ദാനീയേൽ 2:1-49
ദാനീയേൽ 2:1-49 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നെബൂഖദ്നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ്നേസർ സ്വപ്നം കണ്ടു; അവന്റെ മനസ്സു വ്യാകുലപ്പെട്ടു; അവന് ഉറക്കമില്ലാതെയായി. രാജാവിനോടു സ്വപ്നം അറിയിപ്പാൻ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിപ്പാൻ രാജാവ് കല്പിച്ചു; അവർ വന്ന് രാജസന്നിധിയിൽ നിന്നു. രാജാവ് അവരോട്: ഞാൻ ഒരു സ്വപ്നം കണ്ടു; സ്വപം ഓർക്കാഞ്ഞിട്ട് എന്റെ മനസ്സു വ്യാകുലപ്പെട്ടിരിക്കുന്നു എന്നു കല്പിച്ചു. അതിനു കല്ദയർ അരാമ്യഭാഷയിൽ രാജാവിനോട്: രാജാവ് ദീർഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർഥം ബോധിപ്പിക്കാം എന്നുണർത്തിച്ചു. രാജാവ് കല്ദയരോട് ഉത്തരം അരുളിയത്: വിധി കല്പിച്ചുപോയി; സ്വപ്നവും അർഥവും അറിയിക്കാഞ്ഞാൽ നിങ്ങളെ കഷണംകഷണമായി ശകലിക്കയും വീടുകളെ കുപ്പക്കുന്നാക്കുകയും ചെയ്യും. സ്വപ്നവും അർഥവും അറിയിച്ചാലോ നിങ്ങൾക്കു സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ടു സ്വപ്നവും അർഥവും അറിയിപ്പിൻ. അവർ പിന്നെയും: രാജാവ് സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർഥം ബോധിപ്പിക്കാം എന്ന് ഉണർത്തിച്ചു. അതിനു രാജാവ് മറുപടി കല്പിച്ചത്: വിധി കല്പിച്ചുപോയി എന്നു കണ്ടിട്ട് നിങ്ങൾ കാലതാമസം വരുത്തുവാൻ നോക്കുന്നു എന്ന് എനിക്കു മനസ്സിലായി. നിങ്ങൾ സ്വപ്നം അറിയിക്കാഞ്ഞാൽ നിങ്ങൾക്ക് ഒരു വിധി മാത്രമേയുള്ളൂ; സമയം മാറുവോളം എന്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറവാൻ നിങ്ങൾ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിൻ; എന്നാൽ അർഥവും അറിയിപ്പാൻ നിങ്ങൾക്കു കഴിയും എന്ന് എനിക്കു ബോധ്യമാകും. കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചത്: രാജാവിന്റെ കാര്യം അറിയിപ്പാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല. രാജാവ് ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പിൽ അത് അറിയിപ്പാൻ ജഡവാസമില്ലാത്ത ദേവന്മാർക്കല്ലാതെ മറ്റാർക്കും കഴികയില്ല. ഇതു ഹേതുവായിട്ടു രാജാവ് കോപിച്ച് അത്യന്തം ക്രുദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മാരെയും നശിപ്പിപ്പാൻ കല്പന കൊടുത്തു. അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീർപ്പു പുറപ്പെട്ടു; അവർ ദാനീയേലിനെയും കൂട്ടുകാരെയും കൂടെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ രാജാവിന്റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാൻ പുറപ്പെട്ട അര്യോക്കിനോട്: ദാനീയേൽ ബുദ്ധിയോടും വിവേകത്തോടുംകൂടെ ഉത്തരം പറഞ്ഞു. രാജസന്നിധിയിൽനിന്ന് ഇത്ര കഠിന കല്പന പുറപ്പെടുവാൻ സംഗതി എന്ത് എന്ന് അവൻ രാജാവിന്റെ സേനാപതിയായ അര്യോക്കിനോടു ചോദിച്ചു; അര്യോക് ദാനീയേലിനോടു കാര്യം അറിയിച്ചു; ദാനീയേൽ അകത്തു ചെന്ന് രാജാവിനോടു തനിക്കു സമയം തരേണം എന്നും താൻ രാജാവിനോട് അർഥം അറിയിക്കാമെന്നും ബോധിപ്പിച്ചു. പിന്നെ ദാനീയേൽ വീട്ടിൽ ചെന്ന്, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന് ഈ രഹസ്യത്തെക്കുറിച്ചു സ്വർഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാൻ തക്കവണ്ണം കൂട്ടുകാരായ ഹനന്യാവോടും മീശായേലിനോടും അസര്യാവോടും കാര്യം അറിയിച്ചു. അങ്ങനെ ആ രഹസ്യം ദാനീയേലിനു രാത്രി ദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗസ്ഥനായ ദൈവത്തെ സ്തുതിച്ചു പറഞ്ഞത്: ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവനുള്ളതല്ലോ. അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കുകയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു. അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളത് അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു. എന്റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോട് അപേക്ഷിച്ചത് ഇപ്പോൾ എന്നെ അറിയിച്ച് രാജാവിന്റെ കാര്യം ഞങ്ങൾക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാൻ നിന്നെ വാഴ്ത്തി സ്തുതിക്കുന്നു. അതുകൊണ്ടു ദാനീയേൽ, ബാബേലിലെ വിദ്വാന്മാരെ നശിപ്പിപ്പാൻ രാജാവ് നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്ന് അവനോട്: ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുത്; എന്നെ രാജസന്നിധിയിൽ കൊണ്ടുപോകേണം; ഞാൻ രാജാവിനെ അർഥം ബോധിപ്പിക്കാം എന്നു പറഞ്ഞു. അര്യോക് ദാനീയേലിനെ വേഗം രാജസന്നിധിയിൽ കൊണ്ടുചെന്നു: രാജാവിനെ അർഥം ബോധിപ്പിക്കേണ്ടതിനു യെഹൂദാപ്രവാസികളിൽ ഒരുത്തനെ ഞാൻ കണ്ടെത്തിയിരിക്കുന്നു എന്ന് ഉണർത്തിച്ചു. ബേൽത്ത്ശസ്സർ എന്നും പേരുള്ള ദാനീയേലിനോടു രാജാവ്: ഞാൻ കണ്ട സ്വപ്നവും അർഥവും അറിയിപ്പാൻ നിനക്കു കഴിയുമോ എന്നു ചോദിച്ചു. ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചത്: രാജാവു ചോദിച്ച ഗുപ്തകാര്യം വിദ്വാന്മാർക്കും ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ശകുനവാദികൾക്കും രാജാവിനെ അറിയിപ്പാൻ കഴിയുന്നതല്ല. എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗത്തിൽ ഉണ്ട്; അവൻ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസർരാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവച്ച് തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ആവിത്: രാജാവേ, ഇനിമേൽ സംഭവിപ്പാനിരിക്കുന്നത് എന്തെന്നുള്ള വിചാരം പള്ളിമെത്തയിൽവച്ചു തിരുമനസ്സിൽ ഉണ്ടായി; രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ സംഭവിപ്പാനിരിക്കുന്നത് അറിയിച്ചുമിരിക്കുന്നു. എനിക്കോ ജീവനോടിരിക്കുന്ന യാതൊരുത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഉണ്ടായിട്ടല്ല, രാജാവിനോട് അർഥം ബോധിപ്പിക്കേണ്ടതിനും തിരുമനസ്സിലെ വിചാരം തിരുമനസ്സുകൊണ്ട് അറിയേണ്ടതിനുമത്രേ ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നത്. രാജാവ് കണ്ട ദർശനമോ: വലിയൊരു ബിംബം; വലിപ്പമേറിയതും വിശേഷശോഭയുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു. ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കൈയും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരുമ്പുകൊണ്ടും കാൽ പാതി ഇരുമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയിരുന്നു. തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ല് പറിഞ്ഞുവന്നു ബിംബത്തെ ഇരുമ്പും കളിമണ്ണും കൊണ്ടുള്ള കാലിൽ അടിച്ചു തകർത്തുകളഞ്ഞു. ഇരുമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകർന്ന് വേനൽക്കാലത്തു കളത്തിലെ പതിർപോലെ ആയിത്തീർന്നു, ഒരിടത്തും തങ്ങാതവണ്ണം കാറ്റ് അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ല് ഒരു മഹാപർവതമായിത്തീർന്നു ഭൂമിയിലൊക്കെയും നിറഞ്ഞു. ഇതത്രേ സ്വപ്നം; അർഥവും അടിയങ്ങൾ തിരുമനസ്സ് അറിയിക്കാം. രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വർഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്ത്വവും നല്കിയിരിക്കുന്നു. മനുഷ്യർ പാർക്കുന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കൈയിൽ തന്ന്, എല്ലാറ്റിനും തിരുമനസ്സിലെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നെ. തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാൾ താണതായ മറ്റൊരു രാജത്വവും സർവഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉദ്ഭവിക്കും. നാലാമത്തെ രാജത്വം ഇരുമ്പുപോലെ ബലമുള്ളതായിരിക്കും; ഇരുമ്പു സകലത്തെയും തകർത്തു കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരുമ്പുപോലെ അത് അവയെയൊക്കെയും ഇടിച്ചു തകർത്തുകളയും. കാലും കാൽവിരലും പാതി കളി മണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താൽപര്യമോ: അത് ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരുമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരുമ്പിനുള്ള ബലം കുറെ ഉണ്ടായിരിക്കും. കാൽവിരൽ പാതി ഇരുമ്പും പാതി കളിമണ്ണുംകൊണ്ട് ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും. ഇരുമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ താൽപര്യമോ: അവർ മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരുമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല. ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറേ ഒരു ജാതിക്ക് ഏല്പിക്കപ്പെടുകയില്ല; അത് ഈ രാജത്വങ്ങളെയൊക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും. കൈ തൊടാതെ ഒരു കല്ല് പർവതത്തിൽനിന്നു പറിഞ്ഞുവന്ന് ഇരുമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്റെ താൽപര്യമോ: മഹാദൈവം മേലാൽ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർഥം സത്യവും ആകുന്നു. അപ്പോൾ നെബൂഖദ്നേസർരാജാവ് സാഷ്ടാംഗം വീണ് ദാനീയേലിനെ നമസ്കരിച്ചു, അവന് ഒരു വഴിപാടും സൗരഭ്യവാസനയും അർപ്പിക്കേണമെന്നു കല്പിച്ചു. രാജാവ് ദാനീയേലിനോട്: നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ട് നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു. രാജാവ് ദാനീയേലിനെ മഹാനാക്കി, അവന് അനേകം വലിയ സമ്മാനങ്ങളും കൊടുത്തു, അവനെ ബാബേൽസംസ്ഥാനത്തിനൊക്കെയും അധിപതിയും ബാബേലിലെ സകല വിദ്വാന്മാർക്കും പ്രധാനവിചാരകനും ആക്കിവച്ചു. ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്കു മേൽവിചാരകരാക്കി; ദാനീയേലോ രാജാവിന്റെ കോവിലകത്തു പാർത്തു.
