സഭാപ്രസംഗി 1:1-18
സഭാപ്രസംഗി 1:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെരൂശലേമിലെ രാജാവായി ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ. ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ. സൂര്യനു കീഴിൽ പ്രയത്നിക്കുന്ന സകല പ്രയത്നത്താലും മനുഷ്യന് എന്തു ലാഭം? ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു; ഭൂമിയോ എന്നേക്കും നില്ക്കുന്നു. സൂര്യൻ ഉദിക്കുന്നു; സൂര്യൻ അസ്തമിക്കുന്നു; ഉദിച്ച സ്ഥലത്തേക്കുതന്നെ ബദ്ധപ്പെട്ടു ചെല്ലുന്നു. കാറ്റ് തെക്കോട്ട് ചെന്നു വടക്കോട്ടു ചുറ്റിവരുന്നു; അങ്ങനെ കാറ്റ് ചുറ്റിച്ചുറ്റിതിരിഞ്ഞുകൊണ്ടു പരിവർത്തനം ചെയ്യുന്നു. സകല നദികളും സമുദ്രത്തിലേക്ക് ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകി വീഴുന്ന ഇടത്തേക്ക് പിന്നെയും പിന്നെയും ചെല്ലുന്നു. സകല കാര്യങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യൻ പറഞ്ഞാൽ തീരുകയില്ല; കണ്ടിട്ട് കണ്ണിനു തൃപ്തി വരുന്നില്ല; കേട്ടിട്ട് ചെവി നിറയുന്നതുമില്ല. ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും ചെയ്തുകഴിഞ്ഞതു ചെയ്വാനുള്ളതും ആകുന്നു; സൂര്യനു കീഴിൽ പുതുതായി യാതൊന്നും ഇല്ല. ഇതു പുതിയത് എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പേ, പണ്ടത്തെ കാലത്തുതന്നെ അതുണ്ടായിരുന്നു. പുരാതനജനത്തെക്കുറിച്ച് ഓർമയില്ലല്ലോ; വരുവാനുള്ളവരെക്കുറിച്ച് പിന്നത്തേതിൽ വരുവാനുള്ളവർക്കും ഓർമയുണ്ടാകയില്ല. സഭാപ്രസംഗിയായ ഞാൻ യെരൂശലേമിൽ യിസ്രായേലിനു രാജാവായിരുന്നു. ആകാശത്തിൻകീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന് ഞാൻ മനസ്സുവച്ചു; ഇതു ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നെ. സൂര്യനു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ട്; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ. വളവുള്ളതു നേരേ ആക്കുവാൻ വയ്യാ; കുറവുള്ളത് എണ്ണിത്തികപ്പാനും വയ്യാ. ഞാൻ മനസ്സിൽ ആലോചിച്ചുപറഞ്ഞത്: യെരൂശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാൻ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു. ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്തവും അറിവാനും ഞാൻ മനസ്സുവച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു. ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ട്; അറിവു വർധിപ്പിക്കുന്നവൻ ദുഃഖവും വർധിപ്പിക്കുന്നു.
സഭാപ്രസംഗി 1:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെരൂശലേമിലെ രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രഭാഷകന്റെ വാക്കുകൾ: മിഥ്യകളിൽ മിഥ്യ എന്നു സഭാപ്രഭാഷകൻ പറയുന്നു; ഹാ, മിഥ്യ, മിഥ്യകളിൽ മിഥ്യ, സകലവും മിഥ്യതന്നെ. സൂര്യനു കീഴിൽ ചെയ്യുന്ന കഠിനാധ്വാനം കൊണ്ട് മനുഷ്യന് എന്തു നേട്ടം? തലമുറകൾ വരുന്നു; പോകുന്നു; ഭൂമിയാകട്ടെ എന്നേക്കും നിലനില്‌ക്കുന്നു. സൂര്യൻ ഉദിക്കുന്നു; അസ്തമിക്കുന്നു; ഉദിച്ച ദിക്കിലേക്ക് തന്നെ അതു തിടുക്കത്തിൽ മടങ്ങിച്ചെല്ലുന്നു. കാറ്റു തെക്കോട്ടു വീശുന്നു; അതു ചുറ്റിത്തിരിഞ്ഞു വടക്കോട്ടുതന്നെ വരുന്നു; കറങ്ങിക്കറങ്ങി അതു തിരിച്ചെത്തുന്നു. എല്ലാ നദികളും സമുദ്രത്തിലേക്ക് ഒഴുകുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഉദ്ഭവിച്ചിടത്തേക്കുതന്നെ, വെള്ളം തിരികെ ചെല്ലുന്നു. എല്ലാ കാര്യങ്ങളും ക്ലേശപൂർണമാണ്; മനുഷ്യന് അതു പറഞ്ഞറിയിക്കാൻ വയ്യ; കണ്ടിട്ടു കണ്ണിനോ, കേട്ടിട്ടു ചെവിക്കോ മതിവരുന്നില്ല; ഉണ്ടായിരുന്നതുതന്നെ വീണ്ടും ഉണ്ടാകുന്നു; ചെയ്തതുതന്നെ ആവർത്തിക്കപ്പെടുന്നു; സൂര്യനു കീഴിൽ പുതുതായി ഒന്നുമില്ല. “ഇതാ, ഇതു പുതിയതാണ്” എന്നു പറയാൻ എന്തുണ്ട്? യുഗങ്ങൾക്കു മുമ്പേ അതുണ്ടായിരുന്നു. ഭൂതകാലം ആരുടെ ഓർമയിലുണ്ട്? ഭാവിയെക്കുറിച്ചു അതിനുശേഷം ജനിക്കുന്നവർക്കും ഓർമയില്ല. സഭാപ്രഭാഷകനായ ഞാൻ യെരൂശലേമിൽ ഇസ്രായേലിന്റെ രാജാവായിരുന്നു. ആകാശത്തിൻകീഴിൽ നടക്കുന്നതെല്ലാം ബുദ്ധിപൂർവം ആരാഞ്ഞറിയാൻ ഞാൻ തീരുമാനിച്ചു. മനുഷ്യനു വ്യഗ്രതകൊള്ളാൻ ദൈവം നല്‌കിയിരിക്കുന്ന പ്രവൃത്തി എത്ര ക്ലേശഭൂയിഷ്ഠം! സൂര്യനു കീഴിൽ നടക്കുന്നതെല്ലാം ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം മിഥ്യയും വ്യർഥവുമാണ്. വളഞ്ഞതു നേരെയാക്കാൻ കഴിയുകയില്ല. ഇല്ലാത്തത് എണ്ണാനും സാധ്യമല്ല. യെരൂശലേം ഭരിച്ച എന്റെ മുൻഗാമികളെക്കാൾ മഹത്തായ ജ്ഞാനം ഞാൻ ആർജിച്ചിരിക്കുന്നു; എനിക്കു വലിയ അനുഭവജ്ഞാനവും അറിവും ഉണ്ട് എന്നു ഞാൻ വിചാരിച്ചു. ജ്ഞാനവും ഉന്മത്തതയും ഭോഷത്തവും വിവേചിച്ചറിയാൻ ഞാൻ മനസ്സുവച്ചു. ഇതും പാഴ്‍വേലയാണെന്നു ഞാൻ കണ്ടു. ജ്ഞാനമേറുമ്പോൾ വ്യസനവും ഏറുന്നു. അറിവു വർധിപ്പിക്കുന്നവൻ ദുഃഖവും വർധിപ്പിക്കുന്നു.
