ദാനീയേൽ 10:7-12
ദാനീയേൽ 10:7-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാനീയേൽ എന്ന ഞാൻ മാത്രം ഈ ദർശനം കണ്ടു; എന്നോടുകൂടെ ഉണ്ടായിരുന്ന ആളുകൾ ദർശനം കണ്ടില്ല; എങ്കിലും ഒരു മഹാഭ്രമം അവർക്കു പിടിച്ചിട്ട് അവർ ഓടിയൊളിച്ചു. അങ്ങനെ ഞാൻ തനിച്ചു ശേഷിച്ചിരുന്ന് ഈ മഹാദർശനം കണ്ടു; എന്നിൽ ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്ക് ഒട്ടും ബലം ഇല്ലാതെയും ആയി. എന്നാൽ ഞാൻ അവന്റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണുവീണു. എന്നാറെ ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളംകൈയും ഊന്നി വിറയലോടെ നില്ക്കുമാറാക്കി. അവൻ എന്നോട്: ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാൻ നിന്നോടു പറയുന്ന വചനങ്ങളെ ശ്രദ്ധിച്ചു നിവിർന്നുനില്ക്ക; ഞാൻ ഇപ്പോൾ നിന്റെ അടുക്കൽ അയയ്ക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു; അവൻ ഈ വാക്ക് എന്നോടു സംസാരിച്ചപ്പോൾ ഞാൻ വിറച്ചുകൊണ്ടു നിവിർന്നുനിന്നു. അവൻ എന്നോടു പറഞ്ഞത്: ദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിനും നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തേണ്ടതിനും മനസ്സുവച്ച ആദ്യദിവസംമുതൽ നിന്റെ വാക്ക് കേട്ടിരിക്കുന്നു; നിന്റെ വാക്ക് ഹേതുവായി തന്നെ ഞാൻ വന്നിരിക്കുന്നു.
ദാനീയേൽ 10:7-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ കൂടെയുണ്ടായിരുന്നവർ അതു കണ്ടില്ല. എന്നാൽ അവർ സംഭീതരായി ഓടി ഒളിച്ചു. ഞാൻ ഏകനായി ആ മഹാദർശനം കണ്ടു. എന്റെ ശക്തിമുഴുവൻ ചോർന്നുപോയി; എന്റെ മുഖശോഭ മങ്ങി. എന്റെ ശക്തി അറ്റു. എങ്കിലും ഞാൻ അയാളുടെ ശബ്ദം കേട്ടു. അയാളുടെ സ്വരംകേട്ട് ഞാൻ പ്രജ്ഞയറ്റ് നിലത്തുവീണു. ഒരു കരം എന്നെ സ്പർശിക്കുകയും പിടിച്ച് എഴുന്നേല്പിക്കുകയും ചെയ്തു. വിറച്ചുകൊണ്ടെങ്കിലും മുട്ടും കൈയും ഊന്നി ഞാൻ നിന്നു. ആ ദിവ്യപുരുഷൻ എന്നോടു പറഞ്ഞു: “പ്രിയപ്പെട്ട ദാനിയേലേ, ഞാൻ പറയുന്ന വാക്കുകൾ ഗ്രഹിക്കുക. നീ നില്‌ക്കുന്നിടത്തു നിവർന്നു നില്‌ക്കുക; ഞാൻ നിന്റെ അടുക്കൽ അയയ്‍ക്കപ്പെട്ടിരിക്കുന്നു.” ഇതു പറഞ്ഞപ്പോൾ വിറച്ചുകൊണ്ട് ഞാൻ നിവർന്നു നിന്നു. ദാനിയേലേ ഭയപ്പെടേണ്ടാ, നീ വിവേകത്തിനായി നിന്റെ ദൈവത്തിന്റെ സന്നിധിയിൽ സ്വയം എളിമപ്പെടുത്തിയ ദിവസംമുതൽ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. അതുകൊണ്ടാണ് ഞാനിപ്പോൾ നിന്റെ അടുക്കൽ വന്നിരിക്കുന്നത്.
ദാനീയേൽ 10:7-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദാനീയേൽ എന്ന ഞാൻ മാത്രം ഈ ദർശനം കണ്ടു; എന്നോടുകൂടി ഉണ്ടായിരുന്ന ആളുകൾ ദർശനം കണ്ടില്ല; എങ്കിലും ഒരു മഹാസംഭ്രമം അവർക്കുണ്ടായിട്ട് അവർ ഓടിയൊളിച്ചു. അങ്ങനെ ഞാൻ തനിയെ ഇരുന്ന് ഞാൻ ഈ മഹാദർശനം കണ്ടു; എന്നിൽ ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്ക് ഒട്ടും ബലം ഇല്ലാതെയും ആയി. എന്നാൽ ഞാൻ അവന്റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ബോധരഹിതനായി നിലത്ത് കവിണ്ണുവീണു. പെട്ടെന്ന് ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളങ്കയ്യും ഊന്നി വിറയലോടെ നില്ക്കുമാറാക്കി. അവൻ എന്നോട്: “ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാൻ നിന്നോട് പറയുന്ന വചനങ്ങൾ ശ്രദ്ധിച്ച് നിവിർന്നുനില്‍ക്കുക; ഞാൻ ഇപ്പോൾ നിന്റെ അടുക്കൽ അയയ്ക്കപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു; അവൻ ഈ വാക്കുകൾ എന്നോട് സംസാരിച്ചപ്പോൾ ഞാൻ വിറച്ചുകൊണ്ട് നിവർന്നു നിന്നു. അവൻ എന്നോട് പറഞ്ഞത്: “ദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിനും, നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തേണ്ടതിനും മനസ്സുവച്ച ആദ്യ ദിവസംമുതൽ നിന്‍റെ വാക്കുകൾ കേട്ടിരിക്കുന്നു; നിന്‍റെ വാക്കുകൾ ഹേതുവായി തന്നെ ഞാൻ വന്നിരിക്കുന്നു.
