ദാനീയേൽ 2:13-19

ദാനീയേൽ 2:13-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീർപ്പു പുറപ്പെട്ടു; അവർ ദാനീയേലിനെയും കൂട്ടുകാരെയും കൂടെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ രാജാവിന്റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാൻ പുറപ്പെട്ട അര്യോക്കിനോട്: ദാനീയേൽ ബുദ്ധിയോടും വിവേകത്തോടുംകൂടെ ഉത്തരം പറഞ്ഞു. രാജസന്നിധിയിൽനിന്ന് ഇത്ര കഠിന കല്പന പുറപ്പെടുവാൻ സംഗതി എന്ത് എന്ന് അവൻ രാജാവിന്റെ സേനാപതിയായ അര്യോക്കിനോടു ചോദിച്ചു; അര്യോക് ദാനീയേലിനോടു കാര്യം അറിയിച്ചു; ദാനീയേൽ അകത്തു ചെന്ന് രാജാവിനോടു തനിക്കു സമയം തരേണം എന്നും താൻ രാജാവിനോട് അർഥം അറിയിക്കാമെന്നും ബോധിപ്പിച്ചു. പിന്നെ ദാനീയേൽ വീട്ടിൽ ചെന്ന്, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന് ഈ രഹസ്യത്തെക്കുറിച്ചു സ്വർഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാൻ തക്കവണ്ണം കൂട്ടുകാരായ ഹനന്യാവോടും മീശായേലിനോടും അസര്യാവോടും കാര്യം അറിയിച്ചു. അങ്ങനെ ആ രഹസ്യം ദാനീയേലിനു രാത്രി ദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗസ്ഥനായ ദൈവത്തെ സ്തുതിച്ചു പറഞ്ഞത്

പങ്ക് വെക്കു
ദാനീയേൽ 2 വായിക്കുക

ദാനീയേൽ 2:13-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അങ്ങനെ എല്ലാ വിദ്വാന്മാരെയും വധിക്കാനുള്ള കല്പന പുറപ്പെടുവിച്ചു. ദാനിയേലിനെയും കൂട്ടുകാരെയും കൊല്ലാൻ അവർ അന്വേഷിച്ചു. എന്നാൽ ബാബിലോണിലെ വിദ്വാന്മാരെ വധിക്കാൻ പുറപ്പെട്ട രാജാവിന്റെ അകമ്പടിസേനാനായകനായ അര്യോക്കിനോടു ദാനിയേൽ ബുദ്ധിയോടും വിവേകത്തോടും സംസാരിച്ചു. ദാനിയേൽ അര്യോക്കിനോടു ചോദിച്ചു: “രാജാവ് ഇത്ര കഠിനമായ കല്പന പുറപ്പെടുവിക്കാൻ കാരണം എന്ത്?” സംഭവിച്ചതെല്ലാം അര്യോക്ക് ദാനിയേലിനെ അറിയിച്ചു. ദാനിയേൽ രാജസന്നിധിയിലെത്തി തനിക്ക് ഒരവസരം നല്‌കണമെന്നും സ്വപ്നത്തിന്റെ അർഥം താൻ പറയാമെന്നും രാജാവിനെ അറിയിച്ചു. പിന്നീട് ദാനിയേൽ തന്റെ ഭവനത്തിൽചെന്നു കൂട്ടുകാരായ ഹനന്യായെയും മീശായേലിനെയും അസര്യായെയും വിവരം അറിയിച്ചു. നമ്മളും ബാബിലോണിലെ സകല വിദ്വാന്മാരും സംഹരിക്കപ്പെടാതിരിക്കാൻ ഈ സ്വപ്നരഹസ്യം വെളിപ്പെടുത്തിത്തരാൻ സ്വർഗസ്ഥനായ ദൈവത്തിന്റെ കാരുണ്യത്തിനുവേണ്ടി പ്രാർഥിക്കണമെന്ന് ദാനിയേൽ അവരോടു പറഞ്ഞു. അന്നു രാത്രി ഒരു ദർശനത്തിലൂടെ സ്വപ്നത്തിന്റെ രഹസ്യം ദൈവം ദാനിയേലിന് വെളിപ്പെടുത്തിക്കൊടുത്തു. ദാനിയേൽ സ്വർഗസ്ഥനായ ദൈവത്തെ സ്തുതിച്ചു

പങ്ക് വെക്കു
ദാനീയേൽ 2 വായിക്കുക

ദാനീയേൽ 2:13-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീർപ്പ് പുറപ്പെട്ടതിനാൽ, അവർ ദാനീയേലിനെയും കൂട്ടുകാരെയും കൂടി കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ ബാബേലിലെ വിദ്വാന്മാരെ കൊന്നുകളയുവാൻ പുറപ്പെട്ട രാജാവിന്‍റെ അകമ്പടിനായകനായ അര്യോക്കിനോട് ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും കൂടി സംസാരിച്ചു. “രാജസന്നിധിയിൽനിന്ന് ഇത്ര കഠിനകല്പന പുറപ്പെടുവാൻ സംഗതി എന്ത്” എന്നു അവൻ രാജാവിന്‍റെ സേനാപതിയായ അര്യോക്കിനോട് ചോദിച്ചു; അര്യോക്ക് ദാനീയേലിനോട് കാര്യം അറിയിച്ചു; ദാനീയേൽ അകത്ത് ചെന്നു രാജാവിനോട് തനിക്കു സമയം നല്കേണം എന്നും താൻ രാജാവിനോട് അർത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു. പിന്നെ ദാനീയേൽ വീട്ടിൽ ചെന്നു; താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടി നശിച്ചുപോകാതിരിക്കേണ്ടതിന്, ഈ രഹസ്യത്തെക്കുറിച്ച് സ്വർഗ്ഗസ്ഥനായ ദൈവത്തിന്‍റെ കരുണ അപേക്ഷിക്കുവാൻ തക്കവിധം കൂട്ടുകാരായ ഹനന്യാവിനോടും മീശായേലിനോടും അസര്യാവിനോടും കാര്യം അറിയിച്ചു. അങ്ങനെ ആ രഹസ്യം ദാനീയേലിന് രാത്രിദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ച് പറഞ്ഞത്

