ദാനീയേൽ 3:13-15
ദാനീയേൽ 3:13-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ നെബൂഖദ്നേസർ ഉഗ്രകോപവും ക്രോധവും പൂണ്ടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കൊണ്ടുവരുവാൻ കല്പിച്ചു; അവർ ആ പുരുഷന്മാരെ രാജസന്നിധിയിൽ കൊണ്ടുവന്നു. നെബൂഖദ്നേസർ അവരോടു കല്പിച്ചത്: ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവന്മാരെ സേവിക്കയോ ഞാൻ നിർത്തിയ സ്വർണബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല എന്നുള്ളതു നേർതന്നെയോ? ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്തു നിങ്ങൾ, ഞാൻ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിപ്പാൻ ഒരുങ്ങിയിരുന്നാൽ നന്ന്; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയിൽ തന്നെ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും; നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിക്കാകുന്ന ദേവൻ ആർ?
ദാനീയേൽ 3:13-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ രാജാവ് രോഷംപൂണ്ട്, ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോയെയും തന്റെ മുമ്പിൽ ഹാജരാക്കാൻ കല്പിച്ചു; അവരെ രാജസന്നിധിയിൽ കൊണ്ടുവന്നു. രാജാവ് അവരോടു ചോദിച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോയേ, നിങ്ങൾ എന്റെ ദേവന്മാരെ ആരാധിക്കുകയോ ഞാൻ പ്രതിഷ്ഠിച്ച സ്വർണവിഗ്രഹത്തെ വന്ദിക്കുകയോ ചെയ്യുന്നില്ലെന്നുള്ളതു ശരിയാണോ? അദ്ദേഹം തുടർന്നു: ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായവയുടെ നാദം മുഴങ്ങും. അപ്പോൾ ഞാൻ പ്രതിഷ്ഠിച്ച വിഗ്രഹത്തെ പ്രണമിച്ച് ആരാധിച്ചാൽ നിങ്ങൾക്കു നന്ന്; അല്ലെങ്കിൽ ആ നിമിഷംതന്നെ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ എറിഞ്ഞുകളയും; എന്റെ കൈയിൽ നിന്ന് ഏതു ദേവനാണ് നിങ്ങളെ വിടുവിക്കുക?”
ദാനീയേൽ 3:13-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ നെബൂഖദ്നേസർ ഉഗ്രകോപവും ക്രോധവും പൂണ്ട്, ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കൊണ്ടുവരുവാൻ കല്പിച്ചു; അവർ ആ പുരുഷന്മാരെ രാജസന്നിധിയിൽ കൊണ്ടുവന്നു. നെബൂഖദ്നേസർ അവരോട് കല്പിച്ചത്: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവന്മാരെ സേവിക്കുകയോ ഞാൻ നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കുകയോ ചെയ്യുന്നില്ല എന്നുള്ളത് സത്യം തന്നെയോ? ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്ത് നിങ്ങൾ, ഞാൻ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിക്കുവാൻ തയ്യാറായാൽ നന്ന്; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയിൽ തന്നെ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും; നിങ്ങളെ എന്‍റെ കൈയിൽനിന്ന് വിടുവിക്കുവാൻ കഴിയുന്ന ദേവൻ ആര്‍?“
ദാനീയേൽ 3:13-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ നെബൂഖദ്നേസർ ഉഗ്രകോപവും ക്രോധവും പൂണ്ടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കൊണ്ടുവരുവാൻ കല്പിച്ചു; അവർ ആ പുരുഷന്മാരെ രാജസന്നിധിയിൽ കൊണ്ടുവന്നു. നെബൂഖദ്നേസർ അവരോടു കല്പിച്ചതു: ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവന്മാരെ സേവിക്കയോ ഞാൻ നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല എന്നുള്ളതു നേർതന്നേയോ? ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്തു നിങ്ങൾ, ഞാൻ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിപ്പാൻ ഒരുങ്ങിയിരുന്നാൽ നന്നു; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയിൽതന്നേ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും; നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിക്കാകുന്ന ദേവൻ ആർ?
ദാനീയേൽ 3:13-15 സമകാലിക മലയാളവിവർത്തനം (MCV)
ഇതിൽ കോപാകുലനായി നെബൂഖദ്നേസർ ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും വിളിപ്പിച്ചു. അവർ ഈ പുരുഷന്മാരെ രാജാവിന്റെ മുമ്പിൽ കൊണ്ടുവന്നു. നെബൂഖദ്നേസർ അവരോടു ചോദിച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവതകളെ സേവിക്കുകയോ ഞാൻ നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കുകയോ ചെയ്യുന്നില്ല എന്നതു സത്യംതന്നെയോ? ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്ത് നിങ്ങൾ വീണ് ഞാൻ നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കാൻ സന്നദ്ധരെങ്കിൽ, നല്ലതുതന്നെ. നമസ്കരിക്കുന്നില്ലെങ്കിൽ നിങ്ങളെ ഉടൻതന്നെ എരിയുന്ന തീച്ചൂളയിൽ എറിഞ്ഞുകളയുന്നതാണ്. അവിടെനിന്നു നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിക്കാൻ കഴിവുള്ള ദേവൻ ആരാണ്?”