സഭാപ്രസംഗി 12:1-8

സഭാപ്രസംഗി 12:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിന്റെ യൗവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക; ദുർദിവസങ്ങൾ വരികയും എനിക്ക് ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കയും സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകയും മഴ പെയ്തശേഷം മേഘങ്ങൾ മടങ്ങിവരികയും ചെയ്യുംമുമ്പേ തന്നെ. അന്നു വീട്ടുകാവല്ക്കാർ വിറയ്ക്കും; ബലവാന്മാർ കുനിയും; അരയ്ക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും; കിളിവാതിലുകളിൽക്കൂടി നോക്കുന്നവർ അന്ധന്മാരാകും; തെരുവിലെ കതകുകൾ അടയും; അരയ്ക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിങ്കൽ ഉണർന്നുപോകും; പാട്ടുകാരത്തികളൊക്കെയും തളരുകയും ചെയ്യും; അന്ന് അവർ കയറ്റത്തെ പേടിക്കും; വഴിയിൽ ഭീതികൾ ഉള്ളതായി തോന്നും; ബദാംവൃക്ഷം പൂക്കും; തുള്ളൻ ഇഴഞ്ഞു നടക്കും; രോചനക്കുരു ഫലിക്കാതെ വരും; മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും; വിലാപം കഴിക്കുന്നവർ വീഥിയിൽ ചുറ്റി സഞ്ചരിക്കും. അന്നു വെള്ളിച്ചരട് അറ്റുപോകും; പൊൻകിണ്ണം തകരും; ഉറവിങ്കലെ കുടം ഉടയും; കിണറ്റിങ്കലെ ചക്രം തകരും. പൊടി പണ്ട് ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവ് അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും. ഹാ മായ, മായ, സകലവും മായയത്രേ എന്നു സഭാപ്രസംഗി പറയുന്നു.

സഭാപ്രസംഗി 12:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യൗവനകാലത്തു തന്നെ നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക. ഒന്നിലും നിനക്കു സന്തോഷിക്കാൻ കഴിയാത്ത ദുർദിനങ്ങളും വർഷങ്ങളും വരും. അന്ന് സൂര്യന്റെയും ചന്ദ്രനക്ഷത്രാദികളുടെയും പ്രകാശം മങ്ങിയതായി തോന്നും. മഴക്കാറു നീങ്ങുന്നില്ലെന്നു നീ പരാതിപ്പെടും. നിന്റെ കൈകൾ വിറയ്‍ക്കുകയാൽ അവയുടെ സഹായം നിനക്കു കുറയും. കാലുകളുടെ ബലം ക്ഷയിക്കും; പല്ലുകൾ കൊഴിയും; കാഴ്ച മങ്ങും; കേഴ്‌വി നശിക്കും; തെരുവിലെ ബഹളമോ ധാന്യം പൊടിക്കുന്ന ശബ്ദമോ നീ കേൾക്കാതെയാകും. കിളിനാദംപോലും നിന്നെ ഉണർത്തും. ഉയരത്തിൽ കയറാൻ നീ ഭയപ്പെടും; നടക്കാനിറങ്ങുന്നത് അപകടകരമായി തോന്നും. നര ബാധിച്ചു നിന്റെ ആഗ്രഹമെല്ലാം ഒതുങ്ങും; എല്ലാ മനുഷ്യരും തങ്ങളുടെ നിത്യവിശ്രാമത്തിലേക്കു മടങ്ങിയേ തീരൂ. പിന്നീടു ശേഷിക്കുന്നതു വിലാപം മാത്രം. വെള്ളിച്ചങ്ങല പൊട്ടുമ്പോൾ തൂക്കിയ പൊൻവിളക്കു വീണുടയും. കിണറ്റുകയർ അറ്റുപോയാൽ കുടം തകരും. മണ്ണായ ശരീരം മണ്ണിനോടു തിരികെ ചേരും. ജീവൻ അതിന്റെ ദാതാവായ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിച്ചെല്ലും. ഹാ, മിഥ്യ, മിഥ്യ, സകലവും മിഥ്യ തന്നെ എന്നു പ്രബോധകൻ പറയുന്നു.

സഭാപ്രസംഗി 12:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യൗവനകാലത്ത് നിന്‍റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക; ദുർദ്ദിവസങ്ങൾ വരുകയും ‘എനിക്ക് ഇഷ്ടമില്ല’ എന്നു നീ പറയുന്ന കാലം സമീപിക്കുന്നതിന് മുമ്പ്, സൂര്യന്‍റെ വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകുകയും മഴ പെയ്ത ശേഷം മേഘങ്ങൾ മടങ്ങിവരുകയും ചെയ്യുന്നതിന് മുമ്പുതന്നെ. അന്നു വീട്ടുകാവല്ക്കാർ വിറയ്ക്കും; ബലവാന്മാർ കുനിയും; അരയ്ക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും; കിളിവാതിലുകളിൽകൂടി നോക്കുന്നവരുടെ കാഴ്ച മങ്ങിപ്പോകും. തെരുവിലെ കതകുകൾ അടയും; അരക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിങ്കൽ ഉണർന്നുപോകും; പാട്ടുകാരികൾ ഒക്കെയും തളരുകയും ചെയ്യും; അന്നു അവർ കയറ്റം പേടിക്കും; വഴിയിൽ ഭീതിപ്പെടുത്തുന്ന കാര്യങ്ങൾ ഉള്ളതായി തോന്നും; ബദാംവൃക്ഷം പൂക്കും; തുള്ളൻ ഇഴഞ്ഞുനടക്കും; മോഹങ്ങൾ അസ്തമിക്കും. മനുഷ്യൻ തന്‍റെ ശാശ്വതഭവനത്തിലേക്കു പോകും; വിലാപം കഴിക്കുന്നവർ വീഥിയിൽ ചുറ്റി സഞ്ചരിക്കും. അന്നു വെള്ളിച്ചരട് അറ്റുപോകും; പൊൻകിണ്ണം തകരും; ഉറവിടത്തിലെ കുടം ഉടയും; കിണറ്റിലെ ചക്രം തകരും. പൊടി പണ്ട് ആയിരുന്നതുപോലെ ഭൂമിയിലേക്ക് തിരികെ ചേരും; ആത്മാവ് അതിനെ നല്കിയ ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങിപ്പോകും. ഹാ മായ, മായ, സകലവും മായ തന്നെ എന്നു സഭാപ്രസംഗി പറയുന്നു.

