കൊലൊസ്സ്യർ 4:7-18

കൊലൊസ്സ്യർ 4:7-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്റെ അവസ്ഥയൊക്കെയും കർത്താവിൽ പ്രിയസഹോദരനും വിശ്വസ്ത ശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോട് അറിയിക്കും. നിങ്ങൾ ഞങ്ങളുടെ അവസ്ഥ അറിവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി ഞാൻ അവനെ നിങ്ങളിൽ ഒരുത്തനായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടുകൂടെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇവിടത്തെ അവസ്ഥ എല്ലാം അവർ നിങ്ങളോട് അറിയിക്കും. എന്റെ സഹബദ്ധനായ അരിസ്തർഹൊസും ബർന്നബാസിന്റെ മച്ചുനനായ മർക്കൊസും- അവനെക്കുറിച്ചു നിങ്ങൾക്കു കല്പന കിട്ടിയിട്ടുണ്ടല്ലോ; അവൻ നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ കൈക്കൊൾവിൻ- യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരിൽ ഇവർ മാത്രം ദൈവരാജ്യത്തിനു കൂട്ടുവേലക്കാരായിട്ട് എനിക്ക് ആശ്വാസമായിത്തീർന്നു. നിങ്ങളിൽ ഒരുത്തനായി ക്രിസ്തുയേശുവിന്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണനിശ്ചയമുള്ളവരുമായി നില്ക്കേണ്ടതിന് അവൻ പ്രാർഥനയിൽ നിങ്ങൾക്കുവേണ്ടി എപ്പോഴും പോരാടുന്നു. നിങ്ങൾക്കും ലവൊദിക്യക്കാർക്കും ഹിയരപൊലിക്കാർക്കുംവേണ്ടി അവൻ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിനു ഞാൻ സാക്ഷി. വൈദ്യനായ പ്രിയ ലൂക്കൊസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു. ലവൊദിക്യയിലെ സഹോദരന്മാർക്കും നുംഫെക്കും അവളുടെ വീട്ടിലെ സഭയ്ക്കും വന്ദനം ചൊല്ലുവിൻ. നിങ്ങളുടെ ഇടയിൽ ഈ ലേഖനം വായിച്ചു തീർന്നശേഷം ലവൊദിക്യസഭയിൽകൂടെ വായിപ്പിക്കയും ലവൊദിക്യയിൽനിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്‍വിൻ. അർഹിപ്പൊസിനോടു കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം എന്നു പറവിൻ. പൗലൊസായ എന്റെ സ്വന്തകൈയാലെ വന്ദനം; എന്റെ ബന്ധനങ്ങളെ ഓർത്തുകൊൾവിൻ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

