കൊലൊസ്സ്യർ 1:1-20

കൊലൊസ്സ്യർ 1:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസും സഹോദരനായ തിമൊഥെയൊസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരുമായവർക്ക് എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതായി സ്വർഗത്തിൽ നിങ്ങൾക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശ നിമിത്തം, ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകല വിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടു നിങ്ങൾക്കുവേണ്ടി പ്രാർഥിക്കയിൽ, എപ്പോഴും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ആ സുവിശേഷം സർവലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവലോകത്തിലും ഫലം കായിച്ചും വർധിച്ചും വരുന്നു. ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ; അവൻ നിങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്ക് ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു. അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾമുതൽ നിങ്ങൾക്കുവേണ്ടി ഇടവിടാതെ പ്രാർഥിക്കുന്നു. നിങ്ങൾ പൂർണപ്രസാദത്തിനായി കർത്താവിനു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും, സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും സകല സഹിഷ്ണുതയ്ക്കും ദീർഘക്ഷമയ്ക്കുമായി അവന്റെ മഹത്ത്വത്തിന്റെ വല്ലഭത്വത്തിന് ഒത്തവണ്ണം പൂർണശക്തിയോടെ ബലപ്പെടേണമെന്നും വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും നമ്മെ ഇരുട്ടിന്റെ അധികാരത്തിൽനിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കി വയ്ക്കുകയും ചെയ്ത പിതാവിനു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു. അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്. അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. സ്വർഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവൻ സർവത്തിനും മുമ്പേയുള്ളവൻ; അവൻ സകലത്തിനും ആധാരമായിരിക്കുന്നു. അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന് അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യനായി എഴുന്നേറ്റവനും ആകുന്നു. അവനിൽ സർവസമ്പൂർണതയും വസിപ്പാനും അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ട് അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിനു പ്രസാദം തോന്നി.

കൊലൊസ്സ്യർ 1:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവഹിതപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പോസ്തോലനായ പൗലൊസും സഹോദരനായ തിമൊഥെയോസും ചേർന്ന് കൊലോസ്യയിലെ ക്രൈസ്തവഭക്തരും നമ്മുടെ വിശ്വസ്ത സഹോദരരുമായ ദൈവജനങ്ങൾക്ക് എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിൽനിന്ന് നിങ്ങൾക്കു കൃപയും സമാധാനവും ലഭിക്കട്ടെ. നിങ്ങൾക്കുവേണ്ടി ഞങ്ങൾ പ്രാർഥിക്കുമ്പോഴെല്ലാം, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ ക്രിസ്തുയേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചും എല്ലാ ദൈവജനങ്ങളോടും നിങ്ങൾക്കുള്ള സ്നേഹത്തെക്കുറിച്ചും ഞങ്ങൾ കേട്ടിരിക്കുന്നു. നിങ്ങളുടെ വിശ്വാസവും സ്നേഹവും നിങ്ങളുടെ പ്രത്യാശയിൽ അധിഷ്ഠിതമാണ്. സത്യസന്ദേശമായ സുവിശേഷം ആദ്യം നിങ്ങളുടെ അടുക്കലെത്തിയപ്പോൾ അതു വാഗ്ദാനം ചെയ്യുന്ന പ്രത്യാശയെക്കുറിച്ച് നിങ്ങൾ കേട്ടു. നിങ്ങൾ പ്രത്യാശിക്കുന്നത് നിങ്ങൾക്കുവേണ്ടി സ്വർഗത്തിൽ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ദൈവകൃപയെക്കുറിച്ച് നിങ്ങൾ ആദ്യമായി കേൾക്കുകയും അത് യഥാർഥത്തിൽ മനസ്സിലാക്കുകയും ചെയ്ത നാൾമുതൽ നിങ്ങളുടെയിടയിൽ സുവിശേഷം എങ്ങനെ വർത്തിക്കുന്നുവോ, അപ്രകാരംതന്നെ അത് ലോകമെങ്ങും അനുഗ്രഹങ്ങൾ നല്‌കിക്കൊണ്ടു പ്രചരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകനായ എപ്പഫ്രാസിൽനിന്ന് ഇതു നിങ്ങൾ ഗ്രഹിച്ചിട്ടുണ്ടല്ലോ. ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനായ അയാൾ ഞങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നു. ദൈവത്തിന്റെ ആത്മാവു നിങ്ങൾക്കു നല്‌കിയ സ്നേഹത്തെക്കുറിച്ച് അയാൾ ഞങ്ങളോടു പറഞ്ഞു. ഇക്കാരണത്താൽ, നിങ്ങളെപ്പറ്റി കേട്ടപ്പോൾമുതൽ ഞങ്ങൾ നിങ്ങൾക്കുവേണ്ടി നിരന്തരം പ്രാർഥിക്കുന്നു. ദൈവഹിതത്തെക്കുറിച്ചുള്ള അറിവുകൊണ്ടും, അവിടുത്തെ ആത്മാവു നല്‌കുന്ന സകല വിവേകവും ബുദ്ധിയുംകൊണ്ടും നിങ്ങളെ നിറയ്‍ക്കണമെന്നത്രേ ഞങ്ങൾ പ്രാർഥിക്കുന്നത്. അങ്ങനെ ദൈവം നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്ന പ്രകാരം ജീവിക്കുവാനും ദൈവത്തിനു സംപ്രീതി ഉളവാക്കുന്ന വിധത്തിൽ എപ്പോഴും പ്രവർത്തിക്കുവാനും നിങ്ങൾക്കു പ്രാപ്തിയുണ്ടാകും. എല്ലാവിധ സൽപ്രവൃത്തികൾകൊണ്ടും നിങ്ങളുടെ ജീവിതം ഫലസമൃദ്ധമായിത്തീരും. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ നിങ്ങൾ വളരുകയും ചെയ്യും. ദൈവത്തിന്റെ മഹത്തായ പ്രഭാവത്തിൽ നിന്നു പുറപ്പെടുന്ന ശക്തിധാരയാൽ നിങ്ങൾ ബലം പ്രാപിക്കട്ടെ. അങ്ങനെ എല്ലാം ക്ഷമയോടെ സഹിക്കുന്നതിനു നിങ്ങൾ പ്രാപ്തരായിത്തീരും. തന്റെ ജനത്തിനു പ്രകാശത്തിന്റെ രാജ്യത്തിൽ കരുതിവച്ചിട്ടുള്ളതിന്റെ ഓഹരി പ്രാപിക്കുവാൻ നിങ്ങളെ യോഗ്യരാക്കിയ ദൈവത്തിന് ആഹ്ലാദപൂർവം സ്തോത്രം ചെയ്യുക. അവിടുന്ന് അന്ധകാരത്തിന്റെ അധികാരത്തിൽനിന്നു നിങ്ങളെ വീണ്ടെടുത്ത് തന്റെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു കൊണ്ടുവന്നു. ആ പുത്രൻ മുഖേനയാണല്ലോ നാം സ്വതന്ത്രരാക്കപ്പെട്ടത്, അഥവാ നമ്മുടെ പാപം ക്ഷമിക്കപ്പെട്ടത്. അദൃശ്യനായ ദൈവത്തിന്റെ ദൃശ്യമായ പ്രതിച്ഛായയാണു ക്രിസ്തു. അവിടുന്നു പ്രപഞ്ചത്തിലെ സകല സൃഷ്‍ടികൾക്കും മുമ്പേയുള്ളവനും ആദ്യജാതനും ആകുന്നു. ദൈവം തന്റെ പുത്രൻ മുഖേനയാണ് സ്വർഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ സകലവും സൃഷ്‍ടിച്ചത്. ആത്മീയശക്തികളും പ്രഭുക്കന്മാരും ഭരണാധിപന്മാരും അധികാരികളുമെല്ലാം അതിലുൾപ്പെടുന്നു. പ്രപഞ്ചം ആകമാനം സൃഷ്‍ടിക്കപ്പെട്ടത് പുത്രനിൽക്കൂടിയും