയ മൃതന്മാരെ ഞാൻ പ്രശംസിച്ചു. ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യനുകീഴിൽ നടക്കുന്ന ദുഷ്പ്രവൃത്തി കാണാത്തവനുമായ മനുഷ്യൻ ഭാഗ്യവാൻ. സകലപ്രയത്നവും സാമർത്ഥ്യമുള്ള പ്രവൃത്തി സകലവും ഒരുവന് മറ്റൊരുവനോടുള്ള അസൂയയിൽ നിന്ന് ഉളവാകുന്നു എന്നു ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ. മൂഢൻ കയ്യും കെട്ടിയിരുന്ന് സ്വയം നശിപ്പിക്കുന്നു. രണ്ടു കൈ നിറയെ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനേക്കാൾ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്. ഞാൻ പിന്നെയും സൂര്യനുകീഴിൽ മായ കണ്ടു. ഏകാകിയായ ഒരുവനുണ്ട്; അവന് ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന് ഒരു അവസാനവുമില്ല; അവന്‍റെ കണ്ണിന് സമ്പത്ത് കണ്ടു തൃപ്തിവരുന്നതുമില്ല; എന്നാൽ താൻ ആർക്കുവേണ്ടി പ്രയത്നിച്ച് സുഖാനുഭവം ത്യജിക്കുന്നു? ഇത് മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ. ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്; അവർക്ക് തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു. വീണാൽ ഒരുവൻ മറ്റവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിക്കുവാൻ ആരുമില്ലായ്കകൊണ്ട് അവന് അയ്യോ കഷ്ടം! രണ്ടുപേർ ഒന്നിച്ച് കിടന്നാൽ അവർക്ക് കുളിർ മാറും; ഒരാൾ തന്നെ ആയാലോ എങ്ങനെ കുളിർ മാറും? ഒരുവനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോട് എതിർത്തുനില്ക്കാം; മുപ്പിരിച്ചരട് വേഗത്തിൽ അറ്റുപോകുകയില്ല.
സഭാപ്രസംഗി 4:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെയും ഞാൻ സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്കു ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാൽ അവർ ബലാല്ക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദൻ അവർക്കില്ല. ആകയാൽ ഇപ്പോൾ ജീവനോടിരിക്കുന്ന ജീവനുള്ളവരെക്കാൾ മുമ്പെ തന്നേ മരിച്ചുപോയിരിക്കുന്ന മൃതന്മാരെ ഞാൻ പ്രശംസിച്ചു. ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യന്നു കീഴെ നടക്കുന്ന ദുഷ്പ്രവൃത്തിയെ കാണാത്തവനുമായ മനുഷ്യൻ ഭാഗ്യവാൻ. സകലപ്രയത്നവും സാമർത്ഥ്യമുള്ള പ്രവൃത്തി ഒക്കെയും ഒരുവന്നു മറ്റവനോടുള്ള അസൂയയിൽനിന്നുളവാകുന്നു എന്നു ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ. മൂഢൻ കയ്യും കെട്ടിയിരുന്നു സ്വന്തമാംസം തിന്നുന്നു. രണ്ടു കയ്യും നിറയ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാൾ ഒരു കൈ നിറയ വിശ്രാമം അധികം നല്ലതു. ഞാൻ പിന്നെയും സൂര്യന്നു കീഴെ മായ കണ്ടു. ഏകാകിയായ ഒരുത്തനുണ്ടു; അവന്നു ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന്നു ഒന്നിന്നും അവസാനമില്ല; അവന്റെ കണ്ണിന്നു സമ്പത്തു കണ്ടു തൃപ്തിവരുന്നതുമില്ല; എന്നാൽ താൻ ആർക്കുവേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു? ഇതും മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ. ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു. വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാൻ ആരുമില്ലായ്കകൊണ്ടു അവന്നു അയ്യോ കഷ്ടം! രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും; ഒരുത്തൻ തന്നേ ആയാലോ എങ്ങനെ കുളിർ മാറും? ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനില്ക്കാം; മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല.
