സഭാപ്രസംഗി 12:8-14

സഭാപ്രസംഗി 12:8-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഹാ മായ, മായ, സകലവും മായയത്രേ എന്നു സഭാപ്രസംഗി പറയുന്നു. സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവൻ ജനത്തിന് പരിജ്ഞാനം ഉപദേശിച്ചുകൊടുക്കയും ചിന്തിച്ച് ശോധന കഴിച്ച് അനേകം സദൃശവാക്യം ചമയ്ക്കയും ചെയ്തു. ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാൻ സഭാപ്രസംഗി ഉത്സാഹിച്ചു. ജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോൽപോലെയും, സഭാധിപന്മാരുടെ വാക്കുകൾ തറച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു; അവ ഒരു ഇടയനാൽ തന്നെ നല്കപ്പെട്ടിരിക്കുന്നു. എന്നാൽ എന്റെ മകനേ, പ്രബോധനം കൈക്കൊൾക; പുസ്തകം ഓരോന്നുണ്ടാക്കുന്നതിന് അവസാനമില്ല; അധികം പഠിക്കുന്നത് ശരീരത്തിനു ക്ഷീണം തന്നെ. എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അത് ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്. ദൈവം നല്ലതും തീയതുമായ സകല പ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.

സഭാപ്രസംഗി 12:8-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഹാ, മിഥ്യ, മിഥ്യ, സകലവും മിഥ്യ തന്നെ എന്നു പ്രബോധകൻ പറയുന്നു. പ്രബോധകൻ ജ്ഞാനിയായിരുന്നു. കൂടാതെ ജനത്തിനു പരിജ്ഞാനം ഉപദേശിക്കുകയും ചെയ്തു. അദ്ദേഹം അനേകം സുഭാഷിതങ്ങൾ ശ്രദ്ധാപൂർവം പഠിച്ചു പരിശോധിച്ചു ക്രോഡീകരിച്ചു. പ്രബോധകൻ മധുമൊഴികൾ തേടിപ്പിടിച്ചു; സത്യവചസ്സുകൾ സത്യസന്ധമായി രേഖപ്പെടുത്തി. ജ്ഞാനിയുടെ സൂക്തം ഇടയന്റെ വടിപോലെയാണ്; ജ്ഞാനി സമാഹരിച്ച ചൊല്ലുകൾ അടിച്ചുറപ്പിച്ച ആണിപോലെയാണ്. അവയെല്ലാം ഒരൊറ്റ ഇടയന്റെ ദാനമാണ്. എന്റെ മകനേ, ഇതിലപ്പുറമുള്ള എന്തിലും നീ കരുതലോടെ ഇരിക്കുക. ഗ്രന്ഥരചനയ്‍ക്ക് അവസാനമില്ല. ഏറെ പഠിക്കുന്നതു ശരീരത്തെ ക്ഷീണിപ്പിക്കും. എല്ലാറ്റിന്റെയും സാരം ഇതാണ്: ദൈവത്തെ ഭയപ്പെടുക; അവിടുത്തെ കല്പനകൾ പാലിക്കുക. ഇതേ മനുഷ്യനു ചെയ്യാനുള്ളൂ. എല്ലാ പ്രവൃത്തികളും എല്ലാ രഹസ്യങ്ങളും നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ, ദൈവം അവിടുത്തെ ന്യായവിധിക്കു വിധേയമാക്കും.

സഭാപ്രസംഗി 12:8-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഹാ മായ, മായ, സകലവും മായ തന്നെ എന്നു സഭാപ്രസംഗി പറയുന്നു. സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവൻ ജനത്തിന് പരിജ്ഞാനം ഉപദേശിച്ചുകൊടുക്കുകയും, ചിന്തിച്ചും പരിശോധിച്ചും അനേകം സദൃശവാക്യങ്ങൾ രചിക്കുകയും ചെയ്തു. ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാൻ സഭാപ്രസംഗി ഉത്സാഹിച്ചു. ജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോൽപോലെയും, സഭാധിപന്മാരുടെ വാക്കുകൾ തറച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു; അവ ഒരു ഇടയനാൽ തന്നെ നല്കപ്പെട്ടിരിക്കുന്നു. എന്നാൽ എന്‍റെ മകനേ, പ്രബോധനം കൈക്കൊള്ളുക; പുസ്തകം ഓരോന്നുണ്ടാക്കുന്നതിന് അവസാനമില്ല; അധികം പഠിക്കുന്നത് ശരീരത്തിന് ക്ഷീണം തന്നെ. എല്ലാറ്റിന്‍റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ട് അവന്‍റെ കല്പനകൾ പ്രമാണിച്ചുകൊള്ളുക; അതാകുന്നു സകലമനുഷ്യർക്കും വേണ്ടത്. ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തികളെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തും.

