കൊലൊസ്സ്യർ 4:2-9

കൊലൊസ്സ്യർ 4:2-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പ്രാർഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ. എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മർമം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം ഞങ്ങൾക്കു വചനത്തിന്റെ വാതിൽ തുറന്നുതരികയും ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിനു ഞങ്ങൾക്കുവേണ്ടിയും പ്രാർഥിപ്പിൻ. സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ. ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്ന് അറിയേണ്ടതിനു നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ. എന്റെ അവസ്ഥയൊക്കെയും കർത്താവിൽ പ്രിയസഹോദരനും വിശ്വസ്ത ശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോട് അറിയിക്കും. നിങ്ങൾ ഞങ്ങളുടെ അവസ്ഥ അറിവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി ഞാൻ അവനെ നിങ്ങളിൽ ഒരുത്തനായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടുകൂടെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇവിടത്തെ അവസ്ഥ എല്ലാം അവർ നിങ്ങളോട് അറിയിക്കും.

കൊലൊസ്സ്യർ 4:2-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പ്രാർഥനയിൽ ജാഗരൂകരായി ദൈവത്തിനു സ്തോത്രം അർപ്പിച്ചുകൊണ്ട് ഉറച്ചുനില്‌ക്കുക. ക്രിസ്തുവിന്റെ രഹസ്യം പ്രസംഗിക്കുന്നതിനു വചനത്തിന്റെ വാതിൽ തുറന്നു കിട്ടുവാനായി ഞങ്ങൾക്കുവേണ്ടിയും പ്രാർഥിക്കുക. അതിനുവേണ്ടിയാണല്ലോ ഞാൻ ഇപ്പോൾ തടവിലായിരിക്കുന്നത്. ആ മർമ്മം സ്പഷ്ടമാക്കുന്ന വിധത്തിൽ യഥോചിതം പ്രസംഗിക്കുവാൻ എനിക്കു കഴിയുന്നതിനുവേണ്ടിയും പ്രാർഥിക്കുക. നിങ്ങൾക്കു ലഭിക്കുന്ന അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ട്, വിശ്വാസികളല്ലാത്തവരോടു വിവേകപൂർവം വർത്തിക്കുക. നിങ്ങളുടെ സംഭാഷണം ഹൃദ്യവും മധുരോദാരവുമായിരിക്കണം. എല്ലാവർക്കും സമുചിതമായ മറുപടി നല്‌കേണ്ടത് എങ്ങനെയാണെന്നു നിങ്ങൾ അറിഞ്ഞിരിക്കുകയും വേണം. നമ്മുടെ പ്രിയ സഹോദരനും കർത്താവിന്റെ വേലയിൽ വിശ്വസ്തനും സഹഭൃത്യനുമായ തിഹിക്കൊസ് എന്നെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നിങ്ങളോടു പറയും. ഞങ്ങളുടെ വിവരങ്ങൾ അറിയിച്ച് നിങ്ങളെ സമാശ്വസിപ്പിക്കുന്നതിനുവേണ്ടിയത്രേ അയാളെ ഞാൻ അയയ്‍ക്കുന്നത്. നിങ്ങളുടെ കൂട്ടത്തിൽപ്പെട്ട പ്രിയങ്കരനും വിശ്വസ്തനുമായ ഒനേസിമോസും അയാളുടെ കൂടെ വരുന്നുണ്ട്. ഇവിടത്തെ എല്ലാ വിവരങ്ങളും അവർ നിങ്ങളെ അറിയിക്കും.

കൊലൊസ്സ്യർ 4:2-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പ്രാർത്ഥനയിൽ ഉറ്റിരിക്കുവിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ. എനിക്ക് ബന്ധനകാരണമായ ക്രിസ്തുവിന്‍റെ മർമ്മം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം ഞങ്ങൾക്ക് വചനത്തിന്‍റെ വാതിൽ തുറന്നുതരികയും ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിന് ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുവിൻ. സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ട് അവിശ്വാസികളോടു ജ്ഞാനത്തോടെ പെരുമാറുവിൻ. ഓരോരുത്തനോട് നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന് നിങ്ങളുടെ സംസാരം എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ. എന്‍റെ അവസ്ഥ ഒക്കെയും കർത്താവിൽ പ്രിയ സഹോദരനും വിശ്വസ്ത ശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോട് അറിയിക്കും. നിങ്ങൾ ഞങ്ങളുടെ അവസ്ഥ അറിയുവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ പ്രോത്സാഹിപ്പിക്കുവാനുമായി ഞാൻ അവനെ നിങ്ങളിൽ ഒരുവനായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടുകൂടെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇവിടത്തെ അവസ്ഥ എല്ലാം അവർ നിങ്ങളോട് അറിയിക്കും.

കൊലൊസ്സ്യർ 4:2-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ. എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മർമ്മം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം ഞങ്ങൾക്കു വചനത്തിന്റെ വാതിൽ തുറന്നുതരികയും ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിന്നു ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിപ്പിൻ. സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ. ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ. എന്റെ അവസ്ഥ ഒക്കെയും കർത്താവിൽ പ്രിയസഹോദരനും വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോടു അറിയിക്കും. നിങ്ങൾ ഞങ്ങളുടെ അവസ്ഥ അറിവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി ഞാൻ അവനെ നിങ്ങളിൽ ഒരുത്തനായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടുകൂടെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇവിടത്തെ അവസ്ഥ എല്ലാം അവർ നിങ്ങളോടു അറിയിക്കും.

കൊലൊസ്സ്യർ 4:2-9 സമകാലിക മലയാളവിവർത്തനം (MCV)

ജാഗ്രതയോടും നന്ദിയോടുംകൂടെ പ്രാർഥനയിൽ തുടരുക. ഞാൻ തടവിലാകാൻ കാരണമായ ക്രിസ്തുവിനെക്കുറിച്ചുള്ള രഹസ്യം ഇനിയും അറിയിക്കാൻ ദൈവം ഞങ്ങൾക്കു വചനപ്രഘോഷണത്തിനുവേണ്ടി ഒരു വാതിൽ തുറന്നുതരണം. എനിക്ക് അതു വേണ്ടുംപോലെ വ്യക്തമായി ഘോഷിക്കാൻ കഴിയുകയുംവേണം. ഇതിനായി ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക. ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് അവിശ്വാസികളോട് വിവേകപൂർവം പെരുമാറുക. ഓരോ വ്യക്തിയോടും എങ്ങനെ ഉചിതമായി ഉത്തരം പറയണമെന്നു ഗ്രഹിച്ചുകൊണ്ട് നിങ്ങളുടെ സംഭാഷണം ഉപ്പിനാൽ രുചി വരുത്തിയതുപോലെ, എപ്പോഴും കൃപ നിറഞ്ഞതായിരിക്കട്ടെ. പ്രിയസഹോദരനും കർത്താവിന്റെ വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് എന്റെ വാർത്തയെല്ലാം നിങ്ങളെ അറിയിക്കും. ഞങ്ങൾ എങ്ങനെയിരിക്കുന്നു എന്നവിവരം നിങ്ങളെ അറിയിച്ച് നിങ്ങൾക്ക് ആശ്വാസം പകരേണ്ടതിനാണ് ഞാൻ അയാളെ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നത്. നിങ്ങളിൽ ഒരാളായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടൊപ്പമാണ് അദ്ദേഹം അങ്ങോട്ടു വരുന്നത്; ഇവിടത്തെ വസ്തുതകളെല്ലാം അവർ നിങ്ങളെ അറിയിക്കും.

കൊലൊസ്സ്യർ 4:2-9

കൊലൊസ്സ്യർ 4:2-9 MALOVBSIകൊലൊസ്സ്യർ 4:2-9 MALOVBSI