കൊലൊസ്സ്യർ 3:5-15

കൊലൊസ്സ്യർ 3:5-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആകയാൽ ദുർന്നടപ്പ്, അശുദ്ധി, അതിരാഗം, ദുർമോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. ഈ വക നിമിത്തം ദൈവകോപം അനുസരണം കെട്ടവരുടെമേൽ വരുന്നു. അവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പേ അവയിൽ നടന്നുപോന്നു. ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവയൊക്കെയും വിട്ടുകളവിൻ. അന്യോന്യം ഭോഷ്കു പറയരുത്; നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു, തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ. അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു. അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‍വിൻ. എല്ലാറ്റിനും മീതെ സമ്പൂർണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിനല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നത്; നന്ദിയുള്ളവരായും ഇരിപ്പിൻ.

കൊലൊസ്സ്യർ 3:5-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങളിൽ വ്യാപരിക്കുന്ന അസാന്മാർഗികത, അശ്ലീലത, വിഷയാസക്തി, ദുഷ്കാമം, വിഗ്രഹാരാധനയുടെ മറ്റൊരു രൂപമായ അത്യാഗ്രഹം മുതലായ ഭൗമികമായ സ്വഭാവങ്ങളെ നിങ്ങൾ നിഗ്രഹിക്കണം. എന്തെന്നാൽ അനുസരണമില്ലാത്തവരുടെമേൽ ഇവമൂലം ദൈവത്തിന്റെ ശിക്ഷ വന്നുചേരുന്നു. ഒരു കാലത്ത് നിങ്ങൾ അവയ്‍ക്കു വിധേയരായിരുന്നു. അന്ന് അവ നിങ്ങളിൽ ആധിപത്യം ഉറപ്പിച്ചിരുന്നു. എന്നാൽ ഇന്ന് കോപം, അമർഷം, ദോഷം എന്നിവയെല്ലാം നിങ്ങൾ ഉപേക്ഷിക്കേണ്ടതാണ്. അധിക്ഷേപവാക്കുകളോ, അശ്ലീലഭാഷണമോ നിങ്ങളുടെ അധരങ്ങളിൽനിന്നു പുറപ്പെടരുത്. നിങ്ങൾ അന്യോന്യം അസത്യം പറയരുത്. നിങ്ങളുടെ പഴയ മനുഷ്യനെ അവന്റെ പഴയ സ്വഭാവത്തോടുകൂടി നിഷ്കാസനം ചെയ്തിരിക്കുകയാണല്ലോ. ഇപ്പോൾ പുതിയ പ്രകൃതി നിങ്ങൾ ധരിച്ചിരിക്കുന്നു. സ്രഷ്ടാവായ ദൈവത്തെ പൂർണമായി നിങ്ങൾ അറിയുന്നതിനുവേണ്ടി ആ പ്രകൃതിയെ തന്റെ പ്രതിച്ഛായയിൽ അവിടുന്ന് അനുസ്യൂതം നവീകരിച്ചുകൊണ്ടിരിക്കുന്നു. അതിൽ യെഹൂദനെന്നോ, വിജാതീയനെന്നോ, പരിച്ഛേദനകർമത്തിനു വിധേയനോ അല്ലാത്തവനോ എന്നോ, ഭേദമില്ല; കിരാതൻ, അപരിഷ്കൃതൻ, ദാസൻ, സ്വതന്ത്രൻ എന്നീ ഭേദങ്ങളുമില്ല; ക്രിസ്തുവാണ് എല്ലാവരിലും എല്ലാം ആയിരിക്കുന്നത്. നിങ്ങൾ ദൈവത്തിന്റെ ജനമാകുന്നു; അവിടുന്നു നിങ്ങളെ സ്നേഹിക്കുകയും തന്റെ സ്വന്തം ജനമായിരിക്കേണ്ടതിനു നിങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. അതുകൊണ്ട് മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമാശീലം ഇവ നിങ്ങൾ ധരിക്കണം. നിങ്ങൾ അന്യോന്യം സഹിക്കുകയും പൊറുക്കുകയും ഒരുവനു മറ്റൊരുവനെപ്പറ്റി എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പരസ്പരം ക്ഷമിക്കുകയും വേണം. കർത്താവു നിങ്ങളോടു ക്ഷമിച്ചിരിക്കുന്നതുപോലെ നിങ്ങളും അന്യോന്യം ക്ഷമിക്കേണ്ടതാണ്. സർവോപരി, സമ്പൂർണമായ ഐക്യത്തിൽ എല്ലാറ്റിനെയും കൂട്ടിയിണക്കുന്ന സ്നേഹം ധരിച്ചുകൊള്ളുക. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. ഈ സമാധാനത്തിലേക്കാണ് ദൈവം നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. അതിനാൽ നിങ്ങൾ അവിടുത്തോടു നന്ദിയുള്ളവരായിരിക്കുക.

