സഭാപ്രസംഗി 2:4-10

സഭാപ്രസംഗി 2:4-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ മഹാപ്രവൃത്തികളെ ചെയ്തു; എനിക്ക് അരമനകളെ പണിതു; മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി. ഞാൻ തോട്ടങ്ങളെയും ഉദ്യാനങ്ങളെയും ഉണ്ടാക്കി; അവയിൽ സകലവിധ ഫലവൃക്ഷങ്ങളെയും നട്ടു. വൃക്ഷം വച്ചുപിടിപ്പിച്ചിരുന്ന തോപ്പ് നനപ്പാൻ കുളങ്ങളും കുഴിപ്പിച്ചു. ഞാൻ ദാസന്മാരെയും ദാസിമാരെയും വിലയ്ക്കു വാങ്ങി; വീട്ടിൽ ജനിച്ച ദാസന്മാരും എനിക്കുണ്ടായിരുന്നു; യെരൂശലേമിൽ എനിക്കു മുമ്പ് ഉണ്ടായിരുന്ന ഏവരിലും അധികം ആടുമാടുകളായ ബഹുസമ്പത്ത് എനിക്കുണ്ടായിരുന്നു. ഞാൻ വെള്ളിയും പൊന്നും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉള്ള ഭണ്ഡാരവും സ്വരൂപിച്ചു; സംഗീതക്കാരെയും സംഗീതക്കാരത്തികളെയും മനുഷ്യരുടെ പ്രമോദമായ അനവധി സ്ത്രീജനത്തെയും സമ്പാദിച്ചു. ഇങ്ങനെ ഞാൻ, എനിക്കുമുമ്പു യെരൂശലേമിൽ ഉണ്ടായിരുന്ന എല്ലാവരിലും മഹാനായിത്തീർന്ന് അഭിവൃദ്ധി പ്രാപിച്ചു; ജ്ഞാനവും എന്നിൽ ഉറച്ചുനിന്നു. എന്റെ കണ്ണ് ആഗ്രഹിച്ചതൊന്നും ഞാൻ അതിന് നിഷേധിച്ചില്ല; എന്റെ ഹൃദയത്തിന് ഒരു സന്തോഷവും വിലക്കിയില്ല; എന്റെ സകല പ്രയത്നവും നിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ സകല പ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതു തന്നെ.

സഭാപ്രസംഗി 2:4-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ മഹാകാര്യങ്ങൾ ചെയ്തു; എനിക്കുവേണ്ടി മന്ദിരങ്ങൾ നിർമ്മിച്ചു; മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി. എനിക്കുവേണ്ടി പൂന്തോപ്പുകളും ഉപവനങ്ങളും ഉണ്ടാക്കി. അവയിൽ എല്ലായിനം ഫലവൃക്ഷങ്ങളും നട്ടു. തൈമരങ്ങൾ നനയ്‍ക്കാൻ കുളങ്ങൾ കുഴിച്ചു. എന്റെ വീട്ടിൽ ജനിച്ചുവളർന്ന അടിമകൾക്കു പുറമേ, ദാസീദാസന്മാരെ ഞാൻ വിലയ്‍ക്കു വാങ്ങി; യെരൂശലേമിലെ എന്റെ മുൻഗാമികളെക്കാൾ അധികം ആടുമാടുകളും എനിക്കുണ്ടായിരുന്നു. പൊന്നും വെള്ളിയും രാജാക്കന്മാരുടെയും സംസ്ഥാനങ്ങളിലെയും ഭണ്ഡാരങ്ങളിലെ സമ്പത്തും ഞാൻ സ്വന്തമാക്കി; ഗായികമാരും ഗായകന്മാരും എനിക്കുണ്ടായിരുന്നു. പുരുഷന്മാരുടെ ആനന്ദമായ അനേകം ഉപനാരിമാരെയും ഞാൻ സ്വായത്തമാക്കി. അങ്ങനെ ഞാൻ യെരൂശലേമിലെ എല്ലാ പൂർവഗാമികളെക്കാളും മഹാനായിത്തീർന്നു; എല്ലാവരെയും ഞാൻ അതിശയിപ്പിച്ചു. അപ്പോഴും ഞാൻ ജ്ഞാനത്തിൽനിന്ന് അകന്നുപോയില്ല. അഭിരാമമായി തോന്നിയവയിലെല്ലാം രമിക്കാൻ ഞാൻ എന്റെ നയനങ്ങളെ അനുവദിച്ചു; ഞാൻ അനുഭവിക്കാത്ത സുഖങ്ങളില്ല. എന്റെ പ്രയത്നങ്ങളിലെല്ലാം എന്റെ ഹൃദയം സന്തോഷിച്ചു. അതായിരുന്നു എന്റെ സർവപ്രയത്നങ്ങളുടെയും പ്രതിഫലം.

