ആവർത്തനപുസ്തകം 16:9-16

ആവർത്തനപുസ്തകം 16:9-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്നെ ഏഴ് ആഴ്ചവട്ടം എണ്ണേണം; വിളയിൽ അരിവാൾ ഇടുവാൻ ആരംഭിക്കുന്നതു മുതൽ ഏഴ് ആഴ്ചവട്ടം എണ്ണേണം. എന്നിട്ട് നിന്റെ ദൈവമായ യഹോവയ്ക്ക് വാരോത്സവം ആചരിച്ചു, നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനു തക്കവണ്ണം നിന്റെ സ്വമേധാദാനങ്ങൾ അവന് അർപ്പിക്കേണം. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നീയും നിന്റെ പുത്രനും പുത്രിയും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കേണം. നീ മിസ്രയീമിൽ അടിമയായിരുന്നു എന്ന് ഓർത്ത് ഈ ചട്ടങ്ങൾ പ്രമാണിച്ചു നടക്കേണം. കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോൾ നീ ഏഴു ദിവസം കൂടാരപ്പെരുന്നാൾ ആചരിക്കേണം. ഈ പെരുന്നാളിൽ നീയും നിന്റെ മകനും മകളും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം. യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നിന്റെ ദൈവമായ യഹോവയ്ക്ക് ഏഴു ദിവസം പെരുന്നാൾ ആചരിക്കേണം; നിന്റെ അനുഭവത്തിലൊക്കെയും നിന്റെ കൈകളുടെ സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ട് നീ വേണ്ടുംവണ്ണം സന്തോഷിക്കേണം. നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലും വാരോത്സവത്തിലും കൂടാരപ്പെരുന്നാളിലും ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ വരേണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറുംകൈയായി വരരുത്.

ആവർത്തനപുസ്തകം 16:9-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കൊയ്ത്ത് ആരംഭിക്കുന്നതു മുതലുള്ള ഏഴാഴ്ച കണക്കാക്കണം. ദൈവമായ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിച്ചതിന് തക്കവിധം നിങ്ങളുടെ സ്വമേധാദാനങ്ങൾ അർപ്പിച്ചുകൊണ്ട് അവിടുത്തേക്ക് വാരോത്സവം ആചരിക്കണം. നിങ്ങളുടെ ദൈവമായ സർവേശ്വരൻ തന്റെ നാമം സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നിങ്ങളും നിങ്ങളുടെ പുത്രീപുത്രന്മാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളിൽ വസിക്കുന്ന ലേവ്യരും പരദേശികളും അനാഥരും വിധവമാരുമെല്ലാം സർവേശ്വരന്റെ സന്നിധിയിൽ സമ്മേളിച്ച് ആനന്ദിക്കണം. നിങ്ങൾ ഈജിപ്തിൽ അടിമകളായിരുന്നു എന്നു സ്മരിച്ചുകൊണ്ട് ഈ കല്പനകളെല്ലാം നിങ്ങൾ ശ്രദ്ധയോടെ പാലിക്കുക. മെതിക്കളത്തിൽനിന്നു ധാന്യവും മുന്തിരിച്ചക്കിൽനിന്നു വീഞ്ഞും ശേഖരിച്ചുകഴിയുമ്പോൾ ഏഴു ദിവസത്തേക്കു നിങ്ങൾ കൂടാരപ്പെരുന്നാൾ ആചരിക്കണം. ഈ പെരുന്നാളിൽ നിങ്ങളും പുത്രീപുത്രന്മാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളിൽ വസിക്കുന്ന ലേവ്യരും പരദേശികളും അനാഥരും വിധവമാരും എല്ലാം ഉല്ലസിക്കണം. സർവേശ്വരൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു നിങ്ങളുടെ ദൈവമായ സർവേശ്വരന് ഏഴു ദിവസത്തേക്കാണ് ഉത്സവം ആചരിക്കേണ്ടത്. നിങ്ങളുടെ വിളവുകളിലും സകല അധ്വാനങ്ങളിലും അവിടുന്നു നിങ്ങളെ അനുഗ്രഹിക്കും; അതുകൊണ്ട് നിങ്ങൾ സന്തോഷിക്കണം. പെസഹ, വാരോത്സവം, കൂടാരപ്പെരുന്നാൾ ഈ മൂന്ന് ഉത്സവകാലങ്ങളിലും പുരുഷന്മാരെല്ലാവരും സർവേശ്വരൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വർഷംതോറും ഒന്നിച്ചു കൂടണം. എന്നാൽ അവിടുത്തെ സന്നിധിയിൽ അവർ വെറുംകൈയോടെ ചെല്ലരുത്.

