സഭാപ്രസംഗി 2:9-11

സഭാപ്രസംഗി 2:9-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇങ്ങനെ ഞാൻ, എനിക്കുമുമ്പു യെരൂശലേമിൽ ഉണ്ടായിരുന്ന എല്ലാവരിലും മഹാനായിത്തീർന്ന് അഭിവൃദ്ധി പ്രാപിച്ചു; ജ്ഞാനവും എന്നിൽ ഉറച്ചുനിന്നു. എന്റെ കണ്ണ് ആഗ്രഹിച്ചതൊന്നും ഞാൻ അതിന് നിഷേധിച്ചില്ല; എന്റെ ഹൃദയത്തിന് ഒരു സന്തോഷവും വിലക്കിയില്ല; എന്റെ സകല പ്രയത്നവും നിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ സകല പ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതു തന്നെ. ഞാൻ എന്റെ കൈകളുടെ സകല പ്രവൃത്തികളെയും ഞാൻ ചെയ്‍വാൻ ശ്രമിച്ച സകല പരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.

സഭാപ്രസംഗി 2:9-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അങ്ങനെ ഞാൻ യെരൂശലേമിലെ എല്ലാ പൂർവഗാമികളെക്കാളും മഹാനായിത്തീർന്നു; എല്ലാവരെയും ഞാൻ അതിശയിപ്പിച്ചു. അപ്പോഴും ഞാൻ ജ്ഞാനത്തിൽനിന്ന് അകന്നുപോയില്ല. അഭിരാമമായി തോന്നിയവയിലെല്ലാം രമിക്കാൻ ഞാൻ എന്റെ നയനങ്ങളെ അനുവദിച്ചു; ഞാൻ അനുഭവിക്കാത്ത സുഖങ്ങളില്ല. എന്റെ പ്രയത്നങ്ങളിലെല്ലാം എന്റെ ഹൃദയം സന്തോഷിച്ചു. അതായിരുന്നു എന്റെ സർവപ്രയത്നങ്ങളുടെയും പ്രതിഫലം. എന്റെ സകല പ്രവൃത്തികളെയും അതിനുവേണ്ടി വന്ന അധ്വാനത്തെയുംകുറിച്ചു ഞാൻ പിന്നീട് ആലോചിച്ചു; എല്ലാം മിഥ്യ; എല്ലാം വ്യർഥം. സൂര്യനു കീഴെ യാതൊന്നും നേടാനില്ലെന്ന് എനിക്കുറപ്പായി.

സഭാപ്രസംഗി 2:9-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഇങ്ങനെ ഞാൻ, എനിക്കുമുമ്പ് യെരൂശലേമിൽ ഉണ്ടായിരുന്ന എല്ലാവരിലും മഹാനായിത്തീരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു; എനിക്ക് ജ്ഞാനവും ഒട്ടും കുറവില്ലായിരുന്നു. എന്‍റെ കണ്ണ് ആഗ്രഹിച്ചതൊന്നും ഞാൻ അതിന് നിഷേധിച്ചില്ല; എന്‍റെ ഹൃദയത്തിന് ഒരു സന്തോഷവും വിലക്കിയില്ല; എന്‍റെ സകലപ്രയത്നവും നിമിത്തം എന്‍റെ ഹൃദയം സന്തോഷിച്ചു; എന്‍റെ സകലപ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതുതന്നെ. ഞാൻ എന്‍റെ കൈകളുടെ സകലപ്രവൃത്തികളെയും എന്‍റെ സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്‍റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.

സഭാപ്രസംഗി 2:9-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇങ്ങനെ ഞാൻ, എനിക്കുമുമ്പു യെരൂശലേമിൽ ഉണ്ടായിരുന്ന എല്ലാവരിലും മഹാനായിത്തീർന്നു അഭിവൃദ്ധി പ്രാപിച്ചു; ജ്ഞാനവും എന്നിൽ ഉറെച്ചുനിന്നു. എന്റെ കണ്ണു ആഗ്രഹിച്ചതൊന്നും ഞാൻ അതിന്നു നിഷേധിച്ചില്ല; എന്റെ ഹൃദയത്തിന്നു ഒരു സന്തോഷവും വിലക്കിയില്ല; എന്റെ സകലപ്രയത്നവുംനിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ സകലപ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതു തന്നേ. ഞാൻ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും ഞാൻ ചെയ്‌വാൻ ശ്രമിച്ച സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.

സഭാപ്രസംഗി 2:9-11 സമകാലിക മലയാളവിവർത്തനം (MCV)

എനിക്കുമുമ്പ് ജെറുശലേമിൽ വാണിരുന്ന ആരെക്കാളും ഞാൻ ധനികനായിത്തീർന്നു. ഇവയോടൊപ്പം എന്റെ ജ്ഞാനവും എന്നോടൊപ്പം വസിച്ചു. എന്റെ കണ്ണുകൾ അഭിലഷിച്ചതൊന്നും ഞാൻ എനിക്ക് വിലക്കിയില്ല; എന്റെ ഹൃദയത്തിന് ആനന്ദംനൽകുന്ന യാതൊന്നിനോടും ഞാൻ വിമുഖതകാട്ടിയില്ല. എന്റെ എല്ലാ പ്രവൃത്തികളിലും എന്റെ ഹൃദയം ആനന്ദിച്ചു, ഇതായിരുന്നു എന്റെ എല്ലാ പ്രയത്നങ്ങളുടെയും പ്രതിഫലം. എന്നാൽ എന്റെ കരങ്ങൾ ചെയ്ത പ്രവൃത്തികളെല്ലാം; ഞാൻ കരഗതമാക്കാൻ പരിശ്രമിച്ചതെല്ലാംതന്നെ പരിശോധിച്ചു. സകലതും അർഥശൂന്യമായിരുന്നു, കാറ്റിനുപിന്നാലെയുള്ള ഓട്ടമായിരുന്നു; സൂര്യനുകീഴേ ഒന്നും ഞാൻ നേടിയതുമില്ല.