കൊലൊസ്സ്യർ 4:7-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നമ്മുടെ പ്രിയ സഹോദരനും കർത്താവിന്റെ വേലയിൽ വിശ്വസ്തനും സഹഭൃത്യനുമായ തിഹിക്കൊസ് എന്നെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നിങ്ങളോടു പറയും. ഞങ്ങളുടെ വിവരങ്ങൾ അറിയിച്ച് നിങ്ങളെ സമാശ്വസിപ്പിക്കുന്നതിനുവേണ്ടിയത്രേ അയാളെ ഞാൻ അയയ്‍ക്കുന്നത്. നിങ്ങളുടെ കൂട്ടത്തിൽപ്പെട്ട പ്രിയങ്കരനും വിശ്വസ്തനുമായ ഒനേസിമോസും അയാളുടെ കൂടെ വരുന്നുണ്ട്. ഇവിടത്തെ എല്ലാ വിവരങ്ങളും അവർ നിങ്ങളെ അറിയിക്കും. എന്റെ കൂടെ തടവിൽ കിടക്കുന്ന അരിസ്തർഹൊസും ബർനബാസിന്റെ പിതൃവ്യപുത്രനായ മർക്കോസും നിങ്ങളെ അഭിവാദനം ചെയ്യുന്നു. മർക്കോസ് നിങ്ങളുടെ അടുക്കൽ വരികയാണെങ്കിൽ അയാളെ നിങ്ങൾ സ്വീകരിക്കണമെന്നു നേരത്തെ നിർദേശിച്ചിട്ടുണ്ടല്ലോ. യുസ്തൊസ് എന്നു വിളിക്കുന്ന യേശുവും നിങ്ങൾക്കു വന്ദനം പറയുന്നു. എന്നോടുകൂടി ദൈവരാജ്യത്തിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരിൽ ഈ മൂന്നുപേർ മാത്രമാണ്, വിശ്വാസം സ്വീകരിച്ചിട്ടുള്ള യെഹൂദന്മാർ. അവർ എനിക്കു വലിയ സഹായമായിത്തീർന്നു. നിങ്ങളുടെ കൂട്ടത്തിലുള്ളവനും ക്രിസ്തുയേശുവിന്റെ ഭൃത്യനുമായ എപ്പഫ്രാസും നിങ്ങളെ അഭിവാദനം ചെയ്യുന്നു. നിങ്ങൾ ദൃഢവിശ്വാസമുള്ളവരും പക്വമതികളുമായി ദൈവഹിതം പൂർണമായി അനുസരിക്കുന്നതിൽ പതറാതെ ഉറച്ചുനില്‌ക്കുന്നതിനുവേണ്ടി അയാൾ ഏറ്റവും ശുഷ്കാന്തിയോടുകൂടി എപ്പോഴും പ്രാർഥിക്കുന്നു. നിങ്ങൾക്കും ലവൊദിക്യയിലും ഹിയരാപ്പൊലിസിലുള്ളവർക്കുംവേണ്ടി അയാൾ ചെയ്യുന്ന കഠിനാധ്വാനത്തിനു ഞാൻ സാക്ഷിയാണ്. നമ്മുടെ പ്രിയപ്പെട്ട വൈദ്യനായ ലൂക്കോസും, ദേമാസും നിങ്ങൾക്കു വന്ദനം പറയുന്നു. ലവൊദിക്യയിലുള്ള സഹോദരന്മാർക്കും, നിംഫയ്‍ക്കും, അവളുടെ ഭവനത്തിൽ കൂടുന്ന സഭയ്‍ക്കും, ഞങ്ങളുടെ ആശംസകൾ. നിങ്ങൾ ഈ കത്തു വായിച്ചശേഷം ലവൊദിക്യയിലെ സഭയിലും ഇതു വായിക്കണം. അതുപോലെതന്നെ ലവൊദിക്യയിലെ സഹോദരന്മാർ നിങ്ങൾക്കയച്ചുതരുന്ന കത്തും നിങ്ങൾ വായിക്കേണ്ടതാണ്. കർത്തൃശുശ്രൂഷയിൽ തന്നെ ഏല്പിച്ചിട്ടുള്ള ചുമതല നിർവഹിക്കണമെന്ന് അർഹിപ്പൊസിനോടു പറയുക. നിങ്ങൾക്ക് എന്റെ അഭിവാദനങ്ങൾ! പൗലൊസ് എന്ന ഞാൻ എന്റെ സ്വന്തം കൈകൊണ്ട് ഇതെഴുതിയിരിക്കുന്നു. ഞാൻ തടവിലാണ് എന്നുള്ളത് നിങ്ങൾ മറക്കരുത്. ദൈവത്തിന്റെ കൃപ നിങ്ങളോടുകൂടി ഇരിക്കുമാറാകട്ടെ.