സഭാപ്രസംഗി 2:4-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞാൻ എന്‍റെ പ്രവർത്തികളെ മഹത്തരമാക്കി; എനിക്കുവേണ്ടി അരമനകൾ പണിതു; മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി. ഞാൻ തോട്ടങ്ങളും ഉദ്യാനങ്ങളും ഉണ്ടാക്കി; അവയിൽ സകലവിധ ഫലവൃക്ഷങ്ങളും നട്ടു. തോട്ടങ്ങളിൽ വച്ചുപിടിപ്പിച്ചിരുന്ന വൃക്ഷങ്ങൾ നനയ്ക്കുവാൻ കുളങ്ങളും കുഴിപ്പിച്ചു. ഞാൻ ദാസന്മാരെയും ദാസിമാരെയും വിലയ്ക്കു വാങ്ങി; വീട്ടിൽ ജനിച്ച ദാസന്മാരും എനിക്കുണ്ടായിരുന്നു; യെരൂശലേമിൽ എന്‍റെ മുൻഗാമികളെക്കാൾ അധികം ആടുമാടുകളുടെ സമ്പത്ത് എനിക്കുണ്ടായിരുന്നു. ഞാൻ വെള്ളിയും പൊന്നും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉള്ള നിക്ഷേപങ്ങളും സ്വരൂപിച്ചു; സംഗീതക്കാരെയും സംഗീതക്കാരത്തികളെയും മനുഷ്യരുടെ പ്രമോദമായ അനവധി സ്ത്രീജനത്തെയും സമ്പാദിച്ചു. ഇങ്ങനെ ഞാൻ, എനിക്കുമുമ്പ് യെരൂശലേമിൽ ഉണ്ടായിരുന്ന എല്ലാവരിലും മഹാനായിത്തീരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു; എനിക്ക് ജ്ഞാനവും ഒട്ടും കുറവില്ലായിരുന്നു. എന്‍റെ കണ്ണ് ആഗ്രഹിച്ചതൊന്നും ഞാൻ അതിന് നിഷേധിച്ചില്ല; എന്‍റെ ഹൃദയത്തിന് ഒരു സന്തോഷവും വിലക്കിയില്ല; എന്‍റെ സകലപ്രയത്നവും നിമിത്തം എന്‍റെ ഹൃദയം സന്തോഷിച്ചു; എന്‍റെ സകലപ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതുതന്നെ.

സഭാപ്രസംഗി 2:4-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ മഹാപ്രവൃത്തികളെ ചെയ്തു; എനിക്കു അരമനകളെ പണിതു; മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി. ഞാൻ തോട്ടങ്ങളെയും ഉദ്യാനങ്ങളെയും ഉണ്ടാക്കി; അവയിൽ സകലവിധ ഫലവൃക്ഷങ്ങളെയും നട്ടു. വൃക്ഷം വെച്ചുപിടിപ്പിച്ചിരുന്ന തോപ്പു നനെപ്പാൻ കുളങ്ങളും കുഴിപ്പിച്ചു. ഞാൻ ദാസന്മാരെയും ദാസിമാരെയും വിലെക്കു വാങ്ങി; വീട്ടിൽ ജനിച്ച ദാസന്മാരും എനിക്കുണ്ടായിരുന്നു; യെരൂശലേമിൽ എനിക്കുമുമ്പു ഉണ്ടായിരുന്ന ഏവരിലും അധികം ആടുമാടുകളായ ബഹുസമ്പത്തു എനിക്കുണ്ടായിരുന്നു. ഞാൻ വെള്ളിയും പൊന്നും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉള്ള ഭണ്ഡാരവും സ്വരൂപിച്ചു; സംഗീതക്കാരെയും സംഗീതക്കാരത്തികളെയും മനുഷ്യരുടെ പ്രമോദമായ അനവധി സ്ത്രീജനത്തെയും സമ്പാദിച്ചു. ഇങ്ങനെ ഞാൻ, എനിക്കുമുമ്പു യെരൂശലേമിൽ ഉണ്ടായിരുന്ന എല്ലാവരിലും മഹാനായിത്തീർന്നു അഭിവൃദ്ധി പ്രാപിച്ചു; ജ്ഞാനവും എന്നിൽ ഉറെച്ചുനിന്നു. എന്റെ കണ്ണു ആഗ്രഹിച്ചതൊന്നും ഞാൻ അതിന്നു നിഷേധിച്ചില്ല; എന്റെ ഹൃദയത്തിന്നു ഒരു സന്തോഷവും വിലക്കിയില്ല; എന്റെ സകലപ്രയത്നവുംനിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ സകലപ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതു തന്നേ.

സഭാപ്രസംഗി 2:4-10 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ ബൃഹദ് പദ്ധതികൾ ആസൂത്രണംചെയ്തു: ഞാൻ എനിക്ക് അരമനകൾ പണിതു; മുന്തിരിത്തോപ്പുകൾ നട്ടുപിടിപ്പിച്ചു. ഞാൻ തോട്ടങ്ങളും പൂങ്കാവനങ്ങളും നിർമിക്കുകയും അവയിൽ എല്ലാവിധ ഫലവൃക്ഷങ്ങൾ നട്ടുണ്ടാക്കുകയും ചെയ്തു. തഴച്ചുവളരുന്ന വൃക്ഷങ്ങളുടെ തോട്ടങ്ങൾ നനയ്ക്കാൻ ജലാശയങ്ങൾ നിർമിച്ചു. ഞാൻ ദാസീദാസന്മാരെ വിലയ്ക്കുവാങ്ങി. എന്റെ ഭവനത്തിൽ ജനിച്ച മറ്റു ദാസരും എനിക്കുണ്ടായിരുന്നു. ജെറുശലേമിൽ ഉണ്ടായിരുന്ന എന്റെ മുൻഗാമികളിൽ ആരെക്കാളും കൂടുതൽ ആടുമാടുകളുടെ ഒരു വമ്പിച്ചശേഖരം എനിക്കു സ്വന്തമായിരുന്നു. ഞാൻ എനിക്കായി വെള്ളിയും സ്വർണവും സമാഹരിച്ചു. രാജാക്കന്മാരുടെയും പ്രവിശ്യകളുടെയും നിധികളും ഞാൻ ശേഖരിച്ചു. മാനവഹൃദയത്തിന് ആനന്ദംപകരുന്ന എല്ലാറ്റിനെയും—ഗായകന്മാരെയും ഗായികമാരെയും അന്തഃപുരസ്ത്രീകളെയും—ഞാൻ സമ്പാദിച്ചു. എനിക്കുമുമ്പ് ജെറുശലേമിൽ വാണിരുന്ന ആരെക്കാളും ഞാൻ ധനികനായിത്തീർന്നു. ഇവയോടൊപ്പം എന്റെ ജ്ഞാനവും എന്നോടൊപ്പം വസിച്ചു. എന്റെ കണ്ണുകൾ അഭിലഷിച്ചതൊന്നും ഞാൻ എനിക്ക് വിലക്കിയില്ല; എന്റെ ഹൃദയത്തിന് ആനന്ദംനൽകുന്ന യാതൊന്നിനോടും ഞാൻ വിമുഖതകാട്ടിയില്ല. എന്റെ എല്ലാ പ്രവൃത്തികളിലും എന്റെ ഹൃദയം ആനന്ദിച്ചു, ഇതായിരുന്നു എന്റെ എല്ലാ പ്രയത്നങ്ങളുടെയും പ്രതിഫലം.