സഭാപ്രസംഗി 12:8-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഹാ മായ, മായ, സകലവും മായ അത്രേ എന്നു സഭാപ്രസംഗി പറയുന്നു. സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവൻ ജനത്തിന്നു പരിജ്ഞാനം ഉപദേശിച്ചുകൊടുക്കയും ചിന്തിച്ചു ശോധനകഴിച്ചു അനേകം സദൃശവാക്യം ചമെക്കയും ചെയ്തു. ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാൻ സഭാപ്രസംഗി ഉത്സാഹിച്ചു. ജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോൽപോലെയും, സഭാധിപന്മാരുടെ വാക്കുകൾ തറെച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു; അവ ഒരു ഇടയനാൽ തന്നേ നല്കപ്പെട്ടിരിക്കുന്നു. എന്നാൽ എന്റെ മകനേ, പ്രബോധനം കൈക്കൊൾക; പുസ്തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ. എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു. ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.

സഭാപ്രസംഗി 12:8-14 സമകാലിക മലയാളവിവർത്തനം (MCV)

“അർഥശൂന്യം! അർഥശൂന്യം!” സഭാപ്രസംഗി പറയുന്നു. “ഓരോന്നും അർഥശൂന്യമാകുന്നു!” സഭാപ്രസംഗി ജ്ഞാനിയായിരുന്നു എന്നുമാത്രമല്ല, ജനത്തിന് പരിജ്ഞാനം പകർന്നുനൽകുകയും ചെയ്തു. അദ്ദേഹം ചിന്തിച്ച് നിരീക്ഷിച്ച് അനേകം സുഭാഷിതങ്ങൾ ചമയ്ക്കുകയും ചെയ്തു. സഭാപ്രസംഗി ഉചിത വാക്യങ്ങൾ തേടി, താൻ എഴുതിയതെല്ലാം സത്യസന്ധവും വസ്തുനിഷ്ഠവും ആയിരുന്നു. ജ്ഞാനിയുടെ വചസ്സുകൾ ഇടയന്മാരുടെ വടിപോലെയും; ജ്ഞാനവചസ്സുകളുടെ ശേഖരം യജമാനന്റെ വടിയിൽ തറച്ചുവെച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു—ഇവയെല്ലാം ഒരു ഇടയന്റെ അനുശാസനമാണ്. എന്റെ കുഞ്ഞേ ഇതിനെല്ലാമുപരി, ജാഗ്രതപുലർത്തുക. പുസ്തകം ചമയ്ക്കുന്നതിന് അവസാനമില്ല; അധികം പഠനം ശരീരത്തെ തളർത്തുന്നു. ഇപ്പോൾ എല്ലാം ശ്രവിച്ചുകഴിഞ്ഞല്ലോ; ഇതാകുന്നു എല്ലാറ്റിന്റെയും സംഗ്രഹം: ദൈവത്തെ ഭയപ്പെട്ട് അവിടത്തെ കൽപ്പനകൾ പ്രമാണിക്കുക, ഇതാകുന്നു എല്ലാവർക്കും കരണീയം. കാരണം ദൈവം, എല്ലാവിധ പ്രവൃത്തികളെയും രഹസ്യമായതുൾപ്പെടെ, നല്ലതോ തീയതോ ആയ ഓരോന്നിനെയും ന്യായവിസ്താരത്തിലേക്കു നടത്തുമല്ലോ.