സഭാപ്രസംഗി 2:18-21

സഭാപ്രസംഗി 2:18-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സൂര്യനു കീഴെ ഞാൻ പ്രയത്നിച്ച പ്രയത്നമൊക്കെയും ഞാൻ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യന് ഞാൻ അതു വച്ചേക്കേണ്ടിവരുമല്ലോ. അവൻ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആർക്കറിയാം? എന്തായാലും ഞാൻ സൂര്യനു കീഴെ പ്രയത്നിച്ചതും ജ്ഞാനം വിളങ്ങിച്ചതും ആയ സകല പ്രയത്നഫലത്തിന്മേലും അവൻ അധികാരം പ്രാപിക്കും. അതും മായയത്രേ. ആകയാൽ സൂര്യനു കീഴെ പ്രയത്നിച്ച സർവപ്രയത്നത്തെക്കുറിച്ചും ഞാൻ എന്റെ ഹൃദയത്തെ നിരാശപ്പെടുത്തുവാൻ തുടങ്ങി. ഒരുത്തൻ ജ്ഞാനത്തോടും അറിവോടും സാമർഥ്യത്തോടുംകൂടെ പ്രയത്നിക്കുന്നു; എങ്കിലും അതിൽ പ്രയത്നിക്കാത്ത ഒരുത്തന് അവൻ അതിനെ അവകാശമായി വച്ചേക്കേണ്ടിവരുന്നു; അതും മായയും വലിയ തിന്മയും അത്രേ.

സഭാപ്രസംഗി 2:18-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സൂര്യനു കീഴിലെ എന്റെ സകല പ്രയത്നങ്ങളെയും ഞാൻ വെറുത്തു; എന്റെ പിൻഗാമിക്ക് അവ വിട്ടേച്ച് എനിക്കു പോകണമല്ലോ. അവൻ ജ്ഞാനിയോ, ഭോഷനോ എന്ന് ആരറിഞ്ഞു? രണ്ടായാലും സൂര്യനു കീഴിൽ എന്തിനുവേണ്ടി ഞാൻ എന്റെ ജ്ഞാനവും പ്രയത്നവും വിനിയോഗിച്ചുവോ, അവയുടെയെല്ലാം അവകാശിയും ഉടമസ്ഥനും അവനായിരിക്കുമല്ലോ. ഇതും മിഥ്യതന്നെ. അതുകൊണ്ടു ഭൂമിയിലെ എന്റെ എല്ലാ അധ്വാനങ്ങളെക്കുറിച്ചും ഞാൻ നിരാശ പൂണ്ടു. കാരണം ജ്ഞാനവും വിവേകവും നൈപുണ്യവുംകൊണ്ട് അധ്വാനിച്ച് ഉണ്ടാക്കിയതെല്ലാം അതിനുവേണ്ടി ഒന്നും ചെയ്യാത്തവന് ആസ്വദിക്കാൻ വിട്ടുകൊടുക്കേണ്ടിവരും. അതും മിഥ്യയും വലിയ തിന്മയും ആണ്.

സഭാപ്രസംഗി 2:18-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

സൂര്യന് കീഴിലുള്ള എന്‍റെ പ്രയത്നത്തെ എല്ലാം ഞാൻ വെറുത്തു; എന്‍റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യനുവേണ്ടി ഞാൻ അത് വിട്ടേച്ചു പോകേണ്ടിവരുമല്ലോ. അവൻ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആർക്കറിയാം? എന്തായാലും ഞാൻ സൂര്യന് കീഴിൽ പ്രയത്നിച്ചതും ജ്ഞാനം വെളിപ്പെടുത്തിയതുമായ സകലപ്രയത്നഫലത്തിന്മേലും അവൻ അധികാരം പ്രാപിക്കും. അതും മായ അത്രേ. ആകയാൽ സൂര്യന് കീഴിൽ ഞാൻ പ്രയത്നിച്ച സർവ്വപ്രയത്നത്തെക്കുറിച്ചും എന്‍റെ ഹൃദയത്തിൽ മടുപ്പുണ്ടാകുവാൻ തുടങ്ങി. ഒരുവൻ ജ്ഞാനത്തോടും അറിവോടും സാമർത്ഥ്യത്തോടുംകൂടി പ്രയത്നിക്കുന്നു; എങ്കിലും അതിൽ പ്രയത്നിക്കാത്ത ഒരുവന് അവൻ അത് അവകാശമായി വിട്ടുകൊടുക്കേണ്ടി വരും; അതും മായയും വലിയ തിന്മയും അത്രേ.

