ദാനീയേൽ 7:7-23

ദാനീയേൽ 7:7-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

രാത്രിദർശനത്തിൽ ഞാൻ പിന്നെയും ഘോരവും ഭയങ്കരവും അതിബലവുമുള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിനു വലിയ ഇരുമ്പുപല്ല് ഉണ്ടായിരുന്നു; അതു തിന്നുകയും തകർക്കുകയും ചെയ്തിട്ട് ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പേ കണ്ട സകല മൃഗങ്ങളിലുംവച്ച് ഇതു വ്യത്യാസമുള്ളതായിരുന്നു; അതിനു പത്തു കൊമ്പ് ഉണ്ടായിരുന്നു. ഞാൻ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പു മുളച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്ന് വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു. ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു. ഒരു അഗ്നിനദി അവന്റെ മുമ്പിൽനിന്നു പുറപ്പെട്ട് ഒഴുകി; ആയിരമായിരം പേർ അവനു ശുശ്രൂഷ ചെയ്തു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു. കൊമ്പ് സംസാരിച്ച വലിയ വാക്കുകളുടെ ശബ്ദം നിമിത്തം ഞാൻ അന്നേരം നോക്കി; അവർ മൃഗത്തെ കൊല്ലുകയും അതിന്റെ ഉടലിനെ നശിപ്പിച്ച് തീയിൽ ഇട്ട് ചുട്ടുകളകയും ചെയ്യുവോളം ഞാൻ നോക്കിക്കൊണ്ടിരുന്നു. ശേഷം മൃഗങ്ങളോ- അവയുടെ ആധിപത്യത്തിനു നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സ് ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു. രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് അവന് ആധിപത്യവും മഹത്ത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു. ദാനീയേൽ എന്ന ഞാനോ എന്റെ ഉള്ളിൽ എന്റെ മനസ്സു വ്യസനിച്ചു; എനിക്ക് ഉണ്ടായ ദർശനങ്ങളാൽ ഞാൻ പരവശനായി. ഞാൻ അരികെ നില്ക്കുന്നവരിൽ ഒരുത്തന്റെ അടുക്കൽ ചെന്ന് അവനോട് ഈ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവൻ കാര്യങ്ങളുടെ അർഥം പറഞ്ഞുതന്നു. ആ നാലു മഹാമൃഗങ്ങൾ ഭൂമിയിൽ ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കന്മാരാകുന്നു. എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും. എന്നാൽ മറ്റേ സകല മൃഗങ്ങളിലും വച്ച് വ്യത്യാസമുള്ളതും ഇരുമ്പുപല്ലും താമ്രനഖങ്ങളും ഉള്ളതായി അതിഭയങ്കരമായതും തിന്നുകയും തകർക്കുകയും ശേഷിച്ചതിനെ കാൽകൊണ്ട് ചവിട്ടിക്കളകയും ചെയ്തതുമായ നാലാമത്തെ മൃഗത്തെക്കുറിച്ചും അതിന്റെ തലയിലുള്ള പത്തു കൊമ്പുകളെക്കുറിച്ചും മുളച്ചുവന്നതും മൂന്നു കൊമ്പു വീഴിച്ചതും കണ്ണും വമ്പു പറയുന്ന വായും ഉള്ളതും കൂട്ടുകൊമ്പുകളെക്കാൾ കാഴ്ചയ്ക്ക് വണ്ണമേറിയതുമായ മറ്റേ കൊമ്പിനെക്കുറിച്ചും ഉള്ള വിവരം അറിവാൻ ഞാൻ ഇച്ഛിച്ചു. വയോധികനായവൻ വന്ന് അത്യുന്നതനായവന്റെ വിശുദ്ധന്മാർക്ക് ന്യായാധിപത്യം നല്കയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം ആ കൊമ്പ് വിശുദ്ധന്മാരോടു യുദ്ധം ചെയ്ത് അവരെ ജയിക്കുന്നതു ഞാൻ കണ്ടു. അവൻ പറഞ്ഞതോ: നാലാമത്തെ മൃഗം ഭൂമിയിൽ നാലാമതായി ഉദ്ഭവിപ്പാനുള്ള രാജ്യം തന്നെ; അതു സകല രാജ്യങ്ങളിലും വച്ച് വ്യത്യാസമുള്ളതായി സർവഭൂമിയെയും തിന്നു ചവിട്ടിത്തകർത്തുകളയും.

