കൊലൊസ്സ്യർ 2:1-3
കൊലൊസ്സ്യർ 2:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾക്കും ലവൊദിക്യയിലുള്ളവർക്കും ജഡത്തിൽ എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവർക്കുംവേണ്ടി, അവർ ക്രിസ്തുവെന്ന ദൈവമർമത്തിന്റെ പരിജ്ഞാനവും വിവേകപൂർണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ടു ഹൃദയങ്ങൾക്ക് ആശ്വാസം ലഭിക്കേണം എന്നു വച്ചു ഞാൻ എത്രവലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു. അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങളൊക്കെയും ഗുപ്തമായിട്ട് ഇരിക്കുന്നു.
കൊലൊസ്സ്യർ 2:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾക്കും ലവുദിക്യയിലുള്ളവർക്കും എന്നെ നേരിട്ടറിയാത്ത മറ്റുള്ള എല്ലാവർക്കും വേണ്ടി എത്ര വലിയ പോരാട്ടമാണ് ഞാൻ നടത്തുന്നത്! ഇത് അവർക്ക് ആശ്വാസം ലഭിക്കുന്നതിനും, സ്നേഹത്തിൽ അവർ ഒരുമിച്ചു ചേർക്കപ്പെടുന്നതിനും, അങ്ങനെ യഥാർഥജ്ഞാനത്തിൽ നിന്നുണ്ടാകുന്ന വിശ്വാസത്തിന്റെ പൂർണസമ്പത്തു പ്രാപിക്കുന്നതിനും വേണ്ടിയാണ്. ഇങ്ങനെ അവർ ദൈവത്തിന്റെ മർമ്മം അറിയും. ക്രിസ്തുതന്നെയാണ് ആ മർമ്മം. ഈശ്വരന്റെ ജ്ഞാനവിജ്ഞാനങ്ങൾ ക്രിസ്തുവിൽ അന്തർലീനമായിരിക്കുന്നു.
കൊലൊസ്സ്യർ 2:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങൾക്കും, ലവുദിക്യപട്ടണത്തിലുള്ളവർക്കും ജഡത്തിൽ എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവർക്കുംവേണ്ടി, അവർ പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മത്തിൻ്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിക്കുവാൻവേണ്ടി സ്നേഹത്തിൽ ബന്ധിതരായി ഹൃദയങ്ങൾക്ക് സാന്ത്വനം ലഭിക്കേണം എന്നുവച്ച് ഞാൻ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു. ക്രിസ്തുവില് ജ്ഞാനത്തിൻ്റെയും അറിവിൻ്റേയും നിക്ഷേപങ്ങൾ ഒക്കെയും മറഞ്ഞിരിക്കുന്നു.
കൊലൊസ്സ്യർ 2:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങൾക്കും ലവുദിക്യയിലുള്ളവർക്കും ജഡത്തിൽ എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവർക്കും വേണ്ടി, അവർ ക്രിസ്തുവെന്ന ദൈവമർമ്മത്തിന്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ടു ഹൃദയങ്ങൾക്കു ആശ്വാസം ലഭിക്കേണം എന്നുവെച്ചു ഞാൻ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു. അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു.
കൊലൊസ്സ്യർ 2:1-3 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങൾക്കും ലവൊദിക്യയിലുള്ളവർക്കും എന്നെ അഭിമുഖമായി കണ്ടിട്ടില്ലാത്ത എല്ലാവർക്കുംവേണ്ടി ഞാൻ എത്രയധികം പോരാടുന്നുണ്ടെന്ന് നിങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. സർവ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും നിധികൾ മറഞ്ഞിരിക്കുന്ന ദൈവരഹസ്യമായ ക്രിസ്തുവിനെക്കുറിച്ച് അവർക്ക് അറിയാൻ കഴിയേണ്ടതിന് പരിജ്ഞാനത്തിന്റെ പരിപൂർണനിശ്ചയം സമൃദ്ധമായി ലഭിക്കാൻ, അവർ ഹൃദയത്തിൽ ഉത്സാഹമുള്ളവരും സ്നേഹത്തിൽ ഏകീഭവിച്ചവരും ആകണം എന്നാണ് ഞാൻ അഭിലഷിക്കുന്നത്. കാരണം, എല്ലാ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ക്രിസ്തുവിൽ മറഞ്ഞിരിക്കുന്നു.