കൊലൊസ്സ്യർ 4:7-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്‍റെ അവസ്ഥ ഒക്കെയും കർത്താവിൽ പ്രിയ സഹോദരനും വിശ്വസ്ത ശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോട് അറിയിക്കും. നിങ്ങൾ ഞങ്ങളുടെ അവസ്ഥ അറിയുവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ പ്രോത്സാഹിപ്പിക്കുവാനുമായി ഞാൻ അവനെ നിങ്ങളിൽ ഒരുവനായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടുകൂടെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇവിടത്തെ അവസ്ഥ എല്ലാം അവർ നിങ്ങളോട് അറിയിക്കും. എന്‍റെ സഹതടവുകാരനായ അരിസ്തർഹൊസും ബർന്നബാസിൻ്റെ ബന്ധുവായ മർക്കൊസും — അവനെക്കുറിച്ച് നിങ്ങൾക്ക് കല്പന കിട്ടീട്ടുണ്ടല്ലോ; അവൻ നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ കൈക്കൊൾവിൻ. യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; യഹൂദവിശ്വാസികളില്‍ ഇവർ മൂവരും മാത്രം ദൈവരാജ്യത്തിന് കൂട്ടുവേലക്കാരായിട്ട് എനിക്ക് ആശ്വാസമായിത്തീർന്നു. നിങ്ങളിൽ ഒരുവനായ ക്രിസ്തുയേശുവിൻ്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങൾ തികവുള്ളവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നില്ക്കേണ്ടതിന് അവൻ പ്രാർത്ഥനയിൽ നിങ്ങൾക്കുവേണ്ടി എപ്പോഴും പോരാടുന്നു. നിങ്ങൾക്കും ലവുദിക്യപട്ടണത്തിലും ഹിയരപൊലിപട്ടണത്തിലുമുള്ള വിശ്വാസികള്‍ക്കും വേണ്ടി അവൻ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിന് ഞാൻ സാക്ഷി. വൈദ്യനായ പ്രിയ ലൂക്കോസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു. ലവുദിക്യയിലെ സഹോദരന്മാർക്കും നുംഫെയ്ക്കും അവളുടെ വീട്ടിലെ സഭയ്ക്കും വന്ദനം ചൊല്ലുവിൻ. നിങ്ങളുടെ ഇടയിൽ ഈ ലേഖനം വായിച്ച് തീർന്നശേഷം ലവുദിക്യസഭയിൽ കൂടെ വായിപ്പിക്കുകയും ലവുദിക്യയിൽനിന്നുള്ളത് നിങ്ങളും വായിക്കുകയും ചെയ്‌വിൻ. അർക്കിപ്പൊസിനോട് കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം എന്നു പറവിൻ. പൗലൊസ് എന്ന ഞാൻ എന്‍റെ സ്വന്തകയ്യാൽ വന്ദനം ചെയ്യുന്നു; എന്‍റെ ബന്ധനങ്ങളെ ഓർത്തുകൊൾവിൻ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

കൊലൊസ്സ്യർ 4:7-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്റെ അവസ്ഥ ഒക്കെയും കർത്താവിൽ പ്രിയസഹോദരനും വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോടു അറിയിക്കും. നിങ്ങൾ ഞങ്ങളുടെ അവസ്ഥ അറിവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി ഞാൻ അവനെ നിങ്ങളിൽ ഒരുത്തനായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടുകൂടെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇവിടത്തെ അവസ്ഥ എല്ലാം അവർ നിങ്ങളോടു അറിയിക്കും. എന്റെ സഹബദ്ധനായ അരിസ്തർഹൊസും ബർന്നബാസിന്റെ മച്ചുനനായ മർക്കൊസും — അവനെക്കുറിച്ചു നിങ്ങൾക്കു കല്പന കിട്ടീട്ടുണ്ടല്ലോ; അവൻ നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ കൈക്കൊൾവിൻ — യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരിൽ ഇവർ മാത്രം ദൈവരാജ്യത്തിന്നു കൂട്ടുവേലക്കാരായിട്ടു എനിക്കു ആശ്വാസമായിത്തീർന്നു. നിങ്ങളിൽ ഒരുത്തനായി