സഭാപ്രസംഗി 1:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യെരൂശലേമിലെ രാജാവായിരുന്ന ദാവീദിന്‍റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ. “ഹാ മായ, മായ “എന്നു സഭാപ്രസംഗി പറയുന്നു; “ഹാ മായ, മായ, സകലവും മായയത്രേ.“ സൂര്യനുകീഴിൽ പ്രയത്നിക്കുന്ന മനുഷ്യന്‍റെ സകലപ്രയത്നത്താലും അവന് എന്ത് ലാഭം? ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു; ഭൂമിയോ എന്നേക്കും നില്ക്കുന്നു; സൂര്യൻ ഉദിക്കുന്നു; സൂര്യൻ അസ്തമിക്കുന്നു; ഉദിച്ച സ്ഥലത്തേക്ക് തന്നെ വീണ്ടും ബദ്ധപ്പെട്ടു ചെല്ലുന്നു. കാറ്റ് തെക്കോട്ടു ചെന്നു വടക്കോട്ടു തിരിയുന്നു. അങ്ങനെ കാറ്റ് ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ട് പരിവർത്തനം ചെയ്യുന്നു. സകലനദികളും സമുദ്രത്തിലേക്ക് ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്ക് പിന്നെയും പിന്നെയും ചെല്ലുന്നു. സകലകാര്യങ്ങൾക്കായും മനുഷ്യൻ അധ്വാനിക്കേണ്ടി വരുന്നു. അവന് അത് വിവരിക്കുവാൻ കഴിയുകയില്ല; കണ്ടിട്ട് കണ്ണിന് തൃപ്തി വരുന്നില്ല; കേട്ടിട്ടു ചെവിക്ക് മതിവരുന്നില്ല. ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞത് ചെയ്യുവാനുള്ളതും ആകുന്നു; സൂര്യനുകീഴിൽ പുതിയതായി യാതൊന്നും ഇല്ല. ‘ഇതു പുതിയത്’ എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പ്, പണ്ടത്തെ കാലത്ത് തന്നെ അതുണ്ടായിരുന്നു. പുരാതന ജനത്തെക്കുറിച്ച് ഓർമ്മയില്ലല്ലോ; ഭാവിയിൽ ജനിക്കുവാനുള്ളവരെക്കുറിച്ച് പിന്നീട് വരുന്നവർക്കും ഓർമ്മയുണ്ടാകുകയില്ല. സഭാപ്രസംഗിയായ ഞാൻ യെരൂശലേമിൽ യിസ്രായേലിനു രാജാവായിരുന്നു. ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനബുദ്ധികൊണ്ട് ആരാഞ്ഞറിയേണ്ടതിന് ഞാൻ മനസ്സുവച്ചു; ഇത് ദൈവം മനുഷ്യർക്ക് കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നെ. സൂര്യന് കീഴെ നടക്കുന്ന സകലപ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം മായയും കാറ്റിനെ പിന്‍തുടരുന്നത് പോലെയും ആകുന്നു. വളവുള്ളതു നേരെ ആക്കുവാൻ കഴിയുകയില്ല; കുറവുള്ളത് എണ്ണം തികക്കുവാനും കഴിയുകയില്ല. ഞാൻ മനസ്സിൽ ആലോചിച്ചുപറഞ്ഞത്: “യെരൂശലേമിൽ എനിക്ക് മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാൻ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു.” ജ്ഞാനം ഗ്രഹിക്കുവാനും ഭ്രാന്തും ഭോഷത്തവും അറിയുവാനും ഞാൻ മനസ്സുവച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു. ജ്ഞാനം വർദ്ധിക്കുമ്പോൾ വ്യസനവും വർദ്ധിക്കുന്നു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.
