ആവർത്തനപുസ്തകം 7:1-26
ആവർത്തനപുസ്തകം 7:1-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാൾ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു മഹാജാതികളെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളകയും നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കൈയിൽ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോൾ അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോട് ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുത്. അവരുമായി വിവാഹസംബന്ധം ചെയ്യരുത്; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്ക് എടുക്കയോ ചെയ്യരുത്. അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രന്മാരെ എന്നോട് അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലിച്ച് നിങ്ങളെ വേഗത്തിൽ നശിപ്പിക്കും. ആകയാൽ നിങ്ങൾ അവരോട് ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങൾ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരാപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയേണം. നിന്റെ ദൈവമായ യഹോവയ്ക്ക് നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകല ജാതികളിലുംവച്ച് നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിനു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു. നിങ്ങൾ സംഖ്യയിൽ സകല ജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ട് തിരഞ്ഞെടുത്തത്; നിങ്ങൾ സകല ജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നത്. യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോട് താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കൈയാൽ പുറപ്പെടുവിച്ച് അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കൈയിൽനിന്നു വീണ്ടെടുത്തത്. ആകയാൽ നിന്റെ ദൈവമായ യഹോവ തന്നെ ദൈവം; അവൻ തന്നെ സത്യദൈവം എന്നു നീ അറിയേണം: അവൻ തന്നെ സ്നേഹിച്ച് തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു. തന്നെ പകയ്ക്കുന്നവരെ നശിപ്പിപ്പാൻ അവർക്ക് നേരിട്ട് പകരം കൊടുക്കുന്നു; തന്നെ പകയ്ക്കുന്നവന് അവൻ താമസിയാതെ നേരിട്ട് പകരം കൊടുക്കും. ആകയാൽ ഞാൻ ഇന്ന് നിന്നോടു കല്പിക്കുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചു നടക്കേണം. നിങ്ങൾ ഈ വിധികൾ കേട്ടു പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത നിയമവും ദയയും നിനക്കായിട്ടു പാലിക്കും. അവൻ നിന്നെ സ്നേഹിച്ച് അനുഗ്രഹിച്ചു വർധിപ്പിക്കും; അവൻ നിനക്കു തരുമെന്ന് നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്ത് നിന്റെ ഗർഭഫലവും നിന്റെ കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും. നീ സകല ജാതികളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും വന്ധ്യയും നിങ്ങളിലാകട്ടെ നിന്റെ നാല്ക്കാലികളിലാകട്ടെ ഉണ്ടാകയില്ല. യഹോവ സകല രോഗവും നിങ്കൽനിന്ന് അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ ദുർവ്യാധികളിൽ ഒന്നും അവൻ നിന്റെമേൽ വരുത്താതെ നിന്നെ ദ്വേഷിക്കുന്ന എല്ലാവർക്കും അവയെ കൊടുക്കും. നിന്റെ ദൈവമായ യഹോവ നിന്റെ കൈയിൽ ഏല്പിക്കുന്ന സകല ജാതികളെയും നീ മുടിച്ചു കളയേണം; നിനക്ക് അവരോടു കനിവു തോന്നരുത്; അവരുടെ ദേവന്മാരെ നീ സേവിക്കരുത്; അതു നിനക്ക് കെണിയായിത്തീരും. ഈ ജാതികൾ എന്നെക്കാൾ പെരുപ്പം ഉള്ളവർ; അവരെ നീക്കിക്കളവാൻ എനിക്ക് എങ്ങനെ കഴിയും എന്നു നീ നിന്റെ ഹൃദയത്തിൽ പറയുമായിരിക്കും. എന്നാൽ അവരെ ഭയപ്പെടരുത്; നിന്റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ മിസ്രയീമ്യരോടും ചെയ്തതായി നിന്റെ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും അദ്ഭുതങ്ങളും നിന്റെ ദൈവമായ യഹോവ നിന്നെ പുറപ്പെടുവിച്ച ബലമുള്ള കൈയും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഓർക്കേണം; നീ പേടിക്കുന്ന സകല ജാതികളോടും നിന്റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും. അത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്റെ മുമ്പിൽനിന്ന് ഒളിച്ചുകൊള്ളുന്നവരും നശിച്ചുപോകുംവരെ നിന്റെ ദൈവമായ യഹോവ അവരുടെ ഇടയിൽ കടന്നലിനെ അയയ്ക്കും. നീ അവരെ കണ്ട് ഭ്രമിക്കരുത്; നിന്റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മധ്യേ ഉണ്ട്. ആ ജാതികളെ നിന്റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പിൽനിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്ക് ഉപദ്രവമാകാതിരിപ്പാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ. നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കൈയിൽ ഏല്പിക്കയും അവർ നശിച്ചുപോകുംവരെ അവർക്ക് മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കൈയിൽ ഏല്പിക്കും; നീ അവരുടെ പേർ ആകാശത്തിൻകീഴിൽനിന്ന് ഇല്ലാതെയാക്കേണം. അവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്റെ മുമ്പിൽ നില്ക്കയില്ല. അവരുടെ ദേവപ്രതിമകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാൻ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ച് എടുത്തുകൊള്ളരുത്; അത് നിന്റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു. നീയും അതുപോലെ ശാപമായിത്തീരാതിരിക്കേണ്ടതിന് അറപ്പായുള്ളത് നിന്റെ വീട്ടിൽ കൊണ്ടുപോകരുത്; അത് നിനക്ക് തീരെ അറപ്പുംവെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ.
ആവർത്തനപുസ്തകം 7:1-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ കൈവശപ്പെടുത്താൻ പോകുന്ന ദേശത്തേക്കു സർവേശ്വരൻ നിങ്ങളെ നയിക്കുമ്പോൾ അവിടുന്ന് നിങ്ങളെക്കാൾ സംഖ്യാബലമുള്ളവരും ശക്തരുമായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു ജനതകളെ നിങ്ങളുടെ മുമ്പിൽനിന്നു നിഷ്കാസനം ചെയ്യും. നിങ്ങളുടെ ദൈവമായ സർവേശ്വരൻ അവരെ നിങ്ങളുടെ കൈയിൽ ഏല്പിക്കുകയും നിങ്ങൾ അവരോട് ഏറ്റുമുട്ടുകയും ചെയ്യുമ്പോൾ നിങ്ങൾ അവരെ നിശ്ശേഷം സംഹരിക്കണം; അവരോടു കരുണ കാണിക്കുകയോ അവരുമായി ഉടമ്പടി ചെയ്യുകയോ അരുത്. അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടരുത്; നിങ്ങളുടെ പുത്രിമാരെ അവർക്കു വിവാഹം ചെയ്തുകൊടുക്കുകയോ അവരുടെ പുത്രിമാരിൽനിന്നു നിങ്ങളുടെ പുത്രന്മാർക്ക് ഭാര്യമാരെ സ്വീകരിക്കുകയോ അരുത്. അങ്ങനെ ചെയ്താൽ നിങ്ങളുടെ മക്കളെ അവർ സർവേശ്വരനിൽനിന്ന് അകറ്റുകയും അവർ അന്യദേവന്മാരെ ആരാധിക്കാൻ ഇടയാകുകയും ചെയ്യും. അപ്പോൾ അവിടുത്തെ കോപം നിങ്ങളുടെ നേരേ ജ്വലിക്കും. അവിടുന്നു നിങ്ങളെ നശിപ്പിക്കും. അതുകൊണ്ട് നിങ്ങൾ അവരുടെ യാഗപീഠങ്ങൾ ഇടിച്ചുനിരത്തണം; അവരുടെ ബിംബങ്ങൾ തകർക്കണം; അവരുടെ അശേരാപ്രതിഷ്ഠകളെ വെട്ടി വീഴ്ത്തണം; അവരുടെ വിഗ്രഹങ്ങളെല്ലാം തീയിൽ ചുട്ടുകളയണം. നിങ്ങളുടെ ദൈവമായ സർവേശ്വരന് നിങ്ങൾ വേർതിരിക്കപ്പെട്ട ജനമാണ്. നിങ്ങളുടെ ദൈവമായ സർവേശ്വരനു സ്വന്തജനമായിരിക്കാൻ ഭൂമിയിലെ സകല ജനതകളിൽനിന്നും നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; മറ്റു ജനതകളെക്കാൾ സംഖ്യാബലം കൂടുതലുണ്ടായിരുന്നതുകൊണ്ടല്ല സർവേശ്വരൻ നിങ്ങളെ സ്നേഹിച്ചു തിരഞ്ഞെടുത്തത്. ഭൂമിയിലുള്ള സകല ജനതകളിലും വച്ചു നിങ്ങൾ എണ്ണത്തിൽ കുറവായിരുന്നു. എന്നാൽ അവിടുന്നു നിങ്ങളെ സ്നേഹിച്ചു; നിങ്ങളുടെ പൂർവപിതാക്കന്മാരോടു ചെയ്ത വാഗ്ദാനം പാലിക്കുകയും ചെയ്തു; അതുകൊണ്ടാണ് അവിടുന്നു തന്റെ മഹാശക്തി ഉപയോഗിച്ച് ഈജിപ്തിലെ രാജാവായ ഫറവോയുടെ അടിമത്തത്തിൽനിന്നു നിങ്ങളെ മോചിപ്പിച്ചത്. നിങ്ങളുടെ ദൈവമായ സർവേശ്വരൻ തന്നെയാണു ദൈവം എന്ന് അറിഞ്ഞുകൊൾക. അവിടുത്തെ സ്നേഹിക്കുകയും അവിടുത്തെ കല്പനകൾ അനുസരിക്കുകയും ചെയ്യുന്നവരോട് അവിടുന്ന് ആയിരം തലമുറവരെ തന്റെ ഉടമ്പടി പാലിക്കുകയും തന്റെ സുസ്ഥിരസ്നേഹം പ്രദർശിപ്പിക്കുകയും ചെയ്യും. എന്നാൽ അവിടുന്നു തന്നെ വെറുക്കുന്നവരെ നശിപ്പിച്ച് പ്രതികാരം ചെയ്യും. അതിന് അവിടുന്ന് ഒരിക്കലും മടിക്കുകയില്ല. അതുകൊണ്ട് ഇന്നു ഞാൻ നിങ്ങൾക്കു നല്‌കുന്ന നിയമങ്ങളും ചട്ടങ്ങളും അനുശാസനങ്ങളും പാലിക്കാൻ ശ്രദ്ധിച്ചുകൊൾവിൻ. “ഈ കല്പനകൾ ശ്രദ്ധിച്ച് അനുസരിക്കുന്നതിൽ നിങ്ങൾ ജാഗരൂകരായിരുന്നാൽ സർവേശ്വരൻ നിങ്ങളുടെ പിതാക്കന്മാരോടു പ്രതിജ്ഞ ചെയ്തിട്ടുള്ള ഉടമ്പടിയും സുസ്ഥിരസ്നേഹവും നിങ്ങളോടു പുലർത്തും. അവിടുന്നു നിങ്ങളെ സ്നേഹിക്കും; നിങ്ങളെ അനുഗ്രഹിക്കും; നിങ്ങളെ വർധിപ്പിക്കും. നിങ്ങൾക്കു സന്താനസമൃദ്ധിയുണ്ടാകും. നിങ്ങളുടെ ഭൂമി ഫലപുഷ്ടമാകും. ധാന്യവും വീഞ്ഞും എണ്ണയും വർധിപ്പിക്കും. നിങ്ങളുടെ കന്നുകാലികളും ആടുമാടുകളും അവിടുത്തെ അനുഗ്രഹത്താൽ പെരുകും. മറ്റു ജനതകളെക്കാൾ നിങ്ങൾ അനുഗൃഹീതരാകും. നിങ്ങൾക്കോ നിങ്ങളുടെ കന്നുകാലികൾക്കോ ആണിനോ പെണ്ണിനോ വന്ധ്യത ബാധിക്കുകയില്ല. സകല രോഗങ്ങളെയും സർവേശ്വരൻ നിങ്ങളിൽനിന്നു നീക്കും. ഈജിപ്തിൽ നിങ്ങൾ കണ്ട ദുർവ്യാധികൾ അവിടുന്ന് നിങ്ങളുടെമേൽ വരുത്തുകയില്ല; നിങ്ങളുടെ ശത്രുക്കളുടെമേൽ അവ വരുത്തും. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെ കൈയിൽ ഏല്പിക്കുന്ന സകല ജനതകളെയും സംഹരിച്ചുകളയണം; നിങ്ങൾ അവരോടു കരുണ കാട്ടരുത്. അവരുടെ ദേവന്മാരെ നിങ്ങൾ ആരാധിക്കരുത്. അതു നിങ്ങൾക്കു കെണിയായിത്തീരും.” “ഈ ജനതകൾ ഞങ്ങളെക്കാൾ വലിയവർ; ഇവരെ തുരത്താൻ എങ്ങനെ സാധിക്കും എന്നു നിങ്ങൾ ചിന്തിക്കരുത്. നിങ്ങൾ അവരെ ഭയപ്പെടണ്ടാ. ഫറവോയോടും ഈജിപ്ത് മുഴുവനോടും നിങ്ങളുടെ ദൈവമായ സർവേശ്വരൻ ചെയ്തതെന്തെന്ന് ഓർമിക്കുക; നിങ്ങൾ നേരിൽക്കണ്ട മഹാമാരികൾ, അടയാളങ്ങൾ, അദ്ഭുതങ്ങൾ, കരബലം, നീട്ടിയ ഭുജം എന്നിവയാൽ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ അവിടെനിന്നു മോചിപ്പിച്ചു. നിങ്ങൾ ഭയപ്പെടുന്ന ജനതകളോടെല്ലാം അവിടുന്ന് അതുപോലെതന്നെ പ്രവർത്തിക്കും. മാത്രമല്ല നിങ്ങളിൽനിന്നു രക്ഷപെട്ട് ഒളിക്കുന്നവരെ നശിപ്പിക്കാൻ അവിടുന്നു കടന്നലിനെ അയയ്‍ക്കും. ഈ ജനതകളെ ഭയപ്പെടണ്ടാ; നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെ കൂടെയുണ്ട്; അവിടുന്നു വലിയവനും ഭയം ജനിപ്പിക്കുന്നവനുമായ ദൈവമാണ്. നിങ്ങൾ മുന്നേറുന്നതിനൊപ്പം ഈ ജനതകളെ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയും. നിങ്ങൾ അവരെ ഒറ്റയടിക്കു നശിപ്പിക്കരുത്. അങ്ങനെ ചെയ്താൽ കാട്ടുമൃഗങ്ങൾ പെരുകി നിങ്ങൾക്കു ശല്യമുണ്ടാകും. നിങ്ങളുടെ ദൈവമായ സർവേശ്വരൻ അവരെ നിങ്ങളുടെ കൈയിൽ ഏല്പിക്കും; ഉന്മൂലനാശം സംഭവിക്കുംവരെ അവരിൽ പരിഭ്രാന്തി നിലനില്‌ക്കും. അവരുടെ രാജാക്കന്മാരെ അവിടുന്നു നിങ്ങളുടെ കൈയിൽ ഏല്പിക്കും; നിങ്ങൾ അവരെ സംഹരിക്കണം. അവരെക്കുറിച്ചുള്ള ഓർമ പോലും അവശേഷിക്കരുത്. നിങ്ങൾ അവരെ നിശ്ശേഷം നശിപ്പിക്കുവോളം ആരും നിങ്ങളെ തടയുകയില്ല. അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങളെ നിങ്ങൾ ചുട്ടുകളയണം; അവയിലുള്ള വെള്ളിയോ, പൊന്നോ ആഗ്രഹിക്കുകയോ സ്വന്തമാക്കുകയോ അരുത്. അങ്ങനെ ചെയ്താൽ നിങ്ങൾ കെണിയിൽ അകപ്പെടും. നിങ്ങളുടെ ദൈവമായ സർവേശ്വരന് വിഗ്രഹാരാധന നിന്ദ്യമാണല്ലോ. നിന്ദ്യമായതൊന്നും നിങ്ങളുടെ ഭവനങ്ങളിൽ കൊണ്ടുപോകരുത്; അങ്ങനെ ചെയ്താൽ വിഗ്രഹങ്ങളെപ്പോലെ നിങ്ങളും ശാപഗ്രസ്തരാകും. അവ നിങ്ങൾക്ക് അറപ്പും വെറുപ്പും ആയിരിക്കണം; അവ ശാപഗ്രസ്തമാണല്ലോ.”
ആവർത്തനപുസ്തകം 7:1-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തേക്ക് യഹോവ നിന്നെ കൊണ്ടുപോകുകയും നിന്നെക്കാൾ എണ്ണവും ബലവുമുള്ള ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു ജനതകളെ നിന്‍റെ മുമ്പിൽനിന്ന് നീക്കിക്കളയുകയും ചെയ്യും. നിന്‍റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കുയും നീ അവരെ തോല്പിക്കുകയും ചെയ്യുമ്പോൾ അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോട് ഉടമ്പടി ചെയ്യുകയോ കൃപ കാണിക്കുകയോ അരുത്. അവരുമായി വിവാഹബന്ധം അരുത്; നിന്‍റെ പുത്രിമാരെ അവരുടെ പുത്രന്മാർക്ക് കൊടുക്കുകയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്ക് എടുക്കുകയോ ചെയ്യരുത്. അന്യദൈവങ്ങളെ സേവിക്കുവാൻ തക്കവണ്ണം അവർ നിന്‍റെ മക്കളെ എന്നോട് അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്ക് വിരോധമായി ജ്വലിച്ച് നിങ്ങളെ വേഗത്തിൽ നശിപ്പിക്കും. ആകയാൽ നിങ്ങൾ അവരോട് ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങൾ ഇടിക്കേണം; അവരുടെ ബിംബങ്ങൾ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകൾ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങൾ തീയിൽ ഇട്ടു ചുട്ടുകളയേണം. നിന്റെ ദൈവമായ യഹോവയ്ക്ക് നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകല ജനതകളിലും വച്ച് നിന്നെ സ്വന്തജനമായിരിക്കേണ്ടതിന് നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു. “നിങ്ങൾ എണ്ണത്തിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരായതു കൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ട് തിരഞ്ഞെടുത്തത്; നിങ്ങൾ സകലജാതികളെക്കാളും എണ്ണത്തിൽ കുറഞ്ഞവരായിരുന്നുവല്ലോ. യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോട് താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ നിങ്ങളെ ബലമുള്ള കയ്യാൽ പുറപ്പെടുവിച്ച് നിങ്ങള്‍ അടിമകളായിരുന്ന മിസ്രയീമിലെ രാജാവായ ഫറവോന്‍റെ കയ്യിൽനിന്ന് വീണ്ടെടുത്തത്. ആകയാൽ നിന്റെ ദൈവമായ യഹോവ തന്നെ ദൈവം; അവൻ തന്നെ സത്യദൈവം എന്നു നീ അറിയണം; അവൻ, തന്നെ സ്നേഹിച്ച് തന്റെ കല്പനകളെ പ്രമാണിക്കുന്നവരോട് ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു. തന്നെ പകയ്ക്കുന്നവരെ നശിപ്പിക്കുവാൻ അവർക്ക് നേരിട്ട് പകരം കൊടുക്കുന്നു; തന്നെ പകക്കുന്ന ഏവനും അവൻ താമസിയാതെ നേരിട്ട് പകരം കൊടുക്കും. ആകയാൽ ഞാൻ ഇന്ന് നിനക്കു നൽകുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ച് നടക്കേണം. “നിങ്ങൾ ഈ വിധികൾ കേട്ടു പ്രമാണിച്ചാൽ നിന്‍റെ ദൈവമായ യഹോവ നിന്‍റെ പിതാക്കന്മാരോട് സത്യംചെയ്ത ഉടമ്പടിയും ദയയും നിന്നോട് പാലിക്കും. അവൻ നിന്നെ സ്നേഹിച്ച് അനുഗ്രഹിച്ച് വർദ്ധിപ്പിക്കും; അവൻ നിനക്കു തരുമെന്ന് നിന്‍റെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്ത് നിന്റെ ഗർഭഫലവും കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും കന്നുകാലികളും ആടുകളും അനുഗ്രഹിക്കപ്പെട്ടിരിക്കും. നീ സകല ജനതകളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും, വന്ധ്യയും നിങ്ങളിലോ നിങ്ങളുടെ കന്നുകാലികളിലോ ഉണ്ടാകുകയില്ല. യഹോവ സകലരോഗവും നിന്നിൽനിന്ന് അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ വ്യാധികളിൽ ഒന്നും അവൻ നിനക്കു വരുത്താതെ, നിന്നെ ദ്വേഷിക്കുന്ന എല്ലാവർക്കും അവ കൊടുക്കും. “നിന്റെ ദൈവമായ യഹോവ നിന്റെ കയ്യിൽ ഏല്പിക്കുന്ന സകലജനതകളെയും നീ നശിപ്പിച്ചുകളയും; നിനക്കു അവരോട് കനിവ് തോന്നരുത്; അവരുടെ ദേവന്മാരെ നീ സേവിക്കരുത്; അത് നിനക്കു കെണിയായിത്തീരും. “ഈ ജനതകൾ എന്നെക്കാൾ പെരുപ്പം ഉള്ളവർ; അവരെ നീക്കിക്കളയുവാൻ എനിക്ക് എങ്ങനെ കഴിയും?” എന്നു നീ നിന്റെ ഹൃദയത്തിൽ പറയുമായിരിക്കും; എന്നാൽ അവരെ ഭയപ്പെടരുത്; നിന്റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ മിസ്രയീമ്യരോടും ചെയ്തതും, നിന്‍റെ കണ്ണ് കൊണ്ടു കണ്ടതുമായ വലിയ പരീക്ഷകളും അടയാളങ്ങളും അത്ഭുതങ്ങളും, നിന്നെ പുറപ്പെടുവിച്ച യഹോവയുടെ ബലമുള്ള കയ്യും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഓർക്കേണം; നീ പേടിക്കുന്ന സകലജനതകളോടും നിന്‍റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും. അത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്‍റെ മുമ്പിൽ ഒളിച്ചിരിക്കുന്നവരും നശിച്ചുപോകുംവരെ നിന്റെ ദൈവമായ യഹോവ അവരുടെ ഇടയിൽ കടന്നലിനെ അയയ്ക്കും. “നീ അവരെ കണ്ടു ഭ്രമിക്കരുത്; നിന്റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മദ്ധൃത്തിൽ ഉണ്ട്. നിന്‍റെ ദൈവമായ യഹോവ, ആ ജനതകളെ ഘട്ടം ഘട്ടമായി നിന്‍റെ മുമ്പിൽനിന്ന് നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്കു ഉപദ്രവമാകാതിരിക്കുവാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ. നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കുകയും അവർ നശിച്ചുപോകുംവരെ അവർക്ക് മഹാപരിഭ്രമം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യിൽ ഏല്പിക്കും; നീ അവരുടെ പേരുകൾ ആകാശത്തിൻ കീഴിൽനിന്ന് ഇല്ലാതെയാക്കേണം. അവരെ സംഹരിച്ചു തീരുവോളം ഒരു മനുഷ്യനും നിന്റെ മുമ്പിൽ നില്‍ക്കുകയില്ല. “അവരുടെ ദേവപ്രതിമകൾ തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിക്കുവാൻ അവയുടെമേൽ ഉള്ള വെള്ളിയും പൊന്നും മോഹിച്ച് എടുക്കരുത്; അത് നിന്റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു. നീയും അതുപോലെ ശാപപാത്രം ആകാതിരിക്കേണ്ടതിന് അറപ്പായുള്ളത് ഒന്നും നിന്‍റെ വീട്ടിൽ കൊണ്ടുപോകരുത്; അത് നിനക്കു അറപ്പും വെറുപ്പും ആയിരിക്കേണം; അത് ശാപഗ്രസ്തമാകുന്നു.