ക്രിസ്തുയേശുവിന്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നില്ക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ നിങ്ങൾക്കു വേണ്ടി എപ്പോഴും പോരാടുന്നു. നിങ്ങൾക്കും ലവുദിക്യക്കാർക്കും ഹിയരപൊലിക്കാർക്കും വേണ്ടി അവൻ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിന്നു ഞാൻ സാക്ഷി. വൈദ്യനായ പ്രിയ ലൂക്കൊസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു. ലവുദിക്യയിലെ സഹോദരന്മാർക്കും നുംഫെക്കും അവളുടെ വീട്ടിലെ സഭെക്കും വന്ദനം ചൊല്ലുവിൻ. നിങ്ങളുടെ ഇടയിൽ ഈ ലേഖനം വായിച്ചു തീർന്നശേഷം ലവുദിക്യസഭയിൽ കൂടെ വായിപ്പിക്കയും ലവുദിക്യയിൽനിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്‌വിൻ. അർഹിപ്പൊസിനോടു കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം എന്നു പറവിൻ. പൗലൊസായ എന്റെ സ്വന്തകയ്യാലെ വന്ദനം; എന്റെ ബന്ധനങ്ങളെ ഓർത്തുകൊൾവിൻ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

കൊലൊസ്സ്യർ 4:7-18 സമകാലിക മലയാളവിവർത്തനം (MCV)

പ്രിയസഹോദരനും കർത്താവിന്റെ വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് എന്റെ വാർത്തയെല്ലാം നിങ്ങളെ അറിയിക്കും. ഞങ്ങൾ എങ്ങനെയിരിക്കുന്നു എന്നവിവരം നിങ്ങളെ അറിയിച്ച് നിങ്ങൾക്ക് ആശ്വാസം പകരേണ്ടതിനാണ് ഞാൻ അയാളെ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നത്. നിങ്ങളിൽ ഒരാളായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടൊപ്പമാണ് അദ്ദേഹം അങ്ങോട്ടു വരുന്നത്; ഇവിടത്തെ വസ്തുതകളെല്ലാം അവർ നിങ്ങളെ അറിയിക്കും. എന്റെ സഹതടവുകാരനായ അരിസ്തർഹൊസും ബർന്നബാസിന്റെ ബന്ധുവായ മർക്കോസും നിങ്ങളെ അഭിവാദനംചെയ്യുന്നു. മർക്കോസിനെപ്പറ്റി നിങ്ങൾക്കു നിർദേശം ലഭിച്ചിട്ടുണ്ടല്ലോ. നിങ്ങളുടെ അടുക്കൽ വന്നാൽ അദ്ദേഹത്തെ സ്വാഗതംചെയ്യുക. യുസ്തൊസ് എന്നു വിളിപ്പേരുള്ള യേശുവും നിങ്ങളെ വന്ദനംചെയ്യുന്നു. ദൈവരാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന എന്റെ സഹപ്രവർത്തകരിൽ ഇവർമാത്രമാണ് യെഹൂദന്മാർ. ഇവർ എനിക്ക് ആശ്വാസമായിത്തീർന്നിരിക്കുന്നു. നിങ്ങളിൽ ഒരാളും ക്രിസ്തുയേശുവിന്റെ ദാസനുമായ എപ്പഫ്രാസ് നിങ്ങൾക്കു വന്ദനം നേരുന്നു. നിങ്ങൾ ദൈവഹിതത്തെപ്പറ്റി പൂർണനിശ്ചയമുള്ളവരായി നിലനിൽക്കേണ്ടതിന് അദ്ദേഹം നിങ്ങൾക്കുവേണ്ടി അത്യന്തം ജാഗ്രതയോടുകൂടെ നിരന്തരം പ്രാർഥിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളെക്കുറിച്ചും ലവൊദിക്യയിലും ഹിയരപ്പൊലിസിലും ഉള്ളവരെക്കുറിച്ചും അദ്ദേഹത്തിനു വളരെ ഹൃദയഭാരമുണ്ട് എന്നതിനു ഞാൻ സാക്ഷി. നമ്മുടെ പ്രിയ വൈദ്യനായ ലൂക്കോസും ദേമാസും നിങ്ങളെ അഭിവാദനംചെയ്യുന്നു. ലവൊദിക്യയിലുള്ള സഹോദരങ്ങളെയും നുംഫയെയും അവരുടെ ഭവനത്തിലെ സഭയെയും എന്റെ സ്നേഹാന്വേഷണം അറിയിക്കുക. ഈ ലേഖനം നിങ്ങൾ വായിച്ചതിനുശേഷം ലവൊദിക്യസഭയിൽ വായിപ്പിക്കുകയും ലവൊദിക്യയിൽനിന്നുള്ള ലേഖനം നിങ്ങൾ വായിക്കുകയുംചെയ്യണം. “കർത്താവിൽ നിനക്കു ലഭിച്ച ശുശ്രൂഷ നിറവേറ്റുക” എന്ന് അർഹിപ്പൊസിനോടു പറയണം. പൗലോസ് എന്ന ഞാൻ സ്വന്തം കൈകൊണ്ട് ഈ വന്ദനവചസ്സുകൾ എഴുതുന്നു. എന്റെ ബന്ധനങ്ങളെ ഓർക്കുക. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.