സഭാപ്രസംഗി 1:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യെരൂശലേമിലെ രാജാവായി ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ. ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ. സൂര്യന്നു കീഴിൽ പ്രയത്നിക്കുന്ന സകലപ്രയത്നത്താലും മനുഷ്യന്നു എന്തു ലാഭം? ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു; ഭൂമിയോ എന്നേക്കും നില്ക്കുന്നു; സൂര്യൻ ഉദിക്കുന്നു; സൂര്യൻ അസ്തമിക്കുന്നു; ഉദിച്ച സ്ഥലത്തേക്കു തന്നേ ബദ്ധപ്പെട്ടു ചെല്ലുന്നു. കാറ്റു തെക്കോട്ടു ചെന്നു വടക്കോട്ടു ചുറ്റിവരുന്നു; അങ്ങനെ കാറ്റു ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ടു പരിവർത്തനം ചെയ്യുന്നു. സകലനദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു. സകലകാര്യങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യൻ പറഞ്ഞാൽ തീരുകയില്ല; കണ്ടിട്ടു കണ്ണിന്നു തൃപ്തി വരുന്നില്ല; കേട്ടിട്ടു ചെവി നിറയുന്നതുമില്ല. ഉണ്ടായിരുന്നതു ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞതു ചെയ്വാനുള്ളതും ആകുന്നു; സൂര്യന്നു കീഴിൽ പുതുതായി യാതൊന്നും ഇല്ല. ഇതു പുതിയതു എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പെ, പണ്ടത്തെ കാലത്തു തന്നേ അതുണ്ടായിരുന്നു. പുരാതന ജനത്തെക്കുറിച്ചു ഓർമ്മയില്ലല്ലോ; വരുവാനുള്ളവരെക്കുറിച്ചു പിന്നത്തേതിൽ വരുവാനുള്ളവർക്കും ഓർമ്മയുണ്ടാകയില്ല. സഭാപ്രസംഗിയായ ഞാൻ യെരൂശലേമിൽ യിസ്രായേലിന്നു രാജാവായിരുന്നു. ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന്നു ഞാൻ മനസ്സുവെച്ചു; ഇതു ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ. സൂര്യന്നു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ടു; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ. വളവുള്ളതു നേരെ ആക്കുവാൻ വഹിയാ; കുറവുള്ളതു എണ്ണിത്തികെപ്പാനും വഹിയാ. ഞാൻ മനസ്സിൽ ആലോചിച്ചുപറഞ്ഞതു: യെരൂശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാൻ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു. ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്വവും അറിവാനും ഞാൻ മനസ്സുവെച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു. ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ടു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.
സഭാപ്രസംഗി 1:1-18 സമകാലിക മലയാളവിവർത്തനം (MCV)