സഭാപ്രസംഗി 2:18-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സൂര്യന്നു കീഴെ ഞാൻ പ്രയത്നിച്ച പ്രയത്നം ഒക്കെയും ഞാൻ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യന്നു ഞാൻ അതു വെച്ചേക്കേണ്ടിവരുമല്ലോ. അവൻ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആർക്കറിയാം? എന്തായാലും ഞാൻ സൂര്യന്നു കീഴെ പ്രയത്നിച്ചതും ജ്ഞാനം വിളങ്ങിച്ചതും ആയ സകലപ്രയത്നഫലത്തിന്മേലും അവൻ അധികാരം പ്രാപിക്കും. അതും മായ അത്രേ. ആകയാൽ സൂര്യന്നു കീഴെ പ്രയത്നിച്ച സർവ്വപ്രയത്നത്തെക്കുറിച്ചും ഞാൻ എന്റെ ഹൃദയത്തെ നിരാശപ്പെടുത്തുവാൻ തുടങ്ങി. ഒരുത്തൻ ജ്ഞാനത്തോടും അറിവോടും സാമർത്ഥ്യത്തോടുംകൂടെ പ്രയത്നിക്കുന്നു; എങ്കിലും അതിൽ പ്രയത്നിക്കാത്ത ഒരുത്തന്നു അവൻ അതിനെ അവകാശമായി വെച്ചേക്കേണ്ടിവരുന്നു; അതും മായയും വലിയ തിന്മയും അത്രേ.

സഭാപ്രസംഗി 2:18-21 സമകാലിക മലയാളവിവർത്തനം (MCV)

എന്റെ പിന്നാലെ വരുന്നവർക്കുവേണ്ടി എല്ലാം ഉപേക്ഷിച്ചുപോകണമെന്ന് ഓർത്തപ്പോൾ, സൂര്യനുകീഴിൽ ഞാൻ കഠിനാധ്വാനംചെയ്ത് സമ്പാദിച്ച എല്ലാറ്റിനെയും ഞാൻ വെറുത്തു. പിന്നാലെ വരുന്നവർ ജ്ഞാനികളോ ഭോഷരോ എന്നാരറിഞ്ഞു? എന്തായാലും സൂര്യനുകീഴേ ഞാൻ എന്റെ കഠിനാധ്വാനവും സാമർഥ്യവും അർപ്പിച്ച എല്ലാറ്റിന്റെയും കാര്യനിർവഹണാധികാരം അവരിലേക്കു ചെന്നുചേരുന്നു. ഇതും അർഥശൂന്യമത്രേ. അതുകൊണ്ട് സൂര്യനുകീഴിൽ അത്യധ്വാനംചെയ്ത് ഞാൻ നേടിയതിനെക്കുറിച്ചെല്ലാം എന്റെ ഹൃദയം നിരാശപ്പെടാൻ തുടങ്ങി. ഒരാൾ ജ്ഞാനത്തോടും വിവേകത്തോടും നൈപുണ്യത്തോടും തന്റെ വേല ചെയ്യുന്നു, പിന്നെ തനിക്കവകാശപ്പെട്ടതെല്ലാം അതിനായി ഒരു ചെറുവിരൽപോലും ചലിപ്പിക്കാത്ത മറ്റൊരാൾക്ക് വിട്ടുകൊടുക്കേണ്ടിവരുന്നു. ഇതും അർഥശൂന്യവും കടുത്ത ദൗർഭാഗ്യവുംതന്നെ.