സഭാപ്രസംഗി 11:7-10

സഭാപ്രസംഗി 11:7-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

വെളിച്ചം മനോഹരവും സൂര്യനെ കാണുന്നത് കണ്ണിന് ഇമ്പവുമാകുന്നു. മനുഷ്യൻ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കിൽ അവൻ അതിലൊക്കെയും സന്തോഷിക്കട്ടെ; എങ്കിലും അന്ധകാരകാലം ദീർഘമായിരിക്കും എന്നും അവൻ ഓർത്തുകൊള്ളട്ടെ; വരുന്നതൊക്കെയും മായയത്രേ. യൗവനക്കാരാ, നിന്റെ യൗവനത്തിൽ സന്തോഷിക്ക; യൗവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്ക് ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊൾക; എന്നാൽ ഇവയൊക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക. ആകയാൽ നിന്റെ ഹൃദയത്തിൽനിന്ന് വ്യസനം അകറ്റി, നിന്റെ ദേഹത്തിൽനിന്നു തിന്മ നീക്കിക്കളക; ബാല്യവും യൗവനവും മായയത്രേ.

സഭാപ്രസംഗി 11:7-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പ്രകാശം ആഹ്ലാദദായകമാണ്; സൂര്യദർശനം നയനാനന്ദകരമാണ്. ദീർഘായുസ്സു ലഭിച്ചവൻ ഇവയെല്ലാം ആസ്വദിച്ചുകൊള്ളട്ടെ. പക്ഷേ, അന്ധകാരത്തിന്റെ ദിനങ്ങൾ ഏറെയാണെന്ന് ഓർമയുണ്ടാകണം. വരുന്നതെല്ലാം മിഥ്യ. യുവാവേ, യുവത്വത്തിൽ നീ ആഹ്ലാദിച്ചുകൊള്ളുക. നിന്റെ ഹൃദയം യൗവനത്തിൽ ആനന്ദിക്കട്ടെ; കണ്ണും കരളും കൊതിച്ച വഴിയെ നീ നടന്നുകൊള്ളുക; എന്നാൽ ഇവയെല്ലാം നിമിത്തം ദൈവം നിന്നെ ന്യായം വിധിക്കുമെന്ന് അറിഞ്ഞുകൊൾക. മനസ്സ് വ്യാകുലപ്പെടരുത്; നിന്റെ ശരീരം വേദനിക്കുകയും അരുത്. യൗവനവും ജീവിതത്തിന്റെ പ്രഭാതകാന്തിയും മിഥ്യയാകുന്നു.

സഭാപ്രസംഗി 11:7-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

വെളിച്ചം മനോഹരവും സൂര്യനെ കാണുന്നത് കണ്ണിന് ആനന്ദപ്രദവും ആകുന്നു. മനുഷ്യൻ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കിൽ അവൻ അതിൽ ഒക്കെയും സന്തോഷിക്കട്ടെ; എങ്കിലും അന്ധകാരകാലം ദീർഘമായിരിക്കും എന്നും അവൻ ഓർത്തുകൊള്ളട്ടെ; വരുന്നതെല്ലാം മായ തന്നെ. യൗവനക്കാരാ, നിന്‍റെ യൗവനത്തിൽ സന്തോഷിക്കുക; യൗവനകാലത്തിൽ നിന്‍റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്കു ഇഷ്ടമുള്ള വഴികളിലും ബോധിച്ചവണ്ണവും നടന്നുകൊള്ളുക; എന്നാൽ ഇവയെല്ലാം നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിയുക. അതിനാൽ നിന്‍റെ ഹൃദയത്തിൽനിന്ന് വ്യസനം അകറ്റി, നിന്‍റെ ജഡത്തിൽനിന്ന് തിന്മ നീക്കിക്കളയുക; ബാല്യവും യൗവനവും മായ അത്രേ.

സഭാപ്രസംഗി 11:7-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

വെളിച്ചം മനോഹരവും സൂര്യനെ കാണുന്നതു കണ്ണിന്നു ഇമ്പവുമാകുന്നു. മനുഷ്യൻ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കിൽ അവൻ അതിൽ ഒക്കെയും സന്തോഷിക്കട്ടെ; എങ്കിലും അന്ധകാരകാലം ദീർഘമായിരിക്കും എന്നും അവൻ ഓർത്തുകൊള്ളട്ടെ; വരുന്നതൊക്കെയും മായ അത്രേ. യൗവനക്കാരാ, നിന്റെ യൗവനത്തിൽ സന്തോഷിക്ക; യൗവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്കു ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊൾക; എന്നാൽ ഇവ ഒക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക. ആകയാൽ നിന്റെ ഹൃദയത്തിൽനിന്നു വ്യസനം അകറ്റി, നിന്റെ ദേഹത്തിൽനിന്നു തിന്മ നീക്കിക്കളക; ബാല്യവും യൗവനവും മായ അത്രേ.

സഭാപ്രസംഗി 11:7-10 സമകാലിക മലയാളവിവർത്തനം (MCV)

പ്രകാശം മധുരമാകുന്നു. സൂര്യനെ കാണുന്നതു കണ്ണുകൾക്ക് ഇമ്പകരമാകുന്നു. ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്നകാലത്തോളം അവയെല്ലാം ആസ്വദിക്കട്ടെ. എന്നാൽ അന്ധകാരത്തിന്റെ നാളുകൾ അവർ ഓർക്കട്ടെ കാരണം അവ ഏറെയാണല്ലോ. വരാനുള്ളതെല്ലാം അർഥശൂന്യമാണ്. യുവാക്കളേ, നിങ്ങളുടെ യുവത്വത്തിൽ സന്തുഷ്ടരായിരിക്കുക. യൗവനനാളുകൾ നിങ്ങളുടെ ഹൃദയത്തിന് ആനന്ദം നൽകട്ടെ. നിന്റെ ഹൃദയത്തിന്റെ ആലോചനയെയും നിന്റെ കണ്ണുകൾ കാണുന്നതിനെയും പിൻതുടരുക. എന്നാൽ ഇവയെല്ലാംനിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിനു കൊണ്ടുവരുമെന്ന് നീ അറിയുക. അതിനാൽ നിന്റെ ഹൃദയത്തിൽനിന്ന് ഉത്കണ്ഠ ഉന്മൂലനംചെയ്യുകയും നിന്റെ ശരീരത്തിലെ പ്രയാസങ്ങൾ വലിച്ചെറിയുകയുംചെയ്യുക, കാരണം യൗവനവും അതിന്റെ ഊർജ്ജസ്വലതയും അർഥശൂന്യമല്ലോ.