പങ്ക് വെക്കു
ദാനീയേൽ 2 വായിക്കുക

ദാനീയേൽ 2:13-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീർപ്പു പുറപ്പെട്ടു; അവർ ദാനീയേലിനെയും കൂട്ടുകാരെയും കൂടെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ രാജാവിന്റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാൻ പുറപ്പെട്ടു അര്യോക്കിനോടു ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും കൂടെ ഉത്തരം പറഞ്ഞു. രാജസന്നിധിയിൽനിന്നു ഇത്ര കഠിനകല്പന പുറപ്പെടുവാൻ സംഗതി എന്തു എന്നു അവൻ രാജാവിന്റെ സേനാപതിയായ അര്യോക്കിനോടു ചോദിച്ചു; അര്യോക്ക് ദാനീയേലിനോടു കാര്യം അറിയിച്ചു; ദാനീയേൽ അകത്തു ചെന്നു രാജാവിനോടു തനിക്കു സമയം തരേണം എന്നും താൻ രാജാവിനോടു അർത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു. പിന്നെ ദാനീയേൽ വീട്ടിൽ ചെന്നു, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന്നു ഈ രഹസ്യത്തെക്കുറിച്ചു സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാൻ തക്കവണ്ണം കൂട്ടുകാരായ ഹനന്യാവോടും മീശായേലിനോടും അസര്യാവോടും കാര്യം അറിയിച്ചു. അങ്ങനെ ആ രഹസ്യം ദാനീയേലിന്നു രാത്രിദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ചുപറഞ്ഞതു

പങ്ക് വെക്കു
ദാനീയേൽ 2 വായിക്കുക

ദാനീയേൽ 2:13-19 സമകാലിക മലയാളവിവർത്തനം (MCV)

അങ്ങനെ സകലജ്ഞാനികളെയും കൊന്നുകളയാനുള്ള കൽപ്പന രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു. ദാനീയേലിനെയും സ്നേഹിതന്മാരെയുംകൂടെ കൊല്ലുന്നതിന് അവർ ഉദ്യോഗസ്ഥരെ അയച്ചു. അങ്ങനെ ബാബേലിലെ ജ്ഞാനികളെയെല്ലാം കൊല്ലുന്നതിനു രാജാവിന്റെ സൈന്യാധിപനായ അര്യോക്ക് പുറപ്പെട്ടു. അദ്ദേഹത്തോട് ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും ഉത്തരം പറഞ്ഞു. രാജാവിന്റെ സൈന്യാധിപനായ അര്യോക്കിനോട് ദാനീയേൽ ചോദിച്ചു: “രാജാവ് ഇത്ര കഠിനമായ ഈ കൽപ്പന പുറപ്പെടുവിക്കാൻ സംഗതിയെന്ത്?” അപ്പോൾ അര്യോക്ക് ദാനീയേലിനോട് കാര്യം വിശദീകരിച്ചു. ഉടൻതന്നെ രാജസന്നിധിയിൽച്ചെന്ന് സ്വപ്നവ്യാഖ്യാനം രാജാവിനെ അറിയിക്കേണ്ടതിനു തനിക്കു സമയം നൽകണമെന്ന് ദാനീയേൽ അപേക്ഷിച്ചു. പിന്നീട്, ദാനീയേൽ ഭവനത്തിലെത്തി തന്റെ സ്നേഹിതന്മാരായ ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവരോട് കാര്യം വിവരിച്ചുകേൾപ്പിച്ചു. അദ്ദേഹം അവരോട്, ബാബേലിലെ ജ്ഞാനികളായ മറ്റു പുരുഷന്മാരോടൊപ്പം വധിക്കപ്പെടാതിരിക്കേണ്ടതിന് ഈ രഹസ്യത്തെ സംബന്ധിച്ച് സ്വർഗത്തിലെ ദൈവത്തിന്റെ കാരുണ്യം തങ്ങൾക്കു ലഭിക്കേണ്ടതിന് അപേക്ഷിക്കാൻ ഉദ്ബോധിപ്പിച്ചു. ആ രാത്രിയിൽ ഒരു ദർശനത്തിൽ ദാനീയേലിന് ആ രഹസ്യം വെളിപ്പെട്ടു. അപ്പോൾ ദാനീയേൽ സ്വർഗത്തിലെ ദൈവത്തെ ഇപ്രകാരം സ്തുതിച്ചു.

പങ്ക് വെക്കു
ദാനീയേൽ 2 വായിക്കുക