ആവർത്തനപുസ്തകം 7:1-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാൾ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു മഹാജാതികളെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളകയും നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോൾ അവരെ നിർമ്മൂലമാക്കിക്കളയേണം; അവരോടു ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുതു. അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു എടുക്കയോ ചെയ്യരുതു. അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തിൽ നശിപ്പിക്കും. ആകയാൽ നിങ്ങൾ അവരോടു ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങൾ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയേണം. നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു. നിങ്ങൾ സംഖ്യയിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ടു തിരഞ്ഞെടുത്തതു; നിങ്ങൾ സകലജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നതു. യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാൽ പുറപ്പെടുവിച്ചു അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കയ്യിൽനിന്നു വീണ്ടെടുത്തതു. ആകയാൽ നിന്റെ ദൈവമായ യഹോവ തന്നേ ദൈവം; അവൻ തന്നേ സത്യദൈവം എന്നു നീ അറിയേണം: അവൻ തന്നെ സ്നേഹിച്ചു തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു. തന്നെ പകെക്കുന്നവരെ നശിപ്പിപ്പാൻ അവർക്കു നേരിട്ടു പകരം കൊടുക്കുന്നു; തന്നെ പകെക്കുന്നവന്നു അവൻ താമസിയാതെ നേരിട്ടു പകരം കൊടുക്കും. ആകയാൽ ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചു നടക്കേണം. നിങ്ങൾ ഈ വിധികൾ കേട്ടു പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത നിയമവും ദയയും നിനക്കായിട്ടു പാലിക്കും. അവൻ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വർദ്ധിപ്പിക്കും; അവൻ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു നിന്റെ ഗർഭഫലവും നിന്റെ കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും. നീ സകലജാതികളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും വന്ധ്യയും നിങ്ങളിലാകട്ടെ നിന്റെ നാൽക്കാലികളിലാകട്ടെ ഉണ്ടാകയില്ല. യഹോവ സകലരോഗവും നിങ്കൽനിന്നു അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ ദുർവ്വ്യാധികളിൽ ഒന്നും അവൻ നിന്റെമേൽ വരുത്താതെ നിന്നെ ദ്വേഷിക്കുന്ന എല്ലാവർക്കും അവയെ കൊടുക്കും. നിന്റെ ദൈവമായ യഹോവ നിന്റെ കയ്യിൽ ഏല്പിക്കുന്ന സകലജാതികളെയും നീ മുടിച്ചുകളയേണം; നിനക്കു അവരോടു കനിവു തോന്നരുതു; അവരുടെ ദേവന്മാരെ നീ സേവിക്കരുതു; അതു നിനക്കു കണിയായിത്തീരും. ഈ ജാതികൾ എന്നെക്കാൾ പെരുപ്പം ഉള്ളവർ; അവരെ നീക്കിക്കളവാൻ എനിക്കു എങ്ങനെ കഴിയും എന്നു നീ നിന്റെ ഹൃദയത്തിൽ പറയുമായിരിക്കും എന്നാൽ അവരെ ഭയപ്പെടരുതു; നിന്റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ മിസ്രയീമ്യരോടും ചെയ്തതായി നിന്റെ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും അത്ഭുതങ്ങളും നിന്റെ ദൈവമായ യഹോവ നിന്നെ പുറപ്പെടുവിച്ച ബലമുള്ള കയ്യും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഓർക്കേണം; നീ പേടിക്കുന്ന സകലജാതികളോടും നിന്റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും. അത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്റെ മുമ്പിൽനിന്നു ഒളിച്ചുകൊള്ളുന്നവരും നശിച്ചുപോകുംവരെ നിന്റെ ദൈവമായ യഹോവ അവരുടെ ഇടയിൽ കടുന്നലിനെ അയക്കും. നീ അവരെക്കണ്ടു ഭ്രമിക്കരുതു; നിന്റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മദ്ധ്യേ ഉണ്ടു. ആ ജാതികളെ നിന്റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പിൽനിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്കു