സഭാപ്രസംഗി 12:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിന്റെ യൗവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക; ദുർദ്ദിവസങ്ങൾ വരികയും എനിക്കു ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കയും സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകയും മഴ പെയ്ത ശേഷം മേഘങ്ങൾ മടങ്ങി വരികയും ചെയ്യുംമുമ്പെ തന്നേ. അന്നു വീട്ടുകാവല്ക്കാർ വിറെക്കും; ബലവാന്മാർ കുനിയും; അരെക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും; കിളിവാതിലുകളിൽകൂടി നോക്കുന്നവർ അന്ധന്മാരാകും; തെരുവിലെ കതകുകൾ അടയും; അരെക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിങ്കൽ ഉണർന്നുപോകും; പാട്ടുകാരത്തികൾ ഒക്കെയും തളരുകയും ചെയ്യും; അന്നു അവർ കയറ്റത്തെ പേടിക്കും; വഴിയിൽ ഭീതികൾ ഉള്ളതായി തോന്നും; ബദാംവൃക്ഷം പൂക്കും; തുള്ളൻ ഇഴഞ്ഞുനടക്കും; രോചനക്കുരു ഫലിക്കാതെ വരും; മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും; വിലാപം കഴിക്കുന്നവർ വീഥിയിൽ ചുറ്റി സഞ്ചരിക്കും. അന്നു വെള്ളിച്ചരടു അറ്റുപോകും; പൊൻകിണ്ണം തകരും; ഉറവിങ്കലെ കുടം ഉടയും; കിണറ്റിങ്കലെ ചക്രം തകരും. പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും. ഹാ മായ, മായ, സകലവും മായ അത്രേ എന്നു സഭാപ്രസംഗി പറയുന്നു.

സഭാപ്രസംഗി 12:1-8 സമകാലിക മലയാളവിവർത്തനം (MCV)

യൗവനകാലത്തുതന്നെ നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക, ദുഷ്കാലങ്ങൾ വരുന്നതിനുമുമ്പ്, “ഒന്നിലും എനിക്കൊരു താത്പര്യം തോന്നുന്നില്ല” എന്നു നീ പറയുന്ന വർഷങ്ങൾ നിന്നെ സമീപിക്കുകയും ചെയ്യുന്നതിനുമുമ്പ്— സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുളുന്നതിനുമുമ്പ്, മഴയ്ക്കുശേഷം മേഘങ്ങൾ മടങ്ങിവരുന്നതിനു മുമ്പേതന്നെ— അന്ന് വീട്ടുകാവൽക്കാർ വിറയ്ക്കും ബലിഷ്ഠരായവർ കുനിയും അരയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞുപോയതിനാൽ അവരും ജോലി നിർത്തിവെക്കും ജനാലകളിലൂടെ നോക്കുന്നവർ കാഴ്ചയറ്റവരാകും; തെരുവിലേക്കുള്ള കവാടങ്ങൾ അടയ്ക്കപ്പെടും പൊടിക്കുന്ന ശബ്ദം അവ്യക്തമാകും; പക്ഷികളുടെ കലപിലശബ്ദത്തിൽ നീ ഉണരും, എന്നാൽ അവരുടെയും സംഗീതധ്വനി മന്ദമാകും; മനുഷ്യർ ഉയരങ്ങളെ ഭയക്കും; തെരുവോരങ്ങളിലെ അപകടങ്ങളെയും! ബദാംവൃക്ഷം പൂക്കുമ്പോൾ വിട്ടിൽ ഇഴഞ്ഞുനടക്കും. അഭിലാഷങ്ങൾ ഉണരുകയില്ല. അപ്പോൾ മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും, വിലാപക്കാർ തെരുവീഥികളിൽ ചുറ്റിസഞ്ചരിക്കും. അതേ, നിന്റെ സ്രഷ്ടാവിനെ ഓർക്കുക—വെള്ളിച്ചരട് അറ്റുപോകുംമുമ്പേ, സ്വർണക്കിണ്ണം ഉടയുംമുമ്പേതന്നെ; ഉറവിങ്കലെ കുടം ഉടയുന്നതിനും കിണറ്റിങ്കലെ ചക്രം തകരുന്നതിനും മുമ്പുതന്നെ, പൂഴി അതു വന്ന മണ്ണിലേക്കും ആത്മാവ് അതിന്റെ ധാതാവായ ദൈവത്തിങ്കലേക്കും മടങ്ങുന്നതിനുമുമ്പേതന്നെ. “അർഥശൂന്യം! അർഥശൂന്യം!” സഭാപ്രസംഗി പറയുന്നു. “ഓരോന്നും അർഥശൂന്യമാകുന്നു!”