ആമോസ് 7:7-17

ആമോസ് 7:7-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: കർത്താവ് കൈയിൽ തൂക്കുകട്ട പിടിച്ചുകൊണ്ട് തൂക്കുകട്ട തൂക്കിയുണ്ടാക്കിയോരു മതിലിന്മേൽ നിന്നു. യഹോവ എന്നോട്: ആമോസേ, നീ എന്തു കാണുന്നു എന്നു ചോദിച്ചതിന് ഒരു തൂക്കുകട്ട എന്നു ഞാൻ പറഞ്ഞു. അതിനു കർത്താവ്: ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല; യിസ്ഹാക്കിന്റെ പൂജാഗിരികൾ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായിത്തീരും; ഞാൻ യൊരോബെയാംഗൃഹത്തോടു വാളുമായി എതിർത്തുനില്ക്കും എന്ന് അരുളിച്ചെയ്തു. എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവ് യിസ്രായേൽരാജാവായ യൊരോബെയാമിന്റെ അടുക്കൽ ആളയച്ചു: ആമോസ് യിസ്രായേൽഗൃഹത്തിന്റെ മധ്യേ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്ക് ഒക്കെയും സഹിപ്പാൻ ദേശത്തിനു കഴിവില്ല. യൊരോബെയാം വാൾകൊണ്ടു മരിക്കും; യിസ്രായേൽ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവരും എന്നിങ്ങനെ ആമോസ് പറയുന്നു എന്നു പറയിച്ചു. എന്നാൽ ആമോസിനോട് അമസ്യാവ്: എടോ ദർശകാ, യെഹൂദാദേശത്തിലേക്ക് ഓടിപ്പൊയ്ക്കൊൾക; അവിടെ പ്രവചിച്ച് അഹോവൃത്തി കഴിച്ചുകൊൾക. ബേഥേലിലോ ഇനി പ്രവചിക്കരുത്; അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ എന്നു പറഞ്ഞു. അതിന് ആമോസ് അമസ്യാവോട്: ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ. ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്ന് എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു എന്ന് ഉത്തരം പറഞ്ഞു. ആകയാൽ നീ യഹോവയുടെ വചനം കേൾക്ക: യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുത്; യിസ്ഹാക്ഗൃഹത്തിനു നിന്റെ വചനം പൊഴിക്കരുത് എന്നു നീ പറയുന്നുവല്ലോ. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവുനൂൽകൊണ്ട് വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവച്ചു മരിക്കും; യിസ്രായേൽ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവരും.