ദാനീയേൽ 2:1-49 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാജ്യഭാരം ഏറ്റതിന്റെ രണ്ടാംവർഷം നെബുഖദ്നേസർ രാജാവ് ചില സ്വപ്നങ്ങൾ കണ്ടു. അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായി തീർന്നതുകൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ല. രാജ്യത്തെ മന്ത്രവാദികളെയും ക്ഷുദ്രപ്രയോഗം ചെയ്യുന്നവരെയും ആഭിചാരകരെയും ബാബിലോണ്യരായ വിദ്വാന്മാരെയുമെല്ലാം തന്റെ സ്വപ്നം വിവരിക്കാൻവേണ്ടി വിളിച്ചുകൂട്ടാൻ രാജാവു കല്പിച്ചു. അവർ എല്ലാവരും രാജസന്നിധിയിലെത്തി. രാജാവ് അവരോടു പറഞ്ഞു: “ഞാൻ ഒരു സ്വപ്നം കണ്ടു; അതിന്റെ അർഥം അറിയാൻ എന്റെ മനസ്സു വെമ്പൽകൊള്ളുന്നു.” അപ്പോൾ ബാബിലോണ്യരായ വിദ്വാന്മാർ പറഞ്ഞു: “മഹാരാജാവേ, അങ്ങു നീണാൾ വാഴട്ടെ! അവിടുന്നു കണ്ട സ്വപ്നം എന്താണെന്ന് അടിയങ്ങളോടു പറഞ്ഞാലും; ഞങ്ങൾ അതിന്റെ അർഥം പറയാം.” രാജാവു പ്രതിവചിച്ചു: “നമ്മുടെ വാക്കിനു മാറ്റമില്ല. ഞാൻ കണ്ട സ്വപ്നവും അതിന്റെ അർഥവും എന്തെന്നു പറഞ്ഞില്ലെങ്കിൽ നിങ്ങളെ കഷണം കഷണമായി നുറുക്കുകയും നിങ്ങളുടെ ഭവനങ്ങൾ കുപ്പക്കുന്നാക്കുകയും ചെയ്യും. സ്വപ്നവും വ്യാഖ്യാനവും പറഞ്ഞാൽ നിങ്ങൾക്ക് സമ്മാനങ്ങളും ബഹുമതികളും ലഭിക്കും. അതുകൊണ്ട് സ്വപ്നവും അതിന്റെ അർഥവും എന്താണെന്നു പറയുക.” അവർ രാജാവിനോടു വീണ്ടും പറഞ്ഞു: “സ്വപ്നം എന്തെന്നു കല്പിച്ചരുളിയാലും. ഞങ്ങൾ അതിന്റെ അർഥം പറയാം.” രാജാവു മറുപടി പറഞ്ഞു: “ഞാൻ വിധി കല്പിച്ചു കഴിഞ്ഞു. എന്റെ വാക്കിനു മാറ്റമില്ലെന്നറിഞ്ഞുകൊണ്ടു കൂടുതൽ സമയം ലഭിക്കാൻവേണ്ടി നിങ്ങൾ ശ്രമിക്കയാണെന്ന് എനിക്കറിയാം. സ്വപ്നം എന്തെന്ന് പറയാതിരുന്നാൽ നിങ്ങൾക്ക് എല്ലാവർക്കും ഒരേ ശിക്ഷയായിരിക്കും ലഭിക്കുക; സമയം കുറെ കഴിയുമ്പോൾ ഈ സ്ഥിതിക്ക് മാറ്റം വരും എന്നു കരുതി എന്റെ മുമ്പിൽ പൊളിയും വ്യാജവചനങ്ങളും പറയാൻ നിങ്ങൾ ഒത്തുകൂടിയിരിക്കുന്നു. സ്വപ്നം എന്തെന്നു പറയുക. അപ്പോൾ അതിന്റെ അർഥവും പറയാൻ നിങ്ങൾക്കു കഴിയും.” ബാബിലോണ്യരായ വിദ്വാന്മാർ ഇങ്ങനെ ബോധിപ്പിച്ചു: “മഹാരാജാവേ, അങ്ങ് ആവശ്യപ്പെട്ടതു പറയാൻ കഴിവുള്ള ഒരു മനുഷ്യനും ഭൂമിയിൽ കാണുകയില്ല. മഹാനും ബലവാനുമായ ഒരു രാജാവും ഇങ്ങനെ ഒരു കാര്യം ഒരു മാന്ത്രികനോടും ആഭിചാരകനോടും ബാബിലോണിലെ വിദ്വാന്മാരോടും ആവശ്യപ്പെട്ടിട്ടില്ല. അങ്ങ് പറയുന്ന കാര്യം പ്രയാസമുള്ളതാണ്. അതു വ്യക്തമാക്കിത്തരാൻ ദേവന്മാർക്കല്ലാതെ മറ്റാർക്കും സാധ്യമല്ല. അവർ മനുഷ്യരുടെ ഇടയിൽ അല്ലല്ലോ വസിക്കുന്നത്.” ഇതു കേട്ടപ്പോൾ രാജാവ് അത്യന്തം കുപിതനായി; ബാബിലോണിലെ സകല വിദ്വാന്മാരെയും സംഹരിക്കാൻ ഉത്തരവിട്ടു. അങ്ങനെ എല്ലാ വിദ്വാന്മാരെയും വധിക്കാനുള്ള കല്പന പുറപ്പെടുവിച്ചു. ദാനിയേലിനെയും കൂട്ടുകാരെയും കൊല്ലാൻ അവർ അന്വേഷിച്ചു. എന്നാൽ ബാബിലോണിലെ വിദ്വാന്മാരെ വധിക്കാൻ പുറപ്പെട്ട രാജാവിന്റെ അകമ്പടിസേനാനായകനായ അര്യോക്കിനോടു ദാനിയേൽ ബുദ്ധിയോടും വിവേകത്തോടും സംസാരിച്ചു. ദാനിയേൽ അര്യോക്കിനോടു ചോദിച്ചു: “രാജാവ് ഇത്ര കഠിനമായ കല്പന പുറപ്പെടുവിക്കാൻ കാരണം എന്ത്?” സംഭവിച്ചതെല്ലാം അര്യോക്ക് ദാനിയേലിനെ അറിയിച്ചു. ദാനിയേൽ രാജസന്നിധിയിലെത്തി തനിക്ക് ഒരവസരം നല്‌കണമെന്നും സ്വപ്നത്തിന്റെ അർഥം താൻ പറയാമെന്നും രാജാവിനെ അറിയിച്ചു. പിന്നീട് ദാനിയേൽ തന്റെ ഭവനത്തിൽചെന്നു കൂട്ടുകാരായ ഹനന്യായെയും മീശായേലിനെയും അസര്യായെയും വിവരം അറിയിച്ചു. നമ്മളും ബാബിലോണിലെ സകല വിദ്വാന്മാരും സംഹരിക്കപ്പെടാതിരിക്കാൻ ഈ സ്വപ്നരഹസ്യം വെളിപ്പെടുത്തിത്തരാൻ സ്വർഗസ്ഥനായ ദൈവത്തിന്റെ കാരുണ്യത്തിനുവേണ്ടി പ്രാർഥിക്കണമെന്ന് ദാനിയേൽ അവരോടു പറഞ്ഞു. അന്നു രാത്രി ഒരു ദർശനത്തിലൂടെ സ്വപ്നത്തിന്റെ രഹസ്യം ദൈവം ദാനിയേലിന് വെളിപ്പെടുത്തിക്കൊടുത്തു. ദാനിയേൽ സ്വർഗസ്ഥനായ ദൈവത്തെ സ്തുതിച്ചു; “ദൈവത്തിന്റെ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ; സകല ജ്ഞാനവും ശക്തിയും അവിടുത്തേക്കുള്ളതാണല്ലോ. കാലങ്ങളെയും സമയങ്ങളെയും അവിടുന്നു നിയന്ത്രിക്കുന്നു. രാജാക്കന്മാരെ വാഴിക്കുന്നതും നിഷ്കാസനം ചെയ്യുന്നതും അവിടുന്നാണല്ലോ. ജ്ഞാനികൾക്കു ജ്ഞാനവും വിവേകശാലികൾക്ക് വിവേകവും നല്‌കുന്നതും അവിടുന്നാണല്ലോ. അഗാധവും നിഗൂഢവുമായ കാര്യങ്ങൾ അവിടുന്നു വെളിപ്പെടുത്തുന്നു; അന്ധകാരത്തിലുള്ളത് അവിടുന്ന് അറിയുന്നു; വെളിച്ചം അവിടുത്തോടൊത്ത് വസിക്കുന്നു. എന്റെ പിതാക്കന്മാരുടെ ദൈവമേ, അവിടുത്തേക്കു ഞാൻ സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു; അവിടുന്ന് എനിക്ക് ജ്ഞാനവും ബലവും നല്‌കിയിരിക്കുന്നുവല്ലോ; ഞങ്ങൾ അപേക്ഷിച്ച കാര്യം അവിടുന്ന് എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു. രാജാവിനോടു പറയേണ്ട കാര്യം ഞങ്ങൾക്ക് വ്യക്തമാക്കിയിരിക്കുന്നുവല്ലോ.” ബാബിലോണിലെ വിദ്വാന്മാരെ സംഹരിക്കാൻ രാജാവു നിയോഗിച്ച അര്യോക്കിനെ സമീപിച്ചു ദാനിയേൽ പറഞ്ഞു: “ബാബിലോണിലെ വിദ്വാന്മാരെ നശിപ്പിക്കരുത്; എന്നെ രാജസന്നിധിയിലേക്കു കൊണ്ടുപോകുക; സ്വപ്നസാരം ഞാൻ രാജാവിനെ അറിയിക്കാം.” അര്യോക്ക് ഉടൻതന്നെ ദാനിയേലിനെ രാജാവിന്റെ അടുക്കൽ കൂട്ടിക്കൊണ്ടു ചെന്നു പറഞ്ഞു: “അവിടുത്തെ സ്വപ്നത്തിന്റെ പൊരുൾ അറിയിക്കാൻ കഴിവുള്ള ഒരാളെ യെഹൂദാപ്രവാസികളുടെ ഇടയിൽ ഞാൻ കണ്ടെത്തിയിരിക്കുന്നു.” അപ്പോൾ രാജാവ് ബേൽത്ത്ശസ്സർ എന്നും പേരുള്ള ദാനിയേലിനോട് ചോദിച്ചു: “നാം കണ്ട സ്വപ്നവും അതിന്റെ അർഥവും നിനക്കു പറയാമോ?” ദാനിയേൽ പറഞ്ഞു: “അവിടുന്നു ചോദിച്ച നിഗൂഢകാര്യം വിദ്വാന്മാർക്കോ ആഭിചാരകന്മാർക്കോ ജ്യോതിശാസ്ത്രജ്ഞർക്കോ മന്ത്രവാദികൾക്കോ അങ്ങയെ അറിയിക്കാൻ കഴിയുന്നതല്ല; എന്നാൽ നിഗൂഢരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗത്തിലുണ്ട്; ഭാവികാലത്ത് എന്താണു സംഭവിക്കാൻ പോകുന്നതെന്ന് ആ ദൈവം നെബുഖദ്നേസർരാജാവിനെ അറിയിച്ചിരിക്കുന്നു. അവിടുന്നു കിടക്കയിൽവച്ചു കണ്ട സ്വപ്നവും ദർശനങ്ങളും എന്തായിരുന്നെന്നു ഞാൻ പറയാം.” “മഹാരാജാവേ, ഇനി സംഭവിക്കാൻ പോകുന്നത് എന്താണെന്നുള്ള ചിന്ത കിടക്കയിൽവച്ച് തിരുമനസ്സിലുണ്ടായി. നിഗൂഢരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ദൈവം സംഭവിക്കാൻ പോകുന്നത് എന്തെന്ന് അങ്ങയെ അറിയിച്ചിരിക്കുന്നു. മറ്റാരേക്കാളും അധികമായ ജ്ഞാനം എനിക്കുണ്ടായിട്ടല്ല, ഈ നിഗൂഢരഹസ്യം എനിക്കു വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. പിന്നെയോ ഇതിന്റെ പൊരുൾ അങ്ങ് അറിയാനും അങ്ങയുടെ ഹൃദയവിചാരം ഗ്രഹിക്കാനുമാണ്. രാജാവേ, അങ്ങു കണ്ട ദർശനം ഇതാണ്. ഒരു വലിയ പ്രതിമ, വലുതും ശോഭയേറിയതുമായ ആ പ്രതിമ അവിടുത്തെ മുമ്പിൽ നിന്നു. ഭീതി ജനിപ്പിക്കുന്ന ഒരു ദൃശ്യമായിരുന്നു അത്. അതിന്റെ ശിരസ്സ് തനിത്തങ്കംകൊണ്ടും നെഞ്ചും കരങ്ങളും വെള്ളികൊണ്ടും വയറും തുടകളും ഓടുകൊണ്ടും കാലുകൾ ഇരുമ്പുകൊണ്ടും പാദങ്ങൾ ഇരുമ്പും കളിമണ്ണുംകൊണ്ടുമാണ് നിർമിച്ചിരുന്നത്. അവിടുന്ന് ആ പ്രതിമയിൽ നോക്കിക്കൊണ്ടിരിക്കുമ്പോൾ ആരും തൊടാതെ ഒരു കല്ല് അടർന്നുവീണ് ബിംബത്തിന്റെ ഇരുമ്പും കളിമണ്ണും കൊണ്ടു നിർമിച്ച പാദങ്ങൾ ഇടിച്ചു തകർത്തു. അപ്പോൾ ഇരുമ്പും കളിമണ്ണും ഓടും വെള്ളിയും പൊന്നുമെല്ലാം വേനൽക്കാലത്ത് മെതിക്കളത്തിലെ പതിരുപോലെ തവിടുപൊടിയായി. അവയുടെ പൊടിപോലും എങ്ങും കാണാത്തവിധം കാറ്റ് അവയെ പറത്തിക്കൊണ്ടുപോയി. പ്രതിമയുടെമേൽ വന്നുവീണ കല്ല് ഒരു മഹാപർവതമായി വളർന്നു ഭൂമിയിൽ എല്ലായിടവും നിറഞ്ഞു. ഇതായിരുന്നു രാജാവിന്റെ സ്വപ്നം. ഇതിന്റെ സാരവും ഞാൻ അവിടുത്തോടു പറയാം: മഹാരാജാവേ, അങ്ങു രാജാധിരാജനാകുന്നു; സ്വർഗസ്ഥനായ ദൈവം അങ്ങേക്കു രാജ്യവും ശക്തിയും മഹത്ത്വവും ബഹുമാനവും നല്‌കിയിരിക്കുന്നു. സർവമനുഷ്യരെയും മൃഗങ്ങളെയും പക്ഷികളെയും ദൈവം അങ്ങയെ ഏല്പിച്ചു; അങ്ങയെ എല്ലാറ്റിന്റെയും അധിപതിയാക്കിയിരിക്കുന്നു. അങ്ങാണ് തങ്കനിർമിതമായ ശിരസ്സ്. അങ്ങേക്കു ശേഷം ഒരു രാജ്യവുംകൂടി ഉണ്ടാകും. അത് അങ്ങയുടേതിനൊപ്പം വലുതായിരിക്കുകയില്ല. മൂന്നാമത്തെ രാജ്യം ഓടുകൊണ്ടുള്ളതാണ്. അതു ഭൂമി മുഴുവൻ അടക്കി ഭരിക്കും; നാലാമത്തെ രാജ്യം ഇരുമ്പുപോലെ ബലമുള്ളതായിരിക്കും; ഇരുമ്പ്, സകലത്തെയും ഇടിച്ചു തകർത്തുകളയുന്നതുപോലെ അത് എല്ലാറ്റിനെയും ഇടിച്ചു തകർക്കും. അങ്ങു ദർശിച്ചതുപോലെ പാദങ്ങളും വിരലുകളും ഇരുമ്പും കളിമണ്ണും കൊണ്ടാണല്ലോ നിർമിച്ചിരിക്കുന്നത്. അത് വിഭജിക്കപ്പെട്ട ഒരു രാജ്യമായിരിക്കും. അതിന് ഇരുമ്പിൻറേതുപോലെ ശക്തിയുണ്ടായിരിക്കും. അത് ഇരുമ്പും കളിമണ്ണും ചേർന്നതാണല്ലോ. കാലിന്റെ വിരലുകൾ ഭാഗികമായി ഇരുമ്പും കളിമണ്ണും കൊണ്ടുള്ളതായിരുന്നതുപോലെ ആ രാജ്യം ഭാഗികമായി ശക്തവും ഭാഗികമായി ദുർബലവുമായിരിക്കും. ഇരുമ്പും കളിമണ്ണും സമ്മിശ്രിതമായിരിക്കുന്നതായി അങ്ങു കണ്ടതുപോലെ ഈ രാജാക്കന്മാരുടെ കാലത്ത് അവരുടെ കുടുംബങ്ങൾ അന്യോന്യം വിവാഹബന്ധത്തിൽ ഏർപ്പെടും. എന്നാൽ ഇരുമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല. ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗസ്ഥനായ ദൈവം ഒരു രാജ്യം സ്ഥാപിക്കും. അത് അനശ്വരമായിരിക്കും. അതു വേറൊരു ജനതയ്‍ക്ക് ഏല്പിച്ചു കൊടുക്കുകയുമില്ല. ഈ രാജ്യങ്ങളെയെല്ലാം അതു പൂർണമായി നശിപ്പിക്കുകയും അത് എന്നേക്കും നിലനില്ക്കുകയും ചെയ്യും. ആരും തൊടാതെ ഒരു കല്ല് പർവതത്തിൽനിന്ന് അടർന്നു വീണ് ഇരുമ്പും കളിമണ്ണും ഓടും വെള്ളിയും സ്വർണവും തകർത്തുകളഞ്ഞതായി അവിടുന്നു കണ്ടല്ലോ. ഭാവിയിൽ സംഭവിക്കാൻ പോകുന്നത് ഉന്നതനായ ദൈവം അങ്ങയെ അറിയിക്കുകയാണു അതുമൂലം ചെയ്തിരിക്കുന്നത്. സ്വപ്നവും അതിന്റെ സാരവും ഇതുതന്നെ. അപ്പോൾ നെബുഖദ്നേസർരാജാവു സാഷ്ടാംഗം വീണു ദാനിയേലിനെ നമസ്കരിച്ചു. അദ്ദേഹത്തിനുവേണ്ടി ഒരു വഴിപാടും ധൂപാർച്ചനയും നടത്തണമെന്നും രാജാവു കല്പിച്ചു. പിന്നീടു ദാനിയേലിനോടു പറഞ്ഞു: “താങ്കൾ ഈ രഹസ്യം വെളിപ്പെടുത്താൻ പ്രാപ്തനായതുകൊണ്ടു നിശ്ചയമായും നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധിരാജനും ആകുന്നു. അവിടുന്നു നിഗൂഢരഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജാവു ദാനിയേലിന് ഉന്നതബഹുമതികളും വിലപ്പെട്ട സമ്മാനങ്ങളും നല്‌കി. മാത്രമല്ല അദ്ദേഹത്തെ ബാബിലോൺ സംസ്ഥാനത്തിന്റെ ഭരണാധിപനാക്കുകയും ബാബിലോണിലെ വിദ്വാന്മാരുടെ തലവനായി നിയമിക്കുകയും ചെയ്തു. ദാനിയേലിന്റെ അപേക്ഷപ്രകാരം ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നിവരെ രാജാവ് സംസ്ഥാനത്തെ വിവിധ ഭരണവകുപ്പുകളുടെ ചുമതല ഏല്പിച്ചു; ദാനിയേൽരാജാവിന്റെ കൊട്ടാരത്തിൽത്തന്നെ പാർത്തു.
ദാനീയേൽ 2:1-49 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
തന്‍റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ്-നേസർ ഒരു സ്വപ്നം കണ്ടു; അവന്‍റെ മനസ്സ് വ്യാകുലപ്പെട്ടു; അവന് ഉറക്കമില്ലാതെയായി. രാജാവിനോട് സ്വപ്നം അറിയിക്കുവാൻ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിക്കുവാൻ രാജാവ് കല്പിച്ചു; അവർ വന്ന് രാജസന്നിധിയിൽ നിന്നു. രാജാവ് അവരോട്: “ഞാൻ ഒരു സ്വപ്നം കണ്ടു; സ്വപ്നം ഓർക്കുവാൻ കഴിയാതെ എന്‍റെ മനസ്സ് വ്യാകുലപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു. അതിന് കല്ദയർ അരാമ്യഭാഷയിൽ രാജാവിനോട്: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു അറിയിച്ചാലും; അർത്ഥം ബോധിപ്പിക്കാം” എന്നുണർത്തിച്ചു. രാജാവ് കല്ദയരോട് ഉത്തരം അരുളിയത്: “വിധി കല്പിച്ചുപോയി; സ്വപ്നവും അർത്ഥവും അറിയിക്കാഞ്ഞാൽ നിങ്ങളെ കഷണംകഷണമായി നുറുക്കുകയും നിങ്ങളുടെ വീടുകൾ കുപ്പക്കുന്നാക്കുകയും ചെയ്യും; സ്വപ്നവും അർത്ഥവും അറിയിച്ചാൽ നിങ്ങൾക്ക് സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ട് സ്വപ്നവും അർത്ഥവും അറിയിക്കുവിൻ.” അവർ പിന്നെയും: “രാജാവ് സ്വപ്നം അടിയങ്ങളോട് അറിയിച്ചാലും; അർത്ഥം ബോധിപ്പിക്കാം” എന്നു ഉണർത്തിച്ചു. അതിന് രാജാവ് മറുപടി കല്പിച്ചത്: “വിധി കല്പിച്ചുപോയി എന്നു നിങ്ങൾ മനസ്സിലാക്കി കാലതാമസം വരുത്തുവാൻ നോക്കുന്നു എന്നു ഞാൻ അറിയുന്നു. നിങ്ങൾ സ്വപ്നം അറിയിക്കാതിരുന്നാൽ നിങ്ങൾക്ക് ഒരു വിധി മാത്രമേയുള്ളു; സാഹചര്യം മാറുന്നതുവരെ എന്‍റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറയുവാൻ നിങ്ങൾ യോജിച്ചിരിക്കുന്നു; സ്വപ്നം പറയുവിൻ; എന്നാൽ അർത്ഥവും അറിയിക്കുവാൻ നിങ്ങൾക്ക് കഴിയും എന്നു എനിക്ക് ബോധ്യമാകും.” കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചത്: “രാജാവിന്റെ കാര്യം അറിയിക്കുവാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഒരു രാജാവും ഇതുപോലെ ഒരു കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല. രാജാവ് ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പിൽ അത് അറിയിക്കുവാൻ ജഡവാസമില്ലാത്ത ദേവന്മാർക്കല്ലാതെ മറ്റാർക്കും കഴിയുകയില്ല.” ഇതു മൂലം രാജാവ് കോപിച്ച് അത്യന്തം ക്രുദ്ധിച്ചു: ബാബേലിലെ സകലവിദ്വാന്മാരെയും നശിപ്പിക്കുവാൻ കല്പന കൊടുത്തു. അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീർപ്പ് പുറപ്പെട്ടതിനാൽ, അവർ ദാനീയേലിനെയും കൂട്ടുകാരെയും കൂടി കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ ബാബേലിലെ വിദ്വാന്മാരെ കൊന്നുകളയുവാൻ പുറപ്പെട്ട രാജാവിന്‍റെ അകമ്പടിനായകനായ അര്യോക്കിനോട് ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും കൂടി സംസാരിച്ചു. “രാജസന്നിധിയിൽനിന്ന് ഇത്ര കഠിനകല്പന പുറപ്പെടുവാൻ സംഗതി എന്ത്” എന്നു അവൻ രാജാവിന്റെ സേനാപതിയായ അര്യോക്കിനോട് ചോദിച്ചു; അര്യോക്ക് ദാനീയേലിനോട് കാര്യം അറിയിച്ചു; ദാനീയേൽ അകത്ത് ചെന്നു രാജാവിനോട് തനിക്കു സമയം നല്കേണം എന്നും താൻ രാജാവിനോട് അർത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു. പിന്നെ ദാനീയേൽ വീട്ടിൽ ചെന്നു; താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടി നശിച്ചുപോകാതിരിക്കേണ്ടതിന്, ഈ രഹസ്യത്തെക്കുറിച്ച് സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിക്കുവാൻ തക്കവിധം കൂട്ടുകാരായ ഹനന്യാവിനോടും മീശായേലിനോടും അസര്യാവിനോടും കാര്യം അറിയിച്ചു. അങ്ങനെ ആ രഹസ്യം ദാനീയേലിന് രാത്രിദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ച് പറഞ്ഞത്: “ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവനുള്ളതല്ലയോ. അവൻ കാലങ്ങളും സമയങ്ങളും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കുകയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു. അവൻ അഗാധവും ഗൂഢവും ആയ കാര്യങ്ങൾ വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളത് അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു. എന്റെ പിതാക്കന്മാരുടെ ദൈവമേ, നീ എനിക്ക് ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോട് അപേക്ഷിച്ചത് ഇപ്പോൾ എന്നെ അറിയിച്ച് രാജാവിന്റെ കാര്യം ഞങ്ങൾക്ക് വെളിപ്പെടുത്തിത്തന്നിരിക്കുകയാൽ ഞാൻ നിന്നെ വാഴ്ത്തിസ്തുതിക്കുന്നു.” അതുകൊണ്ട് ദാനീയേൽ, ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കുവാൻ രാജാവ് നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്നു അവനോട്: “ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുത്; എന്നെ രാജസന്നിധിയിൽ കൊണ്ടുപോകേണം; ഞാൻ രാജാവിനെ അർത്ഥം ബോധിപ്പിക്കാം” എന്നു പറഞ്ഞു. അര്യോക്ക് ദാനീയേലിനെ വേഗം രാജസന്നിധിയിൽ കൊണ്ടുചെന്നു: “രാജാവിനെ അർത്ഥം ബോധിപ്പിക്കേണ്ടതിന് യെഹൂദാപ്രവാസികളിൽ ഒരുവനെ ഞാൻ കണ്ടെത്തിയിരിക്കുന്നു” എന്നു ഉണർത്തിച്ചു. ബേല്‍ത്ത്ശസ്സർ എന്നും പേരുള്ള ദാനീയേലിനോട് രാജാവ്: “ഞാൻ കണ്ട സ്വപ്നവും അർത്ഥവും അറിയിക്കുവാൻ നിനക്കു കഴിയുമോ?” എന്നു ചോദിച്ചു. ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചത്: “രാജാവു ചോദിച്ച രഹസ്യകാര്യം വിദ്വാന്മാർക്കും ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ശകുനവാദികൾക്കും രാജാവിനെ അറിയിക്കുവാൻ കഴിയുന്നതല്ല. എങ്കിലും രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്; അവൻ ഭാവികാലത്ത് സംഭവിക്കുവാനിരിക്കുന്നത് നെബൂഖദ്നേസർ രാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവച്ച് തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ഇവയാകുന്നു: “രാജാവേ, ഇനിമേലിൽ സംഭവിക്കുവാനിരിക്കുന്നത് എന്തെന്നുള്ള വിചാരം പള്ളിമെത്തയിൽവച്ച് തിരുമനസ്സിൽ ഉണ്ടായി; രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവൻ സംഭവിക്കുവാനിരിക്കുന്നത് അറിയിച്ചുമിരിക്കുന്നു. എനിക്ക് ജീവനോടിരിക്കുന്ന ആരേക്കാളും അധിക ജ്ഞാനം ഉണ്ടായിട്ടല്ല, പ്രത്യുത, രാജാവിനോട് അർത്ഥം ബോധിപ്പിക്കേണ്ടതിനും തിരുമനസ്സിലെ വിചാരം അങ്ങ് അറിയേണ്ടതിനും ആകുന്നു ഈ രഹസ്യം എനിക്ക് വെളിപ്പെട്ടിരിക്കുന്നത്. രാജാവു കണ്ട ദർശനം: വലിയ ഒരു ബിംബം; വലിപ്പമേറിയതും വിശേഷശോഭയുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു. ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കൈകളും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പുകൊണ്ടും കാൽ പകുതി ഇരിമ്പുകൊണ്ടും പകുതി കളിമണ്ണുകൊണ്ടും ആയിരുന്നു. തിരുമനസ്സുകൊണ്ട് നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ല് പറിഞ്ഞുവന്ന് ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ച് തകർത്തുകളഞ്ഞു. ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകർന്ന് വേനല്ക്കാലത്ത് കളത്തിലെ പതിർപോലെ ആയിത്തീർന്നു; ഒരിടത്തും തങ്ങാതെ കാറ്റ് അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ല് ഒരു മഹാപർവ്വതമായിത്തീർന്ന് ഭൂമിയിൽ എല്ലാം നിറഞ്ഞു. “ഇതത്രെ സ്വപ്നം; അർത്ഥവും അടിയങ്ങൾ തിരുമുമ്പാകെ അറിയിക്കാം. രാജാവേ, തിരുമനസ്സുകൊണ്ട് രാജാധിരാജാവാകുന്നു; സ്വർഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്ക് രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു. മനുഷ്യവാസം ഉള്ളിടത്തൊക്കെ അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കൈയിൽ തന്നു, എല്ലാറ്റിനും അങ്ങയെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സു തന്നെ. തിരുമനസ്സിനു ശേഷം തിരുമേനിയേക്കാൾ താഴ്ന്ന മറ്റൊരു രാജത്വവും സർവ്വഭൂമിയിലും വാഴുവാനിരിക്കുന്ന താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും. നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പ് സകലത്തെയും തകർത്ത് കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരിമ്പുപോലെ അത് മറ്റു രാജത്വങ്ങളെയെല്ലാം ഇടിച്ച് തകർത്തുകളയും. കാലും കാൽ വിരലും പകുതി കളിമണ്ണും പാതി ഇരുമ്പും കൊണ്ടുള്ളതായി കണ്ടതിന്‍റെ അർത്ഥമോ: അത് ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിനുള്ള ബലം കുറെ ഉണ്ടായിരിക്കും. കാൽവിരൽ പകുതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ട് ആയിരുന്നതുപോലെ രാജത്വം കുറെ ബലമുള്ളതും കുറെ ഉടഞ്ഞുപോകുന്നതും ആയിരിക്കും. ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്‍റെ അർത്ഥമോ: മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല. ഈ രാജാക്കന്മാരുടെ കാലത്ത് സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജനതക്കും ഏല്പിക്കപ്പെടുകയില്ല; അത് മറ്റ് രാജത്വങ്ങളെ എല്ലാം തകർത്ത് നശിപ്പിക്കുകയും എന്നേക്കും നിലനില്ക്കുകയും ചെയ്യും. കൈ തൊടാതെ ഒരു കല്ല് പർവ്വതത്തിൽനിന്ന് പറിഞ്ഞുവന്ന് ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്‍റെ അർത്ഥമോ: മഹാദൈവം മേലാൽ സംഭവിക്കുവാനുള്ളത് രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർത്ഥം സത്യവും ആകുന്നു.” അപ്പോൾ നെബൂഖദ്നേസർ രാജാവ് സാഷ്ടാംഗം വീണ് ദാനീയേലിനെ നമസ്കരിച്ചു; അവന് ഒരു വഴിപാടും സൗരഭ്യവാസനയും അർപ്പിക്കണമെന്ന് കല്പിച്ചു. രാജാവ് ദാനീയേലിനോട്: “നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ട് നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം” എന്നു കല്പിച്ചു. രാജാവ് ദാനീയേലിന് ബഹുമതികളും അനേകം വലിയ സമ്മാനങ്ങളും കൊടുത്തു; അവനെ ബാബേൽസംസ്ഥാനത്തിന് അധിപതിയും ബാബേലിലെ സകലവിദ്വാന്മാർക്കും പ്രധാനവിചാരകനും ആക്കി. ദാനീയേലിന്‍റെ അപേക്ഷ പ്രകാരം രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്ക് മേൽവിചാരകന്മാരാക്കി; ദാനീയേൽ രാജാവിന്‍റെ അരമനക്കുള്ളിൽ വസിച്ചു.
