കൊലൊസ്സ്യർ 2:1-7

കൊലൊസ്സ്യർ 2:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങൾക്കും ലവൊദിക്യയിലുള്ളവർക്കും ജഡത്തിൽ എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവർക്കുംവേണ്ടി, അവർ ക്രിസ്തുവെന്ന ദൈവമർമത്തിന്റെ പരിജ്ഞാനവും വിവേകപൂർണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ടു ഹൃദയങ്ങൾക്ക് ആശ്വാസം ലഭിക്കേണം എന്നു വച്ചു ഞാൻ എത്രവലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു. അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങളൊക്കെയും ഗുപ്തമായിട്ട് ഇരിക്കുന്നു. വശീകരണവാക്കുകൊണ്ട് ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ ഞാൻ ഇതു പറയുന്നു. ഞാൻ ശരീരംകൊണ്ടു ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ട് നിങ്ങളോടു കൂടെയുള്ളവനായി നിങ്ങളുടെ ക്രമവും ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ട് സന്തോഷിക്കുന്നു. ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ; അവനിൽ വേരൂന്നിയും ആത്മികവർധന പ്രാപിച്ചും നിങ്ങൾക്ക് ഉപദേശിച്ചുതന്നതിന് ഒത്തവണ്ണം വിശ്വാസത്താൽ ഉറച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.

കൊലൊസ്സ്യർ 2:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങൾക്കും ലവുദിക്യയിലുള്ളവർക്കും എന്നെ നേരിട്ടറിയാത്ത മറ്റുള്ള എല്ലാവർക്കും വേണ്ടി എത്ര വലിയ പോരാട്ടമാണ് ഞാൻ നടത്തുന്നത്! ഇത് അവർക്ക് ആശ്വാസം ലഭിക്കുന്നതിനും, സ്നേഹത്തിൽ അവർ ഒരുമിച്ചു ചേർക്കപ്പെടുന്നതിനും, അങ്ങനെ യഥാർഥജ്ഞാനത്തിൽ നിന്നുണ്ടാകുന്ന വിശ്വാസത്തിന്റെ പൂർണസമ്പത്തു പ്രാപിക്കുന്നതിനും വേണ്ടിയാണ്. ഇങ്ങനെ അവർ ദൈവത്തിന്റെ മർമ്മം അറിയും. ക്രിസ്തുതന്നെയാണ് ആ മർമ്മം. ഈശ്വരന്റെ ജ്ഞാനവിജ്ഞാനങ്ങൾ ക്രിസ്തുവിൽ അന്തർലീനമായിരിക്കുന്നു. സമർഥമെന്നു തോന്നിക്കുന്ന യുക്ത്യാഭ്യാസംകൊണ്ട് ആരും നിങ്ങളെ വഞ്ചിക്കരുത്. ശരീരത്തിൽ ഞാൻ നിങ്ങളിൽനിന്ന് അകന്നിരുന്നാലും ആത്മാവിൽ നിങ്ങളോടുകൂടിയുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസത്തിൽ നിങ്ങളെ ഉറപ്പിച്ചു നിറുത്തുന്ന നിശ്ചയദാർഢ്യത്തെപ്പറ്റി അറിയുകയും അതിൽ ഞാൻ സന്തോഷിക്കുകയും ചെയ്യുന്നു. ക്രിസ്തുയേശുവിനെ നിങ്ങൾ കർത്താവായി കൈക്കൊണ്ടിരിക്കുന്നതിനാൽ അവിടുത്തോട് ഏകീഭവിച്ചു ജീവിക്കുക. ക്രിസ്തുവേശുവിൽ നിങ്ങൾ വേരൂന്നുകയും നിങ്ങളുടെ ജീവിതം ആ അടിസ്ഥാനത്തിൽ പടുത്തുയർത്തുകയും, നിങ്ങളെ പഠിപ്പിച്ചിട്ടുള്ളതുപോലെ വിശ്വാസത്തിൽ കൂടുതൽ ബലം പ്രാപിക്കുകയും ചെയ്യണം. കൃതജ്ഞത നിങ്ങളിൽ നിറഞ്ഞു കവിയട്ടെ.

കൊലൊസ്സ്യർ 2:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നിങ്ങൾക്കും, ലവുദിക്യപട്ടണത്തിലുള്ളവർക്കും ജഡത്തിൽ എന്‍റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവർക്കുംവേണ്ടി, അവർ പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മത്തിൻ്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിക്കുവാൻവേണ്ടി സ്നേഹത്തിൽ ബന്ധിതരായി ഹൃദയങ്ങൾക്ക് സാന്ത്വനം ലഭിക്കേണം എന്നുവച്ച് ഞാൻ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു. ക്രിസ്തുവില്‍ ജ്ഞാനത്തിൻ്റെയും അറിവിൻ്റേയും നിക്ഷേപങ്ങൾ ഒക്കെയും മറഞ്ഞിരിക്കുന്നു. വശീകരണവാക്കുകൊണ്ട് ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ ഞാൻ ഇത് പറയുന്നു. ഞാൻ ശരീരംകൊണ്ട് ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ട് നിങ്ങളോട് കൂടെയുള്ളവനായി നിങ്ങളുടെ നല്ല ക്രമങ്ങളും ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തിന്‍റെ ശക്തിയും കണ്ടു സന്തോഷിക്കുന്നു. ആകയാൽ കർത്താവായ ക്രിസ്തുയേശുവിനെ നിങ്ങൾ കൈക്കൊണ്ടതുപോലെ അവനിൽ നടപ്പിൻ; അവനിൽ ഉറപ്പോടെ വേരൂന്നുകയും, പണിയപ്പെടുകയും ചെയ്യുന്നവരായും, നിങ്ങൾക്ക് ഉപദേശിച്ചുതന്നതിന് ഒത്തവണ്ണം വിശ്വാസത്താൽ ഉറച്ചും, സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.

കൊലൊസ്സ്യർ 2:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങൾക്കും ലവുദിക്യയിലുള്ളവർക്കും ജഡത്തിൽ എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവർക്കും വേണ്ടി, അവർ ക്രിസ്തുവെന്ന ദൈവമർമ്മത്തിന്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ടു ഹൃദയങ്ങൾക്കു ആശ്വാസം ലഭിക്കേണം എന്നുവെച്ചു ഞാൻ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു. അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു. വശീകരണവാക്കുകൊണ്ടു ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ ഞാൻ ഇതു പറയുന്നു. ഞാൻ ശരീരംകൊണ്ടു ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ടു നിങ്ങളോടു കൂടെയുള്ളവനായി നിങ്ങളുടെ ക്രമവും ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ടു സന്തോഷിക്കുന്നു. ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ; അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.

കൊലൊസ്സ്യർ 2:1-7 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങൾക്കും ലവൊദിക്യയിലുള്ളവർക്കും എന്നെ അഭിമുഖമായി കണ്ടിട്ടില്ലാത്ത എല്ലാവർക്കുംവേണ്ടി ഞാൻ എത്രയധികം പോരാടുന്നുണ്ടെന്ന് നിങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. സർവ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും നിധികൾ മറഞ്ഞിരിക്കുന്ന ദൈവരഹസ്യമായ ക്രിസ്തുവിനെക്കുറിച്ച് അവർക്ക് അറിയാൻ കഴിയേണ്ടതിന് പരിജ്ഞാനത്തിന്റെ പരിപൂർണനിശ്ചയം സമൃദ്ധമായി ലഭിക്കാൻ, അവർ ഹൃദയത്തിൽ ഉത്സാഹമുള്ളവരും സ്നേഹത്തിൽ ഏകീഭവിച്ചവരും ആകണം എന്നാണ് ഞാൻ അഭിലഷിക്കുന്നത്. കാരണം, എല്ലാ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ക്രിസ്തുവിൽ മറഞ്ഞിരിക്കുന്നു. പ്രലോഭനവാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാനാണ് ഞാൻ ഇതു പറയുന്നത്. ശാരീരികമായി അകലെയാണെങ്കിലും മനസ്സുകൊണ്ട് ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഇപ്രകാരം നിങ്ങളുടെ ചിട്ടയായ ജീവിതവും ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ട് ഞാൻ ആനന്ദിക്കുന്നു. ക്രിസ്തുയേശുവിനെ നിങ്ങൾ കർത്താവായി സ്വീകരിച്ചിരിക്കുന്നതിനാൽ അവിടത്തോടുള്ള കൂട്ടായ്മയിൽ ജീവിക്കുക. ക്രിസ്തുവിൽ നിങ്ങളുടെ വേരുകൾ ആഴത്തിൽ ഇറങ്ങിച്ചെല്ലട്ടെ; ക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേലായിരിക്കട്ടെ നിങ്ങളുടെ ജീവിതം പണിതുയർത്തുന്നത്. നിങ്ങളെ ഉപദേശിച്ചിട്ടുള്ളതുപോലെ വിശ്വാസത്തിൽ ഉറച്ചുകൊണ്ട് നിങ്ങളിൽ സ്തോത്രം നിറഞ്ഞുകവിയട്ടെ.