കൊലൊസ്സ്യർ 3:5-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആകയാൽ വ്യഭിചാരം, അശുദ്ധി, അമിതവികാരം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ പാപാഭിലാഷങ്ങളെ മരിപ്പിക്കുവീൻ. ഈ വകനിമിത്തം ദൈവകോപം അനുസരണം കെട്ടവരുടെമേല്‍ വരുന്നു. അവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയിൽ നടന്നുപോന്നു. ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ദുരുദ്ദേശങ്ങൾ, അപമാനങ്ങൾ, വായിൽനിന്ന് വരുന്ന ലജ്ജാകരവും, അശ്ലീലവുമായ ദുർഭാഷണങ്ങൾ; ഇവയൊക്കെയും വിട്ടുകളയുവിൻ. അന്യോന്യം ഭോഷ്ക് പറയരുത്; നിങ്ങൾ പഴയമനുഷ്യനെ അവന്‍റെ ശീലങ്ങളോടുകൂടെ ഉരിഞ്ഞുകളഞ്ഞ് തന്നെ സൃഷ്ടിച്ചവൻ്റെ സ്വരൂപപ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ. ഈ അറിവിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമവും എന്നില്ല, അപരിഷ്കൃതൻ പരിഷ്കൃതൻ, ദാസൻ സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു. അതുകൊണ്ട് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം സഹിക്കുകയും ഒരുവനോട് ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവ് നിങ്ങളോട് ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ. എല്ലാറ്റിനും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. ക്രിസ്തുവിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിനല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നത്; നന്ദിയുള്ളവരായും ഇരിപ്പിൻ.

കൊലൊസ്സ്യർ 3:5-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. ഈ വകനിമിത്തം ദൈവകോപം അനുസരണം കെട്ടവരുടെമേൽ വരുന്നു. അവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയിൽ നടന്നുപോന്നു. ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ. അന്യോന്യം ഭോഷ്കു പറയരുതു; നിങ്ങൾ പഴയമനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു, തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ. അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു. അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ. എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിന്നല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നതു; നന്ദിയുള്ളവരായും ഇരിപ്പിൻ.

കൊലൊസ്സ്യർ 3:5-15 സമകാലിക മലയാളവിവർത്തനം (MCV)

അതിനാൽ അസാന്മാർഗികത, അശുദ്ധി, വിഷയാസക്തി, ദുഷിച്ച അഭിലാഷങ്ങൾ, വിഗ്രഹാരാധനയായ അത്യാഗ്രഹം എന്നിങ്ങനെയുള്ള നിങ്ങളുടെ ജഡികവികാരങ്ങളെ നിർജീവമാക്കുക. ഇവ ദൈവകോപം ജ്വലിപ്പിക്കുന്നവയാണ്. നിങ്ങൾ ഒരുകാലത്ത് ഇവയെല്ലാമനുസരിച്ചു ജീവിച്ചവരായിരുന്നു. എന്നാൽ കോപം, ക്രോധം, വിദ്വേഷം, ദൂഷണം, നിങ്ങളുടെ വായിൽനിന്ന് പുറപ്പെടുന്ന അശ്ലീലഭാഷണം ഇവയൊക്കെയും ഇപ്പോൾ ഉപേക്ഷിക്കുക. പരസ്പരം വ്യാജം പറയരുത്; നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞിട്ട്, തന്റെ സ്രഷ്ടാവിന്റെ പ്രതിരൂപത്തിൽ, പരിജ്ഞാനത്തിൽ നവീകരണം പ്രാപിച്ചുകൊണ്ടിരിക്കുന്ന നവമാനവനെയല്ലോ ധരിച്ചിരിക്കുന്നത്. ഇതിൽ ഗ്രീക്കുകാരനെന്നോ യെഹൂദനെന്നോ പരിച്ഛേദനം ഏറ്റവനെന്നോ ഏൽക്കാത്തവനെന്നോ അപരിഷ്കൃതനെന്നോ സിഥിയനെന്നോ ദാസൻ എന്നോ സ്വതന്ത്രൻ എന്നോ വ്യത്യാസം ഇല്ല. എല്ലാം ക്രിസ്തുവത്രേ നാം എല്ലാവരിലും വസിക്കുന്നതും ക്രിസ്തുവത്രേ. ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകുകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക. പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരേ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക. എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക. ക്രിസ്തു നൽകുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. അതിനായിട്ടാണല്ലോ നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. കൃതജ്ഞതയുള്ളവരായിരിക്കുക.