ദാനീയേൽ 2:1-49 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നെബൂഖദ്-നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ്-നേസർ സ്വപ്നം കണ്ടു; അവന്റെ മനസ്സു വ്യാകുലപ്പെട്ടു; അവന്നു ഉറക്കമില്ലാതെയായി. രാജാവിനോടു സ്വപ്നം അറിയിപ്പാൻ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിപ്പാൻ രാജാവു കല്പിച്ചു; അവർ വന്നു രാജസന്നിധിയിൽ നിന്നു. രാജാവു അവരോടു: ഞാൻ ഒരു സ്വപ്നംകണ്ടു; സ്വപ്നം ഓർക്കാഞ്ഞിട്ടു എന്റെ മനസ്സു വ്യാകുലപ്പെട്ടിരിക്കുന്നു എന്നു കല്പിച്ചു. അതിന്നു കല്ദയർ അരാമ്യഭാഷയിൽ രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർത്ഥം ബോധിപ്പിക്കാം എന്നുണർത്തിച്ചു. രാജാവു കല്ദയരോടു ഉത്തരം അരുളിയതു: വിധി കല്പിച്ചു പോയി; സ്വപ്നവും അർത്ഥവും അറിയിക്കാഞ്ഞാൽ നിങ്ങളെ കഷണംകഷണമായി ശകലിക്കയും വീടുകളെ കുപ്പക്കുന്നാക്കുകയും ചെയ്യും, സ്വപ്നവും അർത്ഥവും അറിയിച്ചാലോ നിങ്ങൾക്കു സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ടു സ്വപ്നവും അർത്ഥവും അറിയിപ്പിൻ. അവർ പിന്നെയും: രാജാവു സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർത്ഥം ബോധിപ്പിക്കാം എന്നു ഉണർത്തിച്ചു. അതിന്നു രാജാവു മറുപടി കല്പിച്ചതു: വിധി കല്പിച്ചുപോയി എന്നു കണ്ടിട്ടു നിങ്ങൾ കാലതാമസം വരുത്തുവാൻ നോക്കുന്നു എന്നു എനിക്കു മനസ്സിലായി. നിങ്ങൾ സ്വപ്നം അറിയിക്കാഞ്ഞാൽ നിങ്ങൾക്കു ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എന്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറവാൻ നിങ്ങൾ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിൻ; എന്നാൽ അർത്ഥവും അറിയിപ്പാൻ നിങ്ങൾക്കു കഴിയും എന്നു എനിക്കു ബോധ്യമാകും. കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവിന്റെ കാര്യം അറിയിപ്പാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങിനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല. രാജാവു ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പിൽ അതു അറിയിപ്പാൻ ജഡവാസമില്ലാത്ത ദേവന്മാർക്കല്ലാതെ മറ്റാർക്കും കഴികയില്ല. ഇതു ഹേതുവായിട്ടു രാജാവു കോപിച്ചു അത്യന്തം ക്രുദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മരെയും നശിപ്പിപ്പാൻ കല്പന കൊടുത്തു. അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീർപ്പു പുറപ്പെട്ടു; അവർ ദാനീയേലിനെയും കൂട്ടുകാരെയും കൂടെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ രാജാവിന്റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാൻ പുറപ്പെട്ടു അര്യോക്കിനോടു ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും കൂടെ ഉത്തരം പറഞ്ഞു. രാജസന്നിധിയിൽനിന്നു ഇത്ര കഠിനകല്പന പുറപ്പെടുവാൻ സംഗതി എന്തു എന്നു അവൻ രാജാവിന്റെ സേനാപതിയായ അര്യോക്കിനോടു ചോദിച്ചു; അര്യോക്ക് ദാനീയേലിനോടു കാര്യം അറിയിച്ചു; ദാനീയേൽ അകത്തു ചെന്നു രാജാവിനോടു തനിക്കു സമയം തരേണം എന്നും താൻ രാജാവിനോടു അർത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു. പിന്നെ ദാനീയേൽ വീട്ടിൽ ചെന്നു, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന്നു ഈ രഹസ്യത്തെക്കുറിച്ചു സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാൻ തക്കവണ്ണം കൂട്ടുകാരായ ഹനന്യാവോടും മീശായേലിനോടും അസര്യാവോടും കാര്യം അറിയിച്ചു. അങ്ങനെ ആ രഹസ്യം ദാനീയേലിന്നു രാത്രിദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ചുപറഞ്ഞതു: ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ. അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു. അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു. എന്റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോടു അപേക്ഷിച്ചതു ഇപ്പോൾ എന്നെ അറിയിച്ചു രാജാവിന്റെ കാര്യം ഞങ്ങൾക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാൻ നിന്നെ വാഴ്ത്തിസ്തുതിക്കുന്നു. അതുകൊണ്ടു ദാനീയേൽ, ബാബേലിലെ വിദ്വാന്മാരെ നിശിപ്പിപ്പാൻ രാജാവു നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്നു അവനോടു: ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുതു; എന്നെ രാജസന്നിധിയിൽ കൊണ്ടുപോകേണം; ഞാൻ രാജാവിനെ അർത്ഥം ബോധിപ്പിക്കാം എന്നു പറഞ്ഞു. അര്യോക്ക് ദാനീയേലിനെ വേഗം രാജസന്നിധിയിൽ കൊണ്ടുചെന്നു: രാജാവിനെ അർത്ഥം ബോധിപ്പിക്കേണ്ടതിന്നു യെഹൂദാപ്രവാസികളിൽ ഒരുത്തനെ ഞാൻ കണ്ടെത്തിയിരിക്കുന്നു എന്നു ഉണർത്തിച്ചു. ബേല്ത്ത് ശസ്സർ എന്നും പേരുള്ള ദാനീയേലിനോടു രാജാവു: ഞാൻ കണ്ട സ്വപ്നവും അർത്ഥവും അറിയിപ്പാൻ നിനക്കു കഴിയുമോ എന്നു ചോദിച്ചു. ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവു ചോദിച്ച ഗുപ്തകാര്യം വിദ്വാന്മാർക്കും ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ശകുനവാദികൾക്കും രാജാവിനെ അറിയിപ്പാൻ കഴിയുന്നതല്ല. എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടു; അവൻ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസർരാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ആവിതു: രാജാവേ, ഇനിമേൽ സംഭവിപ്പാനിരിക്കുന്നതു എന്തെന്നുള്ള വിചാരം പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായി; രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ സംഭവിപ്പാനിരിക്കുന്നതു അറിയിച്ചുമിരിക്കുന്നു. എനിക്കോ ജീവനോടിരിക്കുന്ന യാതൊരുത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഉണ്ടായിട്ടല്ല, രാജാവിനോടു അർത്ഥം ബോധിപ്പിക്കേണ്ടതിന്നും തിരുമനസ്സിലെ വിചാരം തിരുമനസ്സുകൊണ്ടു അറിയേണ്ടതിന്നും അത്രേ ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നതു. രാജാവു കണ്ട ദർശനമോ: വലിയൊരു ബിംബം; വലിപ്പമേറിയതും വിശേഷശോഭയുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു. ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടും കാൽ പാതി ഇരിമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയിരുന്നു. തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ചു തകർത്തുകളഞ്ഞു. ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകർന്നു വേനല്ക്കാലത്തു കളത്തിലെ പതിർപോലെ ആയിത്തീർന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു മഹാപർവ്വതമായിത്തീർന്നു ഭൂമിയിൽ ഒക്കെയും നിറഞ്ഞു. ഇതത്രേ സ്വപ്നം; അർത്ഥവും അടിയങ്ങൾ തിരുമനസ്സു അറിയിക്കാം. രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വർഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു. മനുഷ്യർ പാർക്കുന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കയ്യിൽ തന്നു, എല്ലാറ്റിന്നും തിരുമനസ്സിലെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നേ. തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാൾ താണതായ മറ്റൊരു രാജത്വവും സർവ്വഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും. നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകർത്തു കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകർത്തുകളയും. കാലും കാൽ വിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യമോ: അതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും. കാൽവിരൽ പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടു ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും. ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ താല്പര്യമോ: അവർ മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല. ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും. കൈ തൊടാതെ ഒരു കല്ലു പർവ്വതത്തിൽനിന്നു പറിഞ്ഞുവന്നു ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്റെ താല്പര്യമോ: മഹാദൈവം മേലാൽ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർത്ഥം സത്യവും ആകുന്നു. അപ്പോൾ നെബൂഖദ്നേസർരാജാവു സാഷ്ടാംഗം വീണു ദാനീയേലിനെ നമസ്കരിച്ചു, അവന്നു ഒരു വഴിപാടും സൗരഭ്യവാസനയും അർപ്പിക്കേണമെന്നു കല്പിച്ചു. രാജാവു ദാനീയേലിനോടു: നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവാധി ദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു. രാജാവു ദാനീയേലിനെ മഹാനാക്കി, അവന്നു അനേകം വലിയ സമ്മാനങ്ങളും കൊടുത്തു, അവനെ ബാബേൽസംസ്ഥാനത്തിന്നൊക്കെയും അധിപതിയും ബാബേലിലെ സകലവിദ്വാന്മാർക്കും പ്രധാനവിചാരകനും ആക്കിവെച്ചു. ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്കു മേൽവിചാരകരാക്കി; ദാനീയേലോ രാജാവിന്റെ കോവിലകത്തു പാർത്തു.
