ആവർത്തനപുസ്തകം 28:45-48

ആവർത്തനപുസ്തകം 28:45-48 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് അവൻ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ട് ഈ ശാപമൊക്കെയും നിന്റെമേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുടർന്നു പിടിക്കയും ചെയ്യും. അവ ഒരടയാളവും അദ്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും. സകല വസ്തുക്കളുടെയും സമൃദ്ധി ഹേതുവായിട്ടു നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടും കൂടെ സേവിക്കായ്കകൊണ്ടു യഹോവ നിന്റെ നേരേ അയയ്ക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാ ഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവൻ നിന്റെ കഴുത്തിൽ ഒരു ഇരുമ്പുനുകം വയ്ക്കും.

ആവർത്തനപുസ്തകം 28:45-48 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങളുടെ ദൈവമായ സർവേശ്വരനെ അനുസരിക്കാതിരിക്കുകയും അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് നിങ്ങൾ പൂർണമായി നശിക്കുന്നതുവരെ ഈ ശാപങ്ങളെല്ലാം നിങ്ങളുടെമേൽ ഉണ്ടായിരിക്കും. നിങ്ങളുടെയും നിങ്ങളുടെ സന്തതികളുടെയുംമേൽ അവ എന്നും അദ്ഭുതവും അടയാളവും ആയിരിക്കും; നിങ്ങൾക്കു ലഭിച്ച സമൃദ്ധിയെപ്രതി നിങ്ങൾ ആഹ്ലാദത്തോടും ഉല്ലാസത്തോടും കൂടി അവിടുത്തെ ആരാധിച്ചില്ല. അതുകൊണ്ട് സർവേശ്വരൻ നിങ്ങൾക്കെതിരെ അയയ്‍ക്കുന്ന ശത്രുവിനെ നിങ്ങൾ വിശപ്പും ദാഹവും നഗ്നതയും ദാരിദ്ര്യവും സഹിച്ചുകൊണ്ട് സേവിക്കും. നിങ്ങൾ നശിക്കുവോളം അവിടുന്നു നിങ്ങളുടെമേൽ ഇരുമ്പുനുകം വയ്‍ക്കും

ആവർത്തനപുസ്തകം 28:45-48 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“നിന്‍റെ ദൈവമായ യഹോവയുടെ വാക്കുകേട്ട് അവൻ നിന്നോട് കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ടു ഈ ശാപം എല്ലാം നിന്‍റെമേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുടർന്നു പിടിക്കുകയും ചെയ്യും. അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്‍റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും. സകലവസ്തുക്കളും സമൃദ്ധിയായി ലഭിച്ചപ്പോൾ നിന്‍റെ ദൈവമായ യഹോവയെ നീ ഉത്സാഹത്തോടും ഹൃദയാഹ്ളാദത്തോടുംകൂടി സേവിക്കാതിരുന്നതുകൊണ്ട് യഹോവ നിന്‍റെനേരെ അയയ്ക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടും കൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ യഹോവ നിന്‍റെ കഴുത്തിൽ ഒരു ഇരിമ്പുനുകം വയ്ക്കും.

ആവർത്തനപുസ്തകം 28:45-48 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു അവൻ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ടു ഈ ശാപം ഒക്കെയും നിന്റെ മേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുർന്നു പിടിക്കയും ചെയ്യും. അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും. സകല വസ്തുക്കളുടെയും സമൃദ്ധിഹേതുവായിട്ടു നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ടു യഹോവ നിന്റെ നേരെ അയക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവൻ നിന്റെ കഴുത്തിൽ ഒരു ഇരിമ്പുനുകം വെക്കും.

ആവർത്തനപുസ്തകം 28:45-48 സമകാലിക മലയാളവിവർത്തനം (MCV)

ഈ ശാപമെല്ലാം നിന്റെമേൽ വന്നുഭവിക്കും. നിന്റെ ദൈവമായ യഹോവ നിനക്കു നൽകിയ കൽപ്പനകളും ഉത്തരവുകളും പാലിക്കാതെയും അവിടത്തെ അനുസരിക്കാതെയുമിരുന്നതുകൊണ്ട് നീ ഉന്മൂലമാകുന്നതുവരെ അവ നിന്നെ പിൻതുടരുകയും അധീനപ്പെടുത്തുകയും ചെയ്യും. അവ നിനക്കും നിന്റെ സന്തതിക്കും ഒരു ചിഹ്നവും അത്ഭുതവും ആയി എന്നേക്കും ഇരിക്കും. നിന്റെ ഐശ്വര്യസമൃദ്ധിയുടെ സമയത്ത് നീ ആഹ്ലാദത്തോടും ആനന്ദത്തോടുംകൂടെ നിങ്ങളുടെ ദൈവമായ യഹോവയെ സേവിക്കാതിരുന്നതുകൊണ്ട്, വിശപ്പിലും ദാഹത്തിലും നഗ്നതയിലും ദാരിദ്ര്യത്തിലും യഹോവ നിനക്കുനേരേ അയയ്ക്കുന്ന ശത്രുക്കളെ നീ സേവിക്കും. അവിടന്ന് നിന്നെ നശിപ്പിക്കുന്നതുവരെ നിന്റെ കഴുത്തിൽ ഇരുമ്പുനുകം വെക്കും.