ദാനീയേൽ 1:1-9

ദാനീയേൽ 1:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽരാജാവായ നെബൂഖദ്നേസർ യെരൂശലേമിലേക്കു വന്ന് അതിനെ നിരോധിച്ചു. കർത്താവ് യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതിനെയും അവന്റെ കൈയിൽ ഏല്പിച്ചു; അവൻ അവയെ ശിനാർദേശത്തു തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു കൊണ്ടുപോയി; ആ പാത്രങ്ങളെ അവൻ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വച്ചു. അനന്തരം രാജാവ് തന്റെ ഷണ്ഡന്മാരിൽ പ്രധാനിയായ അശ്പെനാസിനോട്: യിസ്രായേൽമക്കളിൽ രാജസന്തതിയിലും കുലീനന്മാരിലുംവച്ച് അംഗഭംഗമില്ലാത്തവരും സുന്ദരന്മാരും സകല ജ്ഞാനത്തിലും നിപുണന്മാരും അറിവിൽ സമർഥന്മാരും വിദ്യാപരിജ്ഞാനികളും രാജധാനിയിൽ പരിചരിപ്പാൻ യോഗ്യന്മാരും ആയ ചില ബാലന്മാരെ വരുത്തുവാനും അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിപ്പാനും കല്പിച്ചു. രാജാവ് അവർക്കു രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം വളർത്തിയിട്ട് അവർ രാജസന്നിധിയിൽ നില്ക്കേണം എന്നു കല്പിച്ചു. അവരുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നീ യെഹൂദാപുത്രന്മാർ ഉണ്ടായിരുന്നു. ഷണ്ഡാധിപൻ അവർക്കു പേരിട്ടു; ദാനീയേലിന് അവൻ ബേൽത്ത്ശസ്സർ എന്നും ഹനന്യാവിന് ശദ്രക് എന്നും മീശായേലിനു മേശക് എന്നും അസര്യാവിന് അബേദ്-നെഗോ എന്നും പേരുവിളിച്ചു. എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ച്, തനിക്ക് അശുദ്ധി ഭവിപ്പാൻ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോട് അപേക്ഷിച്ചു. ദൈവം ദാനീയേലിനു ഷണ്ഡാധിപന്റെ മുമ്പിൽ ദയയും കരുണയും ലഭിപ്പാൻ ഇടവരുത്തി. ഷണ്ഡാധിപൻ ദാനീയേലിനോട്

പങ്ക് വെക്കു
ദാനീയേൽ 1 വായിക്കുക

ദാനീയേൽ 1:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാംവർഷം ബാബിലോൺരാജാവായ നെബുഖദ്നേസർ യെരൂശലേമിനെ ഉപരോധിച്ചു. യെഹോയാക്കീംരാജാവിനെ കീഴടക്കാനും ദൈവത്തിന്റെ ആലയത്തിലെ ചില പാത്രങ്ങൾ കൈവശപ്പെടുത്താനും സർവേശ്വരൻ അദ്ദേഹത്തെ അനുവദിച്ചു. നെബുഖദ്നേസർ യെഹോയാക്കീമിനെ ആ പാത്രങ്ങളോടൊപ്പം ശിനാർദേശത്തുള്ള തന്റെ ദേവന്റെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. പാത്രങ്ങൾ ക്ഷേത്രഭണ്ഡാരത്തിൽ വച്ചു. പിന്നീട് രാജാവ് തന്റെ രാജകൊട്ടാരത്തിലെ സേവകന്മാരിൽ മുഖ്യനായ അശ്പെനാസിനെ വിളിച്ച് കല്പിച്ചു: കൊട്ടാരത്തിൽ സേവനം അനുഷ്ഠിക്കാൻ യോഗ്യരായ ഏതാനും പേരെ ഇസ്രായേല്യരിൽനിന്ന് കൊണ്ടുവരിക; അവർ രാജകുടുംബാംഗങ്ങളും കുലീനത്വം ഉള്ളവരും അംഗവൈകല്യമില്ലാത്തവരും സുമുഖരും പ്രതിഭാശാലികളും അഭിഞ്ജരും വിവേകശാലികളും ആയിരിക്കണം. ബാബിലോണ്യരുടെ എഴുത്തും വായനയും അവരെ അഭ്യസിപ്പിക്കണം. രാജാവു ഭക്ഷിക്കുന്ന വിശിഷ്ടഭോജ്യങ്ങളും അദ്ദേഹം പാനംചെയ്യുന്ന വീഞ്ഞും അവർക്കു നല്‌കണമെന്നും മൂന്നുവർഷത്തെ പരിശീലനം കഴിഞ്ഞ് അവരെ രാജസമക്ഷം ഹാജരാക്കണമെന്നും കല്പിച്ചിരുന്നു. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരിൽ യെഹൂദാഗോത്രക്കാരായ ദാനിയേൽ, ഹനന്യാ, മീശായേൽ, അസര്യാ എന്നിവർ ഉണ്ടായിരുന്നു. രാജകൊട്ടാരത്തിലെ സേവകപ്രമാണി ദാനിയേലിനു ബേൽത്ത്ശസ്സർ എന്നും ഹനന്യാക്കു ശദ്രക് എന്നും മീശായേലിനു മേശക് എന്നും അസര്യാക്കു അബേദ്-നെഗോ എന്നും പേരിട്ടു. രാജാവിന്റെ വിശിഷ്ടഭോജ്യങ്ങളും അദ്ദേഹം പാനം ചെയ്യുന്ന വീഞ്ഞും കഴിച്ചു താൻ ആചാരപരമായി അശുദ്ധനാകുകയില്ലെന്നു ദാനിയേൽ നിശ്ചയിച്ചു. അതിനാൽ താൻ മലിനനാകാതിരിക്കാൻ അനുവദിക്കണമെന്ന് രാജസേവകപ്രമാണിയോടു ദാനിയേൽ അപേക്ഷിച്ചു. അശ്പെനാസിനു ദാനിയേലിനോടു ദയയും അനുകമ്പയും തോന്നാൻ ദൈവം ഇടയാക്കി.

