സഭാപ്രസംഗി 1:8-11
സഭാപ്രസംഗി 1:8-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സകല കാര്യങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യൻ പറഞ്ഞാൽ തീരുകയില്ല; കണ്ടിട്ട് കണ്ണിനു തൃപ്തി വരുന്നില്ല; കേട്ടിട്ട് ചെവി നിറയുന്നതുമില്ല. ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും ചെയ്തുകഴിഞ്ഞതു ചെയ്‌വാനുള്ളതും ആകുന്നു; സൂര്യനു കീഴിൽ പുതുതായി യാതൊന്നും ഇല്ല. ഇതു പുതിയത് എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പേ, പണ്ടത്തെ കാലത്തുതന്നെ അതുണ്ടായിരുന്നു. പുരാതനജനത്തെക്കുറിച്ച് ഓർമയില്ലല്ലോ; വരുവാനുള്ളവരെക്കുറിച്ച് പിന്നത്തേതിൽ വരുവാനുള്ളവർക്കും ഓർമയുണ്ടാകയില്ല.
സഭാപ്രസംഗി 1:8-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാ കാര്യങ്ങളും ക്ലേശപൂർണമാണ്; മനുഷ്യന് അതു പറഞ്ഞറിയിക്കാൻ വയ്യ; കണ്ടിട്ടു കണ്ണിനോ, കേട്ടിട്ടു ചെവിക്കോ മതിവരുന്നില്ല; ഉണ്ടായിരുന്നതുതന്നെ വീണ്ടും ഉണ്ടാകുന്നു; ചെയ്തതുതന്നെ ആവർത്തിക്കപ്പെടുന്നു; സൂര്യനു കീഴിൽ പുതുതായി ഒന്നുമില്ല. “ഇതാ, ഇതു പുതിയതാണ്” എന്നു പറയാൻ എന്തുണ്ട്? യുഗങ്ങൾക്കു മുമ്പേ അതുണ്ടായിരുന്നു. ഭൂതകാലം ആരുടെ ഓർമയിലുണ്ട്? ഭാവിയെക്കുറിച്ചു അതിനുശേഷം ജനിക്കുന്നവർക്കും ഓർമയില്ല.
സഭാപ്രസംഗി 1:8-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സകലകാര്യങ്ങൾക്കായും മനുഷ്യൻ അധ്വാനിക്കേണ്ടി വരുന്നു. അവന് അത് വിവരിക്കുവാൻ കഴിയുകയില്ല; കണ്ടിട്ട് കണ്ണിന് തൃപ്തി വരുന്നില്ല; കേട്ടിട്ടു ചെവിക്ക് മതിവരുന്നില്ല. ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞത് ചെയ്യുവാനുള്ളതും ആകുന്നു; സൂര്യനുകീഴിൽ പുതിയതായി യാതൊന്നും ഇല്ല. ‘ഇതു പുതിയത്’ എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പ്, പണ്ടത്തെ കാലത്ത് തന്നെ അതുണ്ടായിരുന്നു. പുരാതന ജനത്തെക്കുറിച്ച് ഓർമ്മയില്ലല്ലോ; ഭാവിയിൽ ജനിക്കുവാനുള്ളവരെക്കുറിച്ച് പിന്നീട് വരുന്നവർക്കും ഓർമ്മയുണ്ടാകുകയില്ല.
സഭാപ്രസംഗി 1:8-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സകലകാര്യങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യൻ പറഞ്ഞാൽ തീരുകയില്ല; കണ്ടിട്ടു കണ്ണിന്നു തൃപ്തി വരുന്നില്ല; കേട്ടിട്ടു ചെവി നിറയുന്നതുമില്ല. ഉണ്ടായിരുന്നതു ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞതു ചെയ്‌വാനുള്ളതും ആകുന്നു; സൂര്യന്നു കീഴിൽ പുതുതായി യാതൊന്നും ഇല്ല. ഇതു പുതിയതു എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പെ, പണ്ടത്തെ കാലത്തു തന്നേ അതുണ്ടായിരുന്നു. പുരാതന ജനത്തെക്കുറിച്ചു ഓർമ്മയില്ലല്ലോ; വരുവാനുള്ളവരെക്കുറിച്ചു പിന്നത്തേതിൽ വരുവാനുള്ളവർക്കും ഓർമ്മയുണ്ടാകയില്ല.
സഭാപ്രസംഗി 1:8-11 സമകാലിക മലയാളവിവർത്തനം (MCV)
എല്ലാ വസ്തുതകളും ക്ലേശഭരിതമാണ്, അത് ഒരാൾക്ക് വർണിക്കാവുന്നതിലുമധികം. കണ്ടിട്ടു കണ്ണിന് മതിവരികയോ കേട്ടിട്ടു ചെവിക്ക് തൃപ്തിവരികയോ ചെയ്യുന്നില്ല. ഒരിക്കൽ ഉണ്ടായിരുന്നതു പിന്നെയും ഉണ്ടാകും, മുൻകാലചെയ്തികൾ പിന്നെയും ആവർത്തിക്കും; സൂര്യനുകീഴിൽ പുതിയതായി ഒന്നുംതന്നെയില്ല. ഏതിനെയെങ്കിലും ചൂണ്ടി ആർക്കെങ്കിലും പറയാൻ കഴിയുമോ, “നോക്കൂ! ഇതു തികച്ചും പുത്തനായ ഒന്നാണ്?” പണ്ടുപണ്ടേ ഇത് ഇവിടെ ഉണ്ടായിരുന്നു; നമ്മുടെ കാലത്തിനുമുമ്പുതന്നെ ഇത് ഇവിടെ ഉണ്ടായിരുന്നു. പോയ തലമുറയെക്കുറിച്ച് ആരും ഓർക്കുന്നില്ല, വരാനിരിക്കുന്ന തലമുറയെ, അവരുടെ പിന്നാലെ വരുന്നവരും സ്മരിക്കുന്നില്ല.