പങ്ക് വെക്കു
ആമോസ് 7 വായിക്കുക

ആമോസ് 7:7-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവിടുന്നു മൂന്നാമതും എനിക്ക് ഒരു ദർശനം നല്‌കി; പണിതുകൊണ്ടിരിക്കുന്ന ഒരു മതിലിനടുത്ത് ഒരു തൂക്കുകട്ടയുമായി സർവേശ്വരൻ നില്‌ക്കുന്നു. “ആമോസേ, നീ എന്തു കാണുന്നു?” അവിടുന്നു ചോദിച്ചു. “ഒരു തൂക്കുകട്ട” ഞാൻ മറുപടി നല്‌കി. സർവേശ്വരൻ വീണ്ടും അരുളിച്ചെയ്തു: “എന്റെ ജനമായ ഇസ്രായേലിനെ ഞാൻ തൂക്കുകട്ട പിടിച്ചു പരിശോധിച്ചു. അവർ കോട്ടമുള്ള മതിൽപോലെ കാണപ്പെടുന്നു. ഇനിയും ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. യെരോബയാംരാജവംശത്തിനെതിരെ ഞാൻ വാളുയർത്തും. ഇസ്രായേല്യരുടെ പൂജാഗിരികൾ നശിച്ചുപോകും. അവരുടെ ആരാധനാമന്ദിരങ്ങൾ ശൂന്യമാകും. ബെഥേലിലെ പുരോഹിതനായ അമസ്യാ ഇസ്രായേൽരാജാവായ യെരോബയാമിന്റെ അടുക്കൽ ആളയച്ചു പറഞ്ഞു: “ആമോസ് അങ്ങേക്കെതിരെ ഗൂഢാലോചന നടത്തുന്നു. അയാളുടെ രാജദ്രോഹപരമായ വാക്കുകൾ ഇങ്ങനെയാണ്: “യെരോബയാം യുദ്ധത്തിൽ മരിക്കും; ഇസ്രായേല്യർ പ്രവാസികളായി പോകും.” ആമോസിനോട് അമസ്യാ പറഞ്ഞു: “ഹേ, ദർശകാ, യെഹൂദ്യയിലേക്കു മടങ്ങിച്ചെന്നു പ്രവചിച്ചുകൊള്ളുക, അതിനു കിട്ടുന്ന കൂലിവാങ്ങി ജീവിച്ചുകൊള്ളുക. ബെഥേലിൽ ഇനിയും പ്രവചിക്കേണ്ടാ. മുഖ്യ ആരാധനാസ്ഥലമിരിക്കുന്ന ഈ രാജധാനിയിൽ ഇനി കണ്ടുപോകരുത്!” ആമോസ് മറുപടി പറഞ്ഞു: “ഞാൻ പ്രവാചകനല്ല; പ്രവാചകഗണത്തിൽ പെട്ടവനുമല്ല; അത്തിപ്പഴം പെറുക്കി നടന്ന വെറും ഒരു ആട്ടിടയൻ. ആ ജോലിയിൽനിന്നു സർവേശ്വരൻ എന്നെ വിളിച്ചു വേർതിരിച്ച്, തന്റെ ജനമായ ഇസ്രായേലിനോടു പ്രവചിക്കാൻ കല്പിച്ചു. സർവേശ്വരന്റെ വാക്കുകൾ കേൾക്കൂ, ഇസ്രായേലിനെതിരെ പ്രവചിക്കരുതെന്നല്ലേ നിങ്ങൾ പറയുന്നത്. എന്നാൽ അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും. പുത്രീപുത്രന്മാർ കൊല്ലപ്പെടും; നിന്റെ നിലം അന്യർ പകുത്തെടുക്കും. നിന്റെ അന്ത്യം പരദേശത്തു വച്ചായിരിക്കും.” ഇസ്രായേൽജനം തീർച്ചയായും പ്രവാസികളാകും.

പങ്ക് വെക്കു
ആമോസ് 7 വായിക്കുക

ആമോസ് 7:7-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവിടുന്ന് എനിക്ക് കാണിച്ചുതന്നതെന്തെന്നാൽ: തൂക്കുകട്ട ഉപയോഗിച്ച് പണിത ഒരു മതിലിന്മേൽ കർത്താവ് കയ്യിൽ തൂക്കുകട്ട പിടിച്ചുകൊണ്ട് നിന്നു. യഹോവ എന്നോട്: “ആമോസേ, നീ എന്ത് കാണുന്നു?” എന്ന് ചോദിച്ചതിന് “ഒരു തൂക്കുകട്ട” എന്ന് ഞാൻ പറഞ്ഞു. അതിന് കർത്താവ്: “ഞാൻ എന്‍റെ ജനമായ യിസ്രായേലിന്‍റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല; “യിസ്ഹാക്കിന്‍റെ പൂജാഗിരികൾ പാഴും യിസ്രായേലിന്‍റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായിത്തീരും; ഞാൻ യൊരോബെയാം ഗൃഹത്തിനു വിരോധമായി വാളുമായി എഴുന്നേൽക്കും” എന്ന് അരുളിച്ചെയ്തു. എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവ് യിസ്രായേൽ രാജാവായ യൊരോബെയാമിന്‍റെ അടുക്കൽ ആളയച്ച്: “ആമോസ് യിസ്രായേൽ ഗൃഹത്തിന്‍റെ മദ്ധ്യത്തിൽ നിനക്ക് വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്‍റെ വാക്കുകൾ സഹിക്കുവാൻ ദേശത്തിന് കഴിയുന്നില്ല. ‘യൊരോബെയാം വാൾകൊണ്ടു മരിക്കും; യിസ്രായേൽ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവരും’ എന്നിങ്ങനെ ആമോസ് പറയുന്നു” എന്ന് പറയിച്ചു. എന്നാൽ ആമോസിനോട് അമസ്യാവ്: “ദർശകാ, യെഹൂദാദേശത്തിലേക്ക് ഓടിപ്പൊയ്ക്കൊള്ളുക; അവിടെ പ്രവചിച്ച് ഉപജീവനം കഴിച്ചുകൊള്ളുക. ബേഥേലിലോ ഇനി പ്രവചിക്കരുത്; അത് രാജാവിന്‍റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ” എന്ന് പറഞ്ഞു. അതിന് ആമോസ് അമസ്യാവിനോട്: “ഞാൻ പ്രവാചകനല്ല, പ്രവാചക ഗണത്തിലൊരുവനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ. ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: ‘നീ ചെന്നു എന്‍റെ ജനമായ യിസ്രായേലിനോടു പ്രവചിക്കുക’ എന്ന് യഹോവ എന്നോട് കല്പിച്ചു” എന്ന് ഉത്തരം പറഞ്ഞു. ആകയാൽ നീ യഹോവയുടെ വചനം കേൾക്കുക: “‘യിസ്രായേലിനെക്കുറിച്ച് പ്രവചിക്കരുത്; യിസ്‌ഹാക്ക്ഗൃഹത്തിനു വിരോധമായി നീ പ്രസംഗിക്കരുത്’ എന്ന് നീ പറയുന്നുവല്ലോ.” “അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്‍റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്‍റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്‍റെ ദേശം അളവുനൂൽകൊണ്ട് വിഭാഗിക്കപ്പെടും; നീയോ ദൈവത്തെ അറിയാത്ത ഒരു ദേശത്തുവച്ച് മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും.”