പങ്ക് വെക്കു
ദാനീയേൽ 1 വായിക്കുക

ദാനീയേൽ 1:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യെഹൂദാ രാജാവായ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽരാജാവായ നെബൂഖദ്-നേസർ യെരൂശലേമിലേക്ക് വന്ന് അതിനെ നിരോധിച്ചു. കർത്താവ് യെഹൂദാ രാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്‍റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതും അവന്‍റെ കയ്യിൽ ഏല്പിച്ചു; അവൻ ആ പാത്രങ്ങൾ ശിനാർദേശത്ത് തന്‍റെ ദേവന്‍റെ ക്ഷേത്രത്തിൽ കൊണ്ടുപോയി; അവ അവൻ തന്‍റെ ദേവന്‍റെ ഭണ്ഡാരഗൃഹത്തിൽ വച്ചു. അനന്തരം രാജാവ് തന്‍റെ ഷണ്ഡന്മാരിൽ പ്രധാനിയായ അശ്പെനാസിനോട്: “യിസ്രായേൽ മക്കളിൽ രാജവംശത്തിലുള്ളവരും കുലീനന്മാരും, അംഗഭംഗമില്ലാത്തവരും, സുന്ദരന്മാരും സകലജ്ഞാനത്തിലും നിപുണരും, സമർത്ഥരും, വിദ്യാപരിജ്ഞാനികളും, രാജധാനിയിൽ പരിചരിക്കുവാൻ യോഗ്യരും ആയ ചില ബാലന്മാരെ വരുത്തി, അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിക്കുക” എന്നു കല്പിച്ചു. രാജാവ് അവർക്ക് രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു വര്‍ഷം പരിശീലിപ്പിച്ചശേഷം അവർ രാജസന്നിധിയിൽ നില്ക്കേണം എന്നും കല്പിച്ചു. അവരുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നീ യെഹൂദാമക്കൾ ഉണ്ടായിരുന്നു. ഷണ്ഡാധിപൻ അവർക്ക് പുതിയ പേരുകൾ നൽകി; ദാനീയേലിന് അവൻ ബേൽത്ത്ശസ്സർ എന്നും ഹനന്യാവിന് ശദ്രക്ക് എന്നും മീശായേലിന് മേശക്ക് എന്നും അസര്യാവിന് അബേദ്-നെഗോ എന്നും പേരുവിളിച്ചു. എന്നാൽ രാജാവിന്‍റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും സ്വയം അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു; തനിക്കു അശുദ്ധി ഭവിക്കുവാൻ ഇടവരുത്തരുതെന്ന് ഷണ്ഡാധിപനോട് അപേക്ഷിച്ചു. ദൈവം ദാനീയേലിന് ഷണ്ഡാധിപന്‍റെ മുമ്പിൽ ദയയും കരുണയും ലഭിക്കുവാൻ ഇടവരുത്തി.