പങ്ക് വെക്കു
ദാനീയേൽ 7 വായിക്കുക

ദാനീയേൽ 7:7-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

രാത്രിയിൽ ഞാൻ കണ്ട ദർശനത്തിൽ അതാ നാലാമത്തെ മൃഗം. അത്യുഗ്രവും ഭീകരവും കരുത്തുറ്റതുമായ ആ മൃഗം അതിന്റെ വലിയ ഇരുമ്പ് പല്ലുകൊണ്ട് ഇരയെ കടിച്ചുകീറിത്തിന്നുകയും അവശേഷിച്ചത് നിലത്തിട്ടു ചവിട്ടിക്കളയുകയും ചെയ്തു. നേരത്തെ കണ്ട മൃഗങ്ങളിൽ നിന്നെല്ലാം വിഭിന്നമായ ഈ മൃഗത്തിനു പത്തുകൊമ്പുകൾ ഉണ്ടായിരുന്നു. ഞാൻ നോക്കിക്കൊണ്ടിരിക്കെ ആ കൊമ്പുകൾക്കിടയിൽ ഒരു ചെറിയ കൊമ്പു മുളച്ചുവരുന്നതു കണ്ടു. അതിന്റെ മുമ്പിൽനിന്നു നേരത്തെ ഉണ്ടായിരുന്ന കൊമ്പുകളിൽ മൂന്നെണ്ണം വേരോടെ പിഴുതു നീക്കപ്പെട്ടു. മുളച്ചുവന്ന കൊമ്പിൽ മനുഷ്യനേത്രങ്ങളും വമ്പുപറയുന്ന വായും ഉണ്ടായിരുന്നു. ഞാൻ നോക്കിക്കൊണ്ടിരിക്കെ സിംഹാസനങ്ങൾ നിരന്നു. അതിലൊന്നിൽ അതിപുരാതനനായവൻ ഉപവിഷ്ടനായി. അദ്ദേഹത്തിന്റെ വസ്ത്രം ഹിമംപോലെയും തലമുടി പഞ്ഞിപോലെയും വെണ്മയുള്ളതായിരുന്നു. അവിടുത്തെ സിംഹാസനം അഗ്നിജ്വാലയായിരുന്നു. ജ്വലിച്ചുകൊണ്ടിരുന്ന അഗ്നിയായിരുന്നു അതിന്റെ ചക്രങ്ങൾ. അവിടുത്തെ മുമ്പിൽനിന്ന് ഒരു അഗ്നിപ്രവാഹം പുറപ്പെട്ടു. ബഹുസഹസ്രം ആളുകൾ അദ്ദേഹത്തെ പരിചരിച്ചു. പതിനായിരങ്ങൾ അവിടുത്തെ മുമ്പിൽ ഉപചാരപൂർവം നിന്നു. ന്യായവിസ്താരത്തിനായി ന്യായാധിപസഭ കൂടി. പുസ്തകങ്ങൾ തുറക്കപ്പെട്ടു. ആ ചെറിയ കൊമ്പ് വമ്പു പറയുന്നതു കേട്ട് ഞാൻ അങ്ങോട്ടു നോക്കി. ഞാൻ നോക്കിക്കൊണ്ടിരിക്കെ ആ മൃഗം കൊല്ലപ്പെട്ടു. അതിന്റെ ഉടൽ നശിപ്പിക്കുകയും അതു തീയിലിട്ടു ദഹിപ്പിക്കാൻ വിട്ടുകൊടുക്കുകയും ചെയ്തു. മറ്റു മൃഗങ്ങളുടെ അധികാരം എടുത്തുകളഞ്ഞു. എങ്കിലും ഒരു നിശ്ചിതകാലംകൂടി ജീവിക്കാൻ അവയെ അനുവദിച്ചു. മനുഷ്യപുത്രനു സദൃശനായ ഒരുവനെ രാത്രിയിലെ ദർശനത്തിൽ ആകാശമേഘങ്ങളിൽ ഞാൻ കണ്ടു. അദ്ദേഹം പുരാതനനായവന്റെ മുമ്പിലേക്ക് ആനയിക്കപ്പെട്ടു. സകല ജനങ്ങളും ജനപദങ്ങളും ഭാഷക്കാരും അദ്ദേഹത്തെ സേവിക്കത്തക്കവിധം ആധിപത്യവും മഹത്ത്വവും രാജത്വവും അദ്ദേഹത്തിനു നല്‌കപ്പെട്ടു. അദ്ദേഹത്തിന്റെ ആധിപത്യം അസ്തമിക്കാതെ എന്നേക്കും നിലനില്‌ക്കും. അദ്ദേഹത്തിന്റെ രാജത്വം അനശ്വരമാണ്. ദാനിയേൽ എന്ന ഞാൻ എനിക്കുണ്ടായ ദർശനത്താൽ വ്യാകുലനായി. ഞാൻ അത്യന്തം അസ്വസ്ഥനായി. അവിടെ നിന്നിരുന്നവരിൽ ഒരുവനോട് ഇതിന്റെ എല്ലാം സാരം എന്തെന്നു ഞാൻ ചോദിച്ചു. അയാൾ അതിന്റെ പൊരുൾ എനിക്കു പറഞ്ഞുതന്നു. ഭൂമിയിൽ ഉയരാൻ പോകുന്ന നാലു സാമ്രാജ്യങ്ങളാണ് ദർശനത്തിൽ കണ്ട നാലു മൃഗങ്ങൾ. എന്നാൽ അത്യുന്നതനായ ദൈവത്തിന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിക്കുകയും അവർ എന്നേക്കും അത് അവകാശമാക്കുകയും ചെയ്യും. മറ്റു മൃഗങ്ങളിൽനിന്നു വ്യത്യസ്തനും ഇരുമ്പുപല്ലുകളും ഓട്ടുനഖങ്ങളുമുള്ള അതിഭയങ്കരനും തിന്നുകയും തകർക്കുകയും ശേഷിച്ചതു ചവുട്ടിത്തേക്കുകയും ചെയ്തതുമായ നാലാമത്തെ മൃഗത്തെക്കുറിച്ചും അതിന്റെ പത്തുകൊമ്പുകളെക്കുറിച്ചും അവയ്‍ക്കിടയിൽനിന്ന് മുളച്ചുവന്നതും കണ്ണുകളും വമ്പുപറയുന്ന വായും ഗാംഭീര്യമുള്ളതുമായ കൊമ്പിനെക്കുറിച്ചും അതിന്റെ മുമ്പിൽനിന്ന് മൂന്നു കൊമ്പുകൾ പിഴുതു നീക്കപ്പെട്ടതിനെക്കുറിച്ചും അറിയാൻ ഞാൻ ആഗ്രഹിച്ചു. പുരാതനനായവൻ വന്ന് അവിടുത്തെ വിശുദ്ധന്മാർക്ക് ന്യായമായ വിധി നടത്തുകയും വിശുദ്ധന്മാർ രാജത്വം പ്രാപിക്കുകയും ചെയ്യുന്നതുവരെ ആ കൊമ്പ് വിശുദ്ധന്മാരോടു യുദ്ധം ചെയ്ത് അവരെ ജയിച്ചുകൊണ്ടിരുന്നതു ഞാൻ കണ്ടു. എന്നോടു സംസാരിച്ച വിശുദ്ധൻ പറഞ്ഞു: “ഭൂമിയിൽ ഉണ്ടാകാനുള്ള നാലാമത്തെ സാമ്രാജ്യമാണ് നാലാമതായി കണ്ട ആ മൃഗം. അതു ലോകത്തെ വിഴുങ്ങുകയും ചവുട്ടിത്തേച്ചു തകർക്കുകയും ചെയ്യും. മറ്റ് എല്ലാ രാജ്യങ്ങളിൽനിന്നും അത് വിഭിന്നവും ആയിരിക്കും.