ആവർത്തനപുസ്തകം 16:9-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

”പിന്നെ, ഏഴു ആഴ്ചകൾ എണ്ണുക; വയലിലെ വിളയിൽ അരിവാൾ വയ്ക്കുവാൻ ആരംഭിക്കുന്നതു മുതൽ ഏഴു ആഴ്ചകൾ എണ്ണേണം. അതിനുശേഷം നിന്‍റെ ദൈവമായ യഹോവയ്ക്ക് വാരോത്സവം ആചരിച്ച്, യഹോവ നിന്നെ അനുഗ്രഹിച്ചതിന് തക്കവണ്ണം നിന്‍റെ സ്വമേധാദാനങ്ങൾ അവനു അർപ്പിക്കേണം. നിന്‍റെ ദൈവമായ യഹോവ തന്‍റെ നാമം സ്ഥാപിക്കുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നീയും നിന്‍റെ പുത്രനും പുത്രിയും ദാസനും ദാസിയും നിന്‍റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്‍റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കേണം. നീ മിസ്രയീമിൽ അടിമയായിരുന്നു എന്നു ഓർത്തു ഈ ചട്ടങ്ങൾ പ്രമാണിച്ച് നടക്കേണം. ”കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോൾ നീ ഏഴു ദിവസം കൂടാരപ്പെരുന്നാൾ ആചരിക്കേണം. ഈ പെരുന്നാളിൽ നീയും നിന്‍റെ മകനും മകളും ദാസനും ദാസിയും നിന്‍റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം. യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നിന്‍റെ ദൈവമായ യഹോവയ്ക്ക് ഏഴു ദിവസം പെരുന്നാൾ ആചരിക്കേണം; നിന്‍റെ എല്ലാ വിളവുകളിലും, നിന്‍റെ കൈകളുടെ സകലപ്രവൃത്തിയിലും, നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ട് നീ വളരെ സന്തോഷിക്കേണം. ”നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്‍റെ പുരുഷന്മാരൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാളിലും, വാരോത്സവത്തിലും, കൂടാരപ്പെരുനാളിലും, ഇങ്ങനെ വർഷത്തിൽ മൂന്നുപ്രാവശ്യം അവന്‍റെ സന്നിധിയിൽ വരേണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറും കയ്യോടെ വരരുത്.

ആവർത്തനപുസ്തകം 16:9-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്നെ ഏഴു ആഴ്ചവട്ടം എണ്ണേണം; വിളയിൽ അരിവാൾ ഇടുവാൻ ആരംഭിക്കുന്നതുമുതൽ ഏഴു ആഴ്ചവട്ടം എണ്ണേണം. എന്നിട്ടു നിന്റെ ദൈവമായ യഹോവെക്കു വാരോത്സവം ആചരിച്ചു, നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിന്നു തക്കവണ്ണം നിന്റെ സ്വമേധാദാനങ്ങൾ അവന്നു അർപ്പിക്കേണം. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കേണം. നീ മിസ്രയീമിൽ അടിമയായിരുന്നു എന്നു ഓർത്തു ഈ ചട്ടങ്ങൾ പ്രമാണിച്ചു നടക്കേണം. കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോൾ നീ ഏഴു ദിവസം കൂടാരപ്പെരുനാൾ ആചരിക്കേണം. ഈ പെരുനാളിൽ നീയും നിന്റെ മകനും മകളും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം. യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നിന്റെ ദൈവമായ യഹോവെക്കു ഏഴുദിവസം പെരുനാൾ ആചരിക്കേണം; നിന്റെ അനുഭവത്തിൽ ഒക്കെയും നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ടു നീ വേണ്ടുംവണ്ണം സന്തോഷിക്കേണം. നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും വാരോത്സവത്തിലും കൂടാരപ്പെരുനാളിലും ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ വരേണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറുങ്കയ്യായി വരരുതു.

ആവർത്തനപുസ്തകം 16:9-16 സമകാലിക മലയാളവിവർത്തനം (MCV)

വിളവിൽ അരിവാൾവെക്കാൻ ആരംഭിക്കുന്ന സമയംമുതൽ ഏഴ് ആഴ്ച എണ്ണണം. നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനനുസൃതമായി നിന്റെ സ്വമേധാദാനത്തോടെ നിന്റെ ദൈവമായ യഹോവയ്ക്ക് നീ ആഴ്ചകളുടെ പെരുന്നാൾ ആഘോഷിക്കണം. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തു താമസിക്കുന്ന നീയും നിന്റെ പുത്രന്മാരും പുത്രിമാരും നിന്റെ ദാസന്മാരും ദാസിമാരും നിന്റെ നഗരങ്ങളിലുള്ള ലേവ്യരും നിന്റെ നടുവിലുള്ള പ്രവാസികളും അനാഥരും വിധവകളും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ ആനന്ദിക്കണം. നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്നോർത്ത് ഈ ഉത്തരവുകൾ ശ്രദ്ധയോടെ പാലിക്കണം. മെതിനിലത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിഞ്ഞ് നീ ഏഴുദിവസം കൂടാരപ്പെരുന്നാൾ ആഘോഷിക്കണം. ഈ പെരുന്നാളിൽ നീയും നിന്റെ പുത്രന്മാരും പുത്രിമാരും ദാസന്മാരും ദാസിമാരും നിന്റെ നഗരങ്ങളിലുള്ള ലേവ്യരും പ്രവാസികളും അനാഥരും വിധവകളും ആനന്ദിക്കണം. യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് നിന്റെ ദൈവമായ യഹോവയ്ക്ക് ഏഴുദിവസം പെരുന്നാൾ ആഘോഷിക്കണം. നിന്റെ എല്ലാ കൊയ്ത്തിലും നിന്റെ കൈകളുടെ പ്രവൃത്തികളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും എന്നതുകൊണ്ട് നീ പൂർണമായി ആനന്ദിക്കണം. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലും ആഴ്ചകളുടെ പെരുന്നാളിലും കൂടാരപ്പെരുന്നാളിലും ഇപ്രകാരം വർഷത്തിൽ മൂന്നുപ്രാവശ്യം പുരുഷന്മാരെല്ലാം നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് യഹോവയുടെ സന്നിധിയിൽ വരണം. ഒരു മനുഷ്യനും യഹോവയുടെ സന്നിധിയിൽ വെറുംകൈയോടെ വരരുത്.