ജെറുശലേം രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രസംഗിയുടെ വാക്കുകൾ: “അർഥശൂന്യം! അർഥശൂന്യം!” സഭാപ്രസംഗി പറയുന്നു. “നിശ്ശേഷം അർഥശൂന്യം! സകലതും അർഥശൂന്യമാകുന്നു.” സൂര്യനുകീഴിൽ അധ്വാനിക്കുന്ന മനുഷ്യൻ തന്റെ പ്രയത്നത്തിൽനിന്നും എന്തു നേടുന്നു? തലമുറകൾ വരുന്നു, തലമുറകൾ പോകുന്നു; എന്നാൽ ഭൂമി ശാശ്വതമായി നിലനിൽക്കുന്നു. സൂര്യൻ ഉദിക്കുകയും സൂര്യൻ അസ്തമിക്കുകയും ചെയ്യുന്നു, അത് അതിന്റെ ഉദയസ്ഥാനത്തേക്കു ദ്രുതഗതിയിൽ മടങ്ങിപ്പോകുകയും ചെയ്യുന്നു. കാറ്റ് തെക്കോട്ട് വീശുന്നു, വടക്കോട്ടത് തിരിഞ്ഞുകറങ്ങുന്നു; നിരന്തരം തന്റെ ഗതി ആവർത്തിച്ച് ചുറ്റിച്ചുറ്റി കറങ്ങുന്നു. എല്ലാ നീരൊഴുക്കുകളും സമുദ്രത്തിലേക്കൊഴുകുന്നു, എന്നിട്ടും സമുദ്രമൊരിക്കലും നിറയുന്നില്ല. അരുവികൾ എവിടെനിന്ന് ആരംഭിച്ചുവോ അവിടേക്കുതന്നെ അവ പിന്നെയും മടങ്ങിപ്പോകുന്നു. എല്ലാ വസ്തുതകളും ക്ലേശഭരിതമാണ്, അത് ഒരാൾക്ക് വർണിക്കാവുന്നതിലുമധികം. കണ്ടിട്ടു കണ്ണിന് മതിവരികയോ കേട്ടിട്ടു ചെവിക്ക് തൃപ്തിവരികയോ ചെയ്യുന്നില്ല. ഒരിക്കൽ ഉണ്ടായിരുന്നതു പിന്നെയും ഉണ്ടാകും, മുൻകാലചെയ്തികൾ പിന്നെയും ആവർത്തിക്കും; സൂര്യനുകീഴിൽ പുതിയതായി ഒന്നുംതന്നെയില്ല. ഏതിനെയെങ്കിലും ചൂണ്ടി ആർക്കെങ്കിലും പറയാൻ കഴിയുമോ, “നോക്കൂ! ഇതു തികച്ചും പുത്തനായ ഒന്നാണ്?” പണ്ടുപണ്ടേ ഇത് ഇവിടെ ഉണ്ടായിരുന്നു; നമ്മുടെ കാലത്തിനുമുമ്പുതന്നെ ഇത് ഇവിടെ ഉണ്ടായിരുന്നു. പോയ തലമുറയെക്കുറിച്ച് ആരും ഓർക്കുന്നില്ല, വരാനിരിക്കുന്ന തലമുറയെ, അവരുടെ പിന്നാലെ വരുന്നവരും സ്മരിക്കുന്നില്ല. സഭാപ്രസംഗിയായ ഞാൻ ജെറുശലേമിൽ ഇസ്രായേലിന്റെ രാജാവായിരുന്നു. ആകാശത്തിനു കീഴിലുള്ള പ്രയത്നങ്ങളെല്ലാം പഠിക്കുന്നതിനും ജ്ഞാനത്തോടെ അപഗ്രഥിക്കുന്നതിനും ഞാൻ ബദ്ധശ്രദ്ധനായിരുന്നു. മാനവരാശിയുടെമേൽ ദൈവം എത്ര ഭീമയായ ഭാരമാണ് വെച്ചിരിക്കുന്നത്! സൂര്യനുകീഴിൽ നിറവേറ്റപ്പെടുന്ന എല്ലാം ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം അർഥശൂന്യമാണ്; കാറ്റിനുപിന്നാലെയുള്ള ഓട്ടമാണ്. വളഞ്ഞതിനെ നേരേയാക്കാൻ സാധിക്കുകയില്ല; ഇല്ലാത്തത് എണ്ണിത്തിട്ടപ്പെടുത്താനും കഴിയുകയില്ല. ഞാൻ എന്നോടുതന്നെ പറഞ്ഞു: “നോക്കൂ, എനിക്കുമുമ്പേ ജെറുശലേമിൽ ഭരണം നടത്തിയ മറ്റാരെക്കാളും അധികം ജ്ഞാനത്തിൽ ഞാൻ മുന്നേറിയിരിക്കുന്നു. അവരെക്കാളധികം ജ്ഞാനവും പരിജ്ഞാനവും എന്റെ ഹൃദയം സമ്പാദിച്ചിരിക്കുന്നു.” പിന്നെ ഞാൻ ജ്ഞാനം ഗ്രഹിക്കാൻ ബദ്ധശ്രദ്ധനായി, അതോടൊപ്പം മതിഭ്രമവും ഭോഷത്വവും. എന്നാൽ ഇതും കാറ്റിനുപിന്നാലെയുള്ള ഓട്ടമാണെന്ന് ഞാൻ പഠിച്ചു. ജ്ഞാനം ഏറുന്നതോടെ ശോകവും ഏറുന്നു; പരിജ്ഞാനത്തിന്റെ ആധിക്യം അധികവ്യഥയും നൽകുന്നു.