ദാനീയേൽ 2:1-49 സമകാലിക മലയാളവിവർത്തനം (MCV)
നെബൂഖദ്നേസരിന്റെ ഭരണത്തിന്റെ രണ്ടാംവർഷത്തിൽ അദ്ദേഹം ഒരു സ്വപ്നംകണ്ടു. അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായി; അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞില്ല. അപ്പോൾ രാജാവു സ്വപ്നം തന്നെ അറിയിക്കാൻ ആഭിചാരകരെയും മന്ത്രവാദികളെയും ക്ഷുദ്രക്കാരെയും ജ്യോതിഷികളെയും വിളിക്കാൻ കൽപ്പനകൊടുത്തു. അങ്ങനെ അവർ വന്ന് രാജസന്നിധിയിൽ നിന്നു. അപ്പോൾ രാജാവ് അവരോട്, “ഞാൻ ഒരു സ്വപ്നംകണ്ടു. അത് എന്നെ വളരെയധികം അസ്വസ്ഥനാക്കുന്നു സ്വപ്നത്തിന്റെ അർഥം എന്താണെന്ന് എനിക്ക് അറിയണം” എന്നു പറഞ്ഞു. ജ്യോതിഷികൾ അരാമ്യഭാഷയിൽ രാജാവിനോടു പറഞ്ഞു: “രാജാവു ദീർഘായുസ്സായിരിക്കട്ടെ! സ്വപ്നമെന്തെന്ന് അടിയങ്ങളോടു കൽപ്പിച്ചാലും; ഞങ്ങൾ അതിന്റെ അർഥം വെളിപ്പെടുത്താം.” രാജാവ് ജ്യോതിഷികളോട് ഉത്തരം പറഞ്ഞത്: “എന്റെ ദൃഢനിശ്ചയം ഇതാണ്: സ്വപ്നവും അതിന്റെ അർഥവും നിങ്ങൾ എന്നെ അറിയിക്കാത്തപക്ഷം നിങ്ങളുടെ അവയവങ്ങൾ ഓരോന്നായി ഛേദിച്ചു വേർപെടുത്തുകയും നിങ്ങളുടെ വീട് കൽക്കൂമ്പാരമാക്കുകയും ചെയ്യും. എന്നാൽ സ്വപ്നവും അർഥവും നിങ്ങൾ എന്നെ അറിയിക്കുമെങ്കിൽ, നിങ്ങൾക്കു സമ്മാനങ്ങളും പ്രതിഫലവും വലിയ ബഹുമതിയും ലഭിക്കും. അതിനാൽ സ്വപ്നവും അതിന്റെ അർഥവും എന്നെ അറിയിക്കുക,” എന്നായിരുന്നു. അവർ ഒരിക്കൽക്കൂടി രാജാവിനോട് ഉത്തരം പറഞ്ഞു: “രാജാവ് സ്വപ്നം അടിയങ്ങളെ അറിയിച്ചാലും; അർഥം ഞങ്ങൾ വെളിപ്പെടുത്താം.” രാജാവ് ഉത്തരം പറഞ്ഞു: “എന്റെ കൽപ്പന മാറ്റം വരുത്താൻ കഴിയാത്തതെന്നറിഞ്ഞിട്ടും നിങ്ങൾ സമയം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണ്. നിങ്ങൾ സ്വപ്നം എന്നെ അറിയിക്കുന്നില്ലെങ്കിൽ നിങ്ങൾക്കുള്ള വിധി ഒന്നുമാത്രം. ഞാൻ എന്റെ മനസ്സു മാറ്റുന്നതുവരെ എന്നോടു വ്യാജവും വഷളത്തവും പറയാൻ നിങ്ങൾ ഒത്തുചേർന്നിരിക്കുന്നു. അതിനാൽ നിങ്ങൾക്ക് അർഥം പറയാൻ കഴിയുമോ എന്ന് എനിക്ക് അറിയേണ്ടതിന് ആദ്യം സ്വപ്നം എന്തെന്നു നിങ്ങൾ എന്നോടു പറയുക.” ജ്യോതിഷികൾ രാജാവിനോട് ഉത്തരം പറഞ്ഞത്: “ഭൂമിയിലുള്ള മഹാനും ശക്തനുമായ ഒരു രാജാവും ഇപ്രകാരമൊരു കാര്യം ഏതെങ്കിലും ആഭിചാരകനോടോ മന്ത്രവാദിയോടോ ജ്യോത്സ്യനോടോ നാളിതുവരെ ചോദിച്ചിട്ടില്ല. ഈ കാര്യം രാജാവിനെ അറിയിക്കാൻ കഴിവുള്ള യാതൊരു മനുഷ്യനും ഭൂമിയിൽ ഇല്ല. തന്നെയുമല്ല, രാജാവ് ആവശ്യപ്പെടുന്ന കാര്യം വളരെ പ്രയാസമുള്ളതാണ്. ദേവതകൾ ഒഴികെ, ഈ കാര്യം രാജാവിനെ അറിയിക്കാൻ കഴിവുള്ള ആരുംതന്നെയില്ല. ദേവതകൾ മനുഷ്യരുടെ ഇടയിൽ ജീവിക്കുന്നവരുമല്ലല്ലോ,” എന്നായിരുന്നു. ഇതു കേട്ടപ്പോൾ രാജാവ് അത്യന്തം കുപിതനായി. ബാബേലിലെ എല്ലാ ജ്ഞാനികളെയും നശിപ്പിക്കാൻ അദ്ദേഹം കൽപ്പനകൊടുത്തു. അങ്ങനെ സകലജ്ഞാനികളെയും കൊന്നുകളയാനുള്ള കൽപ്പന രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു. ദാനീയേലിനെയും സ്നേഹിതന്മാരെയുംകൂടെ കൊല്ലുന്നതിന് അവർ ഉദ്യോഗസ്ഥരെ അയച്ചു. അങ്ങനെ ബാബേലിലെ ജ്ഞാനികളെയെല്ലാം കൊല്ലുന്നതിനു രാജാവിന്റെ സൈന്യാധിപനായ അര്യോക്ക് പുറപ്പെട്ടു. അദ്ദേഹത്തോട് ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും ഉത്തരം പറഞ്ഞു. രാജാവിന്റെ സൈന്യാധിപനായ അര്യോക്കിനോട് ദാനീയേൽ ചോദിച്ചു: “രാജാവ് ഇത്ര കഠിനമായ ഈ കൽപ്പന പുറപ്പെടുവിക്കാൻ സംഗതിയെന്ത്?” അപ്പോൾ അര്യോക്ക് ദാനീയേലിനോട് കാര്യം വിശദീകരിച്ചു. ഉടൻതന്നെ രാജസന്നിധിയിൽച്ചെന്ന് സ്വപ്നവ്യാഖ്യാനം രാജാവിനെ അറിയിക്കേണ്ടതിനു തനിക്കു സമയം നൽകണമെന്ന് ദാനീയേൽ അപേക്ഷിച്ചു. പിന്നീട്, ദാനീയേൽ ഭവനത്തിലെത്തി തന്റെ സ്നേഹിതന്മാരായ ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവരോട് കാര്യം വിവരിച്ചുകേൾപ്പിച്ചു. അദ്ദേഹം അവരോട്, ബാബേലിലെ ജ്ഞാനികളായ മറ്റു പുരുഷന്മാരോടൊപ്പം വധിക്കപ്പെടാതിരിക്കേണ്ടതിന് ഈ രഹസ്യത്തെ സംബന്ധിച്ച് സ്വർഗത്തിലെ ദൈവത്തിന്റെ കാരുണ്യം തങ്ങൾക്കു ലഭിക്കേണ്ടതിന് അപേക്ഷിക്കാൻ ഉദ്ബോധിപ്പിച്ചു. ആ രാത്രിയിൽ ഒരു ദർശനത്തിൽ ദാനീയേലിന് ആ രഹസ്യം വെളിപ്പെട്ടു. അപ്പോൾ ദാനീയേൽ സ്വർഗത്തിലെ ദൈവത്തെ ഇപ്രകാരം സ്തുതിച്ചു. അദ്ദേഹം: “ദൈവത്തിന്റെ നാമം എന്നെന്നേക്കും വാഴ്ത്തപ്പെടട്ടെ; ജ്ഞാനവും ശക്തിയും അവിടത്തേക്കുള്ളത്. അവിടന്നു കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവിടന്നു രാജാക്കന്മാരെ നീക്കംചെയ്യുകയും ഉറപ്പിക്കുകയും ചെയ്യുന്നു. അവിടന്നു ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു വിവേകവും നൽകുന്നു. അവിടന്ന് അഗാധവും നിഗൂഢവുമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നു; ഇരുട്ടിൽ മറഞ്ഞിരിക്കുന്നത് അവിടന്ന് അറിയുന്നു, വെളിച്ചം അവിടത്തോടൊപ്പം വസിക്കുന്നു. എന്റെ പിതാക്കന്മാരുടെ ദൈവമേ, അവിടന്ന് എനിക്കു ജ്ഞാനവും ശക്തിയും നൽകിയിരിക്കുകയാൽ ഞാൻ അവിടത്തെ വാഴ്ത്തുന്നു. ഞങ്ങൾ അവിടത്തോട് അപേക്ഷിച്ച കാര്യം അവിടന്ന് എന്നെ അറിയിച്ചിരിക്കുന്നു, രാജാവിന്റെ സ്വപ്നത്തെക്കുറിച്ച് അവിടന്നു ഞങ്ങൾക്ക് വെളിപ്പെടുത്തിയിരിക്കുന്നു.” പിന്നീട്, ദാനീയേൽ ബാബേലിലെ ജ്ഞാനികളെ നശിപ്പിക്കാൻ രാജാവു നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്നു. അദ്ദേഹത്തോട്: “ബാബേലിലെ ജ്ഞാനികളെ വധിക്കരുത്. എന്നെ രാജസന്നിധിയിലേക്കു കൊണ്ടുപോകുക; ഞാൻ രാജാവിനു സ്വപ്നത്തിന്റെ പൊരുൾ വ്യാഖ്യാനിച്ചുകൊടുക്കാം” എന്നു പറഞ്ഞു. അര്യോക്ക് തിടുക്കത്തിൽ ദാനീയേലിനെ രാജസന്നിധിയിലെത്തിച്ചിട്ട് രാജാവിനോട്: “രാജാവിനു സ്വപ്നം