പങ്ക് വെക്കു
ദാനീയേൽ 1 വായിക്കുക

ദാനീയേൽ 1:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽ രാജാവായ നെബൂഖദ്-നേസർ യെരൂശലേമിലേക്കു വന്നു അതിനെ നിരോധിച്ചു. കർത്താവു യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതിനെയും അവന്റെ കയ്യിൽ ഏല്പിച്ചു; അവൻ അവയെ ശിനാർദേശത്തു തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു കൊണ്ടുപോയി; ആ പാത്രങ്ങളെ അവൻ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വെച്ചു. അനന്തരം രാജാവു തന്റെ ഷണ്ഡന്മാരിൽ പ്രധാനിയായ അശ്പെനാസിനോടു: യിസ്രായേൽമക്കളിൽ രാജസന്തതിയിലും കുലീനന്മാരിലും വെച്ചു അംഗഭംഗമില്ലാത്തവരും സുന്ദരന്മാരും സകലജ്ഞാനത്തിലും നിപുണന്മാരും അറിവിൽ സമർത്ഥന്മാരും വിദ്യാപരിജ്ഞാനികളും രാജധാനിയിൽ പരിചരിപ്പാൻ യോഗ്യന്മാരും ആയ ചില ബാലന്മാരെ വരുത്തുവാനും അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിപ്പാനും കല്പിച്ചു. രാജാവു അവർക്കു രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം വളർത്തീട്ടു അവർ രാജസന്നിധിയിൽ നില്ക്കേണം എന്നു കല്പിച്ചു. അവരുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവു, മീശായേൽ, അസര്യാവു എന്നീ യെഹൂദാപുത്രന്മാർ ഉണ്ടായിരുന്നു. ഷണ്ഡാധിപൻ അവർക്കു പേരിട്ടു; ദാനീയേലിന്നു അവൻ ബേല്ത്ത്ശസ്സർ എന്നും ഹനന്യവിന്നു ശദ്രക്ക് എന്നും മീശായേലിന്നു മേശക്ക് എന്നും അസര്യാവിന്നു അബേദ്-നെഗോ എന്നും പേരുവിളിച്ചു. എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു, തനിക്കു അശുദ്ധി ഭവിപ്പാൻ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോടു അപേക്ഷിച്ചു. ദൈവം ദാനീയേലിന്നു ഷണ്ഡാധിപന്റെ മുമ്പിൽ ദയയും കരുണയും ലഭിപ്പാൻ ഇടവരുത്തി.

പങ്ക് വെക്കു
ദാനീയേൽ 1 വായിക്കുക

ദാനീയേൽ 1:1-9 സമകാലിക മലയാളവിവർത്തനം (MCV)

യെഹൂദാരാജാവായ യെഹോയാക്കീമിന്റെ ഭരണത്തിന്റെ മൂന്നാംവർഷത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സൈന്യവുമായി ജെറുശലേമിലേക്ക് വന്ന് അതിനെ ഉപരോധിച്ചു. കർത്താവ് യെഹൂദാരാജാവായ യെഹോയാക്കീമിനെ ദൈവാലയത്തിലെ ചില ഉപകരണങ്ങളോടൊപ്പം അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു. അദ്ദേഹം അവ ബാബേലിൽ തന്റെ ദേവന്റെ ക്ഷേത്രത്തിൽ കൊണ്ടുവന്ന്, തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വെച്ചു. അതിനുശേഷം രാജാവ് തന്റെ ഉദ്യോഗസ്ഥമേധാവിയായ അശ്പെനാസിനോട് ഇസ്രായേൽമക്കളിൽ രാജകുടുംബത്തിലും പ്രഭുകുടുംബത്തിലും ഉൾപ്പെട്ടവരും— അംഗവൈകല്യമില്ലാത്തവരും സുന്ദരന്മാരും സർവവിജ്ഞാനശാഖകളിലും സമർഥരും വിവേകശാലികളും ദ്രുതഗ്രഹണശേഷിയുള്ളവരും രാജാവിന്റെ കൊട്ടാരത്തിൽ പരിചരിക്കാൻ യോഗ്യരുമായ ചില യുവാക്കളെ ഹാജരാക്കാൻ ആജ്ഞാപിച്ചു. അവരെ ബാബേല്യരുടെ ഭാഷയും സാഹിത്യവും അഭ്യസിപ്പിക്കാൻ നിർദേശംനൽകി. രാജാവിന്റെ മേശയിലെ ഭക്ഷണത്തിൽനിന്നും വീഞ്ഞിൽനിന്നും അവർക്ക് ഓരോ ദിവസത്തെ ഓഹരി നൽകണമെന്നും മൂന്നു വർഷത്തെ പരിശീലനത്തിനുശേഷം അവർ രാജസേവനത്തിൽ പ്രവേശിക്കണമെന്നും രാജാവു കൽപ്പിച്ചു. അവരുടെ കൂട്ടത്തിൽ യെഹൂദാഗോത്രത്തിൽപ്പെട്ടവരായ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നീ യുവാക്കന്മാർ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥമേധാവി അവർക്കു പുതിയ പേരുകൾ നൽകി. അദ്ദേഹം ദാനീയേലിന് ബേൽത്ത്ശസ്സർ എന്നും ഹനന്യാവിന് ശദ്രക്ക് എന്നും മീശായേലിന് മേശക്ക് എന്നും അസര്യാവിന് അബേദ്നെഗോ എന്നും പേരുകൾ നൽകി. എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അദ്ദേഹം കുടിച്ചിരുന്ന വീഞ്ഞുകൊണ്ടും സ്വയം അശുദ്ധനാക്കുകയില്ല എന്ന് ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു. അതുകൊണ്ട്, തനിക്ക് ഇപ്രകാരം അശുദ്ധി സംഭവിക്കാൻ ഇടവരുത്തരുതേ എന്ന് അദ്ദേഹം ഉദ്യോഗസ്ഥമേധാവിയോട് അപേക്ഷിച്ചു— ഉദ്യോഗസ്ഥമേധാവിയുടെ ദൃഷ്ടിയിൽ ദാനീയേലിന് കൃപയും കരുണയും ലഭിക്കാൻ ദൈവം ഇടവരുത്തി

പങ്ക് വെക്കു
ദാനീയേൽ 1 വായിക്കുക