പങ്ക് വെക്കു
ദാനീയേൽ 7 വായിക്കുക

ദാനീയേൽ 7:7-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“രാത്രിദർശനത്തിൽ ഞാൻ പിന്നെ ഘോരവും ഭയങ്കരവും ബലശാലിയുമായ നാലാമതൊരു മൃഗത്തെ കണ്ടു; അതിന് വലിയ ഇരിമ്പുപല്ലുകൾ ഉണ്ടായിരുന്നു; അത് തിന്നുകയും തകർക്കുകയും ചെയ്തിട്ട് ശേഷിച്ചത് കാൽ കൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകലമൃഗങ്ങളിലുംവച്ച് ഇത് വ്യത്യാസമുള്ളതായിരുന്നു; അതിന് പത്തു കൊമ്പുകൾ ഉണ്ടായിരുന്നു. “ഞാൻ ആ കൊമ്പുകൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പ് മുളച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്നെണ്ണം വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്‍റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു. “ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അവർ ന്യായാസനങ്ങൾ വച്ചു. കാലാതീതനായ ഒരുവൻ ഇരുന്നു. അവന്‍റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്‍റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്‍റെ സിംഹാസനം അഗ്നിജ്വാലയും അവന്‍റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു. ഒരു അഗ്നിനദി അവന്‍റെ മുമ്പിൽനിന്ന് പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേർ അവന് ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരംപേർ അവന്‍റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു. “കൊമ്പ് സംസാരിച്ച നിഗളവാക്കുകളുടെ ശബ്ദം നിമിത്തം ഞാൻ അപ്പോൾ നോക്കി; അവർ മൃഗത്തെ കൊല്ലുകയും അതിന്‍റെ ഉടൽ നശിപ്പിച്ച് തീയിൽ ഇട്ടു ചുട്ടുകളയുകയും ചെയ്യുവോളം ഞാൻ നോക്കിക്കൊണ്ടിരുന്നു. ശേഷം മൃഗങ്ങളോ - അവയുടെ ആധിപത്യത്തിന് നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സ് ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു. “രാത്രി ദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നത് കണ്ടു; അവൻ കാലാതീതനായവന്‍റെ അടുക്കൽ ചെന്നു; അവർ അവനെ അവന്‍റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജനതകളും ഭാഷക്കാരും അവനെ സേവിക്കുവാൻ തക്കവിധം അവന് ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു. ദാനീയേൽ എന്ന ഞാൻ എന്‍റെ ഉള്ളിൽ, ആത്മാവിൽ, വ്യസനിച്ചു: എനിക്കുണ്ടായ ദർശനങ്ങളാൽ ഞാൻ പരവശനായി. ഞാൻ സിംഹാസനത്തിന്‍റെ അരികിൽ നില്ക്കുന്നവരിൽ ഒരുവന്‍റെ അടുക്കൽ ചെന്നു അവനോട് ഇവ എല്ലാറ്റിന്‍റെയും സാരം ചോദിച്ചു; അവൻ കാര്യങ്ങളുടെ അർത്ഥം പറഞ്ഞുതന്നു. ആ നാലു മഹാമൃഗങ്ങൾ ഭൂമിയിൽ ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കന്മാരാകുന്നു. എന്നാൽ അത്യുന്നതനായ ദൈവത്തിന്‍റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് സദാകാലത്തേക്കും രാജത്വം അനുഭവിക്കും. “എന്നാൽ മറ്റ് സകലമൃഗങ്ങളിലും വച്ച് വ്യത്യാസമുള്ളതും ഇരിമ്പുപല്ലും താമ്രനഖങ്ങളും ഉള്ളതായി അതിഭയങ്കരമായതും തിന്നുകയും തകർക്കുകയും ശേഷിച്ചത് കാൽ കൊണ്ടു ചവിട്ടിക്കളയുകയും ചെയ്ത നാലാമത്തെ മൃഗത്തെക്കുറിച്ചും, അതിന്‍റെ തലയിലുള്ള പത്തു കൊമ്പുകളെക്കുറിച്ചും, മുളച്ചുവന്ന മൂന്നു കൊമ്പുകളെ വീഴിച്ച, കണ്ണും വമ്പു പറയുന്ന വായും ഉള്ള, മറ്റുകൊമ്പുകളേക്കാൾ കാഴ്ചയ്ക്ക് വലിപ്പമേറിയ കൊമ്പിനെക്കുറിച്ചും അറിയുവാൻ ഞാൻ ഇച്ഛിച്ചു. പുരാതനനായ ദൈവം വന്ന് അത്യുന്നതനായ ദൈവത്തിന്‍റെ വിശുദ്ധന്മാർക്ക് ന്യായവിധിയ്ക്ക് അധികാരം നല്കുകയും വിശുദ്ധന്മാർ രാജത്വം അവകാശമാക്കുന്ന കാലം വരുകയും ചെയ്യുവോളം ആ കൊമ്പ് വിശുദ്ധന്മാരോട് യുദ്ധം ചെയ്തു അവരെ ജയിക്കുന്നത് ഞാൻ കണ്ടു. “അവൻ പറഞ്ഞതോ: “നാലാമത്തെ മൃഗം ഭൂമിയിൽ നാലാമതായി ഉത്ഭവിക്കുവാനുള്ള രാജ്യം തന്നെ; അത് സകലരാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, സർവ്വഭൂമിയെയും കടിച്ചുകീറുകയും ചവിട്ടിത്തകർത്തുകളയുകയും ചെയ്യും.