സഭാപ്രസംഗി 4:1-12 സമകാലിക മലയാളവിവർത്തനം (MCV)
പിന്നെയും സൂര്യനുകീഴിൽ നടമാടുന്ന എല്ലാത്തരം പീഡനങ്ങളും ഞാൻ നിരീക്ഷിച്ചിരിക്കുന്നു: പീഡിതരുടെ കണ്ണീരു ഞാൻ കണ്ടു— അവർക്ക് ആശ്വാസം പകരാൻ ആരുമില്ല; പീഡിപ്പിക്കുന്നവർ അതിശക്തരായിരുന്നു— പക്ഷേ, പീഡിതർക്ക് ആശ്വാസം പകരാൻ ആരുമില്ല. അതിനാൽ മരിച്ചുമണ്ണടിഞ്ഞവർതന്നെയാണ് ജീവനുള്ളവരെക്കാൾ; ഇപ്പോൾ ജീവിച്ചിരിക്കുന്നവരെക്കാൾ സന്തുഷ്ടർ എന്ന നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നു. എന്നാൽ ഈ രണ്ടുകൂട്ടരിലും ഭേദം നാളിതുവരെ ജനിക്കാത്തവരാണ്, അവർ സൂര്യനുകീഴേ നടമാടുന്ന ദുഷ്ടത കാണാത്തവരാണ്. ഒരാൾക്ക് തന്റെ അയൽവാസിയോടുള്ള അസൂയയിൽനിന്നാണ് എല്ലാ കഠിനാധ്വാനവും എല്ലാ അഭിവൃദ്ധിയും പൊട്ടിപ്പുറപ്പെടുന്നതെന്നു ഞാൻ മനസ്സിലാക്കി. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംതന്നെ. ഭോഷർ കൈയുംകെട്ടിയിരുന്ന് തങ്ങളുടെ നാശത്തിനു വഴിയൊരുക്കുന്നു. കാറ്റിനുപിന്നാലെ ഓടി ഇരുകൈകളും നേട്ടങ്ങളാൽ നിറയ്ക്കുന്നതിനെക്കാൾ പ്രശാന്തതയോടുകൂടിയ ഒരു കൈക്കുമ്പിൾ നേട്ടമാണ് അധികം നല്ലത്. സൂര്യനുകീഴേ അർഥശൂന്യമായ ചിലതു പിന്നെയും ഞാൻ കണ്ടു: ഏകാകിയായ ഒരു പുരുഷൻ, അദ്ദേഹത്തിനു മകനോ സഹോദരനോ ആരുംതന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അധ്വാനത്തിന് അവസാനമില്ലായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ കണ്ണുകൾക്ക് തന്റെ സമ്പത്തുകണ്ടു തൃപ്തിവന്നതുമില്ല. “ആർക്കുവേണ്ടിയാണ് ഞാൻ അധ്വാനിക്കുന്നത്,” അദ്ദേഹം ചോദിച്ചു, “എന്തിന് ഞാൻ എന്റെ സുഖാനുഭവം ത്യജിക്കുന്നു?” ഇതും അർഥശൂന്യം— ദൗർഭാഗ്യകരമായ പ്രവൃത്തിതന്നെ! ഒരാളെക്കാൾ ഇരുവർ നല്ലത്, കാരണം, അവർക്ക് അവരുടെ അധ്വാനത്തിന് നല്ല പ്രതിഫലം ലഭിക്കും: അവരിലൊരാൾ വീണുപോയാൽ, ഒരാൾക്ക് മറ്റേയാളെ സഹായിക്കാൻ കഴിയും. ഒരാൾ വീഴുമ്പോൾ എഴുന്നേൽപ്പിക്കാൻ ആരുമില്ലാത്ത മനുഷ്യന്റെ അവസ്ഥ കഷ്ടംതന്നെ. അതുപോലെ, രണ്ടുപേർ ഒരുമിച്ചു കിടന്നാൽ അവർക്ക് കുളിർ മാറും. എന്നാൽ ഏകാകിയുടെ കുളിർമാറുന്നത് എങ്ങനെ? ഒരാൾ ആക്രമിക്കപ്പെട്ടാൽ ഇരുവർക്കും ഒരുമിച്ചു പ്രതിരോധിക്കാം. മുപ്പിരിച്ചരട് വേഗത്തിൽ പൊട്ടുകയില്ല.