ദാനീയേൽ 7:13-18

ദാനീയേൽ 7:13-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് അവന് ആധിപത്യവും മഹത്ത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു. ദാനീയേൽ എന്ന ഞാനോ എന്റെ ഉള്ളിൽ എന്റെ മനസ്സു വ്യസനിച്ചു; എനിക്ക് ഉണ്ടായ ദർശനങ്ങളാൽ ഞാൻ പരവശനായി. ഞാൻ അരികെ നില്ക്കുന്നവരിൽ ഒരുത്തന്റെ അടുക്കൽ ചെന്ന് അവനോട് ഈ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവൻ കാര്യങ്ങളുടെ അർഥം പറഞ്ഞുതന്നു. ആ നാലു മഹാമൃഗങ്ങൾ ഭൂമിയിൽ ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കന്മാരാകുന്നു. എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.

പങ്ക് വെക്കു
ദാനീയേൽ 7 വായിക്കുക

ദാനീയേൽ 7:13-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മനുഷ്യപുത്രനു സദൃശനായ ഒരുവനെ രാത്രിയിലെ ദർശനത്തിൽ ആകാശമേഘങ്ങളിൽ ഞാൻ കണ്ടു. അദ്ദേഹം പുരാതനനായവന്റെ മുമ്പിലേക്ക് ആനയിക്കപ്പെട്ടു. സകല ജനങ്ങളും ജനപദങ്ങളും ഭാഷക്കാരും അദ്ദേഹത്തെ സേവിക്കത്തക്കവിധം ആധിപത്യവും മഹത്ത്വവും രാജത്വവും അദ്ദേഹത്തിനു നല്‌കപ്പെട്ടു. അദ്ദേഹത്തിന്റെ ആധിപത്യം അസ്തമിക്കാതെ എന്നേക്കും നിലനില്‌ക്കും. അദ്ദേഹത്തിന്റെ രാജത്വം അനശ്വരമാണ്. ദാനിയേൽ എന്ന ഞാൻ എനിക്കുണ്ടായ ദർശനത്താൽ വ്യാകുലനായി. ഞാൻ അത്യന്തം അസ്വസ്ഥനായി. അവിടെ നിന്നിരുന്നവരിൽ ഒരുവനോട് ഇതിന്റെ എല്ലാം സാരം എന്തെന്നു ഞാൻ ചോദിച്ചു. അയാൾ അതിന്റെ പൊരുൾ എനിക്കു പറഞ്ഞുതന്നു. ഭൂമിയിൽ ഉയരാൻ പോകുന്ന നാലു സാമ്രാജ്യങ്ങളാണ് ദർശനത്തിൽ കണ്ട നാലു മൃഗങ്ങൾ. എന്നാൽ അത്യുന്നതനായ ദൈവത്തിന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിക്കുകയും അവർ എന്നേക്കും അത് അവകാശമാക്കുകയും ചെയ്യും.

പങ്ക് വെക്കു
ദാനീയേൽ 7 വായിക്കുക

ദാനീയേൽ 7:13-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“രാത്രി ദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നത് കണ്ടു; അവൻ കാലാതീതനായവന്‍റെ അടുക്കൽ ചെന്നു; അവർ അവനെ അവന്‍റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജനതകളും ഭാഷക്കാരും അവനെ സേവിക്കുവാൻ തക്കവിധം അവന് ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു. ദാനീയേൽ എന്ന ഞാൻ എന്‍റെ ഉള്ളിൽ, ആത്മാവിൽ, വ്യസനിച്ചു: എനിക്കുണ്ടായ ദർശനങ്ങളാൽ ഞാൻ പരവശനായി. ഞാൻ സിംഹാസനത്തിന്‍റെ അരികിൽ നില്ക്കുന്നവരിൽ ഒരുവന്‍റെ അടുക്കൽ ചെന്നു അവനോട് ഇവ എല്ലാറ്റിന്‍റെയും സാരം ചോദിച്ചു; അവൻ കാര്യങ്ങളുടെ അർത്ഥം പറഞ്ഞുതന്നു. ആ നാലു മഹാമൃഗങ്ങൾ ഭൂമിയിൽ ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കന്മാരാകുന്നു. എന്നാൽ അത്യുന്നതനായ ദൈവത്തിന്‍റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് സദാകാലത്തേക്കും രാജത്വം അനുഭവിക്കും.

പങ്ക് വെക്കു
ദാനീയേൽ 7 വായിക്കുക

ദാനീയേൽ 7:13-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു. ദാനീയേൽ എന്ന ഞാനോ എന്റെ ഉള്ളിൽ എന്റെ മനസ്സു വ്യസനിച്ചു: എനിക്കു ഉണ്ടായ ദർശനങ്ങളാൽ ഞാൻ പരവശനായി. ഞാൻ അരികെ നില്ക്കുന്നവരിൽ ഒരുത്തന്റെ അടുക്കൽ ചെന്നു അവനോടു ഈ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവൻ കാര്യങ്ങളുടെ അർത്ഥം പറഞ്ഞുതന്നു. ആ നാലു മഹാമൃഗങ്ങൾ ഭൂമിയിൽ ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കന്മാരാകുന്നു. എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.

പങ്ക് വെക്കു
ദാനീയേൽ 7 വായിക്കുക

ദാനീയേൽ 7:13-18 സമകാലിക മലയാളവിവർത്തനം (MCV)

“രാത്രിദർശനങ്ങളിൽ ഞാൻ നോക്കിക്കൊണ്ടിരിക്കെ, ആകാശമേഘങ്ങളിലൂടെ മനുഷ്യപുത്രനു സദൃശനായ ഒരുവൻ വരുന്നതു കണ്ടു. അദ്ദേഹം പുരാതനനായവന്റെ അടുക്കൽ ചെന്നു. അവർ അദ്ദേഹത്തെ അവിടത്തെ മുമ്പിൽ കൊണ്ടുവന്നു. സകലരാഷ്ട്രങ്ങളും ജനതകളും ഭാഷക്കാരും അദ്ദേഹത്തെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്ത്വവും രാജത്വവും അദ്ദേഹത്തിനു നൽകി. അദ്ദേഹത്തിന്റെ ആധിപത്യം നീക്കംവരാത്ത നിത്യാധിപത്യമാണ്. അദ്ദേഹത്തിന്റെ രാജ്യം അനശ്വരംതന്നെ. “ദാനീയേൽ എന്ന ഞാൻ എന്റെ ആത്മാവിൽ ദുഃഖിച്ചു. എന്റെ മനസ്സിലെ ദർശനങ്ങളാൽ ഞാൻ വിവശനായിത്തീർന്നു. ഞാൻ സമീപത്തു നിന്ന ഒരുവന്റെ അടുക്കൽച്ചെന്ന് ഇതിന്റെയെല്ലാം പൊരുൾ എന്താണെന്നു ചോദിച്ചു. “അതിനാൽ അദ്ദേഹം ഈ കാര്യങ്ങളുടെ സാരം എനിക്കു വ്യക്തമാക്കിത്തന്നു. ഈ നാലു മഹാമൃഗങ്ങൾ ഭൂമിയിൽ ഉയർന്നുവരാനുള്ള നാലു രാജാക്കന്മാരാകുന്നു. എന്നാൽ പരമോന്നതന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് സദാകാലത്തേക്കും രാജ്യം അവകാശമാക്കും.

പങ്ക് വെക്കു
ദാനീയേൽ 7 വായിക്കുക