പുത്രനുവേണ്ടിയും ആണ്. എല്ലാറ്റിനുംമുമ്പ് പുത്രനുണ്ടായിരുന്നു. അവിടുന്ന് സകലത്തിനും ആധാരമാകുന്നു. അവിടുന്നാണ് സഭയാകുന്ന ശരീരത്തിന്റെ ശിരസ്സ്; ശരീരത്തിന്റെ ജീവന് ആധാരം അവിടുന്നാണ്. എല്ലാറ്റിലും പ്രഥമസ്ഥാനം അവിടുത്തേക്കു മാത്രമായിരിക്കേണ്ടതിന് ആദ്യജാതനായ അവിടുന്ന് മരണത്തിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു. പുത്രനിൽ തന്റെ ഭാവം സമ്പൂർണമായി നിവസിക്കുവാനും, പ്രപഞ്ചത്തെ ആകമാനം തന്റെ പുത്രൻ മുഖേന തന്നോട് അനുരഞ്ജിപ്പിക്കുവാനും ദൈവം തിരുമനസ്സായി. അവിടുന്നു പുത്രന്റെ ക്രൂശുമരണത്താൽ സമാധാനം ഉണ്ടാക്കുകയും, അങ്ങനെ ആകാശത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും തന്നോട് അനുരഞ്ജിപ്പിക്കുകയും ചെയ്തു.

കൊലൊസ്സ്യർ 1:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദൈവഹിതത്താൽ ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനായിരിക്കുന്ന പൗലൊസും നമ്മുടെ സഹോദരനായ തിമൊഥെയോസും, കൊലൊസ്സ്യപട്ടണത്തിലുള്ള വിശുദ്ധന്മാർക്കും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരായവർക്കും എഴുതുന്നത്: പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തിന് സ്തോത്രം ചെയ്യുകയും, എപ്പോഴും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. എന്തെന്നാൽ സുവിശേഷത്തിന്‍റെ സത്യവചനത്തിൽ നിങ്ങൾ മുമ്പ് കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്കായി സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശ നിമിത്തം ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധത്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ച് ഞങ്ങൾ കേട്ടിരിക്കുന്നു. ആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു. ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോട് പഠിച്ചിട്ടുണ്ടല്ലോ; അവൻ നിങ്ങൾക്ക് വേണ്ടി ക്രിസ്തുവിന്‍റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്ക് ഞങ്ങളോടുള്ള ആത്മാവിലുള്ള സ്നേഹത്തെ അറിയിച്ചവനും ആകുന്നു. അതുകൊണ്ട് ഈ സ്നേഹം നിമിത്തം ഞങ്ങൾ നിങ്ങളെക്കുറിച്ച് കേട്ട നാൾമുതൽ നിങ്ങൾ ആത്മികമായ സകലജ്ഞാനത്തിലും വിവേകത്തിലും അവന്‍റെ ഇഷ്ടത്തിൻ്റെ പരിജ്ഞാനംകൊണ്ട് നിറഞ്ഞുവരേണം എന്നു നിരന്തരമായി പ്രാർത്ഥിക്കുന്നതും കൂടാതെ, നിങ്ങൾ കർത്താവിന് യോഗ്യമാകുംവണ്ണം നടന്ന് എല്ലാറ്റിലും അംഗീകാരം പ്രാപിച്ചവരായി, സകല സൽപ്രവൃത്തിയിലും ഫലം കായ്ച് ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു. സകല സഹിഷ്ണതയ്ക്കും ദീർഘക്ഷമയ്ക്കുമായി അവന്‍റെ മഹത്വത്തിന്‍റെ വല്ലഭത്വത്തിന് ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടണമെന്നും തനിക്കുവേണ്ടി വേർതിരിക്കപ്പെട്ടവർക്ക് വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും നമ്മെ ഇരുട്ടിൻ്റെ അധികാരത്തിൽ നിന്ന് വിടുവിച്ച് തന്‍റെ സ്നേഹസ്വരൂപനായ പുത്രന്‍റെ രാജ്യത്തിലാക്കി വെയ്ക്കുകയും ചെയ്ത പിതാവായ ദൈവത്തിനു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു. തന്‍റെ പുത്രനിൽ നമുക്ക് പാപമോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്. പുത്രനായ ക്രിസ്തു അദൃശ്യനായ ദൈവത്തിന്‍റെ സാദൃശ്യവും, സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും ആധിപത്യങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ ഭരണവ്യവസ്ഥകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവൻ സർവ്വത്തിനും മുമ്പേയുള്ളവൻ; അവൻ സകലത്തെയും വഹിക്കുന്നവനും ആകുന്നു. അവൻ സഭ എന്ന ശരീരത്തിന്‍റെ തലയും, സകല ഉത്ഭവങ്ങളുടെയും അധിപതിയും, സകലത്തിലും താൻ പ്രഥമസ്ഥാനീയനാകേണ്ടതിന്, അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യനായി എഴുന്നേറ്റവനും ആകുന്നു. അവനിൽ സർവ്വസമ്പൂർണ്ണതയും വസിക്കുവാനും അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ട് അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ട് തന്നോട് നിരപ്പിപ്പാനും പിതാവിന് പ്രസാദം തോന്നി.

കൊലൊസ്സ്യർ 1:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസും സഹോദരനായ തിമൊഥെയോസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരുമായവർക്കു എഴുതുന്നതു: നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം, ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കയിൽ എപ്പോഴും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു. ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ; അവൻ നിങ്ങൾക്കു വേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്കു ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു. അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾ മുതൽ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു. നിങ്ങൾ പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും സകല സഹിഷ്ണതെക്കും ദീർഘക്ഷമെക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടേണമെന്നും വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു. അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു. അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു. അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു. അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻമുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.

കൊലൊസ്സ്യർ 1:1-20 സമകാലിക മലയാളവിവർത്തനം (MCV)

ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസും നമ്മുടെ സഹോദരനായ തിമോത്തിയോസും, കൊലോസ്യയിലുള്ള വിശുദ്ധരും ക്രിസ്തുവിൽ വിശ്വസ്തരുമായ സഹോദരങ്ങൾക്ക് എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ. സുവിശേഷമെന്ന സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതനുസരിച്ച്, സ്വർഗത്തിൽ നിങ്ങൾക്കുവേണ്ടി സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം