കൊലൊസ്സ്യർ 2:6-13
കൊലൊസ്സ്യർ 2:6-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ; അവനിൽ വേരൂന്നിയും ആത്മികവർധന പ്രാപിച്ചും നിങ്ങൾക്ക് ഉപദേശിച്ചുതന്നതിന് ഒത്തവണ്ണം വിശ്വാസത്താൽ ഉറച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ. തത്ത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ട് ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന് ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്ക് ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന് ഒത്തവണ്ണമുള്ളതല്ല. അവനിലല്ലോ ദൈവത്തിന്റെ സർവസമ്പൂർണതയും ദേഹരൂപമായി വസിക്കുന്നത്. എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും തലയായ അവനിൽ നിങ്ങൾ പരിപൂർണരായിരിക്കുന്നു. അവനിൽ നിങ്ങൾക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാൽ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാൽ തന്നെ കൈ കൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു. സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേല്ക്കയും ചെയ്തു. അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു
കൊലൊസ്സ്യർ 2:6-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്രിസ്തുയേശുവിനെ നിങ്ങൾ കർത്താവായി കൈക്കൊണ്ടിരിക്കുന്നതിനാൽ അവിടുത്തോട് ഏകീഭവിച്ചു ജീവിക്കുക. ക്രിസ്തുവേശുവിൽ നിങ്ങൾ വേരൂന്നുകയും നിങ്ങളുടെ ജീവിതം ആ അടിസ്ഥാനത്തിൽ പടുത്തുയർത്തുകയും, നിങ്ങളെ പഠിപ്പിച്ചിട്ടുള്ളതുപോലെ വിശ്വാസത്തിൽ കൂടുതൽ ബലം പ്രാപിക്കുകയും ചെയ്യണം. കൃതജ്ഞത നിങ്ങളിൽ നിറഞ്ഞു കവിയട്ടെ. തത്ത്വജ്ഞാനവും ചതിയുംകൊണ്ട് ആരും നിങ്ങളെ വഴിതെറ്റിക്കാതെ സൂക്ഷിക്കുക. അവ മനുഷ്യന്റെ പരമ്പരാഗതമായ ഉപദേശങ്ങളിൽനിന്നും, പ്രാപഞ്ചികമായ ഭൗതികശക്തികളിൽനിന്നും വരുന്നതാണ്, ക്രിസ്തുവിൽനിന്നുള്ളതല്ല. സമ്പൂർണദൈവികത്വം മനുഷ്യരൂപം പൂണ്ട് ക്രിസ്തുവിൽ നിവസിക്കുന്നു. ക്രിസ്തുവിനോടുള്ള ഏകീഭാവം മൂലം നിങ്ങൾ പൂർണതയിൽ എത്തിയിരിക്കുന്നു. അവിടുന്ന് എല്ലാ വാഴ്ചകളുടെയും അധികാരത്തിന്റെയും അധീശനാണ്. ക്രിസ്തുവിനോടുള്ള ഐക്യത്താൽ നിങ്ങൾ യഥാർഥ പരിച്ഛേദനത്തിനു വിധേയരായിരിക്കുന്നു. എന്നാൽ മനുഷ്യർ ചെയ്യുന്ന പരിച്ഛേദനം അല്ല അത്; പിന്നെയോ ക്രിസ്തുവിന്റെ പരിച്ഛേദനമാകുന്നു. അത് പാപകരമായ ശരീരത്തിന്റെ ദുർവാസനകളെ നിർമാർജനം ചെയ്യുന്നു. സ്നാപനം മുഖേന നിങ്ങൾ ക്രിസ്തുവിനോടുകൂടി സംസ്കരിക്കപ്പെടുക മാത്രമല്ല, ക്രിസ്തുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച ദൈവത്തിന്റെ ശക്തിയിലുള്ള വിശ്വാസത്താൽ ക്രിസ്തുവിനോടുകൂടി ഉയിർപ്പിക്കപ്പെടുകയും ചെയ്തു. പാപങ്ങൾകൊണ്ടും ദൈവകല്പന അനുസരിക്കാത്തതുകൊണ്ടും നിങ്ങൾ ഒരിക്കൽ ആത്മീയമായി മരിച്ചവരായിരുന്നു. എന്നാൽ ഇപ്പോൾ ദൈവം നിങ്ങളെ ക്രിസ്തുവിനോടുകൂടി ജീവിപ്പിച്ചിരിക്കുന്നു. നമ്മുടെ സകല പാപങ്ങളും ദൈവം ക്ഷമിക്കുകയും ചെയ്തു.