ഉപദ്രവമാകാതിരിപ്പാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ. നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും അവർ നശിച്ചുപോകുംവരെ അവർക്കു മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യിൽ ഏല്പിക്കും; നീ അവരുടെ പേർ ആകാശത്തിൻകീഴിൽനിന്നു ഇല്ലാതെയാക്കേണം. അവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്റെ മുമ്പിൽ നിൽക്കയില്ല. അവരുടെ ദേവപ്രതിമകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാൻ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ചു എടുത്തുകൊള്ളരുതു; അതു നിന്റെ ദൈവമായ യഹോവെക്കു അറെപ്പാകുന്നു. നീയും അതുപോലെ ശാപമായ്തീരാതിരിക്കേണ്ടതിന്നു അറെപ്പായുള്ളതു നിന്റെ വീട്ടിൽ കൊണ്ടുപോകരുതു; അതു നിനക്കു തീരെ അറെപ്പും വെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ.
ആവർത്തനപുസ്തകം 7:1-26 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശത്തേക്ക് നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ കൊണ്ടുവരും. നിങ്ങളെക്കാൾ വലുപ്പവും ശക്തിയുമുള്ള ജനതകളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴുകൂട്ടരെ നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയും. അവരെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കും. അപ്പോൾ നിങ്ങൾ അവരെ തോൽപ്പിച്ച് പൂർണമായി നശിപ്പിക്കണം. അവരോട് സമാധാനയുടമ്പടി ചെയ്യുകയോ കരുണകാണിക്കുകയോ ചെയ്യരുത്. അവരുമായി മിശ്രവിവാഹബന്ധം അരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കുകയോ അവരുടെ പുത്രന്മാരെ നിങ്ങളുടെ പുത്രിമാർക്ക് എടുക്കുകയോ ചെയ്യരുത്. കാരണം അന്യദേവന്മാരെ സേവിക്കേണ്ടതിനു നിങ്ങളുടെ മക്കളെ അവർ എന്നിൽനിന്ന് അകറ്റും. അങ്ങനെ യഹോവയുടെ കോപം നിങ്ങളുടെമേൽ വരികയും അവിടന്ന് നിങ്ങളെ വേഗത്തിൽ ഉന്മൂലനംചെയ്യുകയും ചെയ്യും. അതുകൊണ്ട് നിങ്ങൾ അവരോടു ചെയ്യേണ്ടത് ഇപ്രകാരമാണ്: അവരുടെ ബലിപീഠങ്ങൾ തകർക്കണം, അവരുടെ ആചാരസ്തൂപങ്ങൾ ഉടച്ചുകളയണം, അവരുടെ അശേരാപ്രതിഷ്ഠകൾ വെട്ടിക്കളയണം, അവരുടെ പ്രതിമകൾ തീയിൽ ചുട്ടുകളയണം. കാരണം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നിങ്ങൾ ഒരു വിശുദ്ധജനമാണ്. തനിക്കു ജനമായി, അവിടത്തെ അമൂല്യമായ അവകാശമായിരിക്കേണ്ടതിനു, ഭൂപരപ്പിലെ സകലജനതകളിലുംനിന്ന് നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ തെരഞ്ഞെടുത്തിരിക്കുന്നു. നിങ്ങൾ സകലജനതകളിലുംവെച്ച് അസംഖ്യമായതുകൊണ്ടല്ല യഹോവ നിങ്ങളിൽ പ്രസാദിച്ച് നിങ്ങളെ തെരഞ്ഞെടുത്തത്. നിങ്ങൾ സകലജനതകളിലുംവെച്ച് എണ്ണത്തിൽ കുറവുള്ളവരായിരുന്നല്ലോ. നിങ്ങളെ യഹോവ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം പാലിക്കുന്നതുകൊണ്ടുമാണ് യഹോവ നിങ്ങളെ ശക്തിയുള്ള കൈകൊണ്ടു വിടുവിച്ച് അടിമവീടായ ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അധീനതയിൽനിന്നു വീണ്ടെടുത്തത്. അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവ, ദൈവം ആകുന്നു എന്നും അവിടത്തെ സ്നേഹിക്കുകയും അവിടത്തെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നവർക്ക് ആയിരം തലമുറവരെ സ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കുന്ന വിശ്വസ്തനായ ദൈവമാണ് യഹോവ എന്നും നിങ്ങൾ അറിയണം. എന്നാൽ, തന്നെ തിരസ്കരിക്കുന്നവരെ അവിടന്നുതന്നെ നശിപ്പിച്ച് പകരംവീട്ടും; തന്നെ വെറുക്കുന്നവനോട് അവിടന്ന് പ്രതികാരംചെയ്യാൻ താമസിക്കുകയുമില്ല. അതുകൊണ്ട് ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും നിങ്ങൾ അനുസരിച്ചു ജീവിക്കണം. നിങ്ങൾ ഈ നിയമങ്ങൾ കേട്ട് അവ സസൂക്ഷ്മം പാലിച്ചാൽ, നിങ്ങളുടെ പിതാക്കന്മാരോട് നിങ്ങളുടെ ദൈവമായ യഹോവ ശപഥത്തോടുകൂടി വാഗ്ദാനംചെയ്ത സ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കും. അവിടന്ന് നിങ്ങളെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും വർധിപ്പിക്കുകയും ചെയ്യും. അവിടന്നു നിങ്ങൾക്കു നൽകുമെന്നു നിന്റെ പിതാക്കന്മാരോടു ശപഥംചെയ്ത ദേശത്തു നിങ്ങളുടെ ഉദരഫലത്തെയും കൃഷിഫലത്തെയും—ധാന്യം, വീഞ്ഞ്, ഒലിവെണ്ണ—നിന്റെ കാളക്കിടാങ്ങളെയും ആട്ടിൻപറ്റത്തെയും അനുഗ്രഹിക്കും. നിങ്ങൾ എല്ലാ ജനതകളെക്കാളും അനുഗ്രഹിക്കപ്പെടും. നിങ്ങളിൽ വന്ധ്യനോ വന്ധ്യയോ ഉണ്ടാകുകയില്ല, നിങ്ങളുടെ ആടുമാടുകളിലും കിടാങ്ങൾ ഇല്ലാതിരിക്കുകയില്ല. യഹോവ സകലവ്യാധിയും നിങ്ങളിൽനിന്ന് അകറ്റും. ഈജിപ്റ്റിൽ നിങ്ങൾ കണ്ട മഹാവ്യാധികളിലൊന്നും അവിടന്നു നിങ്ങൾക്കു വരുത്താതെ, അവ നിങ്ങളെ പകയ്ക്കുന്നവർക്കു കൊടുക്കും. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചുതരുന്ന ജനതകളെയെല്ലാം നിങ്ങൾ ഉന്മൂലനംചെയ്യണം. അവരോടു നിങ്ങൾ കരുണ കാണിക്കരുത്. അവരുടെ ദേവന്മാരെ നിങ്ങൾ ആരാധിക്കരുത്, അതു നിങ്ങൾക്കു കെണിയായിത്തീരും. “ഈ ജനതകൾ എണ്ണത്തിൽ ഞങ്ങളെക്കാൾ വളരെ ശക്തരാണ്, അതുകൊണ്ട് അവരെ നശിപ്പിക്കാൻ എങ്ങനെ ഞങ്ങൾക്കു സാധിക്കും?” എന്നു നിങ്ങൾ മനസ്സിൽ പറഞ്ഞേക്കാം. എന്നാൽ അവരെ ഭയപ്പെടരുത്. നിങ്ങളുടെ ദൈവമായ യഹോവ ഫറവോനോടും സകല ഈജിപ്റ്റുകാരോടും ചെയ്തതും ഓർക്കുക. സ്വന്തംകണ്ണുകൊണ്ട് നിങ്ങൾ കണ്ട വലിയ പീഡകളും ചിഹ്നങ്ങളും അത്ഭുതങ്ങളും, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഈജിപ്റ്റിൽനിന്നു വിടുവിച്ച ശക്തിയുള്ള കൈയും നീട്ടിയ ഭുജവും ഓർക്കുക. നിങ്ങൾ ഭയപ്പെടുന്ന ജനതകളോടെല്ലാം നിങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം ചെയ്യും. അതുമാത്രമല്ല, ശേഷിക്കുന്നവരും നിങ്ങളുടെമുമ്പിൽ മറഞ്ഞിരിക്കുന്നവരും ഉന്മൂലമാകുംവരെ നിങ്ങളുടെ ദൈവമായ യഹോവ അവരുടെ നടുവിൽ കടന്നലിനെ അയയ്ക്കും. നിങ്ങൾക്കെതിരായി വരുന്ന ജനതകളെക്കണ്ട് നിങ്ങൾ ഭ്രമിക്കരുത്. കാരണം നിങ്ങളുടെ മധ്യത്തിൽ വസിക്കുന്ന ദൈവമായ യഹോവ വീരനും ഭയങ്കരനുമായ ദൈവമാണ്. ആ ജനതകളെ കുറേശ്ശെയായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെമുമ്പിൽനിന്ന് നീക്കംചെയ്യും. കാട്ടുമൃഗങ്ങൾ പെരുകി നിങ്ങൾക്കു ഭീഷണിയാകാതിരിക്കേണ്ടതിന് അവരെ ക്ഷണത്തിൽ നശിപ്പിക്കാൻ ഞാൻ നിങ്ങളെ അനുവദിക്കുകയില്ല. നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കും. അവർ ഉന്മൂലമാകുംവരെ അവർക്കു കൊടുംഭീതി വരുത്തും. അവരുടെ രാജാക്കന്മാരെ നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കും. നിങ്ങൾ അവരുടെ നാമം ആകാശത്തിൻകീഴിൽനിന്ന് തുടച്ചുനീക്കും. ഒരുത്തനും നിങ്ങൾക്കെതിരേ നിൽക്കുകയില്ല; നിങ്ങൾ അവരെ നശിപ്പിക്കും. അവരുടെ ദേവന്മാരുടെ പ്രതിമകൾ തീയിലിട്ട് ചുടണം. നിങ്ങൾ പ്രലോഭനത്തിനു വഴങ്ങി അതിലുള്ള വെള്ളിയും സ്വർണവും സ്വന്തമാക്കരുത്. അത് നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു. അറപ്പുളവാക്കുന്ന യാതൊന്നും നിങ്ങൾ നിങ്ങളുടെ വീട്ടിൽ കൊണ്ടുപോകരുത്; അങ്ങനെയായാൽ നിങ്ങളും നശിപ്പിക്കപ്പെടും. അവ നശിപ്പിക്കാനായി വേർതിരിക്കപ്പെട്ടവയാകുകയാൽ അതു നിങ്ങൾക്ക് അത്യന്തം അറപ്പും വെറുപ്പും ആയിരിക്കണം.