ദാനീയേൽ 10:7-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദാനീയേൽ എന്ന ഞാൻ മാത്രം ഈ ദർശനം കണ്ടു; എന്നോടുകൂടെ ഉണ്ടായിരുന്ന ആളുകൾ ദർശനം കണ്ടില്ല; എങ്കിലും ഒരു മഹാഭ്രമം അവർക്കു പിടിച്ചിട്ടു അവർ ഓടിയൊളിച്ചു. അങ്ങനെ ഞാൻ തനിച്ചു ശേഷിച്ചിരുന്നു ഈ മഹാദർശനം കണ്ടു; എന്നിൽ ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്കു ഒട്ടും ബലം ഇല്ലാതെയും ആയി. എന്നാൽ ഞാൻ അവന്റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണുവീണു. എന്നാറെ ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളങ്കയ്യും ഊന്നി വിറയലോടെ നില്ക്കുമാറാക്കി. അവൻ എന്നോടു: ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാൻ നിന്നോടു പറയുന്ന വചനങ്ങളെ ശ്രദ്ധിച്ചു നിവിർന്നുനില്ക്ക; ഞാൻ ഇപ്പോൾ നിന്റെ അടുക്കൽ അയക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു; അവൻ ഈ വാക്കു എന്നോടു സംസാരിച്ചപ്പോൾ ഞാൻ വിറെച്ചുകൊണ്ടു നിവിർന്നുനിന്നു. അവൻ എന്നോടു പറഞ്ഞതു: ദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിന്നും നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തേണ്ടതിന്നും മനസ്സുവെച്ച ആദ്യദിവസംമുതൽ നിന്റെ വാക്കു കേട്ടിരിക്കുന്നു; നിന്റെ വാക്കു ഹേതുവായി തന്നേ ഞാൻ വന്നിരിക്കുന്നു.
ദാനീയേൽ 10:7-12 സമകാലിക മലയാളവിവർത്തനം (MCV)
ദാനീയേൽ എന്ന ഞാൻമാത്രം ഈ ദർശനം കണ്ടു; എന്നോടുകൂടെയുണ്ടായിരുന്നവർ ഈ ദർശനം കണ്ടില്ല. എങ്കിലും ഒരു വലിയ ഭീതി അവരുടെമേൽ വീണു; അവർ ഓടിയൊളിച്ചു. അങ്ങനെ ഞാൻ തനിയേ ഇരുന്ന് ആ മഹാദർശനം കണ്ടു; എന്നിൽ ബലം ശേഷിച്ചിരുന്നില്ല. എന്റെ മുഖം വിളറിവെളുത്തു; ഞാൻ ഒന്നിനും കഴിവില്ലാത്തവൻ ആയിത്തീർന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ ശബ്ദം ഞാൻ കേട്ടു. ഞാൻ ആ ശബ്ദം കേട്ടപ്പോൾത്തന്നെ ബോധരഹിതനായി നിലത്തു കമിഴ്ന്നുവീണു. അപ്പോൾ ഒരു കരം എന്നെ സ്പർശിച്ചു; അപ്പോൾ കൈകളും കാൽമുട്ടുകളും ഊന്നി വിറച്ചുകൊണ്ടു ഞാൻ നിന്നു. അദ്ദേഹം എന്നോട്: “ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാൻ നിന്നോടു പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടുകൊൾക, നിവർന്നുനിൽക്കുക. എന്നെ ഇപ്പോൾ അയച്ചിരിക്കുന്നത് നിന്റെ അടുക്കലേക്കാണ്” എന്നു പറഞ്ഞു. അദ്ദേഹം ഈ വാക്കുകൾ സംസാരിച്ചപ്പോൾ ഞാൻ വിറയലോടെ നിവർന്നുനിന്നു. പിന്നീട് അദ്ദേഹം പറഞ്ഞു: “ദാനീയേലേ, ഭയപ്പെടേണ്ട, ഇതു ഗ്രഹിക്കുന്നതിനും നിന്റെ ദൈവത്തിന്റെ മുമ്പിൽ സ്വയം താഴ്ത്തുന്നതിനും നീ മനസ്സുവെച്ച ആദ്യദിവസംമുതൽ നിന്റെ വാക്കുകൾ കേട്ടിരിക്കുന്നു. നിന്റെ അപേക്ഷയ്ക്ക് ഉത്തരമായിത്തന്നെ ഞാൻ വന്നിരിക്കുന്നു.