കൊലൊസ്സ്യർ 2:6-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആകയാൽ കർത്താവായ ക്രിസ്തുയേശുവിനെ നിങ്ങൾ കൈക്കൊണ്ടതുപോലെ അവനിൽ നടപ്പിൻ; അവനിൽ ഉറപ്പോടെ വേരൂന്നുകയും, പണിയപ്പെടുകയും ചെയ്യുന്നവരായും, നിങ്ങൾക്ക് ഉപദേശിച്ചുതന്നതിന് ഒത്തവണ്ണം വിശ്വാസത്താൽ ഉറച്ചും, സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ. തത്വജ്ഞാനവും പൊള്ളയായ വഞ്ചനയുംകൊണ്ട് ആരും നിങ്ങളെ കീഴടക്കാതിരിക്കുവാൻ സൂക്ഷിപ്പിൻ; അത് മനുഷ്യരുടെ പാരമ്പര്യോപദേശങ്ങൾക്കും, ലോകത്തിന്‍റെ പാപകാരണമായ വിശ്വാസ സമ്പ്രദായങ്ങൾക്കും ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന് ഒത്തവണ്ണമുള്ളതല്ല. ക്രിസ്തുവിന്‍റെ ശരീരത്തിലല്ലോ ദൈവത്തിന്‍റെ സർവ്വസമ്പൂർണ്ണതയുടെ സ്വഭാവങ്ങളും ദേഹരൂപമായി വസിക്കുന്നത്. എല്ലാ അധികാരത്തിനും, ആധിപത്യത്തിനും തലയായ ക്രിസ്തുവിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു. ക്രിസ്തുവിന്‍റെ പരിച്ഛേദനയാൽ നിങ്ങൾക്കും പാപശരീരം ഉരിഞ്ഞുകളയുന്നതായ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചിരിക്കുന്നു. സ്നാനത്തിൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ച് ദൈവത്തിന്‍റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു. അതിക്രമങ്ങളാലും നിങ്ങളുടെ ജഡത്തിൻ്റെ അഗ്രചർമം നിമിത്തവും മരിച്ചവരായിരുന്ന നിങ്ങളെയും ദൈവം ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും; അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിക്കുകയും ചെയ്തു.
കൊലൊസ്സ്യർ 2:6-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ; അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ. തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല. അവനിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു. അവനിൽ നിങ്ങൾക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാൽ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാൽ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു. സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേല്ക്കയും ചെയ്തു, അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു
കൊലൊസ്സ്യർ 2:6-13 സമകാലിക മലയാളവിവർത്തനം (MCV)
ക്രിസ്തുയേശുവിനെ നിങ്ങൾ കർത്താവായി സ്വീകരിച്ചിരിക്കുന്നതിനാൽ അവിടത്തോടുള്ള കൂട്ടായ്മയിൽ ജീവിക്കുക. ക്രിസ്തുവിൽ നിങ്ങളുടെ വേരുകൾ ആഴത്തിൽ ഇറങ്ങിച്ചെല്ലട്ടെ; ക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേലായിരിക്കട്ടെ നിങ്ങളുടെ ജീവിതം പണിതുയർത്തുന്നത്. നിങ്ങളെ ഉപദേശിച്ചിട്ടുള്ളതുപോലെ വിശ്വാസത്തിൽ ഉറച്ചുകൊണ്ട് നിങ്ങളിൽ സ്തോത്രം നിറഞ്ഞുകവിയട്ടെ. തത്ത്വജ്ഞാനവും അർഥശൂന്യവും വഞ്ചന നിറഞ്ഞതുമായ മാനുഷികപാരമ്പര്യങ്ങളുംകൊണ്ട് ആരും നിങ്ങളെ അടിമപ്പെടുത്താതിരിക്കാൻ സൂക്ഷിക്കുക. അവ ക്രിസ്തുവിനല്ല അനുരൂപമായിരിക്കുന്നത്, മറിച്ച് ലോകത്തിന്റെ ആദ്യപാഠങ്ങൾക്കാണ്. ക്രിസ്തുവിലല്ലയോ സർവദൈവികസത്തയും ഒരു മനുഷ്യശരീരമായി വസിക്കുന്നത്; എല്ലാ ഭരണത്തിനും അധികാരത്തിനും ശിരസ്സായ ക്രിസ്തുവിൽ നിങ്ങൾ പൂർണത പ്രാപിക്കുകയുംചെയ്തിരിക്കുന്നു. നിങ്ങൾ ക്രിസ്തുവിനെ സ്വീകരിച്ചപ്പോൾ നിങ്ങളുടെ ജന്മനാലുള്ള പാപസ്വഭാവത്തെ നീക്കംചെയ്യുന്ന ഒരു ആത്മികപരിച്ഛേദനം നിങ്ങൾക്കു ലഭിച്ചിരിക്കുന്നു. ഇത് ഒരു ശാരീരികപ്രക്രിയ അല്ല. നിങ്ങൾ ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെടുകയും ക്രിസ്തുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിന്റെ ശക്തിയിലുള്ള വിശ്വാസത്താൽ, ക്രിസ്തുവിനോടൊപ്പം ഉയിർപ്പിക്കപ്പെടുകയും ചെയ്തു എന്നതാണ് സ്നാനത്താൽ പ്രകടമാക്കുന്നത്. അതിക്രമങ്ങളിലും പരിച്ഛേദനം ഏൽക്കാത്ത പാപപ്രകൃതിയിലും മരിച്ചവരായിരുന്ന നിങ്ങളെ ദൈവം ക്രിസ്തുവിനോടുകൂടെ ജീവനുള്ളവരാക്കി. അതിക്രമങ്ങളെല്ലാം നമ്മോടു ക്ഷമിച്ചു