വ്യാഖ്യാനിച്ചുനൽകാൻ കഴിവുള്ള ഒരുവനെ ഞാൻ യെഹൂദാപ്രവാസികളിൽ കണ്ടെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. രാജാവ് ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനീയേലിനോട്: “ഞാൻ കണ്ട സ്വപ്നവും അതിന്റെ അർഥവും വെളിപ്പെടുത്താൻ നിനക്കു കഴിയുമോ?” എന്നു ചോദിച്ചു. ദാനീയേൽ രാജാവിനോട് ഇപ്രകാരം ഉത്തരം പറഞ്ഞു: “രാജാവു ചോദിച്ച ഈ രഹസ്യം തിരുമനസ്സിനെ അറിയിക്കാൻ ജ്ഞാനികൾക്കോ മന്ത്രവാദികൾക്കോ ആഭിചാരകന്മാർക്കോ ദേവപ്രശ്നംവെക്കുന്നവർക്കോ കഴിയുകയില്ല. എന്നാൽ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗത്തിലുണ്ട്. ഭാവിയിൽ സംഭവിക്കേണ്ടത് അവിടന്ന് നെബൂഖദ്നേസർ രാജാവിനു വെളിപ്പെടുത്തിയിരിക്കുന്നു. പള്ളിമെത്തയിലായിരുന്നപ്പോൾ കണ്ട സ്വപ്നവും തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ഇവയാണ്: “രാജാവേ, പള്ളിമെത്തയിൽ ആയിരുന്നപ്പോൾ ഭാവിയിൽ എന്തു സംഭവിക്കും എന്നുള്ള ചിന്ത തിരുമനസ്സിലുണ്ടായി. രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവൻ അത് അങ്ങയെ അറിയിച്ചുമിരിക്കുന്നു. ജീവനോടിരിക്കുന്ന ഏതെങ്കിലും മനുഷ്യനെക്കാൾ അധികം ജ്ഞാനം എന്നിൽ ഉള്ളതുകൊണ്ടല്ല, പിന്നെയോ, രാജാവിനോട് അർഥം ബോധിപ്പിക്കേണ്ടതിനും അങ്ങയുടെ മനസ്സിലുണ്ടായ ചിന്തകൾ അങ്ങ് ഗ്രഹിക്കുന്നതിനുംവേണ്ടിയാണ് ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നത്. “രാജാവേ, അങ്ങു നോക്കിയപ്പോൾ അങ്ങയുടെ മുമ്പിലായി ഒരു വലിയ പ്രതിമ—അത്യധികം വലുപ്പമുള്ളതും ശോഭയോടെ തിളങ്ങുന്നതും കാഴ്ചയിൽ ഭയാനകവുമായ ഒരു പ്രതിമ—കാണപ്പെട്ടു. പ്രതിമയുടെ തല തങ്കനിർമിതമായിരുന്നു. അതിന്റെ നെഞ്ചും കൈകളും വെള്ളികൊണ്ടും വയറും തുടകളും വെങ്കലംകൊണ്ടും കാലുകൾ ഇരുമ്പുകൊണ്ടും അതിന്റെ പാദങ്ങൾ ഭാഗികമായി ഇരുമ്പുകൊണ്ടും ഭാഗികമായി കളിമണ്ണുകൊണ്ടും ആയിരുന്നു. അങ്ങ് നോക്കിക്കൊണ്ടിരിക്കെ, മനുഷ്യന്റെ കൈകൾകൊണ്ടല്ലാതെ രൂപപ്പെടുത്തിയ ഒരു പാറ അടർന്നുവന്നു പ്രതിമയുടെ ഇരുമ്പും കളിമണ്ണുംകൊണ്ടുള്ള കാൽ ഇടിച്ചുതകർത്തുകളഞ്ഞു. അപ്പോൾ ഇരുമ്പും കളിമണ്ണും വെങ്കലവും വെള്ളിയും സ്വർണവും എല്ലാം ഒരുപോലെ തകർന്നു തരിപ്പണമായി; അതു വേനൽക്കാലത്തു മെതിക്കളത്തിലെ പതിരുപോലെ ആയിത്തീർന്നു. ഒന്നും ശേഷിപ്പിക്കാതെ കാറ്റ് അവയെ പറപ്പിച്ചുകളഞ്ഞു. പ്രതിമയെ ഇടിച്ച കല്ലോ, ഒരു വലിയ പർവതമായിത്തീർന്ന് ഭൂമിയിലെല്ലാം നിറഞ്ഞു. “ഇതായിരുന്നു സ്വപ്നം. ഇനി ഞങ്ങൾ രാജാവിനോട് സ്വപ്നത്തിന്റെ പൊരുൾ വിവരിക്കാം. രാജാവേ, അങ്ങ് രാജാധിരാജൻതന്നെ. സ്വർഗസ്ഥനായ ദൈവം അങ്ങേക്ക് ആധിപത്യവും ശക്തിയും ബലവും മഹത്ത്വവും നൽകിയിരിക്കുന്നു; മനുഷ്യവർഗത്തെയും വയലിലെ മൃഗങ്ങളെയും ആകാശത്തിലെ പറവകളെയും അവിടന്ന് അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു. അവയ്ക്കെല്ലാം അവിടന്ന് അങ്ങയെ ഭരണാധികാരിയാക്കിയിരിക്കുന്നു. സ്വർണംകൊണ്ടുള്ള തല അങ്ങുതന്നെ. “അങ്ങേക്കുശേഷം അങ്ങയുടേതിനെക്കാൾ താണ മറ്റൊരു രാജത്വം ഉയർന്നുവരും. അടുത്തതായി വെങ്കലംകൊണ്ടുള്ള മൂന്നാമതൊരു രാജത്വം ഭൂമിയെ മുഴുവൻ ഭരിക്കും. പിന്നീടുള്ള നാലാമത്തെ രാജത്വം ഇരുമ്പുപോലെ ശക്തമായിരിക്കും—ഇരുമ്പ് സകലതിനെയും തകർത്തു നശിപ്പിക്കുന്നല്ലോ—ഇരുമ്പു സകലതിനെയും തകർത്തുകളയുന്നതുപോലെ അത് എല്ലാറ്റിനെയും തകർത്തു തരിപ്പണമാക്കും. കാലും കാൽവിരലുകളും, ഭാഗികമായി കളിമണ്ണും ഭാഗികമായി ഇരുമ്പുമായി, അങ്ങു കണ്ടതുപോലെ അത് ഒരു വിഭജിതരാജത്വം ആയിരിക്കും. എന്നാൽ ഇരുമ്പും കളിമണ്ണും ഇടകലർന്നുകണ്ടതുപോലെ അതിൽ ഇരുമ്പിന്റെ ശക്തി കുറെ ഉണ്ടായിരിക്കും. കാൽവിരലുകൾ പകുതി ഇരുമ്പും പകുതി കളിമണ്ണും ആയിരുന്നതുപോലെ ആ രാജത്വം ഭാഗികമായി ശക്തവും ഭാഗികമായി ദുർബലവും ആയിരിക്കും. അതിൽ ഇരുമ്പു കേവലം കളിമണ്ണിനോടു കലർന്നിരുന്നതുപോലെ അവർ വിവാഹബന്ധത്തിലൂടെ പരസ്പരം ഇടകലർന്നിരിക്കും. എങ്കിലും ഇരുമ്പു കളിമണ്ണിനോടു ചേരാത്തതുപോലെ അവർതമ്മിലും ചേർച്ചയുണ്ടാകുകയില്ല. “ആ രാജാക്കന്മാരുടെ കാലത്ത് സ്വർഗത്തിലെ ദൈവം ഒരിക്കലും നശിക്കാത്ത ഒരു രാജ്യം സ്ഥാപിക്കും. ആ രാജ്യം മറ്റൊരു ജനതയ്ക്ക് ഏൽപ്പിക്കപ്പെടുകയില്ല. അത് ഈ സകലരാജ്യങ്ങളെയും തകർത്തു നശിപ്പിക്കും. എന്നാൽ ആ രാജ്യം എന്നേക്കും നിലനിൽക്കും. പർവതത്തിൽനിന്ന് മനുഷ്യന്റെ കരസ്പർശം കൂടാതെ പൊട്ടിച്ചെടുത്ത ഒരു കല്ലു വന്ന് ഇരുമ്പിനെയും വെങ്കലത്തെയും കളിമണ്ണിനെയും വെള്ളിയെയും സ്വർണത്തെയും തകർത്തുകളഞ്ഞതായി അങ്ങു കണ്ട ദർശനത്തിന്റെ അർഥം ഇതാണ്: “ഭാവിയിൽ സംഭവിക്കാനുള്ളത് വലിയവനായ ദൈവം അങ്ങയെ അറിയിച്ചിരിക്കുന്നു. സ്വപ്നം യാഥാർഥ്യവും അതിന്റെ വ്യാഖ്യാനം വിശ്വാസയോഗ്യവുമാണ്.” അപ്പോൾ നെബൂഖദ്നേസർ രാജാവു സാഷ്ടാംഗം വീണ് ദാനീയേലിനെ നമസ്കരിച്ചു. അദ്ദേഹത്തിന് ഒരു വഴിപാടും സൗരഭ്യധൂപവും അർപ്പിക്കാൻ കൽപ്പനകൊടുത്തു. രാജാവു ദാനീയേലിനോട് ഉത്തരം പറഞ്ഞത്: “ഈ രഹസ്യം വെളിപ്പെടുത്താൻ നിനക്കു കഴിഞ്ഞതുകൊണ്ട് നിന്റെ ദൈവം ദേവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവനും ആകുന്നു.” അതിനുശേഷം രാജാവ് ദാനീയേലിനെ ഉന്നതസ്ഥാനത്തേക്ക് ഉയർത്തുകയും അദ്ദേഹത്തിനു ധാരാളം സമ്മാനങ്ങൾ നൽകുകയും ചെയ്തു. രാജാവ് അദ്ദേഹത്തെ ബാബേൽ പ്രവിശ്യ മുഴുവന്റെയും ഭരണാധിപനാക്കുകയും ബാബേലിലെ എല്ലാ ജ്ഞാനികൾക്കും മേലധികാരിയാക്കുകയും ചെയ്തു. മാത്രമല്ല, ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും ബാബേൽ പ്രവിശ്യയുടെ ഭരണകാര്യങ്ങൾക്കു മേൽവിചാരകരാക്കി; ദാനീയേലോ, രാജകൊട്ടാരത്തിൽ താമസിച്ചു.