പങ്ക് വെക്കു
ദാനീയേൽ 7 വായിക്കുക

ദാനീയേൽ 7:7-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

രാത്രിദർശനത്തിൽ ഞാൻ പിന്നെയും ഘോരവും ഭയങ്കരവും അതിബലവും ഉള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിന്നു വലിയ ഇരിമ്പുപല്ലു ഉണ്ടായിരുന്നു; അതു തിന്നുകയും തകർക്കുകയും ചെയ്തിട്ടു ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകലമൃഗങ്ങളിലുംവെച്ചു ഇതു വ്യത്യാസമുള്ളതായിരുന്നു; അതിന്നു പത്തു കൊമ്പു ഉണ്ടായിരുന്നു. ഞാൻ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു. ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു. ഒരു അഗ്നിനദി അവന്റെ മുമ്പിൽനിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേർ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു. കൊമ്പു സംസാരിച്ച വലിയ വാക്കുകളുടെ ശബ്ദംനിമിത്തം ഞാൻ അന്നേരം നോക്കി; അവർ മൃഗത്തെ കൊല്ലുകയും അതിന്റെ ഉടലിനെ നശിപ്പിച്ചു തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യുവോളം ഞാൻ നോക്കിക്കൊണ്ടിരുന്നു. ശേഷം മൃഗങ്ങളോ - അവയുടെ ആധിപത്യത്തിന്നു നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സു ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു. രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു. ദാനീയേൽ എന്ന ഞാനോ എന്റെ ഉള്ളിൽ എന്റെ മനസ്സു വ്യസനിച്ചു: എനിക്കു ഉണ്ടായ ദർശനങ്ങളാൽ ഞാൻ പരവശനായി. ഞാൻ അരികെ നില്ക്കുന്നവരിൽ ഒരുത്തന്റെ അടുക്കൽ ചെന്നു അവനോടു ഈ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവൻ കാര്യങ്ങളുടെ അർത്ഥം പറഞ്ഞുതന്നു. ആ നാലു മഹാമൃഗങ്ങൾ ഭൂമിയിൽ ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കന്മാരാകുന്നു. എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും. എന്നാൽ മറ്റെ സകലമൃഗങ്ങളിലുംവെച്ചു വ്യത്യാസമുള്ളതും ഇരിമ്പുപല്ലും താമ്രനഖങ്ങളും ഉള്ളതായി അതിഭയങ്കരമായതും തിന്നുകയും തകർക്കയും ശേഷിച്ചതിനെ കാൽകൊണ്ടു ചവിട്ടിക്കളകയും ചെയ്തതുമായ നാലാമത്തെ മൃഗത്തെക്കുറിച്ചും അതിന്റെ തലയിലുള്ള പത്തു കൊമ്പുകളെക്കുറിച്ചു മുളെച്ചുവന്നതും മൂന്നു കൊമ്പു വീഴിച്ചതും കണ്ണും വമ്പു പറയുന്ന വായും ഉള്ളതും കൂട്ടുകൊമ്പുകളെക്കാൾ കാഴ്ചെക്കു വണ്ണമേറിയതുമായ മറ്റെ കൊമ്പിനെക്കുറിച്ചും ഉള്ള വിവരം അറിവാൻ ഞാൻ ഇച്ഛിച്ചു. വയോധികനായവൻ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാൻ കണ്ടു. അവൻ പറഞ്ഞതോ: നാലാമത്തെ മൃഗം ഭൂമിയിൽ നാലാമതായി ഉത്ഭവിപ്പാനുള്ള രാജ്യം തന്നേ; അതു സകലരാജ്യങ്ങളിലുംവെച്ചു വ്യത്യാസമുള്ളതായി സർവ്വഭൂമിയെയും തിന്നു ചവിട്ടിത്തകർത്തുകളയും.