പങ്ക് വെക്കു
ആമോസ് 7 വായിക്കുക

ആമോസ് 7:7-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: കർത്താവു കയ്യിൽ തൂക്കുകട്ട പിടിച്ചുകൊണ്ടു തൂക്കുകട്ട തൂക്കിയുണ്ടാക്കിയോരു മതിലിന്മേൽ നിന്നു. യഹോവ എന്നോടു: ആമോസേ, നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു ഒരു തൂക്കുകട്ട എന്നു ഞാൻ പറഞ്ഞു. അതിന്നു കർത്താവു: ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല; യിസ്ഹാക്കിന്റെ പൂജാഗിരികൾ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായ്തീരും; ഞാൻ യൊരോബെയാംഗൃഹത്തോടു വാളുമായി എതിർത്തുനില്ക്കും എന്നു അരുളിച്ചെയ്തു. എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവു യിസ്രായേൽരാജാവായ യൊരോബെയാമിന്റെ അടുക്കൽ ആളയച്ചു: ആമോസ് യിസ്രായേൽഗൃഹത്തിന്റെ മദ്ധ്യേ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്കു ഒക്കെയും സഹിപ്പാൻ ദേശത്തിന്നു കഴിവില്ല. യൊരോബെയാം വാൾകൊണ്ടു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും എന്നിങ്ങനെ ആമോസ് പറയുന്നു എന്നു പറയിച്ചു. എന്നാൽ ആമോസിനോടു അമസ്യാവു: എടോ ദർശകാ, യെഹൂദാദേശത്തിലേക്കു ഓടിപ്പൊയ്ക്കൊൾക; അവിടെ പ്രവചിച്ചു അഹോവൃത്തി കഴിച്ചുകൊൾക. ബേഥേലിലോ ഇനി പ്രവചിക്കരുതു; അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ എന്നു പറഞ്ഞു. അതിന്നു ആമോസ് അമസ്യാവോടു: ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ. ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു എന്നു ഉത്തരം പറഞ്ഞു. ആകയാൽ നീ യഹോവയുടെ വചനം കേൾക്ക: യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുതു; യിസ്‌ഹാക്‌ഗ്രഹത്തിന്നു നിന്റെ വചനം പൊഴിക്കരുതു എന്നു നീ പറയുന്നുവല്ലോ. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവു നൂൽകൊണ്ടു വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവെച്ചു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും.