ക്രിസ്തുയേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടും നിങ്ങൾക്കുള്ള സ്നേഹത്തെയുംകുറിച്ചു ഞങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങൾക്കുവേണ്ടി എപ്പോഴും പ്രാർഥിച്ചുംകൊണ്ട് ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രംചെയ്യുന്നു. ആ സുവിശേഷം ലോകത്തിൽ എല്ലായിടത്തും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ അതു കേൾക്കുകയും ദൈവകൃപയെ യഥാർഥമായി മനസ്സിലാക്കുകയുംചെയ്ത ദിവസംമുതൽ നിങ്ങളുടെ ഇടയിലും അത് ഫലം പുറപ്പെടുവിച്ചും വളർന്നും കൊണ്ടിരിക്കുന്നു. ഞങ്ങളുടെ പ്രിയ കൂട്ടുവേലക്കാരനും ഞങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ വിശ്വസ്തശുശ്രൂഷകനുമായ എപ്പഫ്രാസിൽനിന്ന് നിങ്ങൾ അതു പഠിച്ചിട്ടുണ്ടല്ലോ. പരിശുദ്ധാത്മാവിനാൽ നിങ്ങൾക്ക് മറ്റുള്ളവരോടുള്ള സ്നേഹത്തെക്കുറിച്ച് അദ്ദേഹം ഞങ്ങളെ അറിയിച്ചിട്ടുമുണ്ട്. അക്കാരണത്താൽത്തന്നെ, ഞങ്ങൾ അതുകേട്ട ദിവസംമുതൽ നിങ്ങൾക്കുവേണ്ടി ആരംഭിച്ച പ്രാർഥനകൾ മുടക്കിയിട്ടില്ല. നിങ്ങൾ എല്ലാ വിവേകത്തോടും ആത്മികജ്ഞാനത്തോടുംകൂടി ദൈവഹിതത്തെക്കുറിച്ചുള്ള പരിജ്ഞാനത്താൽ നിറഞ്ഞവരാകണമെന്നും എല്ലാ കാര്യത്തിലും കർത്താവിനെ പ്രസാദിപ്പിച്ചുകൊണ്ട് അവിടത്തേക്കു യോഗ്യമായവിധം ജീവിച്ചും സകലസൽപ്രവൃത്തികളിലും ഫലം കായ്ച്ചും ദൈവികപരിജ്ഞാനത്തിൽ വളരണമെന്നും സകലസഹിഷ്ണുതയും ദീർഘക്ഷമയും കാണിക്കാൻവേണ്ടി അവിടത്തെ മഹത്ത്വകരമായ ആധിപത്യത്തിനൊത്തവണ്ണം എല്ലാ ശക്തിയും പ്രാപിച്ചു ബലപ്പെടണമെന്നും വിശുദ്ധർക്കു പ്രകാശത്തിലുള്ള അവകാശത്തിന്റെ ഓഹരിക്കു നിങ്ങളെ യോഗ്യരാക്കുകയും അന്ധകാരത്തിന്റെ അധികാരത്തിൽനിന്ന് നമ്മെ സ്വതന്ത്രരാക്കി അവിടത്തെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിൽ പ്രവേശിപ്പിക്കുകയുംചെയ്ത പിതാവിന് ആനന്ദത്തോടെ സ്തോത്രംചെയ്യുന്നവരാകണമെന്നും ഞങ്ങൾ അപേക്ഷിക്കുന്നു. ആ പുത്രനിൽ നമുക്കു പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു. ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും സകലസൃഷ്ടിക്കും അധീശനും ആകുന്നു. സ്വർഗത്തിലും ഭൂമിയിലും ഉള്ള ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങളും കർത്തൃത്വങ്ങളും വാഴ്ചകളും അധികാരങ്ങളും എല്ലാം ക്രിസ്തുവിനാൽ സൃഷ്ടിക്കപ്പെട്ടു; സകലതും ക്രിസ്തുമുഖേനയും ക്രിസ്തുവിനായിട്ടും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവിടന്ന് എല്ലാറ്റിനും മുമ്പേ ഉള്ളവൻ; സകലത്തെയും നിലനിർത്തുന്നതും അവിടന്നാണ്. അവിടന്ന് സഭയെന്ന ശരീരത്തിന്റെ ശിരസ്സ് ആകുന്നു. അവിടന്ന് സകലത്തിലും ഒന്നാമനാകേണ്ടതിന് ആരംഭവും മരിച്ചവരിൽനിന്ന് എഴുന്നേറ്റവരിൽ ഏറ്റവും പ്രമുഖനും ആകുന്നു. ക്രിസ്തുവിൽ സർവസമ്പൂർണതയും വസിക്കാനും അവിടന്ന് ക്രൂശിൽ ചൊരിഞ്ഞ രക്തം മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗത്തിലുള്ളതോ ആയ സകലത്തെയും തന്നോടു ക്രിസ്തുമൂലം അനുരഞ്ജിപ്പിക്കാനും ദൈവത്തിനു തിരുഹിതം തോന്നി.