പങ്ക് വെക്കു
ദാനീയേൽ 7 വായിക്കുക

ദാനീയേൽ 7:7-23 സമകാലിക മലയാളവിവർത്തനം (MCV)

“അതിനുശേഷം രാത്രി ദർശനത്തിൽ ഞാൻ ഉഗ്രവും ഭയാനകവും അതിശക്തവുമായ നാലാമതൊരു മൃഗത്തെ കണ്ടു. അതിന് വലിയ ഇരുമ്പുപല്ലുകൾ ഉണ്ടായിരുന്നു. അതു തിന്നുകയും തകർക്കുകയും ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിമെതിക്കുകയും ചെയ്തു. അതിനുമുമ്പുള്ള എല്ലാ മൃഗങ്ങളിൽനിന്നും അതു വ്യത്യസ്തമായിരുന്നു; പത്തു കൊമ്പുകൾ അതിനുണ്ടായിരുന്നു. “ആ കൊമ്പുകളെക്കുറിച്ചു ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ചെറിയ കൊമ്പ് അവയ്ക്കിടയിൽ മുളച്ചുവന്നു. ആദ്യത്തെ കൊമ്പുകളിൽ മൂന്നെണ്ണം അതിന്റെ മുമ്പിൽവെച്ച് വേരോടെ പിഴുതെറിയപ്പെട്ടു. ഈ കൊമ്പിൽ മനുഷ്യനുള്ളതുപോലെ കണ്ണുകളും വമ്പുപറയുന്ന വായും ഉണ്ടായിരുന്നു. “ഞാൻ നോക്കിക്കൊണ്ടിരിക്കെ, “സിംഹാസനങ്ങൾ ഒരുക്കപ്പെട്ടു; പുരാതനനായവൻ ഉപവിഷ്ടനായി. അവിടത്തെ വസ്ത്രം ഹിമംപോലെ വെണ്മയുള്ളതും തലമുടി നിർമലമായ ആട്ടിൻരോമംപോലെയും ആയിരുന്നു. അവിടത്തെ സിംഹാസനം അഗ്നിജ്വാലയും അതിന്റെ ചക്രങ്ങൾ എരിയുന്ന തീയും ആയിരുന്നു. അവിടത്തെ സന്നിധിയിൽനിന്ന് ഒരു അഗ്നിനദി പ്രവഹിക്കുന്നുണ്ടായിരുന്നു. ആയിരമായിരംപേർ അവിടത്തേക്ക് ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരംപേർ അവിടത്തെ മുമ്പിൽ നിന്നിരുന്നു. ന്യായവിസ്താരസഭ സമ്മേളിച്ചു, പുസ്തകങ്ങൾ തുറന്നു. “ആ കൊമ്പു സംസാരിച്ചുകൊണ്ടിരുന്ന അഹങ്കാരവാക്കുകളുടെ ശബ്ദംനിമിത്തം ഞാൻ നോക്കി. മൃഗത്തെ കൊന്ന് അതിന്റെ ശരീരം നശിപ്പിച്ച് കത്തിജ്വലിക്കുന്ന തീയിൽ ഇടുന്നതുവരെ ഞാൻ നോക്കിക്കൊണ്ടിരുന്നു. മറ്റു മൃഗങ്ങളുടെ കാര്യത്തിലാകട്ടെ, അവയുടെ ആധിപത്യം നീക്കപ്പെട്ടു; എങ്കിലും ഒരു നിർദിഷ്ടകാലത്തേക്ക് അവയുടെ ആയുസ്സു നീട്ടിക്കൊടുത്തു. “രാത്രിദർശനങ്ങളിൽ ഞാൻ നോക്കിക്കൊണ്ടിരിക്കെ, ആകാശമേഘങ്ങളിലൂടെ മനുഷ്യപുത്രനു സദൃശനായ ഒരുവൻ വരുന്നതു കണ്ടു. അദ്ദേഹം പുരാതനനായവന്റെ അടുക്കൽ ചെന്നു. അവർ അദ്ദേഹത്തെ അവിടത്തെ മുമ്പിൽ കൊണ്ടുവന്നു. സകലരാഷ്ട്രങ്ങളും ജനതകളും ഭാഷക്കാരും അദ്ദേഹത്തെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്ത്വവും രാജത്വവും അദ്ദേഹത്തിനു നൽകി. അദ്ദേഹത്തിന്റെ ആധിപത്യം നീക്കംവരാത്ത നിത്യാധിപത്യമാണ്. അദ്ദേഹത്തിന്റെ രാജ്യം അനശ്വരംതന്നെ. “ദാനീയേൽ എന്ന ഞാൻ എന്റെ ആത്മാവിൽ ദുഃഖിച്ചു. എന്റെ മനസ്സിലെ ദർശനങ്ങളാൽ ഞാൻ വിവശനായിത്തീർന്നു. ഞാൻ സമീപത്തു നിന്ന ഒരുവന്റെ അടുക്കൽച്ചെന്ന് ഇതിന്റെയെല്ലാം പൊരുൾ എന്താണെന്നു ചോദിച്ചു. “അതിനാൽ അദ്ദേഹം ഈ കാര്യങ്ങളുടെ സാരം എനിക്കു വ്യക്തമാക്കിത്തന്നു. ഈ നാലു മഹാമൃഗങ്ങൾ ഭൂമിയിൽ ഉയർന്നുവരാനുള്ള നാലു രാജാക്കന്മാരാകുന്നു. എന്നാൽ പരമോന്നതന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് സദാകാലത്തേക്കും രാജ്യം അവകാശമാക്കും. “പിന്നീട്, മറ്റെല്ലാ മൃഗങ്ങളിൽനിന്നു വ്യത്യസ്തവും അതിഭയങ്കരവും ഇരുമ്പുപല്ലുകളും വെങ്കലനഖങ്ങളുമുള്ളതും വിഴുങ്ങുകയും തകർക്കുകയും ശേഷിച്ചതിനെ കാൽകൊണ്ടു ചവിട്ടിമെതിക്കുകയും ചെയ്തതുമായ നാലാമത്തെ മൃഗത്തെക്കുറിച്ചും അതിന്റെ തലയിലുണ്ടായിരുന്ന പത്തുകൊമ്പുകളെക്കുറിച്ചും പിന്നീടു മുളച്ചുവളർന്നതും മൂന്നെണ്ണത്തെ വീഴ്ത്തിയതും കണ്ണും വമ്പുപറയുന്ന വായുമുള്ളതും മറ്റുള്ളവയെക്കാൾ കാഴ്ചയിൽ വലുതുമായ മറ്റേ കൊമ്പിനെക്കുറിച്ചും അറിയുവാൻ ഞാൻ ആഗ്രഹിച്ചു. പുരാതനനായവൻ വന്ന് പരമോന്നതന്റെ വിശുദ്ധർക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും വിശുദ്ധർ രാജ്യം പിടിച്ചടക്കുകയും ചെയ്യുന്നസമയം വരുവോളം ആ കൊമ്പു വിശുദ്ധരോടു യുദ്ധംചെയ്ത് അവരെ ജയിക്കുന്നതു ഞാൻ കണ്ടു. “അദ്ദേഹം ഈ വിശദീകരണം എനിക്കു നൽകി: നാലാമത്തെ മൃഗം, ഭൂമിയിൽ വരാനുള്ള നാലാമത്തേതായ ഒരു രാജത്വമാണ്. അതു മറ്റെല്ലാ രാജത്വങ്ങളെക്കാളും വ്യത്യസ്തമായിരിക്കും. അത് ഭൂമിയെ മുഴുവൻ വിഴുങ്ങുകയും അതിനെ ചവിട്ടിമെതിക്കുകയും തകർക്കുകയും ചെയ്യും.

പങ്ക് വെക്കു
ദാനീയേൽ 7 വായിക്കുക