പങ്ക് വെക്കു
ആമോസ് 7 വായിക്കുക

ആമോസ് 7:7-17 സമകാലിക മലയാളവിവർത്തനം (MCV)

അവിടന്ന് എന്നെ കാണിച്ചത് ഇതാണ്: തൂക്കുകട്ട ഉപയോഗിച്ചു കെട്ടിപ്പൊക്കിയ ഒരു ഭിത്തിക്കു സമീപം, ഒരു തൂക്കുകട്ട കൈയിൽ പിടിച്ചുകൊണ്ട് കർത്താവ് നിൽക്കുകയായിരുന്നു. യഹോവ എന്നോടു ചോദിച്ചു: “ആമോസേ, നീ എന്തു കാണുന്നു?” “ഒരു തൂക്കുകട്ട,” എന്നു ഞാൻ മറുപടി പറഞ്ഞു. അപ്പോൾ കർത്താവ് അരുളിച്ചെയ്തു: “നോക്കുക, എന്റെ ജനമായ ഇസ്രായേലിന്മേൽ ഞാൻ ഒരു തൂക്കുകട്ട പിടിക്കുന്നു; ഇനി ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. “യിസ്ഹാക്കിന്റെ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടും, ഇസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യമായിത്തീരും; യൊരോബെയാമിന്റെ ഗൃഹത്തിനു വിരോധമായി ഞാൻ എന്റെ വാളുമായി എഴുന്നേൽക്കും.” ബേഥേലിലെ പുരോഹിതനായ അമസ്യാവ്, ഇസ്രായേൽരാജാവായ യൊരോബെയാമിന് ഒരു സന്ദേശം കൊടുത്തയച്ചു. “ഇസ്രായേൽജനത്തിന്റെ മധ്യേ ആമോസ്, രാജാവിനു വിരോധമായി ഗൂഢാലോചന നടത്തുന്നു. ദേശത്തിന് അദ്ദേഹത്തിന്റെ വാക്കുകൾ വഹിക്കാൻ കഴിയുന്നതല്ല. ആമോസ് പറയുന്നത് ഇതാണ്: “ ‘യൊരോബെയാം വാൾകൊണ്ടു കൊല്ലപ്പെടും, ഇസ്രായേൽ നിശ്ചയമായും സ്വന്തം ദേശംവിട്ട് പ്രവാസത്തിലേക്കു പോകും.’ ” അപ്പോൾ അമസ്യാവ് ആമോസിനോടു പറഞ്ഞു: “ദർശകാ, പുറത്തുപോകൂ! യെഹൂദാദേശത്തിലേക്കു മടങ്ങിപ്പോകുക. അവിടെ പ്രവചിച്ച് ഉപജീവനം കഴിക്കുക. ബേഥേലിൽ ഇനി പ്രവചിക്കരുത്, അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജ്യത്തിന്റെ രാജധാനിയുമാണ്.” ആമോസ് അമസ്യാവിനോടു പറഞ്ഞു: “ഞാൻ ഒരു പ്രവാചകനോ പ്രവാചകന്റെ പുത്രനോ അല്ല; ഞാൻ ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും ആയിരുന്നു. എന്നാൽ ആടുകളെ മേയിക്കുന്നവരിൽനിന്ന് യഹോവ എന്നെ തെരഞ്ഞെടുത്തു: ‘പോയി, എന്റെ ജനമായ ഇസ്രായേലിനോടു പ്രവചിക്കുക’ എന്നു കൽപ്പിച്ചു. ഇപ്പോൾ യഹോവയുടെ വചനം കേൾക്കുക: “ ‘ഇസ്രായേലിനു വിരോധമായി പ്രവചിക്കരുത്, യിസ്ഹാക്കുഗൃഹത്തിനു വിരോധമായി പ്രസംഗിക്കുന്നതു നിർത്തുക,’ എന്നു താങ്കൾ പറയുന്നു. “അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും, നിന്റെ പുത്രന്മാരും പുത്രിമാരും വാളിനാൽ വീഴും. നിന്റെ ദേശം അളന്നു വിഭജിക്കപ്പെടും നീ യെഹൂദേതരരുടെ ദേശത്തുവെച്ചു മരിക്കും. ഇസ്രായേൽ നിശ്ചയമായി സ്വന്തം ദേശംവിട്ടു പ്രവാസത്തിലേക്കു പോകും.’ ”

പങ്ക് വെക്കു
ആമോസ് 7 വായിക്കുക