കൊലൊസ്സ്യർ 3:12-25
കൊലൊസ്സ്യർ 3:12-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ. എല്ലാറ്റിനും മീതെ സമ്പൂർണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിനല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നത്; നന്ദിയുള്ളവരായും ഇരിപ്പിൻ. സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ. വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിനു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കർത്താവിൽ ഉചിതമാകുംവണ്ണം കീഴടങ്ങുവിൻ. ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോടു കയ്പായിരിക്കയുമരുത്. മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ. പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന് അവരെ കോപിപ്പിക്കരുത്. ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കർത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടത്. നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന് എന്നപോലെ മനസ്സോടെ ചെയ്വിൻ. അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ. അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന് ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.
കൊലൊസ്സ്യർ 3:12-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ ദൈവത്തിന്റെ ജനമാകുന്നു; അവിടുന്നു നിങ്ങളെ സ്നേഹിക്കുകയും തന്റെ സ്വന്തം ജനമായിരിക്കേണ്ടതിനു നിങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. അതുകൊണ്ട് മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമാശീലം ഇവ നിങ്ങൾ ധരിക്കണം. നിങ്ങൾ അന്യോന്യം സഹിക്കുകയും പൊറുക്കുകയും ഒരുവനു മറ്റൊരുവനെപ്പറ്റി എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പരസ്പരം ക്ഷമിക്കുകയും വേണം. കർത്താവു നിങ്ങളോടു ക്ഷമിച്ചിരിക്കുന്നതുപോലെ നിങ്ങളും അന്യോന്യം ക്ഷമിക്കേണ്ടതാണ്. സർവോപരി, സമ്പൂർണമായ ഐക്യത്തിൽ എല്ലാറ്റിനെയും കൂട്ടിയിണക്കുന്ന സ്നേഹം ധരിച്ചുകൊള്ളുക. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. ഈ സമാധാനത്തിലേക്കാണ് ദൈവം നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. അതിനാൽ നിങ്ങൾ അവിടുത്തോടു നന്ദിയുള്ളവരായിരിക്കുക. ക്രിസ്തുവിന്റെ സന്ദേശം അതിന്റെ സർവസമൃദ്ധിയോടുംകൂടി നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കണം. സകല ജ്ഞാനത്തോടും കൂടി അന്യോന്യം പ്രബോധിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുക. സങ്കീർത്തനങ്ങളും സ്തോത്രഗീതങ്ങളും ആത്മീയ ഗാനങ്ങളും ആലപിക്കുക; നിങ്ങളുടെ ഹൃദയത്തിൽനിന്നു ദൈവത്തിനു കൃതജ്ഞതയോടുകൂടിയ ഗാനം ഉയരട്ടെ. നിങ്ങൾ ചെയ്യുന്നതും പറയുന്നതും എല്ലാം കർത്താവായ യേശുവിൽകൂടി പിതാവായ ദൈവത്തിനു സ്തോത്രം ചെയ്തുകൊണ്ട് അവിടുത്തെ നാമത്തിൽ ആയിരിക്കേണ്ടതാണ്. ഭാര്യമാരേ, കർത്താവിന്റെ അനുയായികൾ എന്ന നിലയിൽ കടമ എന്നു കരുതി നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കുക. ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക; അവരോടു പരുഷമായി പെരുമാറരുത്. കുട്ടികളേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക; എന്തെന്നാൽ അതാണ് കർത്താവിനു പ്രസാദകരമായിട്ടുള്ളത്. മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്; അങ്ങനെ ചെയ്താൽ അവർ ധൈര്യഹീനരായിത്തീരും. ദാസന്മാരേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ ലൗകികയജമാനന്മാരെ അനുസരിക്കുക; അവരുടെ പ്രീതി കിട്ടുന്നതിനുവേണ്ടി, അവരുടെ കൺമുമ്പിൽ മാത്രമല്ല അനുസരിക്കേണ്ടത്. കർത്താവിനോടുള്ള ഭയഭക്തിമൂലം ആത്മാർഥമായി അനുസരിക്കുക. നിങ്ങൾ എന്തുചെയ്താലും മനുഷ്യർക്കുവേണ്ടിയല്ല, കർത്താവിനുവേണ്ടിയത്രേ ചെയ്യുന്നത് എന്ന ചിന്തയിൽ പൂർണഹൃദയത്തോടുകൂടി ചെയ്യണം. തന്റെ ജനത്തിനു നല്‌കുവാൻ കരുതിവച്ചിട്ടുള്ള പൈതൃകം കർത്താവു പ്രതിഫലമായി നിങ്ങൾക്കു നല്‌കുമെന്നുള്ളത് ഓർത്തുകൊള്ളുക. എന്തെന്നാൽ ക്രിസ്തു എന്ന യജമാനനെയാണ് നിങ്ങൾ യഥാർഥത്തിൽ സേവിക്കുന്നത്. തെറ്റു ചെയ്യുന്നവന് അർഹിക്കുന്ന ശിക്ഷ കിട്ടും; ഒരേ അളവുകോൽകൊണ്ടാണ് ദൈവം എല്ലാവരെയും അളക്കുന്നത്.
കൊലൊസ്സ്യർ 3:12-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം സഹിക്കുകയും ഒരുവനോട് ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവ് നിങ്ങളോട് ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ. എല്ലാറ്റിനും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിനല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നത്; നന്ദിയുള്ളവരായും ഇരിപ്പിൻ. സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന് പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം അത്യധികമായി സകലജ്ഞാനത്തോടും കൂടെ നിങ്ങളിൽ വസിക്കട്ടെ. വാക്കിനാലോ ക്രിയയാലോ എന്ത് ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന് സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്ക് കർത്താവിന് ഉചിതമാകുംവണ്ണം കീഴടങ്ങുവിൻ. ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോട് കയ്പായിരിക്കയുമരുത്. മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിക്കുവിൻ. ഇത് കർത്താവിന് പൂർണ്ണമായും പ്രസാദകരമല്ലോ. പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ നിരുത്സാഹപ്പെടാതിരിക്കേണ്ടതിന് അവരെ കോപിപ്പിക്കരുത്. ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിക്കുവിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കർത്താവിനെ ഭയപ്പെട്ടുകൊണ്ട് ഹൃദയത്തിന്‍റെ ആത്മാർത്ഥതയോടെ അത്രേ അനുസരിക്കേണ്ടത്. നിങ്ങൾ ചെയ്യുന്നത് ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന് എന്നപോലെ മനസ്സോടെ ചെയ്വിൻ. അവകാശമെന്ന പ്രതിഫലം കർത്താവ് തരും എന്നറിഞ്ഞ് കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ. അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന് ഒത്തത് പ്രാപിക്കും; യാതൊരു മുഖപക്ഷവും ഇല്ലല്ലോ.
കൊലൊസ്സ്യർ 3:12-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ. എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിന്നല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നതു; നന്ദിയുള്ളവരായും ഇരിപ്പിൻ. സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകലജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ. വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻമുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കർത്താവിൽ ഉചിതമാകുംവണ്ണം കീഴടങ്ങുവിൻ. ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോടു കൈപ്പായിരിക്കയുമരുതു. മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ. പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു. ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കർത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടതു. നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്വിൻ. അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ. അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.
കൊലൊസ്സ്യർ 3:12-25 സമകാലിക മലയാളവിവർത്തനം (MCV)
ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകുകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക. പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരേ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക. എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക. ക്രിസ്തു നൽകുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. അതിനായിട്ടാണല്ലോ നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. കൃതജ്ഞതയുള്ളവരായിരിക്കുക. ക്രിസ്തുവിന്റെസന്ദേശം നിങ്ങളിൽ സമൃദ്ധിയോടെ വസിക്കട്ടെ. അങ്ങനെ ആയിരിക്കണം നിങ്ങൾ, സർവജ്ഞാനത്തോടും കൂടെ ഹൃദയത്തിൽ നന്ദി നിറഞ്ഞവരായി, സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ ദൈവത്തിനു പാടിക്കൊണ്ട്, പരസ്പരം ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യേണ്ടത്. നിങ്ങളുടെ വാക്കോ പ്രവൃത്തിയോ എന്തായാലും അവയെല്ലാം കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും യേശുക്രിസ്തു മുഖാന്തരം പിതാവായ ദൈവത്തിന് സ്തോത്രം അർപ്പിച്ചുകൊണ്ടും ആയിരിക്കട്ടെ. ഭാര്യമാരേ, കർത്താവിനു യോഗ്യമായവിധം നിങ്ങളുടെ ഭർത്താക്കന്മാർക്കും വിധേയപ്പെടുക. ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം, അവരോടു പരുഷമായി പെരുമാറരുത്. മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ സകലത്തിലും അനുസരിക്കുക, അതു കർത്താവിനു പ്രസാദകരമല്ലോ. പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്. അങ്ങനെചെയ്താൽ അവർ നിരാശരായിത്തീരും. ദാസന്മാരേ, ഭൂമിയിലുള്ള നിങ്ങളുടെ യജമാനന്മാരെ എല്ലാക്കാര്യത്തിലും അനുസരിക്കുക: മനുഷ്യരെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി, അവർ നിങ്ങളുടെ മുന്നിലുള്ളപ്പോൾമാത്രം വേലചെയ്യുന്നവരായിട്ടല്ല, എല്ലാ സമയത്തും ആത്മാർഥതയോടും ദൈവഭയത്തോടുംകൂടി അവരെ അനുസരിക്കുക. നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നപോലെയല്ല, കർത്താവിനെന്നപോലെ ഹൃദയപൂർവം ചെയ്യുക: കർത്താവിന്റെ സമ്പത്തിന്റെ ഓഹരി നിങ്ങൾക്ക് പ്രതിഫലമായി ലഭിക്കുമെന്നറിയുക. കാരണം, കർത്താവായ ക്രിസ്തുവിനെയാണല്ലോ നിങ്ങൾ യഥാർഥത്തിൽ സേവിക്കുന്നത്. അതുപോലെതന്നെ തെറ്റു ചെയ്തവന്, താൻ ചെയ്ത തെറ്റിനു തക്ക ശിക്ഷയും കിട്ടും; ദൈവത്തിനു പക്